ഗാന്ധി മറയുന്നു, ഗോഡ്സേ തെളിയുന്നു

1947 ആഗസ്റ്റ് 14-15 അര്‍ദ്ധരാത്രിയില്‍, ലക്ഷക്കണക്കിനു സാധാരണക്കാരുടെ രക്തവും വിയര്‍പ്പും കൊടുത്തു നേടിയ സ്വാതന്ത്ര്യം ഇന്ത്യ ആഘോഷിക്കുമ്പോള്‍ മഹാത്മാ ഗാന്ധി ചിത്രത്തിലുണ്ടായിരുന്നില്ല. സംഭവവികാസങ്ങളെല്ലാം അരങ്ങേറിക്കൊണ്ടിരുന്ന ദല്‍ഹിയിലെ ബഹളങ്ങളില്‍ നിന്നെല്ലാം വളരെ ദൂരെയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയ്ക്കടുത്തുള്ള മിയാബാഗന്‍ എന്നു വിളിക്കപ്പെടുന്ന ഒരു മുസ്ലീം ഭൂരിപക്ഷ ചേരിയോടടുത്തുള്ള ഹൈദേരി മന്‍സിലില്‍ താമസിക്കുകയായിരുന്നു ഗാന്ധി. ഹിന്ദു – മുസ്ലീം വര്‍ഗീയകലാപങ്ങള്‍ കൊണ്ടു ഛിന്നഭിന്നമായ ബംഗാളിന്‍റെ തെരുവുകളില്‍ രക്തപ്പുഴകള്‍ ഒഴുകിക്കൊണ്ടിരുന്നു. ഇരു സമൂഹങ്ങളുമായി സംഭാഷണം നടത്താനും അവരെ അനുനയിപ്പിക്കാനും അക്രമങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാനും ശ്രമിക്കുകയായിരുന്നു ഗാന്ധി, അവിടെ. അദ്ദേഹത്തെ സംബന്ധിച്ച് സംഭാഷണം മാത്രമായിരുന്നു ഇരുസമൂഹങ്ങളെയും ഒന്നിപ്പിക്കുന്നതിനുള്ള മാര്‍ഗം. മൗണ്ട്ബാറ്റന്‍ പ്രഭു എഴുതി: "പഞ്ചാബില്‍ ഞങ്ങള്‍ക്ക് 55000 സൈനികരുണ്ടായിരുന്നു, വന്‍ തോതിലുള്ള കലാപങ്ങളും. ബംഗാളിലാകട്ടെ ഞങ്ങളുടേത് ഒരു ഏകാംഗസൈന്യമായിരുന്നു (ഗാന്ധി)."

ഇപ്പോഴിതാ ഇന്ത്യ മുന്‍മാതൃകകളില്ലാത്ത പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മറ്റൊരു ഘട്ടത്തിലൂടെ വീണ്ടും കടന്നു പോകുകയാണ്. പൗരത്വനിയമഭേദഗതിയും നിര്‍ദ്ദിഷ്ട ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയും രാജ്യത്തെ വ്യാപകമായ പ്രക്ഷോഭങ്ങളുടെയും പോലീസ് ക്രൂരതകളുടെയും നടുവിലേയ്ക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. തലസ്ഥാനത്തെ ഷഹീന്‍ബാഗില്‍ ഒത്തുചേര്‍ന്നിരിക്കുന്ന നൂറു കണക്കിനു സ്ത്രീകള്‍ രാജ്യമെമ്പാടും അനേകം പ്രക്ഷോഭങ്ങള്‍ക്കു വഴിമരുന്നിട്ടു. ഏതാനും പേര്‍ പൊലീസ് വെടിവയ്പില്‍ മരിച്ചു. മന്ത്രിമാരുള്‍പ്പെടെയുള്ള കാവിനേതാക്കള്‍ പിരി കയറ്റി വിട്ട ആളുകള്‍ നിയമം കയ്യിലെടുത്ത് പ്രക്ഷോഭകരെ സ്വന്തം നിലയില്‍ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ദേശീയ തലസ്ഥാനം അത്തരമൊരു ഭീകരമായ സംഭവത്തിനു സാക്ഷിയായി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ തോക്കുമായി നഗരത്തില്‍ ഭീതി പരത്തി. ഈ സമയം മുഴുവന്‍ പോലീസ് വെറും കാഴ്ചക്കാരായി നിന്നു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന ആളുകള്‍ക്കു നേരെ അവന്‍ വെടിവച്ചു. ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്കു പരിക്കേറ്റു. ഹിന്ദുത്വ ഭ്രാന്തനായ നാഥുറാം ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയ ജനുവരി 30 നാണ് ഇതു നടന്നത്. ഗോഡ്സെയുടെ പുനരവതാരം ഇന്നു സംഭവിക്കുന്നതായി കാണാവുന്നതാണ്. ഗോഡ്സെ വെടിവച്ചതു സമാധാനദൂതനായ ഗാന്ധിയെ ആണെങ്കില്‍ ഇന്നു വെടിയേറ്റത് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കാണ്.

അഭിപ്രായവ്യത്യാസങ്ങളും അസഹിഷ്ണുതയും മറികടക്കുന്നതിനു സംഭാഷണമാണ് മഹാത്മാഗാന്ധി മുന്നോട്ടു വച്ച മാര്‍ഗം. മുഖാമുഖമിരുന്നു വിനീതമായി സംസാരിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഒരു പരിഹാരം നേടാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സംഭാഷണവും പരുക്കന്‍ വശങ്ങളെ മിനുസപ്പെടുത്തിയെടുക്കുന്നതില്‍ അതിനുള്ള പ്രാധാന്യവും ഗാന്ധിയന്‍ തത്ത്വചിന്തയുടെ അടിസ്ഥാനപരമായ തത്ത്വമാണ്. ബംഗാളിലെ നവഖലിയില്‍ കലാപകാരികള്‍ കൊലവിളികളുമായി പാഞ്ഞു നടന്നപ്പോള്‍ ഗാന്ധിജി തന്‍റെ സമാധാന സന്ദേശവുമായി അവിടെയെത്തുകയും ഇരു സമൂഹങ്ങളുടേയും നേതാക്കളുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. അദ്ദേഹം ഉപവാസം നടത്തുകയും അതിനു വലിയ ഫലമുണ്ടാകുകയും ചെയ്തു. അടല്‍ ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ ഗവണ്‍മെന്‍റ് ഉള്‍പ്പെടെയുള്ള മുന്‍ ഭരണകൂടങ്ങള്‍ക്ക് പ്രതിഷേധക്കാരുമായി സംഭാഷണം നടത്തുന്നതിനുള്ള മനസ്സുണ്ടായിരുന്നു. അണ്ണാ ഹസാരേയുടെ അഴിമതിവിരുദ്ധ സമരത്തെ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്‍റ് നേരിട്ടത് സംഭാഷണങ്ങള്‍ നടത്തിക്കൊണ്ടാണ്. മുതിര്‍ന്ന മന്ത്രിമാരാണ് അന്ന് ഭരണകൂടത്തെ പ്രതിനിധീകരിച്ചത്. എന്നാല്‍ പുതിയ എന്‍ ഡി എ ഗവണ്‍മെന്‍റ് വന്നപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്നത്തെ ഗവണ്‍മെന്‍റിന് സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മനോഭാവമല്ല ഉള്ളത്. ഷഹീന്‍ബാഗുകള്‍ രാജ്യമാകെ ഉണ്ടാകുമ്പോഴും ഗവണ്‍മെന്‍റ് അതിനെ നേരിടാന്‍ ശ്രമിക്കുന്നത് വിഷലിപ്തമായ പ്രചാരണത്തിലൂടെയാണ്. ഉത്തര്‍പ്രദേശില്‍, പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകുന്ന സ്ത്രീകള്‍ക്കു നോട്ടീസുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് പോലീസ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഗാന്ധി ഉപയോഗിച്ചിരുന്ന പ്രധാന ആയുധങ്ങളായ സത്യഗ്രഹം, ധര്‍ണ, സമാധാനപരമായ പ്രക്ഷോഭങ്ങള്‍ എന്നിവയൊക്കെ ഇന്നത്തെ സര്‍ക്കാരിനു വലിയ ചതുര്‍ത്ഥിയായിരിക്കുന്നു. ഗാന്ധിയുടെ ഇന്ത്യ ഗോഡ്സെയുടെ ഇന്ത്യയ്ക്കു വഴി മാറുകയാണെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org