സമ്പന്നര്‍ അതിസമ്പന്നരും ദരിദ്രര്‍ പരമദരിദ്രരും ആകുമ്പോള്‍...

സമ്പന്നര്‍ അതിസമ്പന്നരും ദരിദ്രര്‍ പരമദരിദ്രരും ആകുമ്പോള്‍...

ഇന്ത്യ എന്നും വൈരുദ്ധ്യങ്ങളുടെ നാടാണ്; അത് അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. അത് തെളിയിക്കാന്‍ ഉതകുന്ന അനിഷേധ്യമായ വസ്തുതകളും കണക്കുകളും നിരത്തിയുള്ളതാണ് ഓക്സ്ഫാമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശൂന്യമായ വാചാടോപവും പൊള്ളത്തരവുമായിരുന്നു 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യമെന്ന് അതു തുറന്നുകാട്ടുന്നു. പകര്‍ച്ച വ്യാധിയുടെ കാലത്തു പോലും വിരലിലെണ്ണാവുന്ന ആളുകള്‍ ഇവിടെ അഭിവൃദ്ധി പ്രാപിച്ചു, എന്നാല്‍ ഭൂരിപക്ഷമാകട്ടെ, കൃത്യമായി പറഞ്ഞാല്‍, 84 ശതമാനവും, അവരുടെ വരുമാനം കുറഞ്ഞതിനാല്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്നു എന്നതാണു ഭയപ്പെടുത്തുന്ന സത്യം. മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂടി റിപ്പോര്‍ട്ടിലുണ്ട്: വിശദീകരിക്കാനാകാത്ത ചില കാരണങ്ങളാല്‍, കോവിഡ് സീസണില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 102-ല്‍ നിന്ന് 142 ആയി ഉയര്‍ന്നു. വൈറസ് ഇന്ത്യയെ തകര്‍ത്തപ്പോള്‍, ഒരു പിടി ഇന്ത്യക്കാര്‍ അവരുടെ സമ്പത്തില്‍ അതിശയകരമായ വളര്‍ച്ച നേടി.

വര്‍ദ്ധിച്ചുവരുന്ന അസമത്വം അനുചിതമായ ഭരണത്തിന്റെ അടയാളമാണ്; തെറ്റായ നയങ്ങളുടെയും പരിപാടികളുടെ മോശം നിര്‍വ്വഹണത്തിന്റെയും ഫലമാണിത്.

ഓക്സ്ഫാം റിപ്പോര്‍ട്ട് പറയുന്നതുപോലെ 'മാരകമായ അസമത്വം' നിരവധി സുപ്രധാന മേഖലകളെ രൂക്ഷമായി ബാധിച്ചു. ഒരു രാജ്യത്തിന്റെ മാനവവികസന സൂചികയെ നിര്‍ണ്ണയിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങിയ പ്രധാന മേഖലകള്‍, മറ്റ് പല സൂചികകള്‍ക്കും പുറമെ, അവയുടെ ബജറ്റ് വിഹിതത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. വേണ്ടിയിരുന്നത് ഇതിന്റെ നേര്‍വിപരീതമാണ്. 'വൈറസ്' ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതങ്ങളെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, ജനങ്ങളുടെ ഉപജീവനത്തിനായി പണം പമ്പ് ചെയ്യുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും കണ്ടെത്തുന്നതിലായിരിക്കണമായിരുന്നു ഭരണത്തിന്റെ ശ്രദ്ധ. തൊഴില്‍ നഷ്ടമായതിനാല്‍ കോവിഡ് സമയം ആളുകള്‍ക്ക് സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിച്ചു. ശരീരവും ആത്മാവും ഒരുമിച്ച് നിലനിര്‍ത്താന്‍, ആളുകളുടെ വരുമാനം നിലനിര്‍ത്താന്‍ എന്തെങ്കിലും സംവിധാനം ഉണ്ടാകണമായിരുന്നു. പക്ഷേ, അതുണ്ടായില്ല.

വിരോധാഭാസമെന്നു പറയട്ടെ, അതിസമ്പന്നരായ ഇന്ത്യക്കാര്‍ അവരുടെ സമ്പത്തില്‍ ശത കോടികള്‍ കൂട്ടിച്ചേര്‍ത്ത് വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. ഓക്സ്ഫാം റിപ്പോര്‍ട്ട് കണ്ണുതുറപ്പിക്കുന്നതാണ്. ഇന്ത്യയിലെ 100 ശതകോടീശ്വരന്മാരുടെ സ്വത്തില്‍ ഏകദേശം 12.98 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാ യത്. മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 13.8 കോടി മനുഷ്യര്‍ക്കെല്ലാവര്‍ക്കും. 94,045 രൂപ വീതം നല്‍കാന്‍ പര്യാപ്തമായത്രയും തുക. ഇതു വാസ്തവത്തില്‍ ഒരു വന്‍തുകയാണ്. അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ 20 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വരുമാനം ഉറപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. അതിനേക്കാള്‍ വലിയ തുകയാണല്ലോ ഇത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ സമ്പത്ത് 25 വര്‍ഷത്തേക്ക് രാജ്യത്തെ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പര്യാപ്തമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ അതിസമ്പന്നരുടെ സാമ്പത്തികശക്തിയാണ് ഇത് കാണിക്കുന്നത്. അവരുടെ സമ്പത്തിന്റെ ഭാഗികമായ പുനര്‍വിതരണം പോലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും ദരിദ്രരുടെ വിധിയിലും വലിയ സ്വാധീനം ചെലുത്തും.

ശതകോടീശ്വരന്‍മാരുടെ കൈകളിലെ വരുമാനം കുമിഞ്ഞുകൂടുന്നത് പാവപ്പെട്ടവരുടെ ചെലവില്‍ സംഭവിച്ചതാണോ എന്ന ഗുരുതരമായ ചോദ്യമാണ് ഓക്‌സ്ഫാം റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. പല വ്യവസായ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുകയും ചെയ്തു. ഇത്തരം തൊഴിലാളി വിരുദ്ധ നയങ്ങളും ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായോ എന്ന് കണ്ടറിയണം. വര്‍ദ്ധിച്ചുവരുന്ന അസമത്വം അനുചിതമായ ഭരണത്തിന്റെ അടയാളമാണ്; തെറ്റായ നയങ്ങളുടെയും പരിപാടികളുടെ മോശം നിര്‍വ്വഹണത്തിന്റെയും ഫലമാണിത്. വരുമാനത്തിലെ അസമത്വം ഇത്രയധികം തരംതാഴ്ന്നതും നികൃഷ്ടവുമായ തലത്തില്‍ എത്തിനില്‍ക്കെ, രാഷ്ട്രീയക്കാര്‍ എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും വികസിത രാഷ്ട്രങ്ങളുടെ കൂട്ടത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ഇന്ത്യയ്ക്ക് ഒരിക്കലും ചിന്തിക്കാനാവില്ല. സൂപ്പര്‍ പവര്‍ ക്ലബ്ബിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഇതൊരു വലിയ പ്രതിബന്ധമായി അവശേഷിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org