പെരിയോനെയോര്‍ക്കുന്ന ആടുജീവിതം

പെരിയോനെയോര്‍ക്കുന്ന ആടുജീവിതം
നജീബിന്റെ കനല്‍വഴികളില്‍ അറിയാതെ നമ്മള്‍ പാഷന്‍ ഓഫ് ക്രൈസ്റ്റിലെ കര്‍ത്താവി നെയോര്‍ക്കും. വേദനിക്കുന്ന ഏതൊരു മനു ഷ്യനിലും ക്രൂശിതനെ കണ്ണീരോടെ കാണും. സഹായിക്കാനെത്തുന്ന ഏതു കരങ്ങളിലും മാലാഖമാരുടെ പ്രത്യക്ഷം അനുഭവിക്കും.

''നമ്മള്‍ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ്'' എന്ന ടാഗ് ലൈനോടു കൂടി മലയാളിയുടെ വായനാലോകത്തേക്ക് 16 വര്‍ഷം മുമ്പ് കടന്നുവന്ന കഥയാണ് 'ആടുജീവിതം'. പൊതുവേ വായനാശീലമില്ലാത്തവരെപ്പോലും ഇരുത്തി വായിപ്പിച്ച് നജീബെന്ന മനുഷ്യനെ മലയാളിയുടെ ഹൃദയഭിത്തികളില്‍ നോവായി അവശേഷിപ്പിച്ച നോവലാണ് ബെന്യാമിനെന്ന എഴുത്തുകാരനെപ്പോലും നമ്മുടെ ഇടയില്‍ അടയാളപ്പെടുത്തിയ ആടുജീവിതം. നോവല്‍ വായിക്കുന്ന ഓരോ വായനക്കാരനും വായിക്കുന്ന വേളയില്‍ തന്നെ സിനിമ സംവിധായകനാകും. പിന്നെ അവന്‍ കാണുന്ന ഭാവനാലോകവും ഭൂമികയും കഥാപാത്രങ്ങളുടെ രൂപവും ശബ്ദവും നിശബ്ദതപോലും ഡിസൈന്‍ ചെയ്യുന്നത് വായിക്കുന്ന ആ ഒരാളാണ്. അതുകൊണ്ടുതന്നെയാണ് ഏതൊരു നോവലും സിനിമയാകുമ്പോള്‍ വലിയ വെല്ലുവിളിയാകുന്നതും. കാരണം ഓരോരുത്തനും വായിച്ചപ്പോള്‍ അനുഭവിച്ച ഭാവനാലോകത്തിന്റെ പരിധിയിലെങ്കിലും സിനിമ എത്തിയില്ലെങ്കില്‍ അതു വന്‍ നിരാശയും പരാജയവുമാകാന്‍ സാധ്യതയേറെയാണ്. അത് പൊതുസമൂഹം അത്രമേല്‍ വായിച്ചുതീര്‍ത്ത നോവലാകുമ്പോള്‍ വെല്ലുവിളി കുന്നോളമാണ്.

16 വര്‍ഷം മുമ്പ് ഈ നോവല്‍ സിനിമയാക്കാനുള്ള അവകാശം വാങ്ങുമ്പോള്‍ ഈ അപകടം അറിയാത്ത ആളല്ല മലയാളിക്ക് ബ്ലസ്സി എന്ന ചലച്ചിത്രകാരന്‍. ലോകത്ത് എത്ര മലയാളികളുണ്ടോ അവരൊക്കെയും കണ്ട ഭാവപ്രപഞ്ചത്തിന്റെ അപ്പുറം കാണിക്കുവാനുള്ള വെല്ലുവിളിയാണ് അയാള്‍ ഏറ്റെടുക്കുന്നത്. പക്ഷേ മലയാളിക്ക് ബ്ലസിയില്‍ പ്രതീക്ഷയുണ്ട്. പത്മരാജന്റെ കാലം മുതല്‍ സിനിമയെ അത്ര ദീര്‍ഘമായി അനുയാത്ര ചെയ്‌തൊരാള്‍, സൂപ്പര്‍സ്റ്റാറുകളെപ്പോലും തീവ്രമായ അഭിനയ സാധ്യതയിലൂടെ നടത്തിച്ചൊരാള്‍, കാഴ്ചയും, തന്മാത്രയും, ഭ്രമരവും, പ്രണയവുമെല്ലാം വര്‍ഷാവര്‍ഷങ്ങളില്‍ ഇടയ്ക്കിടയ്ക്ക് നമുക്ക് സമ്മാനിച്ചൊരാള്‍. അയാളാണ് 16 വര്‍ഷം തപസ്സുപോലെ ഒരു സിനിമയ്ക്കുമേല്‍ അടയിരുന്നത്. കോവിഡും ദുരിതവും സമ്മാനിച്ച ഇടവേളകളിലും സമാനതകളില്ലാത്ത വിധം തടഞ്ഞുനിര്‍ത്തിയ പ്രതിരോധങ്ങളെയെല്ലാം മടുപ്പുകൂടാതെ വകഞ്ഞുമാറ്റി തെളിച്ചുവന്നൊരാള്‍. ആ ആടുജീവിതം സിനിമയാകുന്നു. ബ്ലസ്സി കണ്ട നജീബിനെ കാണാന്‍ നമ്മള്‍ കാത്തിരുന്ന കാലങ്ങള്‍ക്കു വിരാമമാകുന്നു.

സിനിമയിലേക്ക് കയറുമ്പോള്‍ ഹൈപ്പുകളേറെയാണ്. 31 കിലോയോളം ശരീരഭാരം കുറച്ച് മലയാളത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍മേഷന്‍ നടത്തിയ നായകന്‍ പൃഥ്വിരാജ്. മറ്റൊരു ചിത്രത്തിലും ഇത്രമേല്‍ മുഴുകിനില്‍ക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലാത്ത സാക്ഷാല്‍ എ ആര്‍ റഹ്മാന്‍, ശബ്ദ സങ്കലനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത റസൂല്‍ പൂക്കുട്ടി. ചിത്രീകരിക്കാനെടുത്ത കാലം, സഞ്ചരിച്ച ദേശങ്ങള്‍, വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണം. 6 മണിക്കൂറോളമുള്ള വലിയ കണ്ടന്റ് 3 മണിക്കൂര്‍ സിനിമയായി നമ്മുടെ മുന്നിലേക്ക്.

നജീബെന്ന സാധു മനുഷ്യന്‍ ഒരായുസ്സില്‍ ഇത്രയൊക്കെ സഹിച്ചുവെന്ന ഞെട്ടലും നമ്മള്‍ ഇന്നോളം അനുഭവിക്കാത്ത മരുഭൂമിയും മണല്‍ക്കാറ്റും അവയ്ക്ക് നടുവില്‍ ഏകാന്തനായിപ്പോയ മനുഷ്യന്റെ മനസ്സും നമ്മള്‍ കണ്ടു തുടങ്ങുകയാണ്. ചല ഷോട്ടുകള്‍ തന്നെ വാങ്മയ ചിത്രങ്ങളാണ്. മരുഭൂമിയിലെ വീണുകിട്ടുന്ന വെള്ളത്തിന്റെ ചാലുകള്‍ ചെന്നെത്തുന്നത് നജീബിന്റെ കേരളത്തിലെ സമൃദ്ധമായ പച്ചപ്പുഴയിലേക്കാണ്. വെള്ളം കൊണ്ടുമൂടിപ്പോയ അയാളുടെ തോണിയില്‍ നിന്ന് അടുത്ത ഷോട്ട് വരണ്ട മണ്ണിലേക്കാണ്. മണല്‍ക്കാറ്റുകള്‍ പ്രളയത്തേക്കാള്‍ ഭയാനകമായി ചൂഴ്ന്നുമൂടുന്നത് നമുക്ക് ആദ്യകാഴ്ചയാണ്. വെള്ളമില്ലാതെ മരിച്ച ജഡങ്ങള്‍ മരണം മാത്രം ബാക്കിയായ ജീവിതത്തിന്റെ ഞെട്ടലുകളാണ്. ഉറപ്പായും പറയാം കാഴ്ചകൊണ്ട് മനസ്സില്‍ നമ്മള്‍ കോറിയിട്ട ഭാവലോകത്തിനപ്പുറവും സുനില്‍ കെ എസ് ന്റെ ക്യാമറകള്‍ നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. ആടുജീവിതം എന്ന ടൈറ്റില്‍ തന്നെ മരുഭൂമിയിലെ വരണ്ട ഏകാന്തതയില്‍ ആടുകളിലൊന്നായി മാറിപ്പോയ മനുഷ്യനെയാണ് അടയാളപ്പെടുത്തുന്നത്. ആടുകളുടെ തൊട്ടിയില്‍ മറ്റൊരാടിനെപ്പോലെ വെള്ളം കുടിക്കുന്ന ഇന്റര്‍വെല്‍ സീന്‍ അത് കാട്ടിത്തരുന്നുമുണ്ട്. പക്ഷേ നോവലില്‍ നാം വായിച്ച നജീബും ആടുകളുമായുള്ള ഇഴയടുപ്പം, തന്റെ കുഞ്ഞിന് കാത്ത് വച്ച പേരുപോലും ആടിന് നല്കി സായൂജ്യമടയുന്ന പുതിയ ആടുജന്മം, അവയെ അള്ളിപ്പിടിച്ച് തണുപ്പ് കായുന്ന നിവര്‍ത്തികേട്. ഒരാടായി അയാള്‍ മാറുമ്പോള്‍ മാത്രമാണ് മസറയില്‍ നിന്ന് ''ഞാന്‍ പോകുവാ...'' എന്ന് പറഞ്ഞ് പടിയിറങ്ങുമ്പോള്‍ ആ വിടപറച്ചില്‍ നമുക്ക് പൊള്ളലാകുന്നത്. ആ ഇമോഷണല്‍ ആര്‍ക്ക് സിനിമയില്‍ നോവലോളം നമുക്ക് നോവാകുന്നില്ല. പകരം മരുഭൂമിയിലൂടെയുള്ള രക്ഷപെടലിനു കൊടുത്ത സമയം നോവലിന്റെ മര്‍മ്മം മാറ്റി പ്രതിഷ്ഠിച്ചപോലെയുള്ള അനുഭവമാകുന്നു. An escape from മരുഭൂമി എന്ന ടൈറ്റിലല്ലേ ചേരുന്നേയെന്നു തോന്നിപ്പോകും. പക്ഷേ ഹക്കീമെന്ന കഥാപാത്രമായി പൃഥ്വിയോളം തന്നെ ട്രാന്‍സഫര്‍മേഷന്‍ നടത്തി കെ ആര്‍ ഗോകുല്‍ വന്ന സീനുകള്‍ മുതല്‍ അയാളുടെ മരണം വരെ നമ്മള്‍ ഉലഞ്ഞുപോകുന്നുമുണ്ട്. എന്തൊരു ഭയാനകമായ മരണമാണത്. നോവലിന്റെ ആത്മാവ് അവിടെ വീണ്ടും പിടിമുറുക്കുന്നുമുണ്ട്.

ഇബ്രാഹിം ഖാദിരിയാണ് പിടിതരാത്തൊരാള്‍. മരുഭൂമിയിലെ ദൈവമാണോ? ദൈവം പറഞ്ഞുവിട്ട പ്രവാചകനാണോ? പരിധികളില്ലാത്ത മനുഷ്യത്വം കാണിച്ച അയാള്‍ പിടികിട്ടാപ്പുള്ളിയായ ക്രിമിനലായിരുന്നോ? ബ്ലസി നമുക്ക് തന്ന അധികവായനയാണത്. കൊടും കുറ്റവാളിയിലും ഒളിഞ്ഞിരിക്കുന്ന മനുഷ്യത്വമുണ്ട്. നമ്മള്‍ വിധിക്കുന്ന അളവുകോലല്ല ഓരോ മനുഷ്യന്റെയും സാധ്യത. ഏതൊരു മനുഷ്യനിലും ചില നേരത്ത് മിഴിതുറക്കുന്ന മാലാഖയുണ്ട്. ജിമ്മി ജീന്‍ ലൂയിസെന്ന അന്താരാഷ്ട്ര നടന്‍ ഈ സീനുകളുക്കൊയും ഉജ്ജ്വലമാക്കുകയായിരുന്നു. നജീബിന്റെ രക്ഷപെടല്‍ നമ്മളെല്ലാവരുടെയും രക്ഷപെടലായി നാം കാത്തിരിക്കുന്ന ക്ലൈമാക്‌സിലേക്ക്. നന്മയുള്ള ലോകം മരുഭൂമിയുടെ ഓരങ്ങളിലും ബാക്കിയുണ്ടെന്ന പ്രതീക്ഷകള്‍. എന്നാലവിടെ ഇമോഷണല്‍ ആര്‍ക്കിന്റെ പീക്കാകേണ്ടിയിരുന്ന സന്ദര്‍ഭം സട്ടിലായി അവതരിപ്പിച്ച് അവസാനിക്കുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിലൊക്കെ നമുക്ക് കിട്ടിയ സിനിമാറ്റിക്ക്/ഡ്രമാറ്റിക്ക് ഹൈ ടെച്ച് വേണ്ടിയിരുന്ന നേരം അത് പൂര്‍ണ്ണത കൈവരിക്കാത്തതായും തോന്നും. ആത്മഹത്യചെയ്യാതെ നജീബിനെ മുന്നോട്ടു കൊണ്ടുപോയത് സൈനുവിനെക്കുറിച്ചുള്ള ഓര്‍മ്മകളാണെങ്കില്‍ ആ ഇമോഷനെ കണക്ടാക്കാന്‍ നാട്ടില്‍ കാണിച്ച രംഗങ്ങള്‍ക്കോ ഒരു കുപ്പി അച്ചാറിനോ നോവലിനോളം ആയില്ലെന്നതും നോവല്‍ വായിച്ചിട്ട് പടം കണ്ടൊരാളുടെ അപൂര്‍ണ്ണതയാണ്.

ഇതൊക്കെയാണെങ്കിലും നജീബിന്റെ കനല്‍വഴികളില്‍ അറിയാതെ നമ്മള്‍ പാഷന്‍ ഓഫ് ക്രൈസ്റ്റിലെ കര്‍ത്താവിനെയോര്‍ക്കും. വേദനിക്കുന്ന ഏതൊരു മനുഷ്യനിലും ക്രൂശിതനെ കണ്ണീരോടെ കാണും. സഹായിക്കാനെത്തുന്ന ഏതു കരങ്ങളിലും മാലാഖമാരുടെ പ്രത്യക്ഷം അനുഭവിക്കും. കനല്‍വഴികള്‍ ഒരാളെ ശുദ്ധീകരിക്കുന്നപോലെ കാഴ്ചക്കാരനും വിമലീകരിക്കപ്പെട്ട അനുഭവം ക്ലൈമാക്‌സില്‍ മനസിലുടക്കി നില്‍ക്കും. ബ്ലസ്സിയും പൃഥ്വിയും ഗോകുലും റഹ്മാനും പിന്നെ ഇങ്ങു കേരളത്തില്‍ തന്റെ കഥകണ്ടു വീണ്ടും കണ്ണീര്‍ പൊടിയുന്ന റിയല്‍ നജീബുമെല്ലാം ജീവിതം കൈവിട്ടുപോകുന്ന നിമിഷങ്ങളില്‍ ഒന്നാഞ്ഞു തൊണ്ടപൊട്ടി ഒരു തവണയെങ്കിലും വിളിക്കാന്‍ നമ്മെ പ്രേരിപ്പിക്കും ''പെരിയോനേ....എന്‍ റഹ്മാനേ....പെരിയോനെ റഹീം...''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org