
ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് 24 കാരനായ അഭിഷേക് ഗൗതം എന്ന ദളിത് യുവാവിനെ ഏഴു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശില്‍ അരങ്ങേറിയ അസ്വസ്ഥജനകമായ ഒരു ജാതിയധിഷ്ഠിത അക്രമമാണ് ഇതോടെ പരസ്യമായിരിക്കുന്നത്. ഹാന്‍ഡ്പമ്പ് ഉപയോഗിക്കുന്നതിനും ക്ഷേത്രത്തില്‍ ഇരിക്കുന്നതിനും എതിരെ ഗൗതമിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. ഇതുമായി ബന്ധപ്പെട്ട്, ഗൗതം ഈ ഭാഗത്തു വരുന്നതിനോട് അക്രമികള്‍ക്കുണ്ടായിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ അക്രമത്തില്‍ കലാശിച്ചത്.
ബി എ വിദ്യാര്‍ഥിയും കബഡി താരവുമായ ഗൗതമിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. അക്രമികള്‍ അവന്റെ നാവ് പുറത്തേക്കു വരുന്നതുവരെ കാലുകൊണ്ട് കഴുത്തില്‍ ചവിട്ടിപ്പിടിച്ചു. സംഭവം പൊലീസില്‍ അറിയിച്ചാല്‍ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഗൗതം പരാതി നല്‍കിയിട്ടും ആദ്യം നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ നീതി തേടി അദ്ദേഹം പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
ഭാഗ്യവശാല്‍, കോടതി ഇടപെട്ടു, ഏഴ് പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായസംഹിതയുടെയും പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു.
ഈ സംഭവം ഇന്ത്യയില്‍ ദളിതര്‍ നേരിടുന്ന നിരന്തരമായ ജാതിയധിഷ്ഠിത അക്രമങ്ങളുടെയും വിവേചനങ്ങളുടെയും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ് പലപ്പോഴും മുന്നിലാണ്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സംസ്ഥാനത്തിന് സാധിക്കാത്തത് ദളിത് വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
രാജ്യം ഭരണഘടനാപരമായ തുല്യത ഉറപ്പുനല്‍കുകയും ദളിതരെ അല്ലെങ്കില്‍ ജാതിശ്രേണിയുടെ ഏറ്റവും താഴെത്തട്ടിലുള്ളവരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നിയമങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്തിട്ടും, അവര്‍ വിവിധ പ്രദേശങ്ങളില്‍ ഉടനീളം വ്യവസ്ഥാപരമായ അക്രമവും സാമൂഹിക ബഹിഷ്‌കരണവും സാമ്പത്തിക ചൂഷണവും നേരിടുന്നു. ഇന്ത്യ സാമ്പത്തിക വികസനത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ജാതി അടിസ്ഥാനമാക്കിയുള്ള അക്രമം നിലനില്‍ക്കുന്നുവെന്നത് ഭീകരമായ ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണ്.
2024ല്‍ പോലും, ദളിതര്‍ക്കെതിരെയുള്ള ജാതീയമായ അക്രമത്തിന്റെ വിഷമകരമായ സംഭവങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത് തുടരുകയാണ്. നിയമപരമായ പരിരക്ഷകള്‍ ഉണ്ടായിരുന്നിട്ടും ഇവിടെ നിലനില്‍ക്കുന്ന ആഴത്തില്‍ വേരൂന്നിയ സാമൂഹിക അസമത്വങ്ങളും വിവേചനവും ഇത് ഉയര്‍ത്തിക്കാട്ടുന്നു.
ജൂലൈയില്‍ മറ്റൊരു സംഭവമുണ്ടായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഒരു ദളിത് വരനെ വിവാഹസമയത്ത് കുതിരപ്പുറത്ത് കയറിയതിന്റെ പേരില്‍ മേല്‍ജാതിക്കാര്‍ ആക്രമിച്ചു. ഈ പരമ്പരാഗത ആചാരം പാലിക്കുന്നത് തുല്യതക്കുള്ള അവകാശ മുന്നയിക്കലായാണ് പല മേല്‍ജാതിക്കാരും ഇപ്പോഴും കാണുന്നത്. പൊലീസ് ഇടപെടല്‍ ഉണ്ടായിരുന്നിട്ടും, ഈ ആക്രമണത്തില്‍ വിവാഹത്തിനെത്തിയ നിരവധി അതിഥികള്‍ക്ക് പരിക്കേറ്റു. ഗ്രാമപ്രദേശങ്ങളില്‍ ഇന്നും തുടരുന്ന ദളിതരുടെ ദയനീയസ്ഥിതിക്ക് ഇത് അടിവരയിടുന്നു.
ഉത്തര്‍പ്രദേശില്‍ ആറുവയസ്സുള്ള ദളിത് കുട്ടിയെ സ്‌കൂള്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചത് നഗ്‌നമായ മറ്റൊരു ജാതി അധിഷ്ഠിത വിവേചനമാണ്. ശിക്ഷയായി കുട്ടിയെ പിന്നീട് ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. സംഭവം പുറത്തറിഞ്ഞതോടെ വലിയ കോലാഹലങ്ങളുണ്ടായി. ഇതും ഒരു ഒറ്റപ്പെട്ട കേസല്ല; സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ഥികളോടു മോശമായി പെരുമാറിയതിന്റെ നിരവധി സംഭവങ്ങള്‍ ഈ വര്‍ഷമുണ്ടായിട്ടുണ്ട്. ദളിത് വിദ്യാര്‍ഥികള്‍ ചെറിയ വീഴ്ചകള്‍ക്ക് ക്രൂരമായി മര്‍ദിക്കപ്പെടുകയോ ജാതിപരമായ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകുകയോ ചെയ്യുന്നു.
അക്രമങ്ങള്‍ ഗ്രാമപ്രദേശങ്ങളിലോ താഴ്ന്ന തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മാത്രം ഒതുങ്ങുന്നില്ല. 2024 ജൂലൈയില്‍, ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ എന്‍ യു) ഹോസ്റ്റല്‍ ചുവരുകളില്‍ 'ചമാര്‍ ക്വിറ്റ് ഇന്ത്യ' പോലുള്ള ജാതീയമായ മുദ്രാവാക്യങ്ങള്‍ എഴുതിവയ്ക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം സൃഷ്ടിക്കുകയും ഉന്നത വിദ്യാഭ്യാസരംഗത്തു പോലും ജാതീയമായ മുന്‍വിധികള്‍ വ്യാപിക്കുന്നതിനെ വ്യക്തമാക്കുകയും ചെയ്തു.
ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ പ്രവണതയുടെ ഭാഗമാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള ഡാറ്റ (എന്‍ സി ആര്‍ ബി) ഇന്ത്യയിലുടനീളം ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സ്ഥിരമായ വര്‍ധനവ് കാണിക്കുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആക്രമണം, ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കേസുകളുടെ ഒരു പ്രധാന ഭാഗമാണ്. പല സന്ദര്‍ഭങ്ങളിലും, പൊലീസിന്റെ ഒത്താശയോ നിഷ്‌ക്രിയത്വമോ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. ഒരു വീട്ടുവഴക്കിനെ തുടര്‍ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ച ഉത്തര്‍പ്രദേശിലെ ദളിതനായ ഋഷിപാലിന്റെ കാര്യം ഒരുദാഹരണമാണ്.
രാജ്യം ഭരണഘടനാപരമായ തുല്യത ഉറപ്പുനല്‍കുകയും ദളിതരെ അല്ലെങ്കില്‍ ജാതിശ്രേണിയുടെ ഏറ്റവും താഴെത്തട്ടിലുള്ളവരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നിയമങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്തിട്ടും, അവര്‍ വിവിധ പ്രദേശങ്ങളില്‍ ഉടനീളം വ്യവസ്ഥാപരമായ അക്രമവും സാമൂഹിക ബഹിഷ്‌കരണവും സാമ്പത്തിക ചൂഷണവും നേരിടുന്നു. ഇന്ത്യ സാമ്പത്തിക വികസനത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ജാതി അടിസ്ഥാനമാക്കിയുള്ള അക്രമം നിലനില്‍ക്കുന്നുവെന്നത് ഭീകരമായ ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുന്‍വിധികള്‍ ഇന്നും ദശലക്ഷക്കണക്കിന് ആളുകളുടെ അനുദിനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
ദളിതരുടെ ഹൃദയത്തില്‍ ജ്വലിക്കുന്ന രോഷത്തിന്റെ തീക്കനലുകള്‍ കെടുത്താന്‍ ഭക്തിനിര്‍ഭരമായ സംസാരങ്ങളും പൊള്ളയായ ഉറപ്പുകളും മതിയാകില്ല. എല്ലാവര്‍ക്കും തുല്യതയുള്ള ഒരു സാഹചര്യത്തിനായി അവര്‍ കാത്തിരിക്കുന്നു. അവരെ തുല്യമായി പരിഗണിക്കേണ്ടതുണ്ട്.
ശാരീരികമായ അക്രമം, ലൈംഗികാതിക്രമം, കൊലപാതകം മുതല്‍ സാമൂഹിക ബഹിഷ്‌കരണം, സാമ്പത്തിക ചൂഷണം എന്നിങ്ങനെയുള്ള വിവേചനത്തിന്റെ കൂടുതല്‍ ഗൂഢമായ രൂപങ്ങള്‍ വരെയുള്ളവയാണ് ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍. ജാതിശ്രേണികള്‍ ഏറ്റവും കര്‍ശനമായി നടപ്പാക്കപ്പെടുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നുവെന്നത് അസ്വസ്ഥജനകമാണ്. പല സന്ദര്‍ഭങ്ങളിലും, പൊതുവിടങ്ങളില്‍ പ്രവേശിക്കുക, പൊതു കിണറുകളില്‍ നിന്ന് വെള്ളം കോരുക, അല്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ നീതി തേടുക എന്നിങ്ങനെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ദളിതര്‍ അവകാശപ്പെടുന്നത് അക്രമാസക്തമായ പ്രതികാരത്തിന് കാരണമാകുന്നു. പലപ്പോഴും, അത്തരം കേസുകള്‍ പ്രാദേശിക നിയമപാലകര്‍ തള്ളിക്കളയുകയോ അല്ലെങ്കില്‍ നീതി അനിശ്ചിതമായി വൈകുകയോ ചെയ്യുന്നു. ശിക്ഷിക്കപ്പെടുകയില്ലെന്ന തോന്നലിനെ ഇതു ശക്തമാക്കുന്നു.
അഴിമതി, രാഷ്ട്രീയ ഇടപെടല്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കുള്ളിലെ ജാതി പക്ഷപാതിത്വങ്ങളുടെ ആഴത്തിലുള്ള വേരോട്ടം എന്നിവ ദളിതര്‍ക്ക് നീതിതേടുന്നത് അത്യന്തം പ്രയാസകരമാക്കുന്നു. കുറ്റവാളികള്‍ ഉയര്‍ന്ന ജാതികളില്‍ പെട്ടവരോ രാഷ്ട്രീയ സ്വാധീനമുള്ളവരോ ആണ്, കേസുകളിലെ പ്രതികളാണെങ്കിലും അവര്‍ പലപ്പോഴും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയോ നാമമാത്രമായ ശിക്ഷകള്‍ മാത്രം ലഭിക്കുകയോ ചെയ്യുന്നു.
ദളിത് സ്ത്രീകള്‍ വിശേഷിച്ചും അഭിമുഖീകരിക്കുന്ന ഹീനമായ ഒരു അക്രമം ലൈംഗികാതിക്രമമാണ്. ഇത് പലപ്പോഴും ജാതിമേധാവിത്വം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായിട്ടാണ് ചെയ്യുന്നത്. ഈ പ്രവൃത്തികള്‍ കേവലം ഒറ്റപ്പെട്ട ലൈംഗികാതിക്രമങ്ങളല്ല, മറിച്ച് കുറ്റവാളികളുടെ മേല്‍ജാതിബോധവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ദളിത് സ്ത്രീകള്‍, ജാതിയുടെയും ലിംഗപരമായ അടിച്ചമര്‍ത്തലിന്റെയും ഒരുമിച്ചുള്ള ഇരകളാകുന്നതിനാല്‍ ഏറ്റവും ബലഹീനരും പലപ്പോഴും നീതിന്യായ വ്യവസ്ഥയില്‍ നിന്ന് തീരെക്കുറവു പിന്തുണ മാത്രം ലഭിക്കുന്നവരുമാണ്. ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്താപ്രാധാന്യം നേടുന്ന സംഭവങ്ങളെ തുടര്‍ന്നുള്ള പൊതു പ്രതിഷേധം ചിലപ്പോള്‍ നൈമിഷികമായ രോഷപ്രകടനങ്ങളിലേക്ക് നയിക്കാറുണ്ടെങ്കിലും പ്രശ്‌നത്തിന്റെ വ്യവസ്ഥാപിത സ്വഭാവം ഏറിയകൂറും പരിഹരിക്കപ്പെടാതെ തുടരുന്നു.
സാമ്പത്തിക പാര്‍ശ്വവല്‍ക്കരണം ദളിതരുടെ ദുരവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. പല ദളിത് സമുദായങ്ങളും ഭൂരഹിതരാണ്. അല്ലെങ്കില്‍ അവരുടെ ജാതിസ്വത്വവുമായി ബന്ധിപ്പിച്ചിരിക്കുന്ന തീരെക്കുറഞ്ഞ വേതനമുള്ള ജോലികളെ ആശ്രയിക്കുന്നു. നിരോധിച്ചിട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്ന തോട്ടിപ്പണി ഉദാഹരണം. തങ്ങളെ അടിച്ചമര്‍ത്തുന്ന സാമൂഹിക സംവിധാനങ്ങളെ തന്നെ ആശ്രയിക്കുവാന്‍ ഈ സാമ്പത്തിക പരാധീനത ദളിതര്‍ക്കിടയാക്കുന്നു. ഇതു തകര്‍ക്കാന്‍ പ്രയാസമുള്ള ചൂഷണത്തിന്റെ ഒരു ദൂഷിതവലയം സൃഷ്ടിക്കുന്നു. ന്യായമായ വേതനം ആവശ്യപ്പെടുകയോ നിര്‍ബന്ധിത തൊഴിലുകളെ ചെറുക്കുകയോ ചെയ്തു തങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പിക്കാന്‍ ദളിതുകള്‍ ശ്രമിക്കുമ്പോള്‍, അവര്‍ പലപ്പോഴും അക്രമത്തിന് വിധേയരാകുന്നു, ചിലപ്പോള്‍ ഗ്രാമങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകപോലും ചെയ്യുന്നു.
ദളിതര്‍ക്കെതിരായ ജാതീയമായ അക്രമങ്ങള്‍ നിലനില്‍ക്കുന്നത് ഒരു സാമൂഹിക പ്രശ്‌നം മാത്രമല്ല, ഇന്ത്യയുടെ ധാര്‍മ്മിക പ്രതിസന്ധിയാണ്. ദളിത് അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമ പൊതുചര്‍ച്ചകള്‍ക്കും പലപ്പോഴും സ്ഥിരതയില്ല. ചില കേസുകള്‍ വ്യാപകമായ ശ്രദ്ധ നേടുകയും ദേശീയ സംവാദങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുമ്പോള്‍, മറ്റു പലതും അവഗണിക്കപ്പെടുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുന്നു. പ്രത്യേകിച്ചും, അവ വിദൂരസ്ഥമോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതോ ആയ സമൂഹങ്ങളില്‍ സംഭവിക്കുമ്പോള്‍. ചില സംഭവങ്ങളില്‍ മാത്രമുള്ള ഈ രോഷപ്രകടനം ദളിത് ദുരിതങ്ങള്‍ കാണാമറയത്തു തുടരുന്ന സ്ഥിതി ശക്തമാകുകയും ഈ വിഷയത്തില്‍ സുസ്ഥിരമായ ദേശീയസംവാദം ഇല്ലാതാകുകയും ചെയ്യുന്നു. ജാതിയധിഷ്ഠിത അക്രമത്തിന്റെ മൂലകാരണങ്ങള്‍ ഇന്ത്യ പരിഹരിക്കണമെങ്കില്‍, ശക്തമായ നിയമനിര്‍വഹണവും സമൂഹാധിഷ്ഠിത ഇടപെടലുകളും യഥാര്‍ഥ സമത്വത്തിലേക്കുള്ള സാംസ്‌കാരിക മാറ്റവും ഉള്‍പ്പെടുന്ന സമഗ്രമായ സമീപനം വളരെയധികം ആവശ്യമാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത്, ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, 'സബ്കാ സാത്ത്' പ്രഖ്യാപിക്കുന്ന ഒരു സര്‍ക്കാരിന് ഇന്നത്തെ അവസ്ഥയില്‍ നിന്ന് കൈ കഴുകാന്‍ കഴിയില്ല. ദളിതരെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ പലപ്പോഴും ലഭിക്കാത്തത് അക്രമികള്‍ക്ക് ധൈര്യം പകര്‍ന്നിരിക്കുകയാണ്. ദളിതര്‍ കൂടുതല്‍ നിരാശരാവുകയും നിയമപാലകരായ അധികാരികള്‍ മറ്റൊരു വഴി നോക്കുകയും ചെയ്യുന്നതോടെ 'തെരുവുനീതി'ക്ക് വിധേയരാകുന്നവരുടെ രോഷം തിളച്ചുമറിയുന്നു. ദളിതരുടെ ഹൃദയത്തില്‍ ജ്വലിക്കുന്ന രോഷത്തിന്റെ തീക്കനലുകള്‍ കെടുത്താന്‍ ഭക്തിനിര്‍ഭരമായ സംസാരങ്ങളും പൊള്ളയായ ഉറപ്പുകളും മതിയാകില്ല. എല്ലാവര്‍ക്കും തുല്യതയുള്ള ഒരു സാഹചര്യത്തിനായി അവര്‍ കാത്തിരിക്കുന്നു. അവരെ തുല്യമായി പരിഗണിക്കേണ്ടതുണ്ട്. അവര്‍ക്ക് പ്രായോഗികമായ നടപടികളാണ് ആവശ്യമായിരിക്കുന്നത്.