കനലുകള്‍ കഥ പറയുമ്പോള്‍

കനലുകള്‍ കഥ പറയുമ്പോള്‍

'ബി ജെ പി അധികാരത്തിലിരിക്കുന്നിടത്തൊന്നും കലാപങ്ങള്‍ ('വര്‍ഗീയ സംഘര്‍ഷങ്ങള്‍' എന്ന് വായിക്കുക) നടക്കില്ല.' ലഭ്യമായ എല്ലാ പൊതുവേദികളില്‍ നിന്നും സംഘപരിവാര്‍ പാര്‍ട്ടി നേതാക്കള്‍ പതിവായി നടത്തുന്ന ഒരു പ്രസ്താവനയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏപ്രില്‍ 3-ന് ബീഹാറില്‍ ഒരു പൊതുയോഗത്തില്‍ ഇത് ആവര്‍ത്തിച്ചു. ഷായുടെ അവലക്ഷണം പിടിച്ച ഈ പ്രഖ്യാപനം കഴിഞ്ഞു കൃത്യം മുപ്പതു ദിവസം പിന്നിടുമ്പോള്‍, മെയ് 3 ന്, മണിപ്പൂര്‍ ആളിക്കത്തി, പാര്‍ട്ടിയുടെ നുണകള്‍ക്കും അവാസ്തവങ്ങള്‍ക്കും മേല്‍ ആ അഗ്‌നി ആണിയടിച്ചു. ബി ജെ പി യുടെ പുതിയ മേച്ചില്‍പ്പുറമായ ഈ വടക്കുകിഴക്കന്‍ സംസ്ഥാനം, മൂന്നോ നാലോ ദിവസം തുടര്‍ച്ചയായ, രാജ്യത്തെ ഏറ്റവും മോശമായ വര്‍ഗീയ സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ചു. ഒരു നുണ പലതവണ ആവര്‍ത്തിച്ചാലും സത്യമാകില്ല.

മണിപ്പൂരില്‍ നടന്നത് മെയ്‌തേയ്കളും കുക്കികളും തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷമാണ്. മെയ്‌തേയ്കളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്, ഗോത്രവര്‍ഗമായ കുക്കികളാകട്ടെ കൂടുതലും ക്രിസ്ത്യാനികളും. നിസ്സംശയമായും, കുക്കികളല്ലാത്ത മറ്റു ഗോത്രവര്‍ഗക്കാരും ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്‌തേയ്കള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു. എന്നിരുന്നാലും, സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ദിവസം മുതല്‍, അതിനെ മതത്തിന് യാതൊരു പ്രസക്തിയുമില്ലാത്ത വംശീയ അക്രമമായി ചിത്രീകരിക്കാന്‍ ഗവണ്‍മെന്റിന്റെ പ്രചാരണ യന്ത്രം രാപ്പകല്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ 100-ലധികം പള്ളികളില്‍ കെടാതെ കിടക്കുന്ന തീക്കനലുകള്‍ സംസ്ഥാനത്ത് പടരുന്ന വര്‍ഗീയ വിഷത്തിന്റെ തെളിവാണ്. ആയുധധാരികളായ സംഘങ്ങള്‍ ഇംഫാലില്‍ ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ അവരുടെ ഐഡി കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞുകൊണ്ടു കറങ്ങിനടക്കുന്നു എന്നതാണ് കള്ളി പൊളിക്കുന്ന മറ്റൊരു കാര്യമാണ്. ക്രിസ്ത്യന്‍ ഭവനങ്ങള്‍, കോണ്‍വെന്റുകള്‍, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, പാസ്റ്ററല്‍ സെന്റര്‍ എന്നിവ തിരഞ്ഞെടുത്ത് നശിപ്പിച്ചത് അക്രമത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തിനും ഉദേശ്യത്തിനും സാക്ഷ്യം വഹിക്കുന്നു. ശൂന്യതയില്‍ ഒരു അക്രമവും പൊട്ടിപ്പുറപ്പെടുന്നില്ലെന്ന് നാം അറിഞ്ഞിരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ച, പലായനം ചെയ്ത ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഇതു പറയുന്നുണ്ട്. നാം, കണ്ണില്‍ കാണുന്നതിനുമപ്പുറത്താണു കാര്യങ്ങള്‍.

മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കമാണ് അക്രമത്തിന് കാരണമായത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും എന്തെങ്കിലും നിര്‍ദേശം നല്‍കാനും ഹൈക്കോടതിക്ക് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സത്യം ഏത് പക്ഷത്താണെന്ന് കാണിക്കുന്നു. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ ഉത്തരവിടാന്‍ അധികാരമില്ലാത്തപ്പോള്‍, ഇക്കാര്യത്തില്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്താന്‍ ബി ജെ പി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? പട്ടികവര്‍ഗത്തിനുള്ള ആനുകൂല്യങ്ങളില്‍ മെയ്‌തേയ് സമുദായത്തിന് പങ്കാളിത്തം വേണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. ദളിത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നല്‍കുന്നതിനെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പല്ലും നഖവും എതിര്‍ക്കുമ്പോഴാണിത് എന്നത് ശ്രദ്ധേയമാണ്.

വിഭജിതമായ സാമൂഹിക കെട്ടുറപ്പ് ശരിയാക്കിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധൈര്യം കാണിക്കണം. കലാപത്തിനുമുമ്പ് സംസ്ഥാനം സാമുദായിക സൗഹാര്‍ദത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്കോ അവരുടെ വീടുകള്‍ക്കോ ആരാധനാലയങ്ങള്‍ക്കോ നേരെ ഇത്തരം ആക്രമണങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വന്നിട്ടില്ല. 'ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍' സംസ്ഥാനത്തെ പുരോഗതിയുടെ കൊടുമുടിയിലെത്തിക്കുമെന്ന വാഗ്ദാനത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവരുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു; നിര്‍ഭാഗ്യവശാല്‍, വാഗ്ദാനത്തിനു നേരെ വിപരീതമാണ് സംഭവിച്ചത്. ഇരകളുടെ ജീവിതം വീണ്ടും പടുത്തുയര്‍ത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.

അഭൂതപൂര്‍വമായ ഈ അക്രമത്തോടു സി ബി സി ഐ പോലുള്ള സഭയുടെ ഉന്നത ഔദ്യോഗിക വേദികളില്‍ നിന്നുണ്ടായ പ്രതികരണം ദുര്‍ബലമായിരുന്നു. അക്രമത്തെ അപലപിക്കാനും ഈ സാഹചര്യത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള ഉത്തരവാദിത്വം മെത്രാന്മാരുടെ വ്യക്തിപരമായ നിലയ്ക്കുള്ള ചുമതലയായി. ഇംഫാലിലെ ആര്‍ച്ചു ബിഷപ്പ് ഡൊമിനിക് ലൂമണ്‍ ഇരകളെ സഹായിക്കാന്‍ ക്രിസ്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുറിവുകളുണക്കാനുള്ള പ്രക്രിയയ്ക്ക് സഭ മുന്‍കൈയെടുക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org