ബില്‍കിസ് ബാനുവിനു നീതി?
കൈകളില്‍ ത്രിവര്‍ണ്ണ പതാകയേന്താനും അധരങ്ങളില്‍ ദേശീയ ഗാനം ആലപിക്കാനും ഓരോ ഇന്ത്യക്കാരനും ആഹ്വാനം ചെയ്യപ്പെട്ട ദിവസം, ബില്‍ക്കിസ് ബാനു ഗുജറാത്തിലെ ഒരു ദുര്‍ഗമഗ്രാമത്തില്‍ അവളുടെ ശരീരം മരവിച്ച്, വാക്കുകള്‍ നഷ്ടപ്പെട്ട്, ജീവിതം തകര്‍ന്നു പോകുന്ന അവസ്ഥയിലിരിക്കുകയായിരുന്നു.
2022 ആഗസ്റ്റ് 15, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനം, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെടാന്‍ പോകുകയാണ്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ പവിത്രമായവയെ വിലമതിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും, ഒപ്പം ബില്‍ക്കിസ് യാക്കൂബ് റസൂലിനും ഘോരമായ ഒരു ദിനം. അന്ന്, ബില്‍ക്കിസ് ബാനു ഗുജറാത്തിലെ ദേവഗഢ് ബാരിയയിലുള്ള തന്റെ വീട്ടില്‍ വാര്‍ത്ത കണ്ടുകൊണ്ടിരുന്നപ്പോള്‍, അവളുടെ ലോകമാകെ തകര്‍ന്നുപോയി. കേട്ടത് വിശ്വസിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ഏറ്റവും ഭീകരമായ പേടിസ്വപ്നത്തേക്കാള്‍ ഭയാനകമായിരുന്നു അത്: 2002-ലെ ഗുജറാത്ത് കലാപത്തില്‍ അവളെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ഗോധ്ര സബ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നു. ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ചിരുന്ന ഒരു സമിതി കൊലയാളികളുടെയും ബലാത്സംഗികളുടെയും ശിക്ഷാ ഇളവിനുള്ള അപേക്ഷ അംഗീക്കുകയാണ് ചെയ്തത് എന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
മുറിവില്‍ മുളകു തേയ്ക്കുന്ന അനുഭവം സമ്മാനിച്ചുകൊണ്ട്, ഗോധ്ര ജയിലിന് പുറത്ത് തടിച്ചു കൂടിയ ആളുകള്‍ ലഡു വിതരണം ചെയ്തും മാലയിട്ടും പ്രതികള്‍ക്ക് ഗംഭീരമായ സ്വീകരണം നല്‍കി. യാദൃശ്ചികമായി, അതേ ദിവസം തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നാരീശക്തിയെക്കുറിച്ച് വാ ചാലനായി: നമ്മുടെ പെരുമാറ്റത്തിലും സംസ്‌കാര ത്തിലും ദൈനംദിന ജീവിതത്തിലും സ്ത്രീകളെ അപമാനിക്കുകയും അവമതിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും ഇല്ലാതാക്കാന്‍ നമുക്ക് പ്രതി ജ്ഞയെടുക്കാനാവില്ലേ എന്നദ്ദേഹം ആരാഞ്ഞു. മറിച്ചാണ് സംഭവിച്ചതെന്നു മാത്രം, മറ്റൊരു സം സ്ഥാനത്തല്ല, പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം ഭരിച്ചിരുന്ന സ്വന്തം സംസ്ഥാനത്തു തന്നെ.
ഗുജറാത്ത് സര്‍ക്കാര്‍ സ്വന്തം തീരുമാനത്തെ ന്യായീകരിക്കുവാന്‍ ആര്‍ക്കും ബോധ്യപ്പെടാത്ത ഒരു ന്യായവുമായി രംഗത്തെത്തി: സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതി പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള അപേക്ഷ അംഗീകരിച്ചു എന്നതായിരുന്നു അത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇളവ് ശുപാര്‍ശ ചെയ്ത സമിതിയില്‍ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അഞ്ച് ഭാരവാഹികള്‍ ഉണ്ടായിരുന്നു; ബാക്കിയുള്ള അംഗങ്ങള്‍ സര്‍ക്കാര്‍ നിയമിച്ചവരായിരുന്നു. ശിക്ഷായിളവു നല്‍കിയത് സാങ്കേതികത്വങ്ങളുടെ പേരില്‍ ന്യായീകരിക്കാനായേക്കാം. എന്നാല്‍ ഇത് കോടതി വിധികളുടെ അന്തസ്സത്തയ്ക്കും പൊതുജനാഭിപ്രായത്തിനും വിരുദ്ധമാണ്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ജീവപര്യന്തം ശിക്ഷകള്‍ ഇളവു ചെയ്യേണ്ടതില്ലെന്നതാണ് സുചിന്തിതമായ പൊതുഹിതം.
തുടക്കത്തില്‍, നിയമത്തിന്റെ നീണ്ട കൈയില്‍ നിന്ന് രക്ഷപ്പെട്ടു നിന്ന 11 പ്രതികള്‍ക്കു ശിക്ഷ ലഭിക്കാന്‍ ബില്‍ക്കിസ് ബാനു കഠിനമായ നിയമ പോരാട്ടം തന്നെ നടത്തിയിരുന്നു. ഗുജറാത്ത് സര്‍ക്കാരും പോലീസും ചേര്‍ന്ന് എഫ്ഐആറിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം കാണിച്ചിരുന്നു; തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. അഹമ്മദാബാദിലെ ഒരു കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും, പ്രത്യക്ഷത്തില്‍ അത് ഒരു 'വിനാശകരമായ അന്ത്യത്തിലേക്ക്' നീങ്ങുകയായിരുന്നു.
സാക്ഷികളെ ദ്രോഹിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യുമെന്ന ആശങ്ക ബില്‍ക്കിസ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റിയത്. 2008-ല്‍ മും ബൈയിലെ പ്രത്യേക കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ അവളതില്‍ പ്രത്യാശയുടെ കിരണം ദര്‍ശിച്ചു. ഏറെ പരീക്ഷണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ശേഷം ബില്‍ക്കിസിന്റെ പടിവാതില്‍ക്കല്‍ എത്തിയ ഇത്രയും വൈകിയ നീതിയാണ് ഇപ്പോള്‍ ശിക്ഷാ ഇളവിലൂടെ തകിടം മറിഞ്ഞിരിക്കുന്നത്.
ഓഗസ്റ്റ് 17-ന് ഒരു പരസ്യ പ്രസ്താവനയില്‍ ബില്‍ക്കിസ് പറഞ്ഞു, ''രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 15, 2022-ന് കഴിഞ്ഞ 20 വര്‍ഷത്തെ കഠോരവേദന എന്നെ വീണ്ടും പിടിച്ചുകുലുക്കി. എന്റെ കുടുംബത്തെയും എന്റെ ജീവിതത്തെയും തകര്‍ത്ത്, എന്റെ 3 വയസ്സുള്ള മകളെ എന്നില്‍ നിന്ന് തട്ടിയെടുത്ത 11 കുറ്റവാളികളും സ്വതന്ത്രരായി വിട്ടയക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍, എനിക്ക് മിണ്ടാട്ടം മുട്ടിപ്പോയി. ഞാന്‍ ഇപ്പോഴും മരവിപ്പിലാണ്. ഇന്ന് എനിക്ക് ഇത് മാത്രമേ പറയാന്‍ കഴിയൂ-ഒരു സ്ത്രീക്കുള്ള നീതി ഈ പരുവത്തിലാക്കാന്‍ നമുക്ക് എങ്ങനെ സാധിക്കുന്നു? നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. ഈ വ്യവസ്ഥയില്‍ വിശ്വസിച്ചു, എന്റെ മാനസീകാഘാതവുമായി ജീവിക്കാന്‍ ഞാന്‍ പതുക്കെ പഠിച്ചു വരികയായിരുന്നു. ഈ കുറ്റവാളികളുടെ മോചനം എന്നില്‍ നിന്ന് എന്റെ സമാധാനം കവര്‍ന്നെടുക്കുകയും നീതിയിലുള്ള എന്റെ വിശ്വാസത്തെ ഉലയ്ക്കുകയും ചെയ്തു. എന്റെ ദുഃഖവും വിശ്വാസത്തിന്റെ പതര്‍ച്ചയും എന്നെയോര്‍ത്തു മാത്രമല്ല, കോടതികളില്‍ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീയെയും ഓര്‍ത്താണ്. ഇത്രയും ഭീമവും അന്യായവുമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല. ഞാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഈ ദ്രോഹം തിരുത്തുക. ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം തിരികെ തരിക. ഞാനും എന്റെ കുടുംബവും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക.'
പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവര്‍ക്ക് അവളെ കേള്‍ക്കാനുള്ള മനസ്സുണ്ടോ? സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും രാജ്യം സ്വതന്ത്രമായിട്ടില്ല എന്നത് വളരെ വ്യക്തമാണ്. ഈ നിമിഷത്തില്‍ രാജ്യം ബില്‍ക്കിസ് ബാനുവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും നീതി വിജയിക്കുമെന്ന് ഉറപ്പാക്കുകയും വേണം!
രാജ്യത്ത് നീതി നിര്‍വഹണം കൂടുതല്‍ കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടുകയാണ്. കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബി ജെപി ഭരിക്കുന്നവയില്‍, മുന്നോട്ട് പോകുക വളരെ കഠിനമാണെന്നു ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കുന്നു. ഉത്തര്‍പ്രദേശില്‍, മുസ്ലിംകള്‍ ഇരകളായ നിരവധി കലാപക്കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പല കേസുകളിലും, ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ആക്രോശം മുഴക്കിയവര്‍ സ്വതന്ത്രരായി പോകുന്നു; ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ സേനകളില്‍ നിന്നുള്ള വിദ്വേഷപ്രചാരകരുടെ കാര്യവും ഇതുതന്നെയാണ്; പ്രതികള്‍ യുദ്ധത്തില്‍ വിജയിച്ച വീരന്മാരെപ്പോലെ ചുറ്റിനടക്കുന്നു.
കുറ്റവാളികളെയും ഇരകളെയും വര്‍ഗീയതയുടെ കണ്ണിലൂടെ കാണുന്ന തലത്തിലേക്ക് സാഹചര്യം അധഃപതിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍, ബില്‍ക്കിസ് ബാനു ഉന്നയിക്കുന്ന രൂക്ഷമായ ചോദ്യത്തിനു നേരെ കാതുകളടക്കാന്‍ രാഷ്ട്രത്തിന് കഴിയില്ല: 'ഒരു സ്ത്രീക്കുള്ള നീതി ഈ പരുവത്തിലാക്കാന്‍ നമുക്ക് എങ്ങനെ സാധിക്കുന്നു?'