സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന് സിസ്റ്റര്‍ സെഫിയുടെ കേസില്‍ നീതിപീഠം

സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന് സിസ്റ്റര്‍ സെഫിയുടെ കേസില്‍ നീതിപീഠം
ബലാത്സംഗ വിചാരണകളില്‍ സ്ത്രീകളുടെ ചാരിത്ര്യമോ ഇരകളുടെ ലൈംഗിക ചരിത്രമോ പ്രധാനമാണെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നടത്തുന്നത്.

മിഥ്യാബോധങ്ങള്‍ ശാസ്ത്രബോധത്തെ അതിജീവിക്കുന്നു. ആളുകളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നതിനാല്‍, മിഥ്യകളെ ഇല്ലാതാക്കുക എളുപ്പമല്ല. ശാസ്ത്രബോധം നേടിക്കഴിഞ്ഞതായി വീമ്പിളക്കുന്നവര്‍ പോലും വ്യക്തിപരവും മതപരവുമായ ജീവിതത്തിന്റെ കാര്യത്തില്‍ വിവിധ മിഥ്യകള്‍ക്ക് കീഴടങ്ങുന്നു. പെണ്‍ കുട്ടികളുടെയോ സ്ത്രീകളുടെയോ കന്യകാത്വം നിര്‍ണ്ണയിക്കാന്‍ 'രണ്ട് വിരല്‍ പരിശോധന'യ്ക്ക് കഴിയുമെന്ന വിശ്വാസമാണ് അത്തരത്തില്‍ വേരൂന്നിയ ഒരു മിഥ്യ. ഇര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ബലാത്സംഗക്കേസുകളിലാണ് കന്യകാത്വപരിശോധന കൂടുതലും നടത്തുന്നത്. ഒരു കേസിന് എന്തെങ്കിലും ലൈംഗിക മാനമുണ്ടെങ്കില്‍ ഈ പരിശോധന നടപ്പിലാക്കുകയാണ്. ഒരു വ്യക്തി തന്റെ ലൈംഗിക ജീവിതത്തില്‍ എത്രത്തോളം സ ജീവമായിരുന്നു എന്നു തീരുമാനിക്കുകയാണ് ഈ പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരയുടെ അവകാശവാദങ്ങള്‍ എത്രത്തോളം ആധികാരികമാണെന്നു നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു അളവുകോലായി ഇതുപയോഗിക്കുന്നു. ബലാത്സംഗ വിചാരണകളില്‍ സ്ത്രീകളുടെ ചാരിത്ര്യമോ ഇരകളുടെ ലൈംഗിക ചരിത്രമോ പ്രധാനമാണെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നടത്തുന്നത്.

ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെക്കുറിച്ചു തീരുമാനിക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണ് കന്യകാത്വപരിശോധനയെന്ന പുരുഷാധിപത്യപരവും അശാ സ്ത്രീയവുമായ അനുമാനത്തില്‍ അധിഷ്ഠിതമായ ഈ സമ്പ്രദായത്തിനെതിരെയാണ് സുപ്രീം കോടതി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈംഗികമായി സജീവമായ ഒരു വ്യക്തി തന്റെ ജീവിതത്തില്‍ അധാര്‍മ്മികത പുലര്‍ത്തുമെന്ന് അനുമാനിക്കുന്നതും ഇതേപോലെ അസംബന്ധമാണ്. കന്യകാത്വ പരിശോധന പിന്തിരിപ്പനും അശാസ്ത്രീയവും സ്ത്രീകളുടെ അന്തസ്സിന് ഹാനികരവുമാണെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സുപ്രീം കോടതിയും സമീപകാല വിധിയില്‍ ഡല്‍ഹി ഹൈക്കോടതിയും വ്യക്തമായും അസന്ദിഗ്ധമായും വ്യക്തമാക്കിയിട്ടുണ്ട്. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെ കന്യകാത്വ പരിശോധനയ്ക്കു വിധേയയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി നല്‍കിയ കേസിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

മനുഷ്യത്വരഹിതമായ ഈ നടപടി തുടരുന്ന ബന്ധപ്പെട്ട അധികാരികളെ കോടതികള്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട സ്വകാര്യതയ്ക്കുള്ള അവകാശത്തിന് എതിരാണ് ഈ പരിശോധനയെന്ന് കോടതി വ്യക്തമാക്കി. അതേ അളവില്‍ തന്നെ അത് മനുഷ്യന്റെ അന്തസ്സിന്റെ ലംഘനവുമാണ്.

കന്യാചര്‍മ്മ പരിശോധന ഒരു വ്യക്തിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് തീര്‍പ്പു കല്‍പിക്കാന്‍ പര്യാപ്തമല്ലെന്ന് ഈ വിധികള്‍ കൂടാതെ, പ്രശസ്ത മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളും ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍, 2012-ല്‍ ഡല്‍ഹിയില്‍ നിര്‍ഭയ കേസിനുശേഷം രൂപീകരിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ്മ കമ്മിറ്റി ഇത് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. നിര്‍ഭയ കേസിനുശേഷം കൊണ്ടുവന്ന ക്രിമിനല്‍ നിയമ ഭേദഗതി നിയമം 2013, ഒരു വ്യക്തിയുടെ ധാര്‍മ്മികത തീരുമാനിക്കുന്നതിന് ഒരാളുടെ ലൈംഗിക പെരുമാറ്റം പ്രസക്തമായി കണക്കാക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നു. കന്യകാത്വ പരിശോധന നടത്തുന്നതില്‍ മറ്റൊരു അപകടമുണ്ട്. പല കോടതിവിധികളും വിദഗ്ധരും ചൂണ്ടിക്കാണിച്ചതുപോലെ, കന്യാചര്‍മം പരിശോധിച്ചു കൊണ്ട് ഒരു സ്ത്രീയുടെ ലൈംഗി കജീവിതത്തെക്കുറിച്ച് ഒന്നും കണ്ടെത്താനാവില്ല. ലൈംഗികബന്ധത്തിലേര്‍പ്പെട്ടവര്‍ക്കും കന്യാചര്‍മ്മമുണ്ടായിരിക്കാനും ലൈംഗികജീവിതമില്ലാത്തവര്‍ക്ക് കന്യാചര്‍മ്മമില്ലാതിരിക്കാനും സ്‌പോര്‍ട്‌സ് കൊണ്ട് കന്യാചര്‍മ്മം നഷ്ടമാകാനും ചിലര്‍ക്ക് കന്യാചര്‍മ്മം തന്നെ ഇല്ലാതിരിക്കാനും ഒക്കെ സാധ്യതയുണ്ട്. ഇതാണ് കന്യാചര്‍മ്മത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ വസ്തുത. അതിനാല്‍, 'രണ്ട് വിരല്‍ പരിശോധന'യുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയെ വിലയിരുത്തുന്നത് അശാസ്ത്രീയവും അബദ്ധവും ഒരു മിഥ്യാവിചാരത്തെ ശാശ്വതീകരിക്കുന്നതുമായ പ്രവൃത്തിയാണ്.

ഒരു ലൈംഗികത്തൊഴിലാളിയുടെ കന്യാചര്‍മ്മത്തിനു ക്ഷത മേല്‍ക്കാതിരുന്നതു ചൂണ്ടിക്കാട്ടുന്ന ഒരു പഠനം ദി ഗാര്‍ഡിയനില്‍, 1906-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. 36 ഗര്‍ഭിണികളില്‍ 34 പേര്‍ക്കും കന്യാചര്‍മ്മം ഉണ്ടായിരുന്നുവെന്ന ഒരു സര്‍വേഫലം 2004-ല്‍ പുറത്തു വന്നിരുന്നു. കന്യകാത്വപരിശോധനയെന്ന വിഡ്ഢിത്തത്തെ വ്യക്തമാക്കുന്ന വസ്തുതകളാണ് ഇവയെല്ലാം. എന്നിരുന്നാലും, പുരുഷാധിപത്യ മനോഭാവം നില നിര്‍ത്താന്‍ സഹായിക്കുന്നു എന്നതുകൊണ്ട് കന്യകാത്വ പരിശോധനയില്‍ വിശ്വസിക്കാന്‍ ആളുകള്‍ പ്രേരിതരാകുകയാണ്. മനുഷ്യ മനസ്സാക്ഷിയില്‍ നിന്നും അവബോധത്തില്‍ നിന്നും ഈ മിഥ്യയെ മായ്ച്ചുകളയാന്‍ ബോധവല്‍ക്കരണത്തോടൊപ്പം ജുഡീഷ്യല്‍ ഇടപെടലുകള്‍ക്ക് ഒരു പരിധിവരെ കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org