രാജ്യം വില്‍പനയ്ക്ക്

രാജ്യം വില്‍പനയ്ക്ക്
Published on

ഫാ. സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്

അടുത്ത കാലത്തു നാം കണ്ട ഏറ്റവും ദുരിതം നിറഞ്ഞ ഘട്ടമായിരുന്ന നോട്ടുറദ്ദാക്കലി ന്റെ അഞ്ചു വര്‍ഷത്തിനു ശേഷം സര്‍ക്കാരിതാ നോട്ടുണ്ടാക്കുന്ന പദ്ധതിയുമായി രംഗത്തു വന്നിരിക്കുകയാണ്! അടുത്തയിടെ സര്‍ ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ മോ ണിറ്റൈസേഷന്‍ പൈപ് ലൈന്‍ – നിശ്ചിതകാലത്തേയ്ക്ക് സര്‍ക്കാരിന്റെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു പാട്ടത്തിനു കൊടുക്കുന്ന പദ്ധതി – പൊതുസ്ഥാപനങ്ങള്‍ വിറ്റഴിച്ചു പണമുണ്ടാക്കാനുള്ള തീവ്രമായ ശ്രമം വേണ്ടത്ര വിജയിക്കാത്തതിനു പകരമാണ്.

ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പൊതുമേഖലയിലെ നിക്ഷേപം പിന്‍വലിക്കല്‍ പദ്ധതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്നു വരുമാനം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ വെപ്രാളപ്പെട്ടു തേടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഏതുവിധേനയും വരുമാനമുണ്ടാക്കാനുള്ള ഈ വെപ്രാളത്തിന്റെ സൃഷ്ടിയാണു പുതിയ ആസ്തി മോണിറ്റൈസേഷന്‍ പദ്ധതിയെന്നു കരുതുന്നു.

ഈ ആശയം വളരെ നല്ലതായി തോന്നാം. സര്‍ക്കാരിന്റെ ആസ്തികളുടെ ഉടമസ്ഥാവകാശം സ്വകാര്യമേഖലയ്ക്കു കൈമാറാതെ തന്നെ സര്‍ക്കാരിനു പണം സമാഹരിക്കാന്‍ ഈ പദ്ധതി സഹായിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റോഡുകള്‍, റെയില്‍വേകള്‍, വൈദ്യുതനിലയങ്ങള്‍, ഗ്യാസ് പൈപ്ലൈനുകള്‍, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍ തുടങ്ങിയവയെല്ലാം ദീര്‍ഘകാലത്തേയ്ക്കു സ്വകാര്യമേഖലയ്ക്കു പാട്ടത്തിനു കൊടുക്കുന്നു. മിക്കവാറും നിരവധി ദശാബ്ദങ്ങള്‍ ദീര്‍ഘിക്കുന്ന കരാറുകളായിരിക്കുമിത്. ഇതില്‍ നിന്ന് ഒറ്റത്തവണയായും ഘട്ടം ഘട്ടമായും പണം സമ്പാദിക്കുന്നു.

ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വകാര്യമേഖല ഈ സ്വത്തുവകകള്‍ പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സ്വകാര്യമേഖല, സര്‍ക്കാര്‍ രീതികളുടെ മെല്ലെപ്പോക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ഇവ നടത്തുമെന്നും ലാഭകരമാക്കുമെന്നുമാണ് ഇതിന്റെ പിന്നിലുള്ള യുക്തി. ഇതില്‍ നിന്നു സമാഹരിക്കുന്ന പണം സര്‍ക്കാര്‍ പുതിയ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി പുനഃനിക്ഷേപിക്കുകയോ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയോ ചെയ്യും. കൂടാതെ, പാട്ടക്കാലാവധി കഴിയുമ്പോള്‍ ഈ ആസ്തികള്‍ സര്‍ക്കാരിലേയ്ക്കു തന്നെ തിരികെ കൈമാറപ്പെടുകയും ചെയ്യും. സ്വപ്നപദ്ധതികള്‍ നടപ്പാക്കാനുള്ള പണം കണ്ടെത്താനുള്ള ഒറ്റമൂലിയെന്നമട്ടില്‍ മോദിഭക്തര്‍ ഇതിനു വലിയ പ്രചാരം നല്‍കുന്നുണ്ട്.

നാം സര്‍ക്കാരിനു നല്‍കിയ നികുതി കൊണ്ട് ഉണ്ടാക്കിയ അതേ ആസ്തികളുടെ ഉപയോഗത്തിനു നാം വീണ്ടും പണം നല്‍ കേണ്ടി വരുന്നു. ഹൈവേകളില്‍ ഉയര്‍ന്ന ടോളുകള്‍, എയര്‍പോര്‍ട്ടുകളില്‍ യൂസര്‍ ചാര്‍ജുകള്‍, പൈപ്പുവഴിയുള്ള ഗ്യാസിനു ഉയര്‍ന്ന നിരക്ക് തുടങ്ങിയ ബാധ്യതകള്‍ ഉപഭോക്താക്കള്‍ക്കു വന്നുപെട്ടേക്കും.

പക്ഷേ കാണുന്നതുപോലെ അത്ര വെടിപ്പല്ല കാര്യങ്ങള്‍. പാട്ടത്തിനെടുക്കുന്ന ആസ്തികളില്‍ നിന്നു സ്വകാര്യമേഖലയ്ക്കു ലാഭമുണ്ടാക്കണമെന്നതിനാല്‍, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വന്‍തോതില്‍ ഉയര്‍ത്തപ്പെടാം. വിവിധ നികുതികളിലൂടെ പൊതുജനങ്ങളില്‍ നിന്നു സമാഹരിച്ച പണം കൊണ്ട് ഭരണകൂടം ഉണ്ടാക്കിയ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു പരോക്ഷമായി വില്‍ക്കുകയും അവര്‍ അതിന്റെ ചിലവ് ഉപഭോക്താവില്‍ തന്നെ ചുമത്തുകയും ചെയ്യുന്നു. നികുതിദായകര്‍ തന്നെയാണ് ഈ ഉപഭോക്താക്കള്‍. നാം സര്‍ക്കാരിനു നല്‍കിയ നികുതി കൊണ്ട് ഉണ്ടാക്കിയ അതേ ആസ്തികളുടെ ഉപയോഗത്തിനു നാം വീണ്ടും പണം നല്‍കേണ്ടി വരുന്നു. ഹൈവേകളില്‍ ഉയര്‍ന്ന ടോളുകള്‍, എയര്‍പോര്‍ട്ടുകളില്‍ യൂസര്‍ ചാര്‍ജുകള്‍, പൈപ്പുവഴിയുള്ള ഗ്യാസിനു ഉയര്‍ന്ന നിരക്ക് തുടങ്ങിയ ബാധ്യതകള്‍ ഉപഭോക്താക്കള്‍ക്കു വന്നുപെട്ടേക്കും. മാത്രവുമല്ല ഒരിക്കല്‍ സ്വകാര്യമേഖലയ്ക്ക് ഈ പദ്ധതികള്‍ കൈമാറിക്കഴിഞ്ഞാല്‍, അവര്‍ പൊതുജനതാത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പോലും കരാര്‍ കാലാവധി കഴിയാതെ സര്‍ക്കാരിന് ഇടപെടാന്‍ കഴിയാത്ത സാഹചര്യവുമുണ്ടാകും.

സാധാരണക്കാരനോടുള്ള കടുത്ത അനീതിയായിരിക്കില്ലേ ഇത്? സ്വകാര്യ സംരംഭകരുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കാനുദ്ദേശിക്കുന്ന വ്യവസ്ഥകളെ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇപ്പോഴില്ല. മാത്രവുമല്ല, ഇത്രയധികം ആസ്തികള്‍ പാട്ടത്തിനോ വില്‍പനയ്‌ക്കോ വയ്ക്കുമ്പോള്‍, ഇവയുടെ സിംഹഭാഗവും സ്വന്തമാക്കാനുള്ള കരുത്തുള്ള ഏതാനും കോര്‍പറേറ്റുകളുടെ കുത്തകവല്‍ക്കരണത്തിന് അത് ഇടയാക്കുകയും ചെയ്‌തേക്കാം.

2019-ല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള ആറു എയര്‍ പോര്‍ട്ടുകള്‍ 50 വര്‍ഷത്തേയ്ക്കു സര്‍ക്കാര്‍ പാട്ടത്തിനു കൊടുത്ത കാര്യം ഓര്‍മ്മിക്കാവുന്നതാണ്. ഈ ഇടപാട് അദാനി ഗ്രൂപ്പിനാണു നേട്ടമായത്. ആറ് എയര്‍പോര്‍ട്ടുകളുടെയും ചുമതല അവര്‍ക്കാണു ലഭിച്ചത്. ഇപ്പോഴത്തെ പദ്ധതിയും കുത്തകകളെ വളര്‍ത്തുകയും ഈ മേഖലകളിലെയെല്ലാം മത്സരം ഇല്ലാതാക്കുകയും ചെയ്‌തേക്കാമെന്ന വസ്തുതയിലേയ്ക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

പാട്ടക്കാലാവധി നിരവധി ദശകങ്ങള്‍ നീണ്ടു നില്‍ക്കുന്നതായിരിക്കും എന്നതിനാല്‍ മാറി വരുന്ന ഭരണകൂടങ്ങള്‍ക്കെല്ലാം ഇതു വലിയ തലവേദനകള്‍ സൃഷ്ടിച്ചേക്കാം. കാരണം പാട്ടത്തിനെടുക്കുന്ന സ്ഥാപനങ്ങളുടെ താത്പര്യങ്ങളുമായി പുതിയ ഭരണകൂടങ്ങള്‍ക്കു സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാം. 5.96 ലക്ഷം കോടി രൂപ എന്ന ഭീമമായ തുക സര്‍ക്കാരിനു സമാഹരിച്ചുകൊടുക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ വന്‍പദ്ധതിയുടെ വിശദാംശങ്ങള്‍ രൂപപ്പെടുത്തിയെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമാകില്ല. പൊതുജനങ്ങളുടേതായ ആസ്തികളില്‍ നിന്നു പണമാര്‍ജിക്കാനുള്ള പരിശ്രമം ഭരണകൂടത്തെ പുതിയ കുരുക്കുകളിലേയ്ക്കു നയിച്ചേക്കാം.

മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും

മിഥ്യ : നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്ലൈന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
യാഥാര്‍ത്ഥ്യം : ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കടപ്പാടില്ല. ചെലവു കുറയ്ക്കുന്നതിനും ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ തൊഴിലവസരങ്ങള്‍ കുറയ്ക്കും.

മിഥ്യ : സ്വകാര്യമേഖലയ്ക്കു റോഡ് കരാറുകള്‍ നല്‍കുന്നത് ആ ദായമുണ്ടാക്കും.
യാഥാര്‍ത്ഥ്യം : ഇതിനുള്ള ഏകമാര്‍ഗം നാമെല്ലാം ഉയര്‍ന്ന ടോള്‍ പിരിവു നല്‍കുക എന്നതു മാത്രമാണ്.

മിഥ്യ : സമ്പാദിക്കുന്ന പണം സര്‍ക്കാര്‍ പുതിയ അടിസ്ഥാനസൗകര്യവികസനത്തിനായി ചിലവിടും.
യാഥാര്‍ത്ഥ്യം : ദേശീയപാത അതോറിറ്റിയുടെ 3 ലക്ഷം കോടി രൂപയുടെ കടം വീട്ടാനായിരിക്കും മിക്കവാറും ഈ പണം ചിലവിടുക.

മിഥ്യ : സ്വകാര്യവത്കരണം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും.
യാഥാര്‍ത്ഥ്യം : മോദി സര്‍ക്കാരിന്റെ ചിന്താശൂന്യമായ നയങ്ങള്‍ മൂലം സമ്പദ്‌വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ സ്വന്തം തെറ്റുകള്‍ കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പൊതുപ്പണം കൊണ്ടുണ്ടാക്കിയ പൊതുസ്വത്തുക്കള്‍ വിറ്റഴിക്കുന്നു.

മിഥ്യ : ബി ജെ പിയുടെ സ്വകാര്യവത്കരണം നയം യു പി എയുടേതിനു സമാനമാണ്.
യാഥാര്‍ത്ഥ്യം : തന്ത്രപ്രധാനമായ ആസ്തികള്‍ യു പി എ ഒരിക്കലും വില്‍ക്കുകയോ കുത്തകകള്‍ ഉണ്ടാകാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല.

ഈ മിഥ്യകളുടെയെല്ലാം യാഥാര്‍ത്ഥ്യം വളരെ ലളിതമാണ്. കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യാക്കാര്‍ നിര്‍മ്മിച്ചതെല്ലാം കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ടു മോദിയുടെ സുഹൃത്തുക്കള്‍ക്കു വിറ്റുകൊണ്ടിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org