വിഷം ചീറ്റുന്ന വാക്കുകള്‍

വിഷം ചീറ്റുന്ന വാക്കുകള്‍
നിരവധി വിഷയങ്ങളില്‍ കടുത്ത ജനരോഷം നേരിടുന്ന ബി ജെ പി ഒടുവില്‍ മതധ്രുവീകരണമെന്ന അവരുടെ എക്കാലത്തെയും വലിയ വിജയതന്ത്രം എടുത്തു പയറ്റുന്നതാണു തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയ ശേഷം നാം കണ്ടത്. തിരഞ്ഞെടുപ്പു ജ്വരം മുറുകിയതോടെ വിദ്വേഷ പ്രസംഗങ്ങളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെയുണ്ടായി. അതു കോവിഡ് പോലെ പടര്‍ന്നുപിടിച്ചു. വിദ്വേഷപ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കുമല്ല, ബി ജെ പി ക്കു തന്നെ. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ എല്ലാ അതിരുകളും ലംഘിച്ചു.

ഭരണമികവിന്റെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ വീണ്ടും വരിക ബുദ്ധിമുട്ടാണെന്നു ബിജെ പി മനസ്സിലാക്കി. കര്‍ഷകരോഷം, ഇന്ധനവിലവര്‍ധനവ്, തൊഴിലില്ലായ്മ, പരിതാപകരമായ ആരോഗ്യസംവിധാനങ്ങള്‍ തുടങ്ങിയവ മൂലം ജനങ്ങള്‍ രോഷാകുലരാണ്. അതോടെ നികൃഷ്ടമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് വര്‍ഗീയതയുടെ തേരു തെളിക്കാന്‍ തന്റെ തീ തുപ്പുന്ന നാക്കുമായി പ്രധാനമന്ത്രി തന്നെ മുമ്പില്‍ നിന്നു. അമിത്ഷാ പോലുള്ള നേതാക്കള്‍ ഇതിനു പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണയും നല്‍കി.

മുസ്ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നാണു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി പ്രസംഗിച്ചത്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍, രാജ്യത്തിന്റെ സമ്പത്ത് 'കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നവര്‍ക്കു' നല്‍കുമെന്നു മോദി ആരോപിച്ചു. മുസ്ലീങ്ങളെയാണ് ഈ പ്രയോഗം കൊണ്ടുദ്ദേശിച്ചതെന്നു വ്യക്തമായിരുന്നു.

ഇന്ത്യയുടെ വിഭവസ്രോതസ്സുകളുടെ ആദ്യ അവകാശികള്‍ മുസ്ലീങ്ങളാണെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 2006 ല്‍ പറഞ്ഞുവെന്ന നുണയും പ്രധാനമന്ത്രി പ്രചരിപ്പിച്ചു. അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ പണം മുസ്ലീങ്ങള്‍ക്കു വിതരണം ചെയ്യുമെന്നു കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സമ്പത്തിന്റെ സമത്വമെന്ന വിഷയം പരാമര്‍ശിക്കുന്ന പ്രകടനപത്രികയിലെ ഭാഗവും പിന്നാക്കവിഭാഗങ്ങളെ സഹായിക്കുമെന്നു 18 വര്‍ഷം മുമ്പു മന്‍മോഹന്‍ സിംഗ് പറഞ്ഞ പ്രസംഗങ്ങളിലെ ഭാഗവും കൂട്ടിയിണക്കി നുണ പറയുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഒരു സമുദായത്തില്‍ നിന്നു പണമെടുത്ത് മറ്റൊരു സമുദായത്തിനു കൊടുക്കുമെന്ന് കോണ്‍ഗ്രസ് എവിടെയും പറഞ്ഞിട്ടില്ല.

ഹിന്ദുക്കളുടെ സ്വത്ത് മുസ്ലീങ്ങള്‍ക്കു കൊടുക്കുന്നതിനുള്ള ഗൂഢാലോചന കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന് ഏപ്രില്‍ 23 നു പ്രധാനമന്ത്രി പിന്നെയും ആരോപിച്ചു. ഹിന്ദുക്കളുടെ സ്വത്ത് കവര്‍ന്നെടുക്കുന്നവരായി മുസ്ലീങ്ങളെ ചിത്രീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. വെറും സ്വത്തല്ല, താലിമാല പോലും എടുത്തുകൊണ്ടുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. താലി അഥവാ മംഗല്യസൂത്രത്തിനു മതപരമായ മാനങ്ങളും ഉണ്ടല്ലോ. മുസ്ലീങ്ങളെ അന്യരാക്കി, വര്‍ഗീയ ഭിന്നിപ്പ് രൂക്ഷമാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാക്കാമെന്ന് അദ്ദേഹം കരുതുന്നു.

മധ്യകാല ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തി, സ്വത്തു കൊള്ളയടിക്കുന്ന മുസ്ലീം കലാപകാരികളെയും അതില്‍ നിന്നു രാഷ്ട്രത്തെ രക്ഷപ്പെടുത്തുന്നതിനായി വരുന്ന മോദിയെയും ചിത്രീകരിക്കുന്ന ഒരു ആനിമേഷന്‍ വീഡിയോ ഏപ്രില്‍ 30 നു ബി ജെ പി സോഷ്യല്‍ മീഡിയായില്‍ പുറത്തിറക്കി. ജയിച്ചാല്‍ ഹിന്ദുക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന മോദിയുടെ വാദത്തെ വീഡിയോ കടത്തിവെട്ടി. രാജ്യം കൈയടക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ മുസ്ലീങ്ങളുമായി സഹകരിക്കുകയാണെന്നാണ് സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ മോദി ആരോപിച്ചത്.

ഇന്ത്യ ഹേറ്റ് ലാബ് എന്ന സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള 668 വിദ്വേഷപ്രസംഗങ്ങള്‍ 2023 ല്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. 2023 ന്റെ ആദ്യപകുതിയില്‍ 255 പ്രസംഗങ്ങളാണുണ്ടായിരുന്നതെങ്കില്‍, രണ്ടാം പകുതിയില്‍ അത് 413 ആയി ഉയര്‍ന്നു. ഇവയില്‍ 75 ശതമാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു.

വിദ്വേഷപ്രസംഗം ജനാധിപത്യമൂല്യങ്ങള്‍ക്കും സാമൂഹ്യസ്ഥിരതയ്ക്കും സമാധാനത്തിനും പ്രതിബന്ധമാണെന്നു 2019 മെയ്യില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേരസ് പ്രസ്താവിച്ചിട്ടുണ്ട്. 'തത്വാധിഷ്ഠിതമായി, വിദ്വേഷപ്രചാരണത്തെ യു എന്‍ എപ്പോഴും എതിരിടണം. സായുധസംഘര്‍ഷങ്ങളും അക്രമങ്ങളും ഭീകരവാദവും സ്ത്രീവിരുദ്ധ അക്രമങ്ങളും ചെറുക്കുന്നതിനും സമാധാനപൂര്‍ണ്ണവും നീതിനിഷ്ഠവുമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനുമുള്ള കാര്യപരിപാടിയുടെ ഭാഗമായി വിദ്വേഷപ്രസംഗങ്ങളെയും യു എന്‍ നേരിടുക പ്രധാനമാണ്.' ഇന്ത്യയെ സംബന്ധിച്ച് ഈ വാക്കുകള്‍ വളരെ പ്രസക്തമാണ്. രാഷ്ട്രീയക്കാരുടെ വിദ്വേഷപ്രസംഗങ്ങള്‍, വിശേഷിച്ചും ബി ജെ പി യുടേത്, സമാധാനപൂര്‍വം ജീവിച്ച ഇന്ത്യന്‍ സമൂഹത്തെ ആഴത്തില്‍ വിഭജിച്ചിട്ടുണ്ട്.

സമൂഹത്തെ ധ്രുവീകരിക്കുക എന്നതാണ് ഹിന്ദുത്വ നേതാക്കളുടെ ഈ കടിഞ്ഞാണില്ലാത്ത പ്രസ്താവനകളുടെയെല്ലാം ലക്ഷ്യം. ഇന്ത്യ ഹേറ്റ് ലാബ് എന്ന സംഘം പുറത്തിറക്കിയ റിപ്പോര്‍ട് പ്രകാരം, മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള 668 വിദ്വേഷപ്രസംഗങ്ങള്‍ 2023 ല്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. 2023 ന്റെ ആദ്യപകുതിയില്‍ 255 പ്രസംഗങ്ങളാണുണ്ടായിരുന്നതെങ്കില്‍, രണ്ടാം പകുതിയില്‍ അത് 413 ആയി ഉയര്‍ന്നു. ഇവയില്‍ 75 ശതമാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. മറ്റു പാര്‍ട്ടികളും വിദ്വേഷപ്രസംഗങ്ങള്‍ നടത്താറുണ്ടെങ്കിലും 'ഭൂരിപക്ഷത്തെ' ന്യൂനപക്ഷങ്ങള്‍ക്കെതിരായി തിരിക്കുന്നത് ബി ജെ പി യുടെ തിരഞ്ഞെടുപ്പു തന്ത്രത്തിന്റെ മുഖമുദ്രയാണ്. ഹിന്ദുവോട്ടുകള്‍ സമാഹരിക്കാനുള്ള ഒരു തന്ത്രമാണ് മുസ്ലീങ്ങള്‍ക്കെതിരായ വാചകക്കസര്‍ത്ത്. ജാതി, മത വികാരങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥനകള്‍ നടത്തരുതെന്നു രാഷ്ട്രീയക്കാരോടു വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ പെരുമാറ്റച്ചട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷമോ സംഘര്‍ഷമോ വളര്‍ത്തുന്ന പ്രചാരണങ്ങള്‍ പാടില്ലെന്നും ചട്ടമുണ്ട്.

രാജ്യം സമുദായവിദ്വേഷത്തിന്റെ ഇരുട്ടിലേക്ക് ആണ്ടുപോകുകയും വിദ്വേഷപ്രചാരകര്‍ നിര്‍ബാധം വിഹരിക്കുകയും ചെയ്യുമ്പോള്‍ ചരിത്രത്തില്‍ നിന്നു ചില പാഠങ്ങള്‍ പഠിക്കുന്നത് ഉചിതമായിരിക്കും. 1999 ലായിരുന്നു അത്. തിരഞ്ഞെടുപ്പു സംവിധാനത്തെ ശുദ്ധീകരിച്ച ടി എന്‍ ശേഷന്‍ വിരമിക്കുകയും എം എസ് ഗില്‍ അധികാരമേല്‍ക്കുകയും ചെയ്തു. കമ്മീഷന്‍, ശിവസേനാ തലവന്‍ ബാല്‍ താക്കറേയുടെ വോട്ടവകാശം എടുത്തു കളയുകയും ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. 12 വര്‍ഷം മുമ്പ് ഒരു തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരിലായിരുന്നു അത്. പെരുമാറ്റച്ചട്ടലംഘനത്തിന് പ്രബലനായ ഒരു രാഷ്ട്രീയനേതാവിനെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ ഒരു സ്വതന്ത്ര ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പുകമ്മീഷന്‍ അന്നു മടിച്ചില്ല. കാലം മാറി, അതോടെ ചട്ടങ്ങളും മാറിയെന്ന പ്രതീതിയാണുണ്ടായിരിക്കുന്നത്.

ഈ അപചയങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാകേണ്ട സമയമാണിത്. കമ്മീഷന്‍ അതിന്റെ നഷ്ടമായ മഹത്വം വീണ്ടെടുക്കേണ്ടതുണ്ട്. വര്‍ഗീയതയുടെ വൈറസ് പരത്തുന്നവരെ നിലക്കു നിറുത്തേണ്ടതുണ്ട്. വിദ്വേഷപ്രസംഗകരെ ആരും തൊടുന്നില്ല, ശിക്ഷ ലഭിക്കുന്നില്ല എന്നതാണു ദുരന്തം. വലിയൊരു ജനവിഭാഗത്തിന്റ മനസ്സുകളില്‍ വിഷം കുത്തിവയ്ക്കുന്നതിനുള്ള പരിശ്രമങ്ങളെ മുളയിലേ നുള്ളുന്നില്ലെങ്കില്‍, മതേതര ജനാധിപത്യ റിപ്പബ്ലിക്കുകളുടെ കൂട്ടത്തില്‍ നിന്ന് രാജ്യം പുറന്തള്ളപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org