ഒരു വെള്ളയ്ക്കാ കേസ് ഉണര്‍ത്തുന്ന നൈതിക വിചാരങ്ങള്‍

ഒരു വെള്ളയ്ക്കാ കേസ് ഉണര്‍ത്തുന്ന നൈതിക വിചാരങ്ങള്‍

ഡോ. തോമസ് പനക്കളം

ഡോ. തോമസ് പനക്കളം

നീതിയിലാണ് കാലം ജനിക്കുന്നത് എന്നും അനീതി നിയമമാകുമ്പോള്‍ കാലം അര്‍ത്ഥ രഹിതമാകുന്നുവെന്നും ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നോവലിലൊരിടത്ത് ആനന്ദ് പറയുന്നുണ്ട്. നൈതികത ഒരു പുരസ്‌ക്കരിക്കപ്പെട്ട വാക്ക് മാത്രമാവുകയും കാലം അര്‍ത്ഥരഹിതമായി തീരുകയും ചെയ്ത ഒരു വര്‍ത്തമാനത്തിലാണ് നമ്മുടെ ജീവിതം. നമ്മുടെ ഭൂതകാലവും വ്യത്യസ്തമായിരുന്നില്ല. ചരിത്രത്തിന്റെ പുനര്‍വായനകളില്‍ അതുകണ്ട് നാം നെടു വീര്‍പ്പിടുകയും ചെയ്യാറുണ്ട്.

കല്ലുവിന്റെ മതില്‍ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് മതിലിനും കല്ലുവിനും ആശാരിക്കും മേസ്തിരിക്കും ഒടുവില്‍ കോത് വാലിനെ വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടും ചൗപട്ട് രാജാവിന്റെ കുരുക്ക് കഴുത്തിനു ചേരാത്തതിനാല്‍ കുരുക്കിന് പറ്റിയ കഴുത്ത് അന്വേഷിക്കുന്ന കഥ, ഭാരതത്തിന്റെ ചരിത്രവര്‍ത്തമാനങ്ങളുടെ നീതിരാഹിത്യത്തെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്.

സമീപ ദിവസങ്ങളില്‍ പുറത്തിറങ്ങിയ സൗദി വെള്ളയ്ക്ക എന്ന സിനിമ ഗോവര്‍ദ്ധന്റെ യാത്രകള്‍ ഉണര്‍ത്തുന്ന നൈതിക പ്രശ്‌നങ്ങളെ വീണ്ടും ഓര്‍മ്മയില്‍ കൊണ്ടു വന്നു.

എറണാകുളം തോപ്പുംപടിക്കടുത്തുള്ള സ്ഥലമാണ് സൗദി. അവിടുത്തെ കുറെ മനുഷ്യരുടെ ജീവിതങ്ങളാണ് അവതരിപ്പിക്കുന്നത്. അവിചാരിതമായി ഉണ്ടായ ഒരു കേസ് ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നാണ് സിനിമ പറയുന്നത്.

കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടയില്‍ അടിച്ചു തെറിപ്പിച്ച വെള്ളയ്ക്ക ഐഷ ഉമ്മയുടെ തലയില്‍ വീഴുന്നതോടെ പലരുടെയും തല വിധി തന്നെ മാറുകയാണ്. ഐഷ ഉമ്മയുടെയും മകന്‍ സത്താറിന്റെയും ജീവിതം, സത്താറിന്റെ ഭാര്യയുടെ ജീവിതം, ഐഷ ഉമ്മയുടെ അടിവാങ്ങി പല്ലുപോയ കുഞ്ഞുമോന്റെ ജീവിതം, സാക്ഷികളായ മറ്റു മനുഷ്യരുടെ ജീവിതങ്ങളെല്ലാം അവര്‍ പോലുമറിയാതെ മാറിപ്പോവുകയാണ്. 13 വര്‍ഷങ്ങള്‍ പിന്നിട്ട നിയമവഴിയിലൂടെയുള്ള യാത്ര ദുരന്തങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. നമ്മുടെ നീതി സംവിധാനങ്ങള്‍ എത്ര നീതിരഹിതമാണ് എന്ന് ഈ ചിത്രം കൃഷ്ണമണി മുട്ടിച്ച് കാണിച്ചു തരുന്നു ഒരു കേസുകൊണ്ട് ജീവിതം തുലഞ്ഞ വീട്ടില്‍നിന്ന് വന്ന ഐഷ ഉമ്മയുടെ മരുമകളുടെ ജീവിതം മറ്റൊരു കേസ് കൊണ്ട് തുലഞ്ഞുപോകുന്നു. സത്താറിനെ കാണാതാവുന്നു. സാക്ഷികളുടെ ജീവിതവും വേറെ വേറെ വഴികളിലൂടെ ഒഴുകുകയാണ്. ഇന്ത്യയിലെ നീതിന്യായ കോടതികളില്‍ കെട്ടിക്കിടക്കുന്ന ദശലക്ഷക്കണക്കായ കേസുകളുടെ, അതില്‍പ്പെട്ട നിസ്സഹായ മനുഷ്യജീവിതങ്ങളുടെ ദുരവസ്ഥ ചിത്രം കാട്ടിത്തരുന്നു. വക്കീലന്മാര്‍ക്കും പോലീസിനും കോടതിക്കുമെല്ലാം വെറും കേസ്‌കെട്ടായവ നിസ്സഹായരായ മനുഷ്യരുടെ സങ്കട കെട്ടുകളാണ്. വൈകി കിട്ടുന്ന നീതി ആയാലും അനീതിയാണെന്ന് പറയാറുണ്ടല്ലോ? അതുപോലെ വളരെ അപ്രധാനം എന്നു തോന്നുന്ന ഒരു വെള്ളയ്ക്ക കേസ് വഴി നീതിരാഹിത്യത്തിന്റെ ചരിത്ര വര്‍ത്തമാനങ്ങളിലേക്ക് കണ്ണയക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട് അതു തന്നെയാണ് ഇതിന്റെ പ്രസക്തിയും.

സിനിമയുടെ സൗന്ദര്യാത്മകതയെ കുറിച്ച് കൂടി ചിലത് പറയേണ്ടതുണ്ട്. ആണത്തത്തിന്റെ ആഘോഷങ്ങളോ ദൃശ്യപരമായ കെട്ടുകാഴ്ചകളോ ഇല്ലാതെ അയത്‌ന ലളിതമായി കഥ പറഞ്ഞു പോവുകയാണ് ചിത്രം. സൗദിയുടെ തീര്‍ത്തും സ്വാഭാവികമായ ജീവിത ചിത്രമാണ് സിനിമ അവതരിപ്പിക്കുന്നത് മനുഷ്യജീവിതത്തിന്റെ അകംപുറം കാഴ്ചകളിലേക്ക് എത്ര വിദഗ്ധമായാണ് സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സിനിമാറ്റിക് എന്ന വാക്ക് ഒട്ടും യോജിക്കാത്ത സിനിമ. സാധാരണ നാം മലയാള സിനിമയില്‍ കണ്ടു പരിചയിച്ചിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും മനുഷ്യേതര ജീവികളും പരിസര, വീടക കോടതി ദൃശ്യങ്ങളുമല്ല സിനിമയിലുള്ളത്. അതിഭാവുകത്വത്തിന്റെ മേമ്പൊടി ലേശം ഇല്ലാതെ സിനിമ ആഖ്യാനം നിര്‍വഹിക്കുന്നു. മനുഷ്യജീവിതത്തിന്റെ നിസ്സഹായതയെ, മനുഷ്യനന്മയുടെ ഇനിയും വറ്റാത്ത ഉറവകളെ ചിത്രം നമുക്ക് കാട്ടിത്തരുന്നു. ഇത്രയേ ഉള്ളൂ അല്ലേ ചേട്ടാ മനുഷ്യരുടെ ജീവിതം എന്ന ചോദ്യത്തിനും കുഞ്ഞുമോനെ ഇത്രയൊക്കെയുണ്ട് മനുഷ്യജീവിതത്തില്‍ എന്ന ഉത്തരത്തിനുമിടയില്‍ ജീവിതത്തിന്റെ ദൈന്യവും ധന്യതയും ചിത്രം പങ്കുവയ്ക്കുന്നു. സിനിമ കണ്ട് ഇറങ്ങുമ്പോള്‍ കോടതി വ്യവഹാരങ്ങള്‍ക്കിടയിലെ ചുവപ്പു നാടകളില്‍ കുരുങ്ങിയ മനുഷ്യജീവിതങ്ങളെ ഓര്‍ത്ത് നിങ്ങളുടെ മിഴികളും സജലങ്ങളായേക്കാം.

logo
Sathyadeepam Weekly
www.sathyadeepam.org