അമ്പലം വഴി അധികാരത്തിലേക്ക്

അമ്പലം വഴി അധികാരത്തിലേക്ക്
SECULAR എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വളരെ വ്യക്തമായി പറയുന്നുണ്ട്. അത് പറയുന്നു: ''മതത്തിന്റെ പേരില്‍ മാത്രം ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കരുത്, ഭരണകൂടത്തിന് സ്വന്തമായി ഒരു മതം ഇല്ലെന്നും എല്ലാ വ്യക്തികള്‍ക്കും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടായിരിക്കും.'

നാല്പതുകളുടെ അവസാനത്തില്‍ സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവന്നപ്പോള്‍, ഗാന്ധിജി സര്‍ദാര്‍ പട്ടേലിനോടും മറ്റുള്ളവരോടും പറഞ്ഞു, 'ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നു, എന്നാല്‍ അത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ചെയ്യാന്‍ പാടില്ല. ഇത് പൂര്‍ണമായും സ്വകാര്യ പണം ഉപയോഗിച്ച് ഏറ്റെടുക്കണം.'' ഗാന്ധിജി അതു ഊന്നിപ്പറഞ്ഞിരുന്നു.

അതിന്റെ ഉദ്ഘാടന സമയം വന്നപ്പോള്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ അതിനായി ക്ഷണിച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോട് അദ്ദേഹം കൂടിയാലോചിച്ചു, പ്രധാനമന്ത്രി അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. നെഹ്റു രാഷ്ട്രപതിയോട് പറഞ്ഞു: ''എന്റെ പ്രിയപ്പെട്ട രാജേന്ദ്രബാബു, സോമനാഥ ക്ഷേത്രത്തിന്റെ ഗംഭീരായ ഉദ്ഘാടനചടങ്ങില്‍ താങ്കള്‍ പങ്കെടുക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് തുറന്നു പറയട്ടെ. ഇത് കേവലം താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ചെയ്യാന്‍ കഴിയുന്ന ഒരു ക്ഷേത്രസന്ദര്‍ശനം മാത്രമല്ല, മറിച്ച് നിര്‍ഭാഗ്യവശാല്‍ നിരവധി അര്‍ത്ഥസൂചനകളുള്ള ഒരു സുപ്രധാന ചടങ്ങില്‍ പങ്കെടുക്കുക എന്നതാണ്.'' രാഷ്ട്രവും മതവും വേറിട്ടു നില്‍ക്കുക എന്ന തത്വം ഉയര്‍ത്തിക്കാട്ടുകയായിരുന്നു നെഹ്രു. പിന്നീട് രാഷ്ട്രപതി ക്ഷേത്ര ഉദ്ഘാടനത്തിനെത്തിയെന്നത് മറ്റൊരു കാര്യം.

മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന സൂക്ഷ്മരേഖ ലംഘിക്കപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്തി, പ്രധാനമന്ത്രി നരേന്ദ്രമോദി കാലത്തെ പിന്നോട്ടടിച്ചു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടില്ലാത്ത പാതയിലേക്കാണ് അദ്ദേഹത്തിന്റെ നടപടി മതേതര രാജ്യത്തെ കൊണ്ടുപോയത്. 'മതേതരത്വം' എന്ന വാക്ക് തങ്ങളുടെ പദാവലിയില്‍ നിന്ന് നീക്കം ചെയ്തതായി കാണപ്പെടുന്ന ഭരണപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി ഇത് യോജിക്കുന്നു.

നാല് നൂറ്റാണ്ടിലേറെക്കാലം ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ടു ഇന്ത്യന്‍ സുപ്രീം കോടതി വിധി പറഞ്ഞു എന്ന വസ്തുതയില്‍ നിന്ന് ഈ വിഷയം പരിശോധിക്കേണ്ടത് പ്രധാനമാണ്. മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ നടപടിയാണെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. രാമക്ഷേത്ര നിര്‍മ്മാണം സുപ്രീം കോടതി വിധിയുടെ സ്വാഭാവിക പരിണിതിയാണെങ്കിലും, ആ ധിക്കാരപരമായ പ്രവൃത്തി മൂലമുണ്ടായ ദശലക്ഷക്കണക്കിന് ആളുകളുടെ വേദനാജനകമായ ഓര്‍മ്മകള്‍ അവഗണിക്കാന്‍ കഴിയില്ല.

മതേതര ഇന്ത്യയില്‍ മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവു നിലനില്‍ക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊന്‍പതാം നൂറ്റാണ്ടിലെയും തത്ത്വചിന്തകരായ വോള്‍ട്ടയറും നീഷെയും ആധുനിക കാലത്ത് മതത്തിന്റെ സ്വാധീനം ഭരണകൂടങ്ങളില്‍ കുറയുമെന്ന് പ്രവചിച്ചിരുന്നു. പക്ഷേ, മതമൗലികവാദികളുടെ വളര്‍ച്ചയും രാഷ്ട്രീയ പാര്‍ട്ടികളിലും സര്‍ക്കാരുകളിലും അവരുടെ സ്വാധീനവും നോക്കുമ്പോള്‍ ഇന്ത്യയില്‍ അത് നടക്കുമെന്ന് തോന്നുന്നില്ല. രണ്ടും തമ്മില്‍ നിരുപാധികം വേര്‍പെടുത്തണമെന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും, രാഷ്ട്രീയക്കാര്‍ മതത്തെ വലിയൊരു വിജയഘടകമായി കരുതുന്നതിനാല്‍ അത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഈ 'വേര്‍പാടിന്റെ മതില്‍' രാഷ്ട്രീയ ലാഭങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തെ അഭിമുഖീകരരിക്കുമ്പോള്‍ തകര്‍ന്നുപോകുന്നു.

ശ്രീരാമന്‍ ജനിച്ച സ്ഥലമാണതെന്ന ഹിന്ദുക്കളുടെ ശക്തമായ മതവിശ്വാസത്തെ ഉദ്ധരിച്ച് രാമക്ഷേത്രത്തിന്റെ വക്താക്കള്‍ അവരുടെ ആവശ്യത്തെ സാധൂകരിക്കാറുണ്ടായിരുന്നു. അങ്ങനെയെങ്കില്‍, ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് തികച്ചും മതപരമായ ചടങ്ങായി നിലനിര്‍ത്താമായിരുന്നു. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഗവണ്‍മെന്റുകളുടെ തലവന്മാരുടെ പങ്കാളിത്തത്തോടെ ഇതിന് ഒരു രാഷ്ട്രീയ മാനം നല്‍കുന്നതുവഴി, പ്രധാനമന്ത്രി 'ഹിന്ദു രാഷ്ട്രം' ഉദ്ഘാടനം ചെയ്തു എന്ന ആശയം പ്രഘോഷിക്കുകയാണു ചെയ്യുന്നത്.

ജനുവരി 22 ന് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചത് മതേതര ഇന്ത്യയില്‍ നിന്ന് ഏറെ വിദൂരസ്ഥമായ 'ഇന്ത്യ എന്ന പുതിയ ആശയത്തിന്റെ' വ്യക്തമായ അടയാളമാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ജനുവരി 22 ന് ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് ജനുവരി 20 ന് അറിയിച്ചു. ദേശീയ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയധികാരികള്‍ ആശുപത്രിയിലെ എല്ലാ കേന്ദ്രങ്ങളുടെയും മേധാവികളോടും വകുപ്പ് മേധാവികളോടും യൂണിറ്റുകളോടും ഉദ്യോഗസ്ഥരോടും ഇക്കാര്യം അവരവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു.

എയിംസിന്റെ ഉത്തരവു പറയുന്നു, 'അയോധ്യയിലെ രാംലല്ല പ്രാണപ്രതിഷ്ഠ രാജ്യമെങ്ങും ആഘോഷിക്കുന്നതിനാല്‍ ജനുവരി 22 ന് 2.30 പി എം വരെ ഇന്ത്യ ഗവണ്‍മെന്റ് അര്‍ധദിന അവധി പ്രഖ്യാപിച്ചിരിക്കുന്നതായി അറിയിക്കുന്നു.''

എയിംസിനു പിന്നാലെഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയും രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ പ്രമാണിച്ച് 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 2:30 വരെ അര്‍ദ്ധദിന അവധി ആയിരിക്കുമെന്നു അറിയിച്ചു.

ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. SECULAR എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വളരെ വ്യക്തമായി പറയുന്നുണ്ട്. അത് പറയുന്നു: ''മതത്തിന്റെ പേരില്‍ മാത്രം ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കരുത്, ഭരണകൂടത്തിന് സ്വന്തമായി ഒരു മതം ഇല്ലെന്നും എല്ലാ വ്യക്തികള്‍ക്കും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടായിരിക്കും.'

2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതുമുതല്‍, ഭരണകക്ഷിയോടുള്ള വിധേയത്വത്തിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ ഈ വശം നഗ്‌നമായി ലംഘിക്കുകയാണ്. ഭരണഘടനയുടെ മതേതര സ്വഭാവത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ നടപടികളില്‍ നിന്ന് തോന്നുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി ജെ പി സര്‍ക്കാരുകള്‍ ഒരു പ്രത്യേക മതമായി സ്വയം തിരിച്ചറിയുകയാണ്. ഉന്നത ഭരണഘടനാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏതെങ്കിലും പ്രത്യേക മതത്തിന്റെ ആചാരങ്ങളിലും പൂജകളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെട്ടാല്‍ അത് മതേതരത്വത്തിന്റെ മരണമണി മുഴക്കും.

2022 ജൂലൈ 17 ന് തെക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കുന്നത് ഉചിതമാണ്. ഒരു തടാക പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മറ്റ് മതനേതാക്കളെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ക്ഷണിക്കാത്തതിന് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരെ ശാസിക്കുന്ന വീഡിയോ ഡി എം കെ യിലെ പാര്‍ലമെന്റ് അംഗമായ സെന്തില്‍കുമാര്‍ പങ്കുവക്കുകയായിരുന്നു.

എന്തിനാണ് ഒരു ഹിന്ദു പൂജാരിയെ മാത്രം വിളിച്ചതെന്ന് അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു, ഇത്തരമൊരു പരിപാടിക്ക് പ്രാര്‍ത്ഥന നടത്താന്‍ എല്ലാ മതങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കണം. 'ഒരു മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോ? ഇതാണ് ദ്രാവിഡ ഭരണ മാതൃക. സര്‍ക്കാര്‍ എല്ലാ മതങ്ങളില്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണ്,' ചടങ്ങ് സംഘടിപ്പിച്ച ഉദ്യോഗസ്ഥനോട് എംപി പറഞ്ഞു. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാകാന്‍ നമ്മുടെ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്.

2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ നരേന്ദ്ര മോദി 'സബ് കാ സാത് സബ് കാ വികാസ്' പ്രഖ്യാപിച്ചിരുന്നു. രാജ്യം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് അതിനു നേര്‍വിരുദ്ധമാണ്. ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യപങ്കുവഹിച്ച് ഭൂരിപക്ഷത്തിന്റെ മതമാണ് സ്വന്തം മതമെന്നു പ്രഖ്യാപിച്ചിരിക്കുകയാണു മോദി സര്‍ക്കാര്‍.

ഇന്ത്യ ഒരു മതാധിപത്യ രാഷ്ട്രമല്ല, മറിച്ച് എല്ലാ മതങ്ങള്‍ക്കും തുല്യമായി പരിഗണിക്കപ്പെടാനുള്ള അവകാശം നല്‍കുന്ന ഒരു മതേതര രാജ്യമാണ്. അയോധ്യയിലെ പുതിയ മഹാക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ മോദി നടത്തുന്നത് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മതേതരത്വത്തിന് തികച്ചും എതിരാണ്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പാത വിശാലവും സുഗമവുമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചാല്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരാജയപ്പെട്ട രാജ്യങ്ങളുടെ ഉദാഹരണങ്ങളാണ്, കാരണം ആ രാജ്യങ്ങളുടെ രാഷ്ട്രീയത്തെ മതം നിയന്ത്രിക്കുന്നു.

മതാധിപത്യ രാഷ്ട്രങ്ങളുടെ അനുഭവത്തില്‍ നിന്ന് ബിജെപിയും അതിന്റെ നേതാക്കളും പഠിക്കാത്തത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ അവര്‍ പ്രത്യക്ഷത്തില്‍ നിശ്ചയിച്ചിരിക്കുന്നു.

ജനങ്ങളുടെ നിഷ്‌കളങ്കതയെ മുതലെടുക്കാത്ത രാഷ്ട്രീയക്കാരെയാണ് രാജ്യത്തിന് ആവശ്യം. ബി ജെ പി കേന്ദ്രത്തില്‍ രണ്ടാം ടേമിന്റെ അവസാന മാസങ്ങളിലേക്ക് കടന്നിരിക്കെ, ജനവികാരം അതിനെതിരായി തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായി വോട്ട് പിടിക്കാനാവുന്ന ഒരു 'നേട്ടം' അവതരിപ്പിക്കാന്‍ നോക്കുകയാണ് അവര്‍. 'ക്ഷേത്ര രാഷ്ട്രീയം' (മന്ദിര്‍ മാര്‍ഗ്) എന്നതിനെക്കാള്‍ നല്ല മാര്‍ഗം എന്താണ്? എന്നാല്‍ അധികാരത്തിലേക്കുള്ള ഇത്തരം കുറുക്കുവഴികള്‍ രാജ്യത്തിന് വലിയ നാശമുണ്ടാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org