വാചകകസര്‍ത്തുകളും വര്‍ഗീയ ഭ്രാന്തുകളും: ഇന്ത്യ എവിടേക്ക്?

വാചകകസര്‍ത്തുകളും വര്‍ഗീയ ഭ്രാന്തുകളും: ഇന്ത്യ എവിടേക്ക്?
'പെട്രോള്‍ വില കുറയ്ക്കണോ?' 2014-ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പി യുടെ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദി ചോദിച്ചു. 'വേണം,' സമ്മേളനങ്ങള്‍ തോറും ജനങ്ങള്‍ വിളിച്ചു പറഞ്ഞു. 'ഇന്ത്യയിലേക്ക് കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?' 'ഉണ്ട്,' ജനങ്ങളില്‍ നിന്നുള്ള പ്രതികരണം കൂടുതല്‍ ഉച്ചത്തിലായിരുന്നു. 'നിങ്ങള്‍ക്ക് കൂടുതല്‍ ജോലികള്‍ വേണോ?' 'വേണം,' ആളുകളുടെ ശബ്ദം തീവ്രമായി. അങ്ങനെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഉന്നയിക്കുന്നതില്‍ മോദി വാക്പാടവം പ്രകടമാക്കി.

2024 ലേക്ക് വരിക. മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ കുഴിച്ചുമൂടി. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില കുതിച്ചുയര്‍ന്നു; കള്ളപ്പണമോ വിദേശരാജ്യങ്ങളിലേക്ക് പലായനം ചെയ്ത തട്ടിപ്പുകാരെയോ തിരികെ കൊണ്ടുവന്നിട്ടില്ല; തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയില്‍; പണപ്പെരുപ്പം മുന്നോട്ട് കുതിക്കുന്നു; കര്‍ഷകരും ചെറുകിട ഇടത്തരം കച്ചവടക്കാരും അവരുടെ പടുകുഴിയില്‍.

ജനക്ഷേമം എന്ന ലക്ഷ്യത്തില്‍ നിന്ന് ഭരണം പാടേയകന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ സര്‍ക്കാര്‍ വട്ടംചുറ്റുന്നു. 'ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം' എന്ന മട്ടില്‍ സര്‍ക്കാര്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക വ്യാപാരിത്തകര്‍ച്ച, സാമൂഹിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെയെല്ലാം ലജ്ജാശൂന്യം നിഷേധിക്കുകയാണ്.

വര്‍ഗീയ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് ഏറ്റവും മോശം. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മൂടി വെച്ചതിന് ശേഷം, സര്‍ക്കാരും ഭരണകക്ഷിയും വര്‍ഗീയഭൂതത്തെ കുപ്പിയില്‍ നിന്ന് ഇറക്കിവിട്ടു, അതുവഴി ജനങ്ങളുടെ ശ്രദ്ധ ഇതര വിഷയങ്ങളിലേക്ക് തിരിച്ചുവിടുന്നു.

ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിനെ സാധാരണ ജനങ്ങളുടെ ഉത്സവം എന്ന് വിളിക്കാം. വരും കാലങ്ങളില്‍ രാജ്യത്തിന്റെ ഗതി നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പുകളാണ്. പണ ശക്തി, കൈയൂക്ക്, ഇവിഎം മെഷീനുകളുടെ വിശ്വാസ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പുകളുടെ വസ്തുനിഷ്ഠതയെ തകര്‍ത്തു.

ദൗര്‍ഭാഗ്യവശാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാഷ്ട്രീയത്തിന് ഒരു പുതിയ മാനം വന്നിട്ടുണ്ട്. മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ അധികാര ദുര്‍വിനിയോഗം നടത്തി ജനാധിപത്യ പ്രക്രിയയെ തുരങ്കം വയ്ക്കുന്ന രീതിയാണത്. മതവിശ്വാസത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുന്ന ശക്തികള്‍ ജനാധിപത്യത്തിന്റെ കാവലാളായ ഇന്ത്യന്‍ ഭരണഘടനയെ നേരിട്ട് വെല്ലുവിളിക്കുകയും എതിര്‍ക്കുകയും ചെയ്തു.

നമ്മുടെ രാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലൂടെ കടന്നുപോയാല്‍, അവര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. വോട്ടാക്കാമെന്ന പ്രതീക്ഷയില്‍ വികാരങ്ങളെ ഉണര്‍ത്തിവിടുന്ന അവരുടെ വാചാടോപത്തിനു അര്‍ഥം കല്‍പിക്കേണ്ടതുമില്ല.

രാഷ്ട്രീയക്കാര്‍ പതിവായി ഉപയോഗിക്കുന്ന ഒരു തന്ത്രം, നിങ്ങളുടെ സംസ്‌കാരമോ മതമോ അപകടത്തിലാണെന്നും ഭാവിയില്‍ നിങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടേക്കാമെന്നും പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുക എന്നതാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു പ്രത്യേക പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യണമെന്നും അവര്‍ ഉദ്‌ബോധിപ്പിക്കുന്നു.

ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമാകുമെന്ന് രാഷ്ട്രീയക്കാര്‍ എത്രയോ തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്? അഴിമതിക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാര്‍ട്ടികള്‍ സംസാരിക്കുന്നതും, അതേസമയം നിരവധി അഴിമതിക്കേസുകള്‍ നേരിടന്ന ഒരു നേതാവിന് വേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്നത് എത്രയോ തവണ നമ്മള്‍ കണ്ടിട്ടുണ്ട്? വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ അവരുടെ എളിയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിക്കുന്നത് എത്രയോ തവണ നമ്മള്‍ കേട്ടിട്ടുണ്ട്? എന്നാല്‍ അവരുടെ സ്വത്ത് അവരുടെ പശ്ചാത്തലത്തിനോ വരുമാനത്തിനോ ആനുപാതികമായിരിക്കുകയുമില്ല! നിയമലംഘനം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സംസാരിക്കുന്നതും ക്രിമിനല്‍ കേസുകളുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതും നാം കണ്ടുമടുത്തിരിക്കുന്നു.

തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ സമുദായങ്ങള്‍ക്കും ജാതികള്‍ക്കും ഇടയില്‍ സംഘര്‍ഷം വളര്‍ത്തുന്നതു ഭയജനകമാണ്. രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മനപൂര്‍വം ചില കാര്യങ്ങള്‍ പറയുന്നത് വാര്‍ത്തകളില്‍ വരാന്‍ മാത്രമല്ല, സമൂഹത്തില്‍ സംഘര്‍ഷവും ധ്രുവീകരണവും സൃഷ്ടിക്കാനും കൂടിയാണ്.

മോദിയും കൂട്ടാളികളും സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. അതു രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നു. രാമക്ഷേത്ര പ്രശ്‌നം ജനങ്ങള്‍ക്കിടയിലെ സാഹോദര്യത്തെ സാരമായി ബാധിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നട്ടെല്ലും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വവുമായിരുന്ന ബഹുസ്വരതയെ ഭരണകക്ഷി നിഷ്‌കരുണം ആക്രമിക്കുകയാണ്.

ഇത്തവണ വാഗ്ദാനങ്ങള്‍ കൊണ്ടുമാത്രം കാര്യമില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞതായി തോന്നുന്നു. അതിനാല്‍, മുന്‍ വാഗ്ദാനങ്ങളില്‍ നിന്ന് വൈകാരിക വിഷയങ്ങളിലേക്ക് മോദി പതുക്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വാഗ്ദാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ദേശീയതയും ദേശസ്‌നേഹവും രക്ഷയ്‌ക്കെത്തുന്നു. ബിജെപിക്കും സംഘപരിവാറിനും അത് മറ്റാരേക്കാളും നന്നായി അറിയാം. രാമക്ഷേത്ര നിര്‍മ്മാണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

ശിഥിലമായ പ്രതിപക്ഷം അനൈക്യത്തിന്റെ വിഡ്ഢിത്തം തിരിച്ചറിഞ്ഞിട്ടുണ്ട്. വന്‍ പ്രചാരണത്തിനും കോര്‍പ്പറേറ്റ് ഫണ്ടിംഗിനും പുറമെ മോദിയുടെ വിജയത്തിന്റെ പ്രധാന കാരണം സ്വന്തം ഐക്യമില്ലായ്മയാണെന്ന് പ്രതിപക്ഷത്തിനു മനസ്സിലായി. എന്നിട്ടും പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മൂടി വച്ചതിനുശേഷം, സര്‍ക്കാരും ഭരണകക്ഷിയും വര്‍ഗീയഭൂതത്തെ കുപ്പിയില്‍ നിന്ന് ഇറക്കിവിട്ടു, അതുവഴി ജനങ്ങളുടെ ശ്രദ്ധ ഇതര വിഷയങ്ങളിലേക്ക് തിരിച്ചുവിടുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ രാജ്യത്ത് ഒരിക്കലും തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പാറക്കാല പ്രഭാകര്‍ അടുത്തിടെ പറഞ്ഞു.

'പ്രധാനമന്ത്രി മോദി തന്നെ ചെങ്കോട്ടയില്‍ നിന്നു വിദ്വേഷ പ്രസംഗം നടത്തും, ലഡാക്ക്മണിപ്പൂര്‍ പോലെയുള്ള ഒരു സാഹചര്യം രാജ്യത്തുടനീളം ഉടലെടുക്കും,' ഡോ. പ്രഭാകര്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. മോദിയും മന്ത്രിസഭയും വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടനയും രാജ്യത്തിന്റെ ഭൂപടവും മാറുമെന്നും ഡോ.പ്രഭാകര്‍ വീഡിയോയില്‍ ആരോപിച്ചു. ബിജെപി നേതാക്കളുടെ ചില പ്രസ്താവനകള്‍ ഉദ്ധരിച്ച്, അവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇനി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ ഉടലെടുത്ത അശാന്തി മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയിലുടനീളം പതിവാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ എന്നും പരിഹാസ്യമായ വാഗ്ദാനങ്ങളാലും വാചാടോപങ്ങളാലും നിറഞ്ഞതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും ബൗദ്ധിക ദാരിദ്ര്യം പല തരത്തില്‍ ഇത് കാണിക്കുന്നു.

വാചാടോപങ്ങളും വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങളും കൊണ്ട് നിറഞ്ഞതാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. അത്തരം തന്ത്രങ്ങള്‍ ഫലിക്കുമോ? വോട്ടര്‍മാരില്‍ ഭൂരിഭാഗവും ദരിദ്രരും നിരക്ഷരരുമായതിനാല്‍ അവര്‍ പലപ്പോഴും ഈ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുകയോ ജാതിയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയോ ചെയ്യുന്നു.

ഒരു കാര്യം തീര്‍ച്ചയാണ്: സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും താത്പര്യജനകമായ തിരഞ്ഞെടുപ്പുകളിലൊന്നാണിത്. വ്യക്തിഗത തലത്തില്‍, തൊഴിലവസരങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില, സംസാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവക്കും അങ്ങനെ പലതിനും വേണ്ടിയുള്ള ജനങ്ങളുടെ നിര്‍ബന്ധിത ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഒരു ഗവണ്‍മെന്റെനെ തിരഞ്ഞെടുക്കലാകണമത്. മറ്റൊരു തലത്തില്‍, ഇന്നു മറ്റെന്നത്തേക്കാളും ക്രൂരമായി ഭീഷണിയിലായിരിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍, ജനാധിപത്യ തത്വങ്ങള്‍, മതേതര ധാര്‍മ്മികത എന്നിവയെ സംരക്ഷിക്കുന്നതിനുള്ളതുമാണ് അത്. അതിനാല്‍, ബി ജെ പി യുടെ വര്‍ഗീയ പ്രചാരണത്തില്‍ ആളുകള്‍ അകപ്പെടാതിരിക്കേണ്ടത് പ്രധാനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org