ബുള്‍ഡോസര്‍ രാജ് !

ബുള്‍ഡോസര്‍ രാജ് !
Published on

അടുത്ത കാലത്തായി, ഇന്ത്യ അസ്വസ്ഥജനകമായ ഒരു പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു ബുള്‍ഡോസര്‍ രാജിന്റെ ആവിര്‍ഭാവം, കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാകുന്നവരുടെ സ്വത്തുക്കള്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ, ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു പൊളിച്ചു കളയുക. ജനാധിപത്യ മൂല്യങ്ങളും നിയമവാഴ്ചയും മനുഷ്യാവകാശ സംരക്ഷണവുമെല്ലാം തച്ചുതകര്‍ക്കുകയാണ് ഈ സമ്പ്രദായം എന്ന ഗൗരവതരമായ ആശങ്ക പരക്കെ ഉയര്‍ന്നിരുന്നു.

ബുള്‍ഡോസര്‍ രാജിന്റെ ആവിര്‍ഭാവത്തെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് ഗവണ്‍മെന്റിലേക്കാണ്. കുറ്റാരോപിതര്‍ക്കെതിരെ, ഭയജനകമായ ഒരായുധമായി ഈ തന്ത്രം ആദ്യമായി പ്രയോഗിച്ചത് അവരാണ്. കൃത്യതയോടെയുളള ഒരു സമീപനമായിരുന്നില്ല ഇതെന്നും മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കും എതിരെ ആനുപാതികമല്ലാത്ത രീതിയില്‍ എടുത്തുവീശുന്ന മൂര്‍ച്ചയേറിയ ഒരായുധമാണിതെന്നും വൈകാതെ വ്യക്തമായി.

മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഈ പ്രവണത വ്യാപിച്ചപ്പോള്‍, ബുള്‍ഡോസര്‍ രാജ് ഒരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല, സമൂഹത്തിലെ ചില വിഭാഗങ്ങളെ ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനുമുള്ള ഒരു രാഷ്ട്രീയ ഉപകരണമാകുകയാണെന്നും വ്യക്തമായി. ഈ പൊളിക്കലുകളില്‍ പലതും കൃത്യമായ നടപടിക്രമങ്ങളില്ലാതെ, പലപ്പോഴും രാത്രിയുടെ മറവില്‍ നടന്നുവെന്നത്, ഭീകരതയും നിസ്സഹായതയും വര്‍ധിപ്പിച്ചിരുന്നു.

കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരാകുന്നവരുടെ സ്വത്തുക്കള്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു പൊളിച്ചു കളയുക! നിയമവാഴ്ച അപ്രസക്തമാകുകയാണിവിടെ.

കുറ്റാരോപിതനായ ഒരാളുടെ സ്വത്തുക്കളായതുകൊണ്ട് മാത്രം അവ നശിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആഗസ്റ്റ് ആദ്യവാരം സുപ്രീം കോടതി 'ബുള്‍ഡോസര്‍ ജസ്റ്റിസ്' സമ്പ്രദായത്തെ അസന്ദിഗ്ദ്ധമായി ശാസിച്ചു.

ഒരാള്‍ ശിക്ഷിക്കപ്പെട്ട കേസുകളില്‍ പോലും നിയമത്തിന്റെ ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ വസ്തുവകകള്‍ നശിപ്പിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്‍ കുറ്റം ചുമത്തി ഒരാളുടെ വീട് പൊളിക്കുന്നതിന് പിന്നിലെ യുക്തിയെ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ച് ചോദ്യം ചെയ്തു, 'വ്യക്തി കുറ്റക്കാരനാണെങ്കിലും, നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അത്തരം നടപടികള്‍ ന്യായീകരിക്കാനാവില്ല' എന്നവര്‍ വ്യക്തമാക്കി.

കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരായ വ്യക്തികളുടെയോ അവരുടെ ബന്ധുക്കളുടെ പോലുമോ വീടുകളുടെയും സ്വകാര്യ സ്വത്തുക്കളുടെയും 'ബുള്‍ഡോസര്‍ നശീകരണം' ചോദ്യം ചെയ്യുന്ന നിരവധി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ, ഈ പ്രശ്‌നം പരിഹരിക്കുന്നതിന് രാജ്യവ്യാപകമായി മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഉദ്ദേശ്യം സുപ്രീം കോടതി സൂചിപ്പിച്ചു. അധികാര ദുര്‍വിനിയോഗം തടയുകയും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഈ നീക്കം കൊണ്ടു ലക്ഷ്യമിടുന്നത്.

പൊതുവഴികള്‍ കയ്യേറിയുള്ള അനധികൃത കെട്ടിടങ്ങള്‍ക്കും മറ്റും ഈ സംരക്ഷണം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാല്‍പര്യവും വ്യക്തിഗത അവകാശങ്ങളും തമ്മിലുള്ള സന്തുലനം പാലിക്കേണ്ടതിന്റെ ആവശ്യകതയും കോടതി വ്യക്തമാക്കി.

കുറ്റാരോപിതനായ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മാത്രം വീട് പൊളിക്കുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വിശ്വനാഥന്‍, കുടുംബാംഗങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍പ്പോലും ന്യായമായ നടപടിക്രമങ്ങള്‍ കൂടാതെ ആ വസ്തുവകകളെ ലക്ഷ്യം വയ്ക്കരുതെന്ന് എടുത്തുപറഞ്ഞു.

പൊളിക്കലുകള്‍ നിയന്ത്രിക്കുന്നതിന് താഴെ പറയുന്നതുപോലെയുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.

1. വസ്തു ഉടമകള്‍ക്ക് നോട്ടീസ് നല്‍കല്‍.

2. പ്രതികരണങ്ങള്‍ക്കും വാദമുഖങ്ങള്‍ക്കും സമയം അനുവദിക്കുക.

3. പൊളിക്കുന്നതിന് മുമ്പ് നിയമപരമായ പരിഹാരങ്ങള്‍ നല്‍കുക.

ഈ സമീപനത്തിലൂടെ, ഏകപക്ഷീയമായ നശീകരണം തടയാനും നിയമവാഴ്ച ഉറപ്പാക്കാനും കോടതി ലക്ഷ്യമിടുന്നു. പൊതുവായ ക്രമസമാധാനവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ട് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇതു സഹായകരമാകും.

ബുള്‍ഡോസര്‍ രാജിന്റെ വക്താക്കള്‍ വാദിക്കുന്നത് ഇത് കുറ്റവാളികളെയും സാമൂഹിക വിരുദ്ധരെയും കുറ്റകൃത്യങ്ങളില്‍ നിന്നു തടയുന്നു എന്നാണ്.

പക്ഷേ, ബുള്‍ഡോസര്‍ രാജിന്റെ അനന്തരഫലങ്ങള്‍ ദൂരവ്യാപകമാണ്:

ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസത്തിന്റെ ശോഷണം;

ഭരണകൂടച്ചുമതലയിലുള്ള അക്രമങ്ങളെ സ്വീകാര്യമാക്കുക;

മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യാന്തസ്സിനുമുള്ള അവഗണന;

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കിടയില്‍ ഭയപ്പാടു വളര്‍ത്തുക.

സുപ്രീം കോടതിയുടെ ഇടപെടല്‍ നിര്‍ണായകമാണെങ്കിലും, 'ബുള്‍ഡോസര്‍ നീതി' ഇല്ലാതാക്കാന്‍ അതിന് മാത്രം കഴിയില്ല. കീഴ്‌ക്കോടതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും അത് നടപ്പാക്കുകയും വേണം. സുപ്രീം കോടതി 'ബുള്‍ഡോസര്‍ നീതി' സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍, ഈ നടപടി തീരെ ചെറുതും വളരെ വൈകിയുള്ളതും ആയിപ്പോയെന്ന് അംഗീകരിക്കുകയും വേണം. പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും വെറും കല്‍ക്കൂമ്പാരമായിക്കഴിഞ്ഞ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 'വൈകിയ നീതി നിഷേധിക്കപ്പെട്ട നീതി' എന്ന പഴഞ്ചൊല്ല് വിശേഷിച്ചും സത്യമാകുന്നു.

അക്രമവും ഭീഷണിയും നിലനിര്‍ത്തുന്നതില്‍ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് ബുള്‍ഡോസര്‍ രാജ് പ്രതിഭാസം ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭരണകൂടം തന്നെ ഇത്തരം നടപടികളില്‍ പങ്കാളിയാകുമ്പോള്‍, അത് ഭരണസ്ഥാപനങ്ങളിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയും ഭയത്തിന്റെയും കയ്യൂക്കിന്റെയും സംസ്‌കാരം സൃഷ്ടിക്കുകയും ചെയ്യുന്നു.

കൂടാതെ, ഇതെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണെന്നത്, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ധിച്ചുവരുന്ന വര്‍ഗീയവല്‍ക്കരണത്തിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ്. ബുള്‍ഡോസറുകള്‍ അടിച്ചമര്‍ത്തലിന്റെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് ബാബറി മസ്ജിദ് തകര്‍ക്കലിന്റെയും ഗുജറാത്ത് കലാപത്തിന്റെയും ഓര്‍മ്മയുണര്‍ത്തുന്നു. ഇവ രണ്ടിലും ഭരണകൂടത്തിന്റെ ഒത്താശയും കയ്യൂക്കും പ്രകടമായിരുന്നു.

മാത്രമല്ല, ക്രമസമാധാനപാലനത്തില്‍ സംസ്ഥാനത്തിന്റെ പങ്കിനെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചയുടെ ആവശ്യകതയും ബുള്‍ഡോസര്‍ രാജ് വിഷയം ഉയര്‍ത്തിക്കാട്ടുന്നു. ഭരണകൂടം തന്നെ അക്രമത്തിന്റെയും ഭീഷണിയുടെയും ഒരു കക്ഷിയാകുമ്പോള്‍ അത് ജനാധിപത്യത്തിന്റെ ഘടനയെത്തന്നെ തകര്‍ക്കുന്നു.

പക്ഷപാതികളായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പലപ്പോഴും ബുള്‍ഡോസറുകള്‍ക്കൊപ്പമുള്ള സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. ബുള്‍ഡോസര്‍ രാജ് വിഷയം, വിദ്വേഷ പ്രസംഗത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും വിശാലമായ പ്രശ്‌നവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്വേഷപ്രചാരകരെയും നിയമം കൈയിലെടുക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്ന് അടിസ്ഥാനപരമായ മാറ്റം രാഷ്ട്രത്തിന് ആവശ്യമാണ്. മാത്രമല്ല, രാഷ്ട്രീയക്കാരും നേതാക്കളും വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നത് തുടരുന്നിടത്തോളം കാലം, ബുള്‍ഡോസറുകള്‍ അവരുടെ അധികാരത്തിന്റെയും കയ്യൂക്കിന്റെയും ശക്തമായ പ്രതീകമായി നിലനില്‍ക്കും.

ബുള്‍ഡോസര്‍ രാജിനെ സുപ്രീം കോടതി അപലപിച്ചത് ഈ ഭീകരവാഴ്ചയ്‌ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് എന്നതു വ്യക്തമാണ്. എന്നിരുന്നാലും, ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുവെന്നും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാന്‍ പൗരസമൂഹം, മാധ്യമങ്ങള്‍, പ്രതിപക്ഷം എന്നിവയില്‍ നിന്ന് നിരന്തരമായ സമ്മര്‍ദം ആവശ്യമാണ്. എങ്കിലേ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്ന, ബുള്‍ഡോസറുകള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുന്ന ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org