ഇന്ത്യയുടെ ആത്മാവ് അതിജീവനത്തിനായുള്ള പോരാട്ടത്തില്‍

ഇന്ത്യയുടെ ആത്മാവ് അതിജീവനത്തിനായുള്ള പോരാട്ടത്തില്‍

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

തുളയ്ക്കുന്ന ശൈത്യത്താല്‍ കിടുകിടാ വിറയ്ക്കുകയാണു ഡല്‍ഹി. അകാല മഴ ദുരിതത്തിന് ആക്കം കൂട്ടി. ശീതക്കാറ്റിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ഒത്തുകൂടിയിരിക്കുന്നു. സ്വന്തം ഭാവി സംരക്ഷിക്കാനാണ് അവര്‍ അവിടെയായിരിക്കുന്നത്; കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ കവര്‍ന്നെടുക്കുന്നതു തടയാന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റിലൂടെ അടിച്ചേല്‍പിച്ച വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ ഉള്ളില്‍ അപകടം പതിയിരിക്കുന്നത് അവര്‍ കാണുന്നു. ചന്ദ്രനെ പിടിച്ചു തരാനൊന്നുമല്ല അവര്‍ ആവശ്യപ്പെടുന്നത്. പതിറ്റാണ്ടുകളായി പിന്തുടരുന്ന തങ്ങളുടെ കാര്‍ഷികരീതികള്‍ തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നു, തങ്ങളുടെ അടുപ്പുകള്‍ എരിക്കുന്ന അവ തകര്‍ക്കപ്പെടരുത്. തങ്ങളുടെ ഉപജീവനമാര്‍ഗം ഭീഷണിയില്‍ ആയില്ലെ ങ്കില്‍, ആയിരക്കണക്കിന് പുരുഷന്മാര്‍ക്ക് പുറമെ നൂറുകണക്കിന് കുട്ടികളും കൗമാരക്കാരും സ്ത്രീകളും ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഒഴുകില്ലായിരുന്നു.
മോദി സര്‍ക്കാരിനു തുടക്കത്തിലേ പിഴച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണെന്ന് അടിസ്ഥാനതലം യാഥാര്‍ഥ്യത്തില്‍ വേരൂന്നിനിന്ന, ഭരണഘടനയുടെ സ്ഥാപക പിതാക്കന്മാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍, ഓരോ സംസ്ഥാനത്തിനും ആവശ്യാനുസരണം നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനായി അവര്‍ കാര്‍ഷിക മേഖലയെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ഗ്രാമങ്ങളില്‍ നിന്ന് വളരെ അകലെ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ തലതൊട്ടപ്പന്മാരുമൊത്തു കഴിയുന്ന ഡല്‍ഹിയിലെ പാര്‍ട്ടി മേലാളന്മാര്‍ നിലവിലുള്ള നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു, നിയമങ്ങള്‍ ആര്‍ക്കു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത്, അവരെ അവഗണിച്ചുകൊണ്ടായിരുന്നു അത്. ഇതിലെ യഥാര്‍ത്ഥത്തിലുള്ള തത്പരകക്ഷികളായ കര്‍ഷകരെ പാര്‍ശ്വവത്കരിച്ചു. നിര്‍ദ്ദിഷ്ട ഗുണ ഭോക്താക്കള്‍ പുതിയ നിയമങ്ങളെ സ്വാഗതം ചെയ്യുന്നില്ലെങ്കില്‍, ഒരു സ്വേച്ഛാധിപത്യ സര്‍ക്കാര്‍ മാത്രമേ അവ അവരുടെമേല്‍ അടിച്ചേല്‍പി ക്കുന്നതിനെക്കുറിച്ചു ചിന്തിക്കൂ.
ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭ സ്ഥലങ്ങളില്‍ 50 ഓളം കര്‍ഷകര്‍ മരിച്ചു. പ്രകൃതിയുടെ ചാഞ്ചല്യങ്ങള്‍ക്ക് അവര്‍ ഇരകളായിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ കുറ്റവാളി വിവേകശൂന്യമായ ഭരണകൂടമാണ്. ജനങ്ങളെയല്ല, മനുഷ്യരേക്കാള്‍ പണത്തിനു വേണ്ടി നിലകൊള്ളുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ താണുവണങ്ങി നില്‍ക്കുന്ന ഒരു ഗവണ്‍ മെന്റ് കാരണം അവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നു. കര്‍ഷകരുമായി സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. പക്ഷേ നിഷ്ഫലമായിരുന്നു അവയെല്ലാം. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ നിരവധി മാര്‍ഗങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ തുറന്നു കിടക്കുന്നുണ്ട്. കൃഷിക്കാരെ സമാധാനിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി ഒരു ഒത്തുതീര്‍പ്പ് ഉണ്ടാകുന്നതുവരെ സര്‍ക്കാരിന് വിവാദപരമായ നിയമങ്ങള്‍ നടപ്പാക്കാതെയിരിക്കാം. അല്ലെങ്കില്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ സ്വീകരിക്കണോ അതോ നിരസിക്കണോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാന നിയമസഭകളെ അനുവദിക്കാന്‍ സര്‍ക്കാരിന് കഴിയും. വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളേക്കാള്‍ കര്‍ഷകരോടു ചേര്‍ന്നു നില്‍ക്കണമെന്നു സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ.
പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ജീവിതത്തിലേക്ക് ആഹ്ലാദം പകരു ന്നതിനാണ്, അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ അവര്‍ക്കു നിഷേധിക്കാനല്ല. അതിനാല്‍, ആര്‍ക്കുവേണ്ടിയാണോ നിയമങ്ങള്‍ രൂപപ്പെടുത്തുന്നത്, അവരുമായി കൂടിയാലോചിക്കാതെ അതിനു തുനിയരുത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യവും ഊര്‍ജ്ജവും വിവാദ നിയമങ്ങള്‍ പാസാക്കിയതില്‍ അവര്‍ എത്രമാത്രം അസ്വസ്ഥരാണെന്നു വെളിപ്പെടുത്തുന്നു. ന്യായവിലയോ ചരുങ്ങിയതു തറവിലയെങ്കിലുമോ ലഭിക്കില്ലെന്ന അവരുടെ ഭയം, നിയമങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍, അടിസ്ഥാനരഹിതമല്ല. കൃഷിക്കാരെ പരിഭ്രാന്തരാക്കുന്ന കാര്യങ്ങളുടെ യുക്തി സര്‍ക്കാര്‍ മനസ്സിലാക്കണം. പകരം, സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ കര്‍ഷകരെ തളര്‍ത്താനാണു ശ്രമിക്കുന്നതെങ്കില്‍ അതു തിരിച്ചടിക്കും. മണ്ണു പറ്റിയ പാദങ്ങളുടെ ഉടമകളെ ഏറെക്കാലത്തേക്കു കബളിപ്പിക്കാനാകില്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org