തനിമയുടെ ഫാസിസ്റ്റ് ഭീഷണി

തനിമയുടെ ഫാസിസ്റ്റ് ഭീഷണി
Published on

കേരളത്തിലെ സീറോ മലബാര്‍ സഭ അതിന്റെ സ്വന്തമായ തനിമ ഉണ്ടാക്കുന്ന തിരക്കിലാണ് ചില നേതാക്കള്‍. ലോകത്തെവിടെയും പോകുന്ന സുറിയാനി ക്രിസ്ത്യാനികളെയെല്ലാം സഭയുടെ തനിമയില്‍ നിലനിര്‍ത്തി വളര്‍ത്തണം എന്ന നിര്‍ബന്ധം. ഇതു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. തനിമാബോധം തലയ്ക്കു പിടിച്ചവരോട് എന്തിനാണ് ഈ തനിമ എന്നു ചോദിക്കാമോ? അതു അധികാരത്തിന്റെ മാത്രം ആവശ്യമാണോ? തനിമയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതു ഫാസിസത്തിന്റെ അപകടകരമായ ചിന്താഗതികളല്ലേ എന്നു സംശയിക്കണം.

എമ്മാനുവേല്‍ ലെവിനാസ് ഒരു യഥാര്‍ത്ഥ യഹൂദനാണ്. അദ്ദേഹം സംസ്‌കാരത്തെക്കുറിച്ച് എഴുതി, ''ധാര്‍മ്മികത സാംസ്‌കാരികമല്ല, അതു സംസ്‌കാരത്തോടുള്ള വിധിയാണ്.'' സാംസ്‌കാരിക മേല്‍ക്കോയ്മകളെ ധാര്‍മ്മികത വിധിക്കുമ്പോള്‍ അവ സങ്കുചിതത്വത്തിന്റെ ആടയാഭരണങ്ങളാകും. സംസ്‌കാരം എപ്പോഴും ജാതി ഗോത്ര ദേശീയതകളുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല ഏതു സാംസ്‌കാരികതയുടെ പിന്നിലും പറയുന്ന ഒരു കെട്ടുകഥയുണ്ടാകാം. ഭാരതത്തിന്റെ ദേശീയതയുടെ പിന്നില്‍ കഥകളും പുരാണങ്ങളുമുണ്ടല്ലോ. ജര്‍മ്മന്‍ ദേശീയതയുടെ പിന്നില്‍ ആര്യവര്‍ഗ്ഗത്തിന്റെ കെട്ടുകഥയുണ്ട്.

സുറിയാനി ക്രിസ്ത്യാനികളുടെ തനിമയുടെ തോമസിന്റെ കഥകളുണ്ട്. ഇവിടെ ഏറെ ചിന്തനീയമായതു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ ജനതയുടെ തനിമയുടെ സ്വാഭാവമെന്തായിരുന്നു? അവര്‍ക്കു വ്യത്യസ്തമായ സംസ്‌കാരം ഉണ്ടായിരുന്നോ? അവര്‍ക്ക് സ്വന്തം മതപാരമ്പര്യമുണ്ടായിരുന്നോ? അവര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചെറിയതും വലിയതുമായ സമൂഹങ്ങളായി ജീവിച്ചു. അവര്‍ കേരളത്തിലും ജീവിച്ചു. അവര്‍ ഇവിടെ പ്രത്യേക സംസ്‌കാരം ഉണ്ടാക്കിയോ? ലോകത്തെവിടെയെങ്കിലും അവര്‍ ഭിന്നമായ സംസ്‌ക്കാരത്തിന്റെ അഥവാ തനിമയുടെ സൃഷ്ടാക്കളായോ? അവര്‍ അതതു നാടുകളില്‍ മറ്റുള്ളവരുമായി ഒത്തുവസിച്ചു. ''ചരിത്രത്തില്‍ കാണപ്പെട്ടവരില്‍ ഏറ്റവും ഔന്നത്യമുള്ള ജനം'' എന്നാണ് യഹൂദരെക്കുറിച്ച് സാര്‍ത്ര് വിശേഷിപ്പിച്ചത്. യേശുക്രിസ്തു, മാര്‍ക്‌സ്, സ്പിനോസ്, ഐന്‍സ്റ്റൈയിന്‍, ട്രോട്‌സ്‌കി, നീല്‍സ്‌ബോര്‍, ഫ്രോയിഡ്, നോം ചോംസ്‌ക്കി അങ്ങനെ ലോകശ്രദ്ധ സൃഷ്ടിച്ച യഹൂദര്‍ അനവധിയാണ്. ഈ യഹൂദ ജനതയുടെ തനിമ എന്തിലായിരുന്നു. അവര്‍ക്ക് സ്വന്തമായ ഒരു നാട് ഉണ്ടായത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്.

ഇവരുടെ മതമായിരുന്നോ തനിമയുടെ നിദാനം? പക്ഷെ, ആ മതം നിരന്തരം മാറി. ദേവാലയവും ബലിയും പൗരോഹിത്യവും അവര്‍ക്കുണ്ടായിരുന്നു. പക്ഷെ, ചരിത്രത്തില്‍ ഇതെല്ലാം അവര്‍ ഉപേക്ഷിച്ചു. അവര്‍ക്കു സിനഗോഗുകള്‍ ഉണ്ടായി, റബ്ബിമാരുണ്ടായി. സിനഗോഗ് എന്ന വാക്ക് ഗ്രീക്കാണ് ഹീബ്രു അല്ല. അവര്‍ ഒരു പുസ്തകത്തിന്റെ മനുഷ്യരായിരുന്നു. പക്ഷെ, ആ പുസ്തകമെന്ന പഴയനിയമ ബൈബിളില്‍ വ്യതിരിക്തമായ സാഹിത്യ സ്വഭാവമുള്ള ഗ്രന്ഥങ്ങള്‍ ഉണ്ട്. ആധുനിക കാലത്ത് യഹൂദ ചിന്തകള്‍ എന്നു പറയുന്നതു യഥാര്‍ത്ഥമായി അന്വര്‍ത്ഥമാക്കുന്നത് ഫ്രാന്‍സ് റോസന്‍സ്വയ്ഗ് മാത്രമാണ് എന്ന് ലെവിനാസ് എഴുതി. ഇദ്ദേഹം എഴുതി, ''ഭൂമിയിലെ മണ്ണിന്റെ ഒരു ഭാഗം അടയാളപ്പെടുത്തി സ്വന്തമാക്കിയവര്‍ ചരിത്രം ഉദ്ഘാടനം ചെയ്തു.'' ഇതു യുദ്ധത്തിന്റെ ചരിത്രമായിരുന്നു. ആ യുദ്ധകഥയില്‍ യഹൂദരുടെ ചരിത്രം പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരുടെ കഥയായിരുന്നു. മണ്ണില്ലാത്തവര്‍ക്ക് നിരന്തരം ഇടം നിഷേധിച്ചു. യുദ്ധത്തിന്റെ നിരന്തരമായ പീഡനത്തിന്റെയും കഥ. ഈ പീഡിപ്പിച്ചവരൊക്കെ യഹൂദരുടെ തനിമയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. അത് അവരെ പീഡിപ്പിക്കാന്‍ ഉണ്ടാക്കിയ തനിമയുടെ വ്യാജ കഥകളായിരുന്നു. രാജ്യങ്ങള്‍ക്കു പുറത്തു നില്‍ക്കുന്നതാണ് യഹൂദരുടെ തനിമ.

ജാതി ഗോത്രങ്ങളുടെയും ദേശീയതകളുടെയും കഥകള്‍ ഭൂമി കയ്യേറാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ തനിമയുടെ യുദ്ധ ചരിത്രമായിരുന്നില്ലോ? എമ്മാനുവേല്‍ ലെവിനാസ് സംസ്‌കാരം അധിനിവേശത്തിന്റെ തനിമകളുടെ കഥയായി മാറി എന്നു കുറ്റപ്പെടുത്തുന്നു. അത് ചെയ്യുന്നവരുടെ സംസ്‌കാരങ്ങള്‍ നിരന്തരം പൊളിച്ചെഴുതിക്കൊണ്ടിരുന്നു. ഒരു തനിമയുടെ കഥയെന്നതിനേക്കാള്‍ അത് ആയിത്തീരുന്ന മനുഷ്യസമൂഹത്തിന്റെ കഥകളായിരുന്നു. തനിമയുടെ ബോധം സംഘാതമായി സ്വാര്‍ത്ഥതയില്‍ അപരനെ വേട്ടയാടുന്നതായി അദ്ദേഹം കാണുന്നു. അപരന് അനുസരണയോടെ സ്വയം കൊടുക്കുന്നു കൃതിയോ കര്‍മ്മമോ ''വിശുദ്ധ ഗ്രന്ഥ''മായി ലെവിനാസ് വിശേഷിപ്പിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ ആളുകളാണ് യഹൂദര്‍. ''സ്ഥാപനങ്ങളില്ലാത്ത ധര്‍മ്മത്തിന്റെ മുമ്പിലെ മനുഷ്യ''നാണ് യഹൂദന്‍. യഹൂദ കവിയായ എന്റ്മണ്ട് ജാബസ് ചോദിക്കുന്നു, ''ഒരു യഥാര്‍ത്ഥ കവി ഒരു സ്ഥലത്ത് നില്‍ക്കുന്നു എന്ന് ഉറപ്പാണോ? അയാള്‍ വളരെ ഉന്നതമായ അര്‍ത്ഥത്തില്‍ ഈ ലോകത്തില്‍ സ്വന്തം ഇടം നഷ്ടപ്പെടുത്തുന്നവനല്ലേ?'' അപ്പോള്‍ യഹൂദ തനിമ ധര്‍മ്മത്തിന്റെയാണ്. മതം അവരോട് ആവശ്യപ്പെട്ടതു കല്പനകളാണ്, അരുതുകളാണ്.

ദൈവത്തിന്റെ വിളി കേള്‍ക്കുന്നവനാണ് യഹൂദന്‍ ''നീ എവിടെ?'' ''ഇതാ ഞാന്‍.'' ഇതു കല്പന സ്വീകരിക്കുന്ന ഉത്തരവാദിത്വമാണ്. യഹൂദനു വേരുകളുണ്ട്. അതു മണ്ണിലല്ല. മണ്ണില്‍ വേരു പിടിപ്പിക്കുന്നവരെ യഹൂദന്‍ പേഗന്‍ എന്നു വിളിക്കുന്നു. വേരുകള്‍ ഉണ്ടാക്കുന്നത് മനുഷ്യരിലാണ്. അതു ആതിഥ്യത്തിന്റെ വേരുകളാണ്. സംസ്‌കാരങ്ങളും മതങ്ങളും എന്തു വിലകൊടുത്തും എല്ലാറ്റിനും പേരിട്ട് സ്വന്തമാക്കുന്നു. പേരിട്ട് സ്വന്തമാക്കുന്നതാണ് എല്ലാ തിന്മകളുടെയും ആരംഭം. പേരുകളുടെയും പേരുകാരുടെയും മധ്യത്തില്‍ പേരില്ലാത്തതിന്റെ മര്‍മ്മരം കേള്‍ക്കണം - ''ഇസ്രായേലേ കേള്‍ക്കുക.'' കാലത്തിലൂടെ വരുന്ന നിത്യനായവന്റെ അസാന്നിധ്യം ധര്‍മ്മം ചോദിക്കുന്നു. മനുഷ്യന് മണ്ണില്‍ വേരുപിടിപ്പിക്കുന്ന ചിന്തയാണ് പേഗനിസം, യഹൂദ വിശ്വാസം നിരന്തരം മണ്ണില്‍നിന്നു വേരു പറിക്കുന്നു. മണ്ണില്‍നിന്നു ഉയര്‍ത്തി മനുഷ്യന് ഔന്നത്യം കൊടുക്കുന്ന മനുഷ്യബന്ധങ്ങളില്‍ ധര്‍മ്മത്തിന്റെ ദൈവികതയില്‍ മനുഷ്യര്‍ ഒന്നിക്കണം. ''അപരനുവേണ്ടി'' എന്ന വിളികേള്‍ക്കാതെ വേരുപിടിപ്പിക്കാനുള്ള ഏതു സ്വരവും തനിമയുടെ അക്രമത്തിന്റെതായി മാറും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org