ബുള്‍ഡോസര്‍ രാജ്

ബുള്‍ഡോസര്‍ രാജ്
രണ്ട് കാര്യങ്ങള്‍ ഈ സര്‍ക്കാരിന്റെ നീക്കത്തെ ഭയാനകമാക്കുന്നു: ഒന്ന്, ഭരണകൂടം സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്ക് പോലും വിലകല്‍പ്പിക്കുന്നില്ല, ബുള്‍ഡോസറുകള്‍ വിന്യസിക്കുന്നു; രണ്ട്, ഒരു പ്രത്യേക സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താന്‍ അവ ഉപയോഗിക്കുന്നു.

'പെട്രോള്‍ വില കുറയ്ക്കണോ?' 2014-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ അന്നത്തെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി ചോദിക്കുന്നതാണ്. 'വേണം, വേണം', റാലികള്‍ തോറും ജനങ്ങള്‍ തിരികെ അലറി വിളിച്ചുകൊണ്ടിരുന്നു.

'ഇന്ത്യയിലേക്ക് കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?'

'ഉണ്ട്, ഉണ്ട്,' ജനം കൂടുതല്‍ ഉച്ചത്തില്‍ മറുപടി പറയും.

'നിങ്ങള്‍ക്ക് കൂടുതല്‍ ജോലികള്‍ വേണോ?'

'വേണം, വേണം,' ആളുകളുടെ ശബ്ദം ആവേശഭരിതമാകും.

മോദിയുടെ പ്രസംഗപാടവം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു അന്ന്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഉന്നയിച്ചുകൊണ്ട് അദ്ദേഹം ആളുകളെ കൈയിലെടുത്തു.

ഇനി 2022-ലേക്ക് വരിക. മോദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉന്നയിച്ച പ്രശ്‌നങ്ങള്‍ തന്നെ കുഴിച്ചുമൂടപ്പെട്ടു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ സമ്പൂര്‍ണപരാജയമായി. ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില കുതിച്ചുയര്‍ന്നു; കള്ളപ്പണമോ വിദേശരാജ്യങ്ങളിലേക്ക് പലായനം ചെയ്ത തട്ടിപ്പുകാരോ തിരികെ കൊണ്ടുവരപ്പെട്ടില്ല; തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തില്‍; പണപ്പെരുപ്പം മുന്നോട്ട് കുതിക്കുന്നു; കര്‍ഷകരും ചെറുകിട-ഇടത്തരം വ്യാപാരികളും നെല്ലിപ്പടി കണ്ടു. ജനക്ഷേമം എന്ന ലക്ഷ്യത്തില്‍ നിന്ന് ഭരണം അകന്നു മാറി. പ്രശ്‌നങ്ങള്‍തെല്ലും പരിഹരിക്കാനാവാതെ സര്‍ക്കാര്‍ തികച്ചും പ്രതിരോധത്തിലായി.

'അതിക്രമമാണ് ഏറ്റവും നല്ല പ്രതിരോധം' എന്ന ചൊല്ലില്‍ നിന്നു പാഠമുള്‍ക്കൊണ്ടിട്ടെന്നവിധം വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമിടയിലെ അസ്വസ്ഥത, സാമൂഹിക സൗഹാര്‍ദ്ദമില്ലായ്മ മുതലായ പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്ന വസ്തുത തന്നെ സര്‍ക്കാര്‍ ലജ്ജയില്ലാതെ നിഷേധിക്കുകയാണ്. ഭരണകൂടത്തിന്റെ തെറ്റുകളെയും വീഴ്ചകളെയും യുക്തിഹീനമായി ന്യായീകരിക്കുന്നതില്‍ വിദഗ്ദ്ധരാണെന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാരിലെ മന്ത്രിമാര്‍.

വര്‍ഗീയവും വിഭാഗീയവുമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമമാണ് ഇതില്‍ ഏറ്റവും മോശമായിട്ടുള്ളത്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മൂടിവെച്ചതിന് ശേഷം സര്‍ക്കാരും ഭരണ കക്ഷിയും വര്‍ഗീയതയുടെ ഭൂതത്തെ കുപ്പിയില്‍ നിന്ന് ഇറക്കിവിട്ടു, അതുവഴി ജനങ്ങളുടെ ശ്രദ്ധ ശൂന്യവിഷയങ്ങളിലേയ്ക്കു തിരിച്ചുവിടുന്നു.

കലാപങ്ങളിലേയ്ക്കു നയിക്കുന്ന വിദ്വേഷപ്രസംഗങ്ങള്‍ പൊതുവിടങ്ങളില്‍ നിറയുന്നതു നാം കണ്ടതാണ്. അക്രമം ഇന്നു പതിവായി മാറിയിരിക്കുന്നു. എല്ലാ മതപരമായ ഉത്സവങ്ങളിലും പുഷ്പാര്‍ച്ചനയ്ക്കു പകരം കല്ലേറു നടക്കുന്നു. നിര്‍ഭാഗ്യവശാല്‍, വിദ്വേഷപ്രചാരകര്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍, നിയമത്തെ ഇളിഭ്യമാക്കി ഞൊടിയിടയില്‍ ജാമ്യത്തിലിറങ്ങുന്നു; അത് അവര്‍ക്ക് ശിക്ഷാഭീതി ഇല്ലാതാക്കുകയും കൂടുതല്‍ അക്രമങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹനമേകുകയും ചെയ്യുന്നു.

ഹിജാബ്, ഹലാല്‍, ബാങ്കുവിളിയ്ക്ക് ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങള്‍ പ്രളയം പോലെ ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്ന് വരികയും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്തു. എന്ത് ധരിക്കണം, എന്ത് കഴിക്കണം, എങ്ങനെ പ്രാര്‍ത്ഥിക്കണം തുടങ്ങിയ തികച്ചും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആളുകളുടെ ജീവല്‍പ്രശ്നങ്ങളെ മറികടക്കുന്നു.

എരിതീയില്‍ എണ്ണയൊഴിച്ചു കൊണ്ട്, ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തു നിന്നു അടുത്തതിലേയ്ക്കു 'ബുള്‍ഡോസര്‍ രാജ്' പടരുന്നു. നിയമവാഴ്ചയ്ക്കു പകരം ബുള്‍ഡോസര്‍ വാഴ്ച വന്നതു പോലുള്ള സ്ഥിതിയാണ്. നിയമം ലംഘിച്ചുവെന്നാരോപിക്കപ്പെടുന്നവരുടെ വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും അവ അടിച്ചു തകര്‍ക്കുന്ന കാഴ്ച ഭയജനകമാണ്.

ജനകീയമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ കാര്യക്ഷമമായ ഭരണത്തിന്റെ പേരില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നത് പ്രാകൃതത്വത്തിന്റെ പാരമ്യമല്ലാതെ മറ്റൊന്നുമല്ല. അതാണ് ഈയിടെ ഉത്തരേന്ത്യയില്‍ രാജ്യം കണ്ടത്. അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ അച്ചടക്കം പഠിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ - ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ദേശീയ തലസ്ഥാനമായ ഡല്‍ഹി - അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാവപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലീങ്ങളെയാണ്.

അവരുടെ ജീവിത സമ്പാദ്യം നിമിഷങ്ങള്‍ക്കകം മണ്‍കൂനയായി മാറി എന്ന് മാത്രമല്ല, അവരുടെ ഉപജീവനമാര്‍ഗങ്ങളും നശിപ്പിക്കപ്പെട്ടു. ജീവിക്കാനും ഉപജീവനത്തിനും സ്വത്തിനും ഉള്ള മൗലികാവകാശം ഉറപ്പുനല്‍കുന്ന ഒരു ലിഖിത ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യമാണ് നമ്മുടേത് എന്നാണു സങ്കല്‍പം.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിയമവിരുദ്ധ ഉത്തരവുകള്‍ യാതൊരു ആലോചനയും കൂടാതെ അനുസരിക്കത്തക്കവിധത്തില്‍ നമ്മുടെ സിവില്‍ സര്‍വീസുകാര്‍ക്കും പോലീസിനും ജുഡീഷ്യറിക്കും നിയമ വാഴ്ചയിലുള്ള വിശ്വാസം അത്ര മാത്രം നഷ്ടമായിരിക്കുകയാണ്.

മതപരവും ജാതീയവുമായ അടിസ്ഥാനത്തില്‍ ജനങ്ങളെ ധ്രുവീകരിക്കുന്നത് തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള എളുപ്പവഴിയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കലാപങ്ങള്‍ സഹായിക്കുന്നു. ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള സമയമായിരിക്കുന്നു. ചില സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും വിദൂരമല്ല. സാമ്പത്തികമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക മതവിഭാഗത്തെയോ ജാതിയെയോ ഗതികേടിലേക്കു തള്ളിയിടാന്‍ കൂടിയാണ് കലാപങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വ്യക്തമായും, ഈ ഭ്രാന്തെല്ലാം വളരെ ആസൂത്രിതമാണ്. ബുള്‍ഡോസര്‍ ഓപ്പറേഷന്‍ ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും മുഖ്യമന്ത്രിമാരുടെ ജന പ്രീതിയെ പുതിയ ഉയരങ്ങളിലെത്തിച്ചു. യോഗി ആദിത്യനാഥ് 'ബുള്‍ഡോസര്‍ ബാബ'യായപ്പോള്‍ ശിവരാജ് സിങ് ചൗഹാന്‍ 'ബുള്‍ഡോസര്‍ മാമ'യായി.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അറസ്റ്റിലായവരിലും പ്രതികളിലും അധികവും മുസ്ലീങ്ങളാണ്. തകര്‍ത്ത വീടുകളും കടകളും ഏറെയും മുസ്ലീങ്ങളുടേതാണ്. മധ്യപ്രദേശില്‍ കലാപം നടന്നപ്പോള്‍ ജയിലില്‍ കഴിയുകയായിരുന്ന മൂന്ന് മുസ്ലീം യുവാക്കളുടെ പേരുകള്‍ കലാപകാരികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ട മുസ്ലീം യുവാവും കല്ലേറു കേസില്‍ പ്രതി യായി.

ഡല്‍ഹിയില്‍, തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് ശേഷവും ബുള്‍ഡോസറുകള്‍ രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ചു. ഈ സന്ദര്‍ഭത്തില്‍ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ സുപ്രീംകോടതിയില്‍ പറഞ്ഞത് വളരെ പ്രസക്തമാണ്: ''ഈ കേസ് ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള ദൂരവ്യാപകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു... ബുള്‍ഡോസര്‍ രാജ്യനയത്തിന്റെ ഒരുപകരണമാണോ? സമൂഹത്തിലെ പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടിരിക്കുന്നു. ഭരണ ഘടനാ ശില്പികള്‍ നമുക്ക് നല്‍കിയ മുന്നറിയിപ്പാണിത്. ഈയൊരു പരിണതിയെ കുറിച്ച് അവര്‍ സംസാരിച്ചിട്ടുണ്ട്.''

രണ്ട് കാര്യങ്ങള്‍ ഈ സര്‍ക്കാരിന്റെ നീക്കത്തെ ഭയാനകമാക്കുന്നു: ഒന്ന്, ഭരണകൂടം സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്ക് പോലും വിലകല്‍പ്പിക്കുന്നില്ല, ബുള്‍ഡോസറുകള്‍ വിന്യസിക്കുന്നു; രണ്ട്, ഒരു പ്രത്യേക സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താന്‍ അവ ഉപയോഗിക്കുന്നു.

ജനങ്ങളുടെ പ്രശ്നങ്ങളെ വായുവില്‍ അപ്രത്യക്ഷമാക്കിക്കൊണ്ട് അവ കൈകാര്യം ചെയ്യുന്ന മന്ത്രവാദം ഇതാണ്. ഒരു പ്രശ്‌നത്തെ നേരിടുന്നതിനു പകരം അതിനെ പൊതുമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമാക്കുക. ആളുകളില്‍ വര്‍ഗീയ വിഷം കുത്തിവെച്ച് അവരുടെ ശ്രദ്ധ തിരിക്കുക. 150 കോടി ജനങ്ങളില്‍ നാലിലൊന്ന് പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു രാജ്യം ഭരിക്കാന്‍ ഇതിലും മികച്ച മാര്‍ഗം എന്താണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org