മതേതരത്വത്തിന്റെ മരണമണി

മതേതരത്വത്തിന്റെ മരണമണി
ഉന്നത ഭരണഘടനാ പദവികളിലുള്ളവരും ഭരണാധികാരികളും ഏതെങ്കിലും പ്രത്യേക മതത്തിന്റെ ആചാരങ്ങളിലും പൂജകളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെട്ടാല്‍ അത് മതേതരത്വത്തിന്റെ മരണമണി മുഴക്കും.

ഇന്ത്യ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയില്‍ ജനങ്ങള്‍ക്ക് അഭിമാനം തോന്നുക സ്വാഭാവികമാണ്. വ്യക്തികള്‍ക്ക് അന്തസ്സും രാഷ്ട്രത്തിന് ഐക്യവും പ്രദാനം ചെയ്യുന്ന വിധത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അതിന്റെ പൗരന്മാര്‍ക്ക് മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും നീതിയും സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പുനല്‍കുന്നു.

പക്ഷേ ഇന്നു രാജ്യത്തിലെ സ്ഥിതിഗതികള്‍ ശരിക്കും ആശങ്കാജനകമാണ്. ഇന്ത്യയുടെ സഹസ്രാബ്ദ പാരമ്പര്യമായ മതേതരത്വം അഥവാ, ബഹുസ്വരത സംരക്ഷിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. അക്രമാത്മകമായ ഹിന്ദുത്വ പ്രസ്ഥാനംമൂലം, മതേതരത്വം ആഘോഷപൂര്‍വം അടക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതേതരത്വം എന്ന പ്രയോഗം പോലും ദേശവിരുദ്ധമായി മുദ്രകുത്തപ്പെടുന്നു.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിയെന്ന്, വിപുലമായ ഗവേഷണത്തിനൊടുവില്‍ തയ്യാറാക്കിയ 'ദി ഗോഡ് മാര്‍ക്കറ്റ്' എന്ന പുസ്തകത്തില്‍ ഡോ. മീര നന്ദ എഴുതിയിരുന്നു. 'രാജ്യത്തിന്റെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും പതിവ് കാര്യങ്ങളില്‍ പ്രകടമായ ഹിന്ദു ആചാരങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് വളരെ സാധാരണമായിത്തീര്‍ന്നിരിക്കുന്നു, ഭരണഘടനാപരമായി ഒരു ഔദ്യോഗിക മതം ഉണ്ടാകാന്‍ പാടില്ലാത്ത ഇന്ത്യയുടെ മതമായി ഫലത്തില്‍ മാറിയിരിക്കുകയാണ് ഹിന്ദുമതം.

നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി.ജെ.പിയുടെ എട്ട് വര്‍ഷത്തെ ഭരണം ഈ പരിവര്‍ത്തന പ്രക്രിയ ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്തിന്റെ മതേതര സ്വഭാവം രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നഗ്‌നമായി ലംഘിക്കുകയാണ്. ഇനി അവശേഷിക്കുന്നത് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'മതേതരത്വം' എന്ന പദം ഇല്ലാതാക്കുകയാണ്.

മതേതരം (സെക്കുലര്‍) എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വളരെ വ്യക്തമായി പറയുന്നുണ്ട്: ''മതത്തിന്റെ പേരില്‍ മാത്രം ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കരുത്, ഭരണകൂടത്തിന് സ്വന്തമായി ഒരു മതം ഉണ്ടാകാന്‍ പാടില്ല. എല്ലാ വ്യക്തികള്‍ക്കും മനസ്സാക്ഷി സ്വാതന്ത്ര്യവും മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും ഉണ്ടായിരിക്കും.''

ഭരണഘടനയുടെ മതേതര സ്വഭാവവും ജനങ്ങളുടെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യവും പരിഗണിക്കാതെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിയിരിക്കുന്നു എന്നാണ് സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും നടപടികളില്‍ നിന്ന് തോന്നുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സര്‍ക്കാരുകള്‍ ഹിന്ദുമതവുമായി സ്വയം താദാത്മ്യപ്പെടുകയും അവര്‍ ബോധ പൂര്‍വം അതിനെ സഹായിക്കുകയും ചെയ്യുന്നു. ഉദാഹരണങ്ങള്‍ ധാരാളം.

ജനാധിപത്യത്തിന്റെ ശ്രീകോവിലിനായി പുതിയ പാര്‍ലമെന്റ് മന്ദിരം കരഗതമാകാന്‍ രാജ്യം ഒരുങ്ങുകയാണ്. വരാനിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അനാച്ഛാദനം ചെയ്തു, അവിടെ അദ്ദേഹം ഹിന്ദു ആചാരങ്ങളും പ്രാര്‍ത്ഥനകളും അനുസരിച്ച് ഒരു പൂജ നടത്തി. ഇന്ത്യയെ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്ഥലത്താണ് ഹിന്ദു ആചാരങ്ങള്‍ നടന്നത്.

2020 ആഗസ്റ്റ് 5-ന്, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് (ഭൂമിപൂജ) മോദി നിര്‍വഹിച്ചു. അവിടെ പ്രധാനമന്ത്രി ആഗസ്റ്റ് 15-നെ, ശ്രീരാമന്‍ വിമോചിതനായ ആഗസ്റ്റ് അഞ്ചിനോട് താരതമ്യം ചെയ്തു. കാശി വിശ്വനാഥ് സമുച്ചയത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണത്തിന് 339 കോടി രൂപയാണു ഗവണ്‍മെന്റ് ചെലവിട്ടത്. 2021 ഡിസംബര്‍ 13-ന് പ്രധാനമന്ത്രി അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പദ്ധതിയുടെ ആകെ ചെലവ് 800 കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സര്‍ക്കാര്‍ പദ്ധതികളുടെയും കെട്ടിടങ്ങളുടെയും തറക്കല്ലിടല്‍ ചടങ്ങുകളിലും ഉദ്ഘാടന ചടങ്ങുകളിലും ഹൈന്ദവ പ്രാര്‍ത്ഥനകളും ആചാരങ്ങളും നടത്തുന്നത് വളരെ സാധാരണമായി മാറിയിരിക്കുന്നു. മതവും രാജ്യവും വെവ്വേറെ ആയിരിക്കേണ്ട മതേതര ജനാധിപത്യത്തില്‍ ഭരണഘടനാ പദവി വഹിക്കുന്ന മോദി, മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു ഹിന്ദു നേതാവിനെപ്പോലെ പെരുമാറുന്നത് ഏറ്റവും മിതമായി പറഞ്ഞാല്‍ ഞെട്ടിപ്പിക്കുന്നതാണ്.

നമ്മുടെ ജനാധിപത്യത്തില്‍ പ്രധാനമന്ത്രിക്കും, മറ്റെല്ലാ ഭരണാധികാരികള്‍ക്കും എന്ന പോലെ, മതം തികച്ചും സ്വകാര്യമായ കാര്യമായിരിക്കണം. പിന്നെ എന്തു കൊണ്ടാണു മോദി ഇത്തരമൊരു പ്രകടനം നടത്തുന്നത്? രാജ്യം ഒരു മതവും സ്വീകരിക്കുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സാഹചര്യത്തില്‍ ഒരു മത വിശ്വാസത്തിനനുസരിച്ചുള്ള മതപരമായ ചടങ്ങ് നടത്തുന്നതിനെ കുറിച്ച് നേതാക്കള്‍ കക്ഷിഭേദമന്യേ നിശിതമായി പരമാര്‍ശിക്കുകയുണ്ടായി.

''എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം'' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് 2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തത്. അതിനുശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം നേരെ വിപരീതവും. സര്‍ക്കാര്‍ ഭൂരിപക്ഷത്തിന്റെ മതവുമായി പരസ്യമായി താദാത്മ്യം പ്രാപിക്കുകയും ഭരണകൂടത്തിന്റെ കാര്യങ്ങളിലേയ്‌ക്കെല്ലാം മതത്തെ വലിച്ചിഴക്കുകയും ചെയ്യുന്നു. ഒരു പൊതുകെട്ടിടത്തിന്റെ ഉദ്ഘാടനത്തിനോ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യുന്നതിനോ ഒരു മതപരമായ ചടങ്ങ് ആവശ്യമില്ല. മതപരമായ ചടങ്ങ് നടത്തുകയാണെങ്കില്‍ തന്നെ എല്ലാ മതങ്ങള്‍ക്കും ആ ചടങ്ങില്‍ പ്രാതിനിധ്യം നല്‍കാമായിരുന്നു.

തെക്ക്, തമിഴ്‌നാട്ടില്‍ നടന്ന സമാനമായ ഒരു സംഭവം നോക്കുക. തന്റെ നിയോജക മണ്ഡലത്തിലെ തടാകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായ ഭൂമി പൂജയില്‍ പങ്കെടുക്കാന്‍ പോയ ഡിഎംകെ എംപി ഹിന്ദു മതത്തിന്റെ മാത്രം പ്രാര്‍ത്ഥനകളും ആചാരങ്ങളും നടത്തിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. എല്ലാവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാര്‍ ചടങ്ങില്‍ മറ്റ് മതങ്ങളെയും അവയുടെ നേതാക്കളെയും അവഗണിച്ചതിന് ഉദ്യോഗസ്ഥരെ അദ്ദേഹം നിറുത്തിപ്പൊരിച്ചു.

അതിനെ തുടര്‍ന്നു ദ്രാവിഡര്‍ കഴകം, സര്‍ക്കാര്‍ ചടങ്ങുകളില്‍ പുരോഹിതന്മാര്‍ നടത്തുന്ന മതപരമായ ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരുടെയുമാണു - നിരീശ്വരവാദികളുടെയും അജ്ഞേയ വാദികളുടെയുമടക്കം - ഭരണകൂടം എന്നതിനാല്‍ ആചാരങ്ങളും മതപരമായ ചടങ്ങുകളും ഒഴിവാക്കുന്നത് ഭരണഘടനാപരമായ ചട്ടങ്ങളെ സംരക്ഷിക്കും.

ഭരണകൂടം മതങ്ങള്‍ക്കിടയില്‍ വേര്‍തിരിവു കാണിക്കരുത് എന്നതാണു രാഷ്ട്രീയമര്യാദ ആവശ്യപ്പെടുന്നത്; ഒരു മതത്തെ പ്രത്യേക പ്രീതിയോടെ കാണാനും മറ്റുള്ളവയെ അവഗണിക്കാനും രാജ്യത്തിനു കഴിയില്ല. ദേശീയ ചിഹ്നം സ്ഥാപിക്കുമ്പോഴുള്ള പൂജ ദേശീയ ധാര്‍മ്മികതയ്ക്കും ഭരണഘടനാപരമായ ഔചിത്യത്തിനും വിരുദ്ധമാണ്. ഇതരമതങ്ങളെ അവഗണിച്ച് ഒരു മതത്തെ അനുകൂലിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

മതത്തെ ഭരണകൂടത്തില്‍ നിന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത് ഒരു മതേതര രാഷ്ട്രത്തെ സംബന്ധിച്ച് അടിസ്ഥാനപരമാണ്. മതേതരത്വത്തിന്റെ ആത്മാവിനെ ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങള്‍ കൊണ്ട് കളങ്കപ്പെടുത്താനാവില്ല. മതേതരത്വത്തിന്റെ മൂലക്കല്ല് മതങ്ങളെ ഭരണകൂടം മാറ്റി നിറുത്തുക എന്നതാണ്.

നവീകരിച്ച സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നാണ് രാജ്യത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും മതത്തെ വേര്‍തിരിച്ചു നിറുത്തുന്നതിനുള്ള ഏറ്റവും നല്ല മാതൃക ലഭിക്കുന്നത്. ഒരു മതേതര രാഷ്ട്രത്തില്‍, ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട പരസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് (ഈ സാഹചര്യത്തില്‍ രാഷ്ട്രത്തലവന്‍) അഭികാമ്യമല്ലെന്നായിരുന്നു നെഹ്‌റുവിന്റെ വാദം. നെഹ്റുവിന്റെ ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാജ്യം കെട്ടിപ്പടുക്കേണ്ടത്.

ഉന്നത ഭരണഘടനാ പദവികളിലുള്ളവരും ഭരണാധികാരികളും ഏതെങ്കിലും പ്രത്യേക മതത്തിന്റെ ആചാരങ്ങളിലും പൂജകളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെട്ടാല്‍ അത് മതേതരത്വത്തിന്റെ മരണമണി മുഴക്കും.

അയല്‍രാജ്യമായ പാകിസ്ഥാനില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യ ഒരു മതാധിപത്യ രാഷ്ട്രമല്ല, മറിച്ച് എല്ലാ മതങ്ങള്‍ക്കും തുല്യമായി പരിഗണിക്കപ്പെടാനുള്ള അവകാശം നല്‍കുന്ന ഒരു മതേതര രാജ്യമാണ്. പൊതുഖജനാവിന്റെ ചെലവില്‍ ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിലും നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നെഹ്‌റു സ്വീകരിച്ച നിലപാട് ഓര്‍ക്കുന്നത് നന്നായിരിക്കും.

ഭൂരിപക്ഷ മതത്തിന് പ്രത്യേക മഹത്വം നല്‍കുന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതിനു തുല്യമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലും പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യുമ്പോഴും മോദി പൂജ നടത്തുന്നത് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മതേതരത്വത്തിന് വിരുദ്ധമാണ്. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള പാത വിശാലവും സുഗമവുമാക്കുകയാണ് വളരെ പ്രകടമായിതന്നെ സര്‍ക്കാര്‍ ചെയ്യുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org