സംഭാല്‍: ഒരു മഹാവ്യാധിയുടെ ലക്ഷണം മാത്രമോ?

സംഭാല്‍: ഒരു മഹാവ്യാധിയുടെ ലക്ഷണം മാത്രമോ?
Published on

രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി അയോധ്യ ഭൂമി വിട്ടുനല്‍കിയതോടെ പ്രശ്‌നങ്ങള്‍ ഡമോക്ലീസിന്റെ വാള്‍ പോലെ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. 'ക്ഷേത്ര വിവാദങ്ങള്‍' അവസാനിപ്പിക്കാന്‍ സുപ്രീം കോടതി വിധി വഴിയൊരുക്കിയെന്ന് കരുതിയവര്‍ക്കു തെറ്റിപ്പോയെന്നു തെളിഞ്ഞു. പണ്ടോറയുടെ പെട്ടി തുറന്നത് മറ്റാരുമല്ല, കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്.

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഉത്തര്‍പ്രദേശിലെ മറ്റൊരു പള്ളി ചൂടേറിയ ചര്‍ച്ചയുടെ കേന്ദ്രബിന്ദുവായി. 16-ാം നൂറ്റാണ്ടിലെ മുഗള്‍ കാലഘട്ടത്തിലെ ഉത്തര്‍പ്രദേശിലെ മസ്ജിദായ സംഭാല്‍, കോടതി ഉത്തരവിട്ട സര്‍വേയുടെ കേന്ദ്രമാകുകയും, സര്‍വേ വ്യാപകമായ അക്രമത്തിലേക്ക് നയിക്കുകയും ചെയ്തു. ഒന്നിലധികം മരണങ്ങള്‍ക്കും അറസ്റ്റുകള്‍ക്കും കലാപത്തിനും കാരണമായ ഇതു നഗരത്തെ സ്തംഭിപ്പിച്ചു.

1526 നും 1530 നും ഇടയില്‍ ബാബറിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച സംഭാലിലെ ജുമാ മസ്ജിദ് അദ്ദേഹത്തിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച മൂന്ന് പ്രധാന പള്ളികളില്‍ ഒന്നാണ്. കല്‍ക്കി ദേവനു സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണു മസ്ജിദ് പണിതതെന്ന് അവകാശപ്പെട്ട് ഒരു ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് ജുമാ മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചത്. 1526-27 ല്‍ ബാബറിന്റെ ആക്രമണത്തില്‍ ക്ഷേത്രം തകര്‍ത്തതിനു ശേഷമാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവകാലത്ത്, ഹിന്ദു പുരാണ കഥാപാത്രമായ വിശ്വകര്‍മ്മയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ശക്തികള്‍ പ്രബലമാകാന്‍ അനുവദിക്കരുത്. സഹാനുഭൂതിയുടെയും ധാരണയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പാത നമുക്ക് തിരഞ്ഞെടുക്കാം.

ഹര്‍ജിക്ക് മറുപടിയായി, 2024 നവംബര്‍ 19 ന് പള്ളിയുടെ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. സര്‍വേക്കെതിരെ ചെറുത്തുനില്‍പ്പുണ്ടായി. നവംബര്‍ 24 ന് രണ്ടാമത്തെ സര്‍വേ ഷെഡ്യൂള്‍ ചെയ്തപ്പോള്‍ സംഘര്‍ഷം ആളിക്കത്തി. ബാബറി മസ്ജിദ് തകര്‍ച്ച ഇവിടെ ആവര്‍ത്തിക്കുമെന്ന ഭയത്തില്‍ നൂറുകണക്കിന് പ്രദേശവാസികള്‍ ഒത്തുചേരുകയും പള്ളിക്ക് സമീപം പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പ്രകടനങ്ങള്‍ പെട്ടെന്ന് അക്രമാസക്തമായി, നിരവധി പേര്‍ മരിക്കുകയും 30 ലധികം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം വ്യാപകമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ജുഡീഷ്യല്‍ അധികാരികള്‍ അതിരുകടന്നതായും നടപടിക്രമങ്ങളില്‍ ക്രമക്കേടുകളുണ്ടായതായും പലരും ആരോപിച്ചു. 1947 ആഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് മതപരമായ ഏതെങ്കിലും സ്ഥലത്തിന്റെ പദവി മാറ്റുന്നത് വിലക്കുന്ന 1991 ലെ ആരാധനാലയ നിയമം ഉദ്ധരിച്ച് ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ഉള്‍പ്പെടെയുള്ള മുസ്ലീം സമൂഹം സര്‍വേയെ ശക്തമായി എതിര്‍ത്തു. 1991 ലെ നിയമം, ഇന്ത്യയിലെ എല്ലാ മതനിര്‍മ്മിതികളുടെയും പദവി 1947 ഓഗസ്റ്റ് 15 ന് നിലനിന്നിരുന്ന സ്ഥിതിയില്‍ മരവിപ്പിക്കുകയാണു ചെയ്തിരുന്നത്. ഇതിനര്‍ഥം ഈ സ്ഥലങ്ങളില്‍ പുതിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കാനാവില്ല എന്നും അവയുടെ സ്വഭാവം നിയമപ്രകാരം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്.

ഈ നിയമം ഉണ്ടായിരുന്നിട്ടും, സാംഭാലിലെ ജുമാ മസ്ജിദുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ഒരു ജഡ്ജി സ്വീകരിക്കുകയായിരുന്നു.

ഈ തീരുമാനം വിവാദത്തിന് കാരണമായി, ജഡ്ജിക്ക് എങ്ങനെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ മറികടക്കാന്‍ കഴിയുമെന്ന് പലരും ചോദ്യം ഉന്നയിച്ചു. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി അനുവദിച്ചുകൊണ്ട് ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് സൃഷ്ടിച്ച മുന്‍ മാതൃകയിലാണ് പ്രശ്‌നത്തിന്റെ അടിസ്ഥാനമിരിക്കുന്നത്.

മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തടയുന്നതിനായി 1991 ലാണ് ആരാധനാലയ നിയമം നിലവില്‍ വന്നത്.

ഇത് ഇന്ത്യയിലെ മതപരമായ നിര്‍മ്മിതികളുടെ നില മരവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ചില ഒഴിവാക്കലുകളും കോടതി വ്യാഖ്യാനങ്ങളും പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഇടയാക്കി. ഇതു വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമായി. ഇത് അപകടകരമായ ഒരു മാതൃക സൃഷ്ടിച്ചു,

ഒരു ക്ഷേത്രത്തിന്റെ സ്ഥലത്താണ് ഒരു പള്ളി പണിതിരിക്കുന്നതെന്ന് അവകാശപ്പെടാന്‍ ആരെയും ഇതനുവദിക്കുന്നു. താജ്മഹല്‍, ഡല്‍ഹിയിലെ ജുമാ മസ്ജിദ്, കുത്തബ് മിനാര്‍ എന്നിവയെക്കുറിച്ച് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് മരണങ്ങള്‍ക്ക് കാരണമായ സംഭാലിലെ അക്രമം, അത്തരം അവകാശവാദങ്ങളുടെ അപകടസാധ്യത ഉയര്‍ത്തിക്കാട്ടുന്നു.

'ക്രമസമാധാന' പ്രശ്‌നത്തിന്റെ ശീലക്കടിയിലുള്ള കൂടുതല്‍ ദുഷിച്ച യാഥാര്‍ഥ്യത്തെ സംഭാല്‍ അക്രമം വെളിപ്പെടുത്തുന്നു. ധ്രുവീകരിക്കാനും ഭിന്നിപ്പിക്കാനും ലക്ഷ്യമിട്ട് ആസൂത്രിതമായ വര്‍ഗീയ പ്രകോപനമുണ്ടാക്കുക എന്നതാണത്. സംഘര്‍ഷങ്ങള്‍ക്കിടയില്‍, മതിയായ മുന്‍കരുതലുകളില്ലാതെ നടത്തിയ സര്‍വേയുടെ സമയവും രീതിയും ദുരന്തത്തിനുള്ള കുറിപ്പടിയായിരുന്നു.

ക്രമസമാധാന സേനയ്‌ക്കെതിരെ വിശ്വാസികള്‍ ഏറ്റുമുട്ടുകയും ആദരണീയമായ ഒരു ആരാധനാലയം കേവലം യുദ്ധക്കളമായി മാറുകയും ചെയ്തതു യു പി യുടെ വര്‍ഗീയ പ്രകൃതത്തിന്റെ ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ്. സംഭാല്‍ അക്രമം ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ന്യൂനപക്ഷ സമുദായങ്ങളുടെ മൗലികാവകാശങ്ങളും അന്തസും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അസ്വസ്ഥജനകമായ പ്രവണതയുടെ ഏറ്റവും പുതിയ പ്രകടനമാണ്.

സാമുദായിക സംഘര്‍ഷം ആളിക്കത്തിക്കാനും നമ്മുടെ രാജ്യത്തിന്റെ ദുര്‍ബലമായ ഘടനയെ തകര്‍ക്കാനുമുള്ള ധിക്കാരപരമായ ശ്രമമാണ് സര്‍വേ. ആദരണീയമായ ഒരു ആരാധനാലയത്തെ ലക്ഷ്യം വച്ചുകൊണ്ട്, അധികാരികള്‍ മുസ്ലീം സമുദായത്തെ അപമാനിക്കാനും ഭയപ്പെടുത്താനും ബോധപൂര്‍വം ശ്രമിച്ചു, 'അപരത്വം' എന്ന വിഷലിപ്തമായ ആഖ്യാനം നിലനിര്‍ത്തുകയും കൂടുതല്‍ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. 'ചരിത്രം' അല്ലെങ്കില്‍ 'പൈതൃകം' എന്ന മട്ടില്‍ ഭിന്നിപ്പിക്കലിന്റെ അജണ്ട നിരന്തരമായി പിന്തുടരുന്നത് നമ്മുടെ കാലഘട്ടത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.

നമ്മുടെ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നഗ്‌നമായ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍, നമ്മുടെ മഹത്തായ രാഷ്ട്രത്തെ എപ്പോഴും നിര്‍വചിച്ചിട്ടുള്ള മതനിരപേക്ഷത, സഹിഷ്ണുത, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുനഃസ്ഥാപിക്കുകയും ഐകമത്യത്തോടെ നിലകൊള്ളുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ശക്തികള്‍ പ്രബലമാകാന്‍ അനുവദിക്കരുത്. സഹാനുഭൂതിയുടെയും ധാരണയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പാത നമുക്ക് തിരഞ്ഞെടുക്കാം. നമ്മുടെ രാജ്യത്തിന്റെ ഭാവി അതിനെ ആശ്രയിച്ചിരിക്കുന്നു.

വര്‍ഗീയ രാഷ്ട്രീയം അയോധ്യയെയും സംഭാലിനെയും തകര്‍ത്തുകൊണ്ട് സമൃദ്ധമായ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. അടുത്തത് കാശി, മഥുര എന്നിവയാണെന്നു തോന്നുന്നു. സമൂഹത്തെ വിഭജിക്കാനുള്ള ഒരു ഉപകരണമായി ചരിത്രത്തെ നമുക്ക് എത്രത്തോളം ഉപയോഗിക്കാനാകും? ദരിദ്രരെയും നിരാലംബരെയും പരിചരിക്കാന്‍ രാജ്യം മുന്നോട്ട് പോകേണ്ടതുണ്ട്. രാജ്യം അതിന്റെ ഭരണഘടന നടപ്പിലാക്കണം; എല്ലാവര്‍ക്കും ഭൗതിക ക്ഷേമത്തോടൊപ്പം മനുഷ്യാവകാശങ്ങളും ലഭ്യമാക്കാനും രാഷ്ട്രത്തിനു സാധിക്കണം.

വൈവിധ്യമാര്‍ന്ന ഒരു നൂറു വ്യാഖ്യാനങ്ങളുള്ള ഭൂതകാലത്തെ ചികയുന്നതു നമ്മെ മുന്നോട്ടു നയിക്കില്ല. പഴയ മുറിവുകള്‍ തുറക്കുന്നത് സമൂഹത്തിലെ

ഒരു വിഭാഗത്തിനും ഗുണം ചെയ്യില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മറ്റൊരു ആരാധനാലയം അവിടെ നിലനിന്നിരുന്നു എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഒരു ആരാധനാലയം പൊളിക്കുന്നതില്‍ മതാത്മകതയില്ല. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പ്രയോജനം ചെയ്യാത്തതും സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാധാനവും സൗഹൃദവും നശിപ്പിക്കാന്‍ മാത്രം ഉപകരിക്കുന്നവയുമാണ്. തര്‍ക്കമുള്ള ആരാധനാലയങ്ങളെ അടഞ്ഞ അധ്യായമായി കാണാനും പ്രതികാരവാഞ്ഛയെ കുഴിച്ചുമൂടാനും ഭൂരിപക്ഷ സമുദായം ഇനി പഠിക്കണം. പരസ്പരാദരവിന്റെയും അംഗീകാരത്തിന്റെയും ഈ കര്‍മ്മങ്ങളില്‍ ദൈവങ്ങള്‍ കൂടുതല്‍ പ്രസാദിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org