ഒരു ഉച്ചയുറക്കം കൊണ്ട് മലയാളിക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റ്

നന്‍പകല്‍ നേരത്തു മയക്കം
ഒരു ഉച്ചയുറക്കം കൊണ്ട് മലയാളിക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റ്
മനുഷ്യജീവിതം എല്ലാ വ്യത്യസ്തതകള്‍ക്കിടയിലും നിരവധി സമാനതകള്‍ ഉള്ളതാണെന്നും നാം വരയ്ക്കുന്ന ഭൂമിശാസ്ത്രപരമായ അതിരുകള്‍ കേവലം എലുകകള്‍ മാത്രമാണെന്നും മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ അസ്തിത്വത്തിന് എല്ലാത്തരം മനുഷ്യരോടുമുള്ള പാരസ്പര്യത്തിന്റെ വിശാലതയുണ്ടെന്നും കാണിച്ചു തരുന്ന ചിത്രം

ഡോ. തോമസ് പനക്കളം

മനുഷ്യജീവിതം എല്ലാ വ്യത്യസ്തതകള്‍ക്കിടയിലും നിരവധി സമാനതകള്‍ ഉള്ളതാണെന്നും നാം വരയ്ക്കുന്ന ഭൂമിശാസ്ത്രപരമായ അതിരുകള്‍ കേവലം എലുകകള്‍ മാത്രമാണെന്നും മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ അസ്തിത്വത്തിന് എല്ലാത്തരം മനുഷ്യരോടുമുള്ള പാരസ്പര്യത്തിന്റെ വിശാലതയുണ്ടെന്നും കാണിച്ചു തരുന്ന ചിത്രം

ഒരു കലാസൃഷ്ടിയോ സാഹിത്യകൃതിയോ നിരവധി പാഠ സാധ്യതകള്‍ നല്‍കുമ്പോഴാണ് അത് മികച്ചതാവുന്നത്. ഓരോ വായനയിലും കാഴ്ചയിലും അത് അനുഭവത്തിന്റെ പുതിയ ലോകങ്ങള്‍ കാട്ടിക്കൊടുക്കും. 'നന്‍ പകല്‍...' എന്ന ചിത്രവും ഓരോ പ്രേക്ഷകനിലും അയാളുടെ അഭിരുചിക്കും താല്‍പര്യത്തിനും ദൃശ്യബോധ്യങ്ങള്‍ക്കും അനുസരിച്ചുള്ള കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമയെ പല വീക്ഷണകോണുകളിലൂടെ നമുക്ക് കാണാന്‍ കഴിയും.

IFFK വിവാദ കാലം മുതല്‍ സിനിമ തിയേറ്ററില്‍ എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ട ഈ ഘട്ടം വരെ അത്തരം നിരവധി കാഴ്ചകള്‍ ഉണ്ടായിക്കൊണ്ടും ഇരിക്കുന്നു. മലയാളിയുടെ തമിഴ് ജനതയോടുള്ള മനോഭാവത്തെ ഗൗരവമായി വിമര്‍ശിച്ച കവിയാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. തമിഴര്‍ അപരിഷ്‌കൃതരും വൃത്തിയില്ലാത്തവരും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരും ഒക്കെയാണെന്ന മലയാളി മധ്യവര്‍ഗ ബോധത്തോട് കവി കലഹിക്കുന്നുണ്ട്. പറമ്പിലും കണ്ടത്തിലും പണിയാനും അടിസ്ഥാന തൊഴിലുകള്‍ ചെയ്യാനും തമിഴനെ ആശ്രയിക്കുന്ന മലയാളി എന്നാല്‍ കാര്യം കഴിയുമ്പോള്‍ മുങ്ങിക്കുളിക്കാത്ത കൊരങ്ങായിട്ടാണ് തമിഴരെ അടയാളപ്പെടുത്തുക. അതുകൊണ്ട് വാളയാര്‍ എത്തുന്നതിനു മുന്‍പേ അവര്‍ക്ക് നിന്ദയുടെ കൂലി കൊടുത്തു എന്ന് പറയുന്ന ഇടശ്ശേരി തുടര്‍ന്ന് മലയാളിയുടെ ഈ മനോഭാവത്തെ പോലെ വൃത്തികെട്ടതായി മറ്റൊന്നുമില്ല എന്ന് പറയുന്നു.

ഇത്തറവാടിത്ത ഘോഷണത്തെ പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍

ജെയിംസ് എന്ന കഥാപാത്രം തൊടുപുഴക്കാരന്‍, പരമസാത്വികന്‍, തമിഴ് ഭാഷയോടും സംസ്‌കാരത്തോടും ഭക്ഷണത്തോടും എല്ലാം അയാള്‍ക്ക് കടുത്ത എതിര്‍പ്പാണ്. എന്തിന് തിരുക്കുറല്‍ എന്ന പേര് പോലും അയാള്‍ക്ക് നാടകത്തിനിടാവുന്ന ഒരു പേരു മാത്രമാണ്. വേഷവും ഭാഷയും ഭക്ഷണവും എല്ലാം പ്രശ്‌ന വല്‍ക്കരിച്ചുകൊണ്ട് മലയാളിയുടെ ഈ മനോഭാവത്തെ സിനിമ വിമര്‍ശന വിധേയമാക്കുന്നു. ജെയിംസ് ആയിരിക്കുന്ന സമയത്ത് അയാള്‍ക്ക് എല്ലാറ്റിനോടും പുച്ഛമാണ്. ഒരു സ്വന്തം കാര്യം നോക്കിയാണ് ജെയിംസ്. ഒരു മീന്‍ വറുത്തതിനു പോലും കണക്ക് പറയുന്ന പിശുക്കന്‍. എന്നാല്‍ ഒരു ഉച്ചമയക്കത്തില്‍ അയാള്‍ സുന്ദര്‍ എന്ന പാല്‍ക്കാരനായി പരകായ പ്രവേശം നടത്തുന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. ഒരര്‍ത്ഥത്തില്‍ ജെയിംസിന്റെ വിരുദ്ധ ദ്വന്ദ്വമാണ് സുന്ദറില്‍ നാം കാണുന്നത്. ജെയിംസിന് ഇഷ്ടമല്ലാത്തതെല്ലാം സുന്ദറിന്റെ ഇഷ്ടങ്ങളാണ് സുന്ദറിന് പഞ്ചസാര കൂടുതല്‍ വേണം. മദ്യം വേണം. കൂട്ടുചേരലുകള്‍ വേണം. പശുവും പട്ടിയും വേണം. കൂട്ടുകാര്‍ വേണം. ജെയിംസ് ആയിരുന്നപ്പോള്‍ ഉള്‍ക്കൊള്ളാതിരുന്ന വേഷവും ഭാഷയും ഭക്ഷണവും എല്ലാം സുന്ദറായപ്പോള്‍ അയാള്‍ക്ക് ആസ്വാദ്യാനുഭവങ്ങളായി. ഞാന്‍ ഇന്ത ഊരുകാരന്‍ ഇന്ത മണ്ണില്‍ പിറന്തവന്‍ എന്ന് എത്ര അഭിമാനബോധത്തോടെയാണ് അയാള്‍ പറയുന്നത്. ജെയിംസില്‍ മാത്രമല്ല ഇതര കഥാപാത്രങ്ങളിലും മധ്യവര്‍ഗ്ഗ മലയാളിയുടെ തമിഴ് ജനതയോടുള്ള സമീപനം നമുക്ക് കാണാന്‍ കഴിയും. തമിഴ്‌നാട്ടിലെ ഭക്തികേന്ദ്രങ്ങളില്‍ പോകും. ക്ഷേത്രങ്ങളിലും പള്ളികളും ഒക്കെ സന്ദര്‍ശിച്ച് നേര്‍ച്ചകളും നിറവേറ്റും. എന്നിട്ട് തമിഴിനെ കുറ്റവും പറയും. യാത്രയില്‍ ഉടനീളം തമിഴ് വിമര്‍ശനങ്ങള്‍ കാണാം ഒരുപാട്. ഒരു പാട്ട് ഇടുമ്പോള്‍ പോലും കലഹിക്കുന്ന ജെയിംസ്. വണ്ടി നിര്‍ത്തുമ്പോള്‍ ഇത് ഏത് പട്ടിക്കാട് എന്ന ചോദ്യം മുതല്‍ ജെയിംസ് സുന്ദറായുള്ള പരിവര്‍ത്തനത്തിന്റെ ഒരു ദിവസക്കാലം മുഴുവന്‍ ആ തമിഴ് ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ആശങ്കാകുലരാണ് സഹയാത്രികര്‍. പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നവരായി, കുട്ടികളെ പിടിച്ച് കണ്ണു കുത്തിപ്പൊട്ടിച്ച്പിച്ചതെണ്ടിക്കുന്നവരായി സംസ്‌കാരശൂന്യരായൊക്കെ അവര്‍ മലയാളി യാത്രികരാല്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

ഒരു ഉച്ചയുറക്കത്തില്‍ ഒരാള്‍ കയറിവന്ന് കുടുംബനാഥന്റെ റോള്‍ ഏറ്റെടുക്കുമ്പോള്‍ സുന്ദറിന്റെ അച്ഛനോ ഭാര്യയോ ഒക്കെ എടുക്കുന്ന സമീപനം കാരുണ്യത്തിന്റേതാണ്. അയാളുടെ മകള്‍ ആദ്യം കലഹിച്ചെങ്കിലും അവളും അത് ഉള്‍ക്കൊള്ളുകയാണ്. സുന്ദരന്റെ ചേട്ടന്‍ കഥാപാത്രം മാത്രമാണ് അവസാനം വരെയും ആ കലഹ സ്വഭാവത്തില്‍ നില്‍ക്കുന്നത്. അല്ലാത്തവരെല്ലാം സൗമനസ്യത്തോടെയും കരുതലോടെയുമാണ് ജയിംസിനോടും സഹയാത്രികരോടും ഇടപെടുന്നത്. അവ മയങ്ങി എഴുന്തിരിക്കെട്ടും എല്ലാം ശരിയായിപ്പോയിടും എന്നു പറയുന്നതിലെ ആര്‍ദ്രത തമിഴ് ജനതയുടെ ആര്‍ദ്രതയാണ്. ഈ ഉച്ചമയക്കത്തിലെ ഇറങ്ങിനടത്തം ഒരു മലയാള ഗ്രാമത്തിലാണ് സംഭവിക്കുന്നതെങ്കില്‍ കടന്നുവരുന്ന അപരിചിതനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നേനെ. (ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്ന മഹത് പാരമ്പര്യത്തിന്റെ വക്താക്കള്‍ അല്ലേ നാം?) ഇങ്ങനെ മലയാളിയുടെ ദേശം, ഭാഷ വസ്ത്രം, ഭക്ഷണം മനുഷ്യ ബന്ധങ്ങള്‍ തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രാദേശികത്വങ്ങളെയും സങ്കുചിതത്വങ്ങളെയും പ്രശ്‌നവല്‍ക്കരിക്കുന്നതു വഴി മനുഷ്യജീവിതം എല്ലാ വ്യത്യസ്തതകള്‍ക്കിടയിലും നിരവധി സമാനതകള്‍ ഉള്ളതാണെന്നും നാം വരയ്ക്കുന്ന ഭൂമിശാസ്ത്രപരമായ അതിരുകള്‍ കേവലം എലുകകള്‍ മാത്രമാണെന്നും മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ അസ്തിത്വത്തിന് എല്ലാത്തരം മനുഷ്യരോടുമുള്ള പാരസ്പര്യത്തിന്റെ വിശാലതയുണ്ടെന്നും കാണിച്ചു തരുന്ന ചിത്രം അക്ഷരാര്‍ത്ഥത്തില്‍ മലയാളിയുടെ ഉപരി ബോധത്തിനെതിരെയുള്ള ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെയാണ്. ഇനി വരുന്ന തലമുറകള്‍ ഈ അതിരുകള്‍ മാറ്റിവരയ്ക്കുകയും നമ്മുടെ പൂര്‍വ പാരമ്പര്യത്തിന്റെ കൂടി ഭാഗമായ ആ പ്രദേശങ്ങളും അവിടുത്തെ സംസ്‌കാരവും നമ്മുടേത് കൂടിയാണെന്ന് തിരിച്ചറിയുകയും ചെയ്യും. നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും ജീവിതത്തിന്റെയും ആദിപ്രരൂപങ്ങള്‍ കണ്ടെടുക്കാനും അതുവഴി നാം തന്നെ നഷ്ടപ്പെടുത്തിയ നമ്മുടെ തന്മയിലേക്ക് തിരിഞ്ഞു നടക്കാനും തമിഴന്‍ നമ്മുടെ നേര്‍ സഹോദരനാണെന്ന് മനസ്സിലാക്കാനും പുതിയ തലമുറയ്ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

നാടകമേ ഉലകം

ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ജയിംസിന് എന്തോ പറ്റിയെന്ന് അയാളെ നേരില്‍ കണ്ടപ്പോള്‍ സഹയാത്രികര്‍ക്ക് ബോധ്യമായി. എന്താണ് ഒരു കുഴപ്പവുമില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ വരാനെന്ന് ഒരാളുടെ ചോദ്യത്തിന് ഉത്തരമായി ഡ്രൈവറുടെ മറുപടി നാടകമേ ഉലകം എന്നാണ് ഓരോരുത്തരും തങ്ങളുടെ ഭാഗം അഭിനയിച്ചു കടന്നുപോകുന്ന മഹാനാടകം ആണ് ജീവിതം. ജെയിംസിന്റെ ജീവിതത്തിലെ ഒരു നാടകരംഗം എന്ന് പോലും വേണമെങ്കില്‍ സിനിമയെ വിശേഷിപ്പിക്കാം.

സിനിമ വന്ന വഴി

ഗ്രീന്‍ പ്ലൈവുഡിന്റെ പരസ്യം കണ്ടതാണ് ഈ സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് ലിജോ പറയുന്നു. ഒരു സിക്കു ബാലന്‍ തമിഴ് ഗ്രാമത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ ബസ്സില്‍ നിന്നിറങ്ങി ഒരു വീട്ടിലേക്ക് നടക്കുന്നതും ആ വീട്ടിലെ മുത്തശ്ശിയുടെ ഭര്‍ത്താവ് സംസാരിക്കുന്നതുപോലെ സംസാരിക്കുന്നതമാണ് പരസ്യത്തില്‍ ഉള്ളത്. ഈ പരസ്യം സത്യത്തില്‍ സിനിമയ്ക്ക് പ്രചോദകം ആയിട്ടുണ്ടെന്ന് വേണം കരുതാന്‍.

ഞാന്‍ ആരുടെ സ്വപ്നം

മനുഷ്യമനസിനെ പഠിക്കാന്‍ ശ്രമിച്ചവരെല്ലാം മനസ്സിന്റെ വിവിധ അവസ്ഥകളെക്കുറിച്ച് നിരവധി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വപ്നങ്ങള്‍ പഠനവിധേയമാക്കിയ സിഗ്മണ്ട് ഫ്രോയിഡ് രാത്രി സ്വപ്നങ്ങളെയാണ് പ്രധാനമായി പഠനത്തിന് ഉപയോഗിച്ചത്. എന്നാല്‍ നന്‍പകല്‍ പകല്‍ സ്വപ്നമാണ്. പകല്‍ സ്വപ്നം അഥവാ ദിവാസ്വപ്നം സ്വപ്ന സമാനമായ ചിന്തകളാണ്. രാത്രി സ്വപ്നത്തില്‍നിന്നും പകല്‍ സ്വപ്നത്തിനുള്ള വ്യത്യാസം അതിന് യഥാര്‍ത്ഥപ്രതീതി കൂടുതലാണെന്നതാണ്. എന്നാല്‍ ഇത് ആരുടെ സ്വപ്നമാണെന്നതാണ് ചോദ്യം. ജെയിംസിന്റെ സ്വപ്നമാവാം, സുന്ദറിന്റെ അച്ഛന്റെ സ്വപ്നമാവാം, വൃദ്ധയായ മാതാവിന്റെ സ്വപ്നമാവാം, എന്തിന് സുന്ദറിന്റെ വളര്‍ത്തുനായയുടെ സ്വപ്നം പോലും ആവാം. ഈ സ്വപ്നം ആരുടേതും ആവാം എന്ന വിശാല സാധ്യതയാണ് സിനിമ നല്‍കുന്നത്. മറ്റാരുടെയെങ്കിലും സ്വപ്നത്തിലെ കഥാപാത്രമാണോ ഞാനെന്ന ചോദ്യം പോലെ ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങള്‍ തുടരുകയാണ്. മികച്ച കലാസൃഷ്ടിയുടെ ദൗത്യവും അതു തന്നെയാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org