അടിയന്തരാവസ്ഥക്കാലത്തെ ജീവിതങ്ങളുമായി അനുരാഗം വരുന്നു

വൈദികന്‍ വൈദികനായി അഭിനയിക്കുന്നു
അടിയന്തരാവസ്ഥക്കാലത്തെ ജീവിതങ്ങളുമായി അനുരാഗം വരുന്നു
Published on

2023 അവസാനവാരം പ്രദര്‍ശനത്തിനെത്തിയ മലയാളസിനിമയാണ് അടിയന്തിരാവസ്ഥാക്കാലത്തെ അനുരാഗം. രാജ്യം മറ്റൊരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്കു കടക്കുകയാണോ എന്ന ആശങ്ക ജനാധിപത്യവിശ്വാസികള്‍ ഉയര്‍ത്തുന്ന കാലത്ത്, ഭാരതം അനുഭവിച്ച ചരിത്രത്തിലെ അടിയന്തിരാവസ്ഥാക്കാലത്തെ (1975-1977) കേരളത്തിന്റെ കഥ ഒരു ക്രൈസ്തവകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയാണിത്. പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്‌റഫാണ് 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മുരിങ്ങൂര്‍ സ്വദേശിയും എറണാകുളം-അങ്കമാലി അതിരൂപതയിലെ തവളപ്പാറ ഇടവക വികാരിയുമായ ഫാ. പോള്‍ അമ്പൂക്കന്‍ ഒരു വൈദികനായി തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മെത്രാപ്പോലീത്തായുടെ പ്രത്യേക അനുമതി വാങ്ങിയാണ് അദ്ദേഹം സിനിമയില്‍ വേഷമിട്ടത്.

അടിയന്തിരാവസ്ഥ മാത്രമല്ല, ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞു. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം വര്‍ത്തമാനകാല മലയാളിയുടെ ജീവിതം കൂടി ചിത്രം പരാമര്‍ശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്, മായാ വിശ്വനാഥ്, സേതുലക്ഷ്മി, കലാഭവന്‍ റഹ്മാന്‍, ടോണി, ഉഷ, ആലപ്പി അഷറഫ്, ഫെലിസിറ്റാ, പ്രിയന്‍ വാളകുഴി, അനന്തു കൊല്ലം, ജെ ജെ കുറ്റിക്കാട്, ഫാദര്‍ പോള്‍ അമ്പൂക്കന്‍, മുന്ന, റിയ കാപ്പില്‍, എ കബീര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഇതിലെ മൂന്നു പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് അഫ്‌സല്‍ യൂസഫ്, കെ ജെ ആന്റണി, ടി എസ് ജയരാജ് എന്നീ മൂന്നു സംഗീതസംവിധായകരാണ്. ആലാപനം - യേശുദാസ്, ശ്രേയാഘോഷാല്‍, നജീംഅര്‍ഷാദ്, ശ്വേതാമോഹന്‍ എന്നിവര്‍ പാടിയിരിക്കുന്നു.

ശ്രദ്ധേയമായ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ സിനിമയിലുണ്ട്. യേശുദാസ് ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം പാടിയിരിക്കുന്ന ക്രിസ്ത്യന്‍ ഭക്തിഗാനമാണ് സിനിമയിലേത്. ശ്രേയാ ഘോഷാലും മലയാള ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിച്ചിരിക്കുന്നു. ഭാവിയില്‍ ക്രിസ്ത്യന്‍ പള്ളികളിലും വേദികളിലും ഈ ഗാനങ്ങള്‍ ഇടംപിടിക്കാനുള്ള സാധ്യതയേറെയാണ്.

ടൈറ്റസ് ആറ്റിങ്ങലാണു ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ബി ടി മണി. എഡിറ്റിംഗ്: എല്‍ ഭൂമിനാഥന്‍, കലാസംവിധാനം: സുനില്‍ ശ്രീധരന്‍, മേക്കപ്പ്: സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈന്‍: തമ്പി ആര്യനാട്, അസോസിയേറ്റ് ഡയറക്ടര്‍: സോമന്‍ ചെലവൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍: എ കബീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, വിതരണം: കൃപ ഫിലിംസ് സൊല്യൂഷന്‍സ്, കെ മൂവിസ്, പി ആര്‍ ഒ: പി ആര്‍ സുമേരന്‍, ലീഗല്‍ അഡൈ്വസര്‍: അഡ്വ. പി റ്റി ജോസ് എറണാകുളം, മാര്‍ക്കറ്റിംഗ് ഹെഡ്: ബാസിം, ഫോട്ടോ: ഹരി തിരുമല എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

  • - സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org