വര്‍ഗീയക്കച്ചേരി കര്‍ണ്ണകഠോരം...

വര്‍ഗീയക്കച്ചേരി കര്‍ണ്ണകഠോരം...
ഇന്ത്യയുടെ പൊതുമേഖലാ സംപ്രേഷണ സ്ഥാപനമായ പ്രസാര്‍ ഭാരതിയും ആര്‍ എസ് എസ് പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാരും തമ്മില്‍ രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടതോടെ ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും (എ ഐ ആര്‍) ആര്‍ എസ് എസിന്റെ പരോക്ഷ നിയന്ത്രണത്തിലേക്കുന്നു വരുന്നു.

പച്ചയ്ക്കു വര്‍ഗീയത പറഞ്ഞതിനു മൂന്ന് പ്രമുഖ ചാനലുകളെ - ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ് 18 - താക്കീത് ചെയ്തുകൊണ്ടുള്ള ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ (NBDSA) സമീപകാല വിധി മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഇലക്‌ട്രോണിക്, സോഷ്യല്‍ മീഡിയകളില്‍ സംഭവിച്ച ജീര്‍ണ്ണത തുറന്നുകാട്ടുന്നു.

വാര്‍ത്താ ചാനലുകളോടുള്ള അതോറിറ്റിയുടെ രോഷം രണ്ട് സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇപ്പോള്‍ നിരോധിച്ചിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, പൂനെയിലെ ഒരു പ്രതിഷേധത്തിനിടെ 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഒരു സംഭവം. ആ വാര്‍ത്ത തെറ്റായിരുന്നു.

ഇന്ത്യയിലെ ജനസംഖ്യാ വി സ്‌ഫോടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സീ ന്യൂസ് മുസ്ലീം സമുദായത്തെ കുറ്റപ്പെടുത്തിയതാണു മറ്റൊന്ന്. ഈ അവകാശവാദം സാധൂകരിക്കാന്‍, ചാനല്‍ അടി സ്ഥാനരഹിതമായ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ചു.

രാജ്യത്തെ ജനസംഖ്യയില്‍ 80 ശതമാനം വരുന്ന ഹിന്ദുക്കള്‍ക്ക് എതിരെ 20 ശതമാനം മുസ്‌ലിംങ്ങള്‍ സംഘടിക്കുന്നു എന്ന അ സംബന്ധ പരാമര്‍ശം അവതാരകന്‍ നടത്തിയെന്നതാണ് ന്യൂസ് 18 നെതിരെയുള്ള കേസ്.

സംഭവങ്ങളെ തെറ്റായി ചിത്രീകരിച്ചും സ്ഥിതിവിവരകണക്കുകള്‍ വളച്ചൊടിച്ചും ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു എന്നതാണ് മേല്‍പറഞ്ഞ മാധ്യമപരിപാടികളിലെയെല്ലാം പൊതുവായ ഘടകം. സമൂഹത്തെ അപകടകരമായി ധ്രുവീകരിക്കുന്ന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ആശയത്തിന്റെ കുപ്രചാരണം ഈ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കുന്നു.

ഇന്നത്തെ മാധ്യമരംഗത്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; വളരെ പ്രകടമായ വിധത്തിലുള്ള ഔദ്യോഗികവും രാഷ്ട്രീയവുമായ പിന്തുണയോടെയാണ് ഇതെല്ലാം സംഭവിക്കുന്നത്. പല മാധ്യമ സ്ഥാപനങ്ങളും വാര്‍ത്തകളിലും വീക്ഷണങ്ങളിലും ബോധപൂര്‍വം തന്നെ വസ്തുനിഷ്ഠത ഭയാനകമാം വിധം തകര്‍ക്കുന്നതിനു കൂട്ടു നില്‍ക്കുകയാണ്.

ഈ 'വര്‍ഗീയക്കച്ചേരി' അനു നിമിഷം കര്‍ണ്ണകഠോരമായിക്കൊണ്ടിരിക്കുന്നു. മെനക്കെട്ടിറങ്ങാന്‍ തയ്യാറല്ലാത്തവരെ സമ്മര്‍ദം ചെലുത്തി കൂടെച്ചേര്‍ക്കുന്നു. എന്‍ ഡി ടി വിയുടെ സമീപകാല കൈമാറ്റവും അന്വേഷണ ഏജന്‍സികള്‍ 'സര്‍വെ' എന്ന പേരില്‍ രാജ്യത്തെ ബി ബി സി ഓഫീസുകളില്‍ കയറിയിറങ്ങിയതും ഫോര്‍ത്ത് എസ്റ്റേറ്റിനെ കീഴടക്കാനുള്ള വ്യക്തമായ ശ്രമങ്ങളാണ്.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി അസംബ്ലി, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ രാജ്യം തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ വഴി തങ്ങള്‍ക്കാവശ്യമുള്ള വാര്‍ത്തകള്‍ നല്‍കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്.

ഇന്ത്യയുടെ പൊതുമേഖലാ സംപ്രേഷണ സ്ഥാപനമായ പ്രസാര്‍ ഭാരതിയും ആര്‍ എസ് എസ് പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാരും തമ്മില്‍ രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടതോടെ ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും (എ ഐ ആര്‍) ആര്‍ എസ് എസിന്റെ പരോക്ഷ നിയന്ത്രണത്തിലേക്കുന്നു വരുന്നു. സ്വതന്ത്രവും ന്യായവുമായ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമുള്ള ഇടം എന്‍ ഡി എ ഭരണകാലത്ത് ക്രമാനുഗതമായി ചുരുങ്ങിവരികയായിരുന്നെങ്കില്‍, ഹിന്ദുസ്ഥാന്‍ സമാചാരുമായി വാര്‍ത്ത ലഭ്യമാക്കുന്നതിനുള്ള കരാര്‍ പ്രാബല്യത്തിലാകുന്നതോടെ അതു പിന്നെയും ചുരുങ്ങും.

തത്വത്തില്‍, പ്രസാര്‍ ഭാരതി, ദൂരദര്‍ശനും എ ഐ ആറും നടത്തുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. എന്നിരുന്നാലും, സ്വകാര്യ ടെലിവിഷന്‍ ചാനലുകളുമായും പത്രങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍, ദൂരദര്‍ശനും എ ഐ ആറിനും സ്വയംഭരണം ലഭിച്ചിട്ടുള്ളത് കമ്മിയാണ്. അതിനാല്‍ വിശ്വാസ്യത വളരെ കുറവാണ്, ആളുകള്‍ വര്‍ഷങ്ങളായി പൊതുമേഖലാ വാര്‍ത്താസംപ്രേഷണത്തില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയുമായിരുന്നു.

ഇന്ത്യയിലെമ്പാടും പല രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിലും ഓഫീസുകളുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി (PTI) പ്രതിദിന വാര്‍ത്തകള്‍ ലഭ്യമാക്കുന്നതിനുള്ള കരാര്‍ 2020 വരെ പ്രസാര്‍ ഭാരതിക്ക് ഉണ്ടായിരുന്നു. പി ടി ഐയുമായുള്ള സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കി, രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ എസ് എസ് പിന്തുണയുള്ള ഹിന്ദുസ്ഥാന്‍ സമാചാരുമായുള്ള കരാര്‍.

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന, വൈവിധ്യമാര്‍ന്ന വാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും ഖനിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ മാറ്റിപ്രതിഷ്ഠിക്കുന്നത് ജനാധിപത്യത്തിന്റെ നാലാമത്തെ തൂണിനെ ദുര്‍ബലപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. നിഷ്‌കളങ്കരായ പൊതുജനങ്ങളിലേക്ക് പക്ഷപാതപരവും തങ്ങള്‍ക്ക് അനുകൂലവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലജ്ജാശൂന്യമായ മാര്‍ഗമാണ് ഈ 'കരാര്‍'. ആര്‍ എസ് എസ് നേതാവും വിശ്വഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശ്രീറാം ശങ്കര്‍ ആപ്‌തെ, ആര്‍ എസ് എസ് സൈദ്ധാന്തികന്‍ എം എസ് ഗോള്‍വാള്‍ക്കറുമൊത്ത് 1948-ല്‍ സ്ഥാപിച്ചതാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍.

'കരാര്‍' പ്രകാരം, ഹിന്ദുസ്ഥാന്‍ സമാചാര്‍, പ്രസാര്‍ ഭാരതിക്ക് ദിവസവും 100 വാര്‍ത്താറിപ്പോര്‍ട്ടുകള്‍ നല്‍കുമെന്നാണു ധാരണ. റിപ്പോര്‍ട്ടില്‍ പ്രാദേശിക ഭാഷകളില്‍ 10 ദേശീയ വാര്‍ത്തകളും 40 പ്രാദേശിക വാര്‍ത്തകളും ഉള്‍പ്പെടുത്തണം. ആസാമീസ്, ഒഡിയ, നേപ്പാള്‍ തുടങ്ങി 11 ഭാഷകളില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രവര്‍ത്തിക്കുന്നു.

ഹിന്ദുത്വയുടെ ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ആളുകളെയാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍ നിയമിക്കുന്നത്. അവരുടെ എല്ലാ വാര്‍ത്തകളും, ദേശീയമോ പ്രാദേശികമോ ആകട്ടെ, തികച്ചും പക്ഷപാതപരമാകുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാം. വൈകാതെ ദൂരദര്‍ശനും ആകാശവാണിയും ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും രണ്ട് ചിറകുകളായി മാറുമെന്ന് കരുതണം.

മാധ്യമങ്ങള്‍ നിങ്ങളോട് 'ആരെ സ്‌നേഹിക്കണം, ആരെ വെറുക്കണം, ആരെ ഭയപ്പെടണം, ആരെ വിശ്വസിക്കണം, എന്ത് ചിന്തിക്കണം, എന്ത് ചിന്തിക്കരുത്' എന്ന് പറയാന്‍ തുടങ്ങിയാല്‍ ആ മാനസ്സികാടിമത്തം സ്വേച്ഛാധിപത്യത്തിലേക്കു നയിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org