
എണ്ണിയാലൊടുങ്ങാത്ത സംസ്‌കാരങ്ങളും ആചാരങ്ങളും മതാനുഷ്ഠാനങ്ങളും ഗോത്ര പാരമ്പര്യങ്ങളുമെല്ലാമുള്ള ഒരു രാജ്യം. ഒരു ഏകീകൃത സിവില്‍ കോഡ് (UCC) ഉപയോഗിച്ച് അവയെ ഒന്നിച്ചുകെട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല, അപ്രായോഗികവും ഭ്രാന്തവുമാണ്.
പാതിവെന്ത ആശയം ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിക്കുന്നത് അതിനേക്കാള്‍ ഭ്രാന്തമാണ്, അതും ഭരണകൂടത്തിന്റെ തലവന്‍. വിഷയം പരമപ്രധാനമായതിനാല്‍, അത് തിരഞ്ഞെടുപ്പ്, വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിറുത്തേണ്ടതാണ്. പക്ഷേ എന്താണോ ചെയ്യാന്‍ പാടില്ലാത്തത് അതുതന്നെ ചെയ്യാന്‍ കേന്ദ്രം ഭരിക്കുന്ന ഭരണകൂടത്തിന് ഒരു മടിയുമില്ല.
യൂണിഫോം സിവില്‍ കോഡ് തുടക്കം മുതല്‍ തര്‍ക്കവിഷയമാണ്. അതിനാല്‍ ഭരണഘടന അസംബ്ലി അത് ഭരണഘടനയിലെ രാഷ്ട്ര നയത്തിന്റെ നിര്‍ദേശക തത്വങ്ങള്‍ക്ക് കീഴില്‍ വിട്ടു. ഇന്ത്യ മതപരമായ ബഹുസ്വരത പിന്തുടരുന്നതിനാല്‍, വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓരോ മതത്തിന്റെയും വ്യക്തിനിയമങ്ങളെ ചവിട്ടിമെതിക്കാന്‍ ഭരണഘടനയുടെ സ്ഥാപകര്‍ ആഗ്രഹിച്ചില്ല. ഇക്കാര്യത്തില്‍ നിയമകമ്മീഷനുകളിലും ഏകാഭിപ്രായമുണ്ടായിട്ടില്ല.
'ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയാന്തരീക്ഷത്തില്‍' കാടടച്ചുള്ള തീരുമാനങ്ങള്‍ എടുക്കു ന്നത് വിനാശകരമായിരിക്കും. നിര്‍ബന്ധിത ഐകരൂപ്യത്തിനായി ശ്രമിക്കുന്നതിനു പകരം വൈവിധ്യവുമായി പൊരുത്തപ്പെടുക എന്നതാണ് പ്രധാനം.
രാജ്യത്ത് ഈ ഘട്ടത്തില്‍ ഏകീകൃത സിവില്‍കോഡ് ആവശ്യമില്ലെന്നും അഭികാമ്യമല്ലെന്നും മുമ്പത്തെ 21-ാമത് ലോ കമ്മീഷന്‍ പറഞ്ഞപ്പോള്‍, നിലവിലെ 22-ാമത് ലോ കമ്മീഷന്‍ അതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുകയാണു ചെയ്തിട്ടുള്ളത്. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൊതുജനങ്ങളില്‍ നിന്ന് 46 ലക്ഷം നിവേദനങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു, ഈ പ്രശ്‌നം ജനങ്ങളുടെ ഹൃദയവുമായി എത്രത്തോളം അടുത്തിരിക്കുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. മനുഷ്യരുടെ ജീവിതത്തിന്റെ സുപ്രധാന വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
ഈ വിഷയത്തില്‍ ചില ഉദാഹരണങ്ങള്‍ പറയുന്നത് ഗുണം ചെയ്യും. വടക്ക്-കിഴക്കന്‍ മേഖലകളില്‍ മാതൃദായക്രമത്തിലുള്ള (മരുമക്കത്തായം) സമൂഹങ്ങളുണ്ട്; അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ആത്മാവും ഹൃദയവുമാണ്. ഇളയ മകളാണ് വസ്തുവകകളുടെ സംരക്ഷക, കൂടാതെ ഭൂമി പോലുള്ള സ്ഥാവര സ്വത്തുക്കള്‍ അനന്തരാവകാശമായി ലഭിക്കാന്‍ പുരുഷ അംഗങ്ങള്‍ക്ക് അര്‍ഹതയില്ല. ഏകീകൃത സിവില്‍ കോഡ് അവതരിപ്പിച്ചുകൊണ്ട് ആ ആചാരങ്ങള്‍ മാറ്റുന്നത് ആദിവാസി സമൂഹത്തെയും അതിന്റെ സംസ്കാരത്തെയും ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും.
അതുപോലെ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മറ്റ് ആദിവാസി സമൂഹങ്ങളിലും വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം മുതലായവയുമായി ബന്ധപ്പെട്ട് സവിശേഷമായ ആചാരങ്ങളുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ആ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കടയ്ക്കല്‍ കോടാലി വയ്ക്കും, ആദിവാസി സമൂഹങ്ങളുടെ ആത്മാവിനെ കവര്‍ന്നെടുക്കും. അതിനാല്‍ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കാന്‍ ആദിവാസികള്‍ ബാധ്യസ്ഥരാണ്.
ആദായനികുതി ഇളവ് ലഭിക്കാന്‍ പലരെയും സഹായിക്കുന്ന ഹിന്ദു അവിഭക്ത കുടുംബം എന്ന സങ്കല്‍പം അവസാനിപ്പിക്കുന്നതിനാല്‍ ഏകീകൃത സിവില്‍ കോഡ് ഹിന്ദു സമൂഹത്തില്‍ പോലും കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഹിന്ദു അവിഭക്ത കുടുംബത്തെ ഒരു പ്രത്യേക സ്ഥാപനമായി കണക്കാക്കുന്നതിനാല്‍, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ലഭ്യമായ വ്യക്തിഗത ഇളവുകള്‍ക്ക് പുറമെ അധിക നികുതി ഇളവുകളും ലഭിച്ചു വരുന്നുണ്ട്.
ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ മറ്റ് മതങ്ങളിലും കണ്ണും പൂട്ടി വലിച്ചെറിയാന്‍ കഴിയാത്ത വ്യക്തിനിയമങ്ങളും ആചാരങ്ങളും ഉണ്ട്. മതങ്ങളുടെ വ്യക്തി നിയമങ്ങള്‍ എല്ലാ പൗരന്മാരെയും സ്പര്‍ശിക്കുന്നു, കാരണം അവ തലമുറകളായി അവരുടെ ജീവിതരീതികളിലേക്കും അവരുടെ സ്വകാര്യ ഇടങ്ങളിലേക്കും ആഴത്തില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതാണ്.
എന്നിരുന്നാലും, ഏതെങ്കിലും മതത്തിലോ സമൂഹത്തിലോ നിലനില്‍ക്കുന്ന ആചാരങ്ങള്‍, ലിംഗ-സമത്വത്തെയോ മാനുഷിക അന്തസ്സിനെയോ സാരമായി ബാധിക്കുന്നുണ്ടെങ്കില്‍, അവയിലെ പോരായ്മകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തണം. തെറ്റിനെ ശരിയാക്കാന്‍ പ്രത്യേക നിയമങ്ങള്‍ പാസാക്കുകയോ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ ചെയ്യാം. എന്നാല്‍ അത് ബന്ധപ്പെട്ട എല്ലാവരോടും ചര്‍ച്ച ചെയ്തതിനുശേഷം ചെയ്യണം; 'ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ അന്തരീക്ഷത്തില്‍' കാടടച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് വിനാശകരമായിരിക്കും. നിര്‍ബന്ധിത ഐകരൂപ്യത്തിനായി ശ്രമിക്കുന്നതിനു പകരം വൈവിധ്യവുമായി പൊരുത്തപ്പെടുക എന്നതാണ് പ്രധാനം.