യേശുവും ബുദ്ധനും

Jesus and Buddha
Published on

എമ്മാനുവേല്‍ ലെവിനാസ് എന്ന യഹൂദ-യൂറോപ്യന്‍ ചിന്തകന്‍ എഴുതി: “യൂറോപ്പ് ബൈബിളും ഗ്രീക്കുകാരുമാണ്.” അദ്ദേഹം മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞു: “ഞാന്‍ പലപ്പോഴും പറയുന്നതും, അത് പരസ്യമായി പറയുന്നതും അപകടകരമാകാം. മാനവികത ബൈബിളും ഗ്രീക്കുകാരുമാണ്. ബാക്കിയെല്ലാം വൈദേശികവും വശ്യവുമായി നടനം മാത്രം.” ലോകനാഗരികതകളില്‍ ഒന്നായി പരിഗണിച്ചിരുന്നതായിരുന്നില്ല യൂറോപ്പ്. യൂറോപ്പിനെ ലോകത്തിന്റെ ഉച്ചിയില്‍ എത്തിച്ചത് ബൈബിളും ഗ്രീക്ക് ലോകവുമായുള്ള സന്ധിസമാസങ്ങളുമാണ്. അതുണ്ടാക്കിയത് യൂറോപ്പിന്റെ അവബോധത്തില്‍ വന്ന സാര്‍വത്രികമായ മാനവിക ബോധവും ഗ്രീക്കുകാരുടെ ആദര്‍ശരൂപമായ യുക്തിയിലുള്ള വിശ്വാസവുമാണ്. ബുദ്ധിയിലുള്ള വിശ്വാസത്തില്‍ ലോകം ബൈബിള്‍ പോലെ വായിക്കാന്‍ ശ്രമിച്ചതാണ് ശാസ്ത്രങ്ങളുടെ കണ്ടുപിടിത്തങ്ങളുടെ ഭൗമികമായത്.

ഇന്ന് ക്രൈസ്തവമായ ഏത് ചിന്തയിലും ബൈബിള്‍ ഉദ്ധരിക്കുന്നതുപോലെ പ്ലേറ്റോയും അരിസ്റ്റോട്ടിലും നിരന്തരമായി യൂറോപ്പിന്റെ ചിന്തയിൽ പ്രത്യക്ഷമാകുന്നു. യേശുവിന്റെ പീഡാസഹനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഗ്രീക്ക് ദുരന്ത നാടകങ്ങളു മായി ബന്ധപ്പെടുത്തുന്നു. ക്രൈസ്തവജീവിതം ദുരന്തബോധത്തിന്റെയുമാണു എന്നു ഉനാമുനോ പറഞ്ഞതു സ്മരണീയമാണ്. യൂറോപ്പിന്റെ വിദ്യാഭ്യാസപദ്ധതിയില്‍ ഹോമര്‍ അനിവാര്യമായിരുന്നു. യോഹന്നാന്റെ സുവിശേഷത്തില്‍ യേശുവിന്റെ മനുഷ്യാവതാരം ഗ്രീക്ക് ലോഗോസ് എന്ന വചനവുമായി ബന്ധിക്കുന്നു. നാല് സുവി ശേഷങ്ങളും ഗ്രീക്ക് സാഹിത്യകൃതികളായി വായിക്കപ്പെടുന്നു. ക്രൈസ്തവവിശ്വാസവും ബൈബിളിന്റെ വീക്ഷണങ്ങളും യുക്തിയില്‍ സര്‍ഗ്ഗാത്മകമായി വിലസിതമായ സന്ധിസമാസങ്ങളുടെ ഫലമാണ്. ആഥന്‍സിന്റെ താത്വിക വീക്ഷണങ്ങളുമായി സംഭാഷണം തുടങ്ങിയതു പൗലോസാണ്. ഗ്രീക്ക് സംസ്‌കാരത്തിന്റെ ഭാഷയില്‍ ക്രൈസ്തവവിശ്വാസം എഴുതപ്പെട്ടു, പറയപ്പെട്ടു. ബൈബിളില്‍ ധര്‍മ്മം ഗ്രീക്ക് ലോകത്തെ വെല്ലുവിളിച്ചു, മാറ്റി.

ക്രൈസ്തവര്‍ ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെയും അതിന്റെ പലമയുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നത് ചെറിയ കാര്യമല്ല.

എന്നാല്‍ ആദ്യ നൂറ്റാണ്ടില്‍ തന്നെ മലബാറില്‍ എത്തിയ ബൈബിളും ക്രൈസ്തവ വിശ്വാസവും ഈ പരസ്പര സംഭാഷണ സന്ധികളില്‍ സാംസ്‌കാരികാനുരൂപണത്തിന് വിധേയമായി എന്ന് പറയാനാവില്ല. ബൗദ്ധികമായി ഈ സര്‍ഗാത്മക ബന്ധത്തിന്റെ ഒരു സൂചനയും ചരിത്രം തരുന്നില്ല. വടക്കുനിന്നു വന്നു എന്ന് പറയുന്ന ‘ആര്യന്മാര്‍‘ കൊണ്ടുവന്നത് ബ്രാഹ്മണ്യത്തിന്റെ ചാതുര്‍വര്‍ണ്യമായിരുന്നു. അതിന്റെ ജാതിവ്യവ സ്ഥിതി ഭാരതത്തിന്റെ ശാപമായിരുന്നു. അതിനെ ക്രൈസ്തവവിശ്വാസം വെല്ലുവിളി ച്ചിട്ടില്ല. അത് ഭൂരിപക്ഷം മനുഷ്യരെ തൊട്ടുകൂടാത്തവരും മ്ലേച്ഛരുമായി മുദ്രകുത്തി. ഈ മനുഷ്യത്വരാഹിത്യത്തെ വെല്ലുവിളിച്ചത് ശ്രീബുദ്ധനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മഹാനായിരുന്നു ബുദ്ധന്‍.

ബുദ്ധ പാരമ്പര്യത്തിന്റെ കല്പദ്രുമവദനമാല എന്നും ശാര്‍ദൂലകര്‍ണ്ണവദന എന്നും പേരുള്ള കൃതിയില്‍ ബുദ്ധന്‍ പറയുന്നു “കുട്ടികള്‍ വഴിയരികിലെ മണലില്‍ കൂനകളു ണ്ടാക്കി ‘ഇത് പാല്’, ‘ഇത് മാംസം’, ‘ഇത് തൈര്’ എന്ന് അവർ പറയുന്നതുപോലെ യാണു നിങ്ങള്‍ ബ്രാഹ്മണര്‍ പറയുന്നത്. മണല്‍ക്കൂനയ്ക്കു പേരിടുന്നതുകൊണ്ട് അത് ഭക്ഷണസാധനങ്ങള്‍ ആകുന്നില്ല.” ബുദ്ധന്റെ കേന്ദ്ര വെളിപാട് മനുഷ്യബോധത്തില്‍ കേന്ദ്രീകരിച്ച ജീവിതത്തെക്കുറിച്ചാണ്. എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട് പ്രബുദ്ധതയിലേക്ക് വിളിച്ച വ്യക്തിയായിരുന്നു ബുദ്ധന്‍. മലബാറിലെ ക്രൈസ്തവര്‍ ഹിന്ദു ബുദ്ധസംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് ജീവിച്ചത്. എന്നാല്‍ കാലങ്ങളുടെ ഗതിവിഗതികളില്‍ ബുദ്ധന്‍ കേരളത്തില്‍ നിന്നു മാത്രമല്ല ഭാരതത്തില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടു. അത് ഹിന്ദുമതവുമായി നടന്ന സഘർഷത്തിലായിരുന്നു. ഇവിടു ത്തെ ബുദ്ധക്ഷേത്രങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളായി. ശ്രീലങ്കയില്‍ നിന്ന് വന്ന ഈഴവര്‍ ഹിന്ദുക്കളായി. അവരുടെ ബുദ്ധ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുപോലെ നാരായണ ഗുരു നില്‍ക്കുന്നു. ബുദ്ധമതക്കാര്‍ ഇവിടെ ഇല്ലാതായതിന്റെ പിന്നിൽ മൗലികവാദ പരമായി നിലകൊണ്ടത് ശങ്കരാചാര്യരാണ്. ബൗദ്ധരെപ്പോലെ എന്തുകൊണ്ട് ക്രൈസ്തവര്‍ ഇല്ലാതായില്ല എന്ന ചോദ്യത്തിന് ഉത്തരം അവര്‍ ചാതുര്‍വര്‍ണ്യത്തില്‍ നിലകൊണ്ടതായിരിക്കാം. ജാതിവ്യവസ്ഥിതി അവര്‍ സ്വീകരിച്ച് ഒരു മേല്‍ജാതിയായി ജീവിച്ചു. അതു ക്രൈസ്തവസുവിശേഷം പറയിന്‍ കീഴില്‍ വച്ച സന്ദര്‍ഭവുമായി. ക്രൈസ്തവരെ മേല്‍ജാതിയായി ബ്രാഹ്മണീയര്‍ അംഗീകരിച്ചു. ഇവിടെ ബൗദ്ധികമായ സംവാദ സംഭാഷണങ്ങള്‍ ഉണ്ടായോ എന്നറിയില്ല. എന്നാല്‍ പ്രായോഗികമായി ക്രൈസ്തവസമൂഹം ഇവിടെ സാംസ്‌കാരികാനുരൂപണം നടത്തിയിട്ടുണ്ട്. അത് ബുദ്ധ മതവുമായി ബന്ധപ്പെട്ടതായിരുന്നു - പള്ളി, അപ്പന്‍, മുത്തപ്പന്‍, യോഗം തുടങ്ങിയ പദങ്ങള്‍ ബൗദ്ധ പാരമ്പര്യത്തിന്റേതാണ്. സുറിയാനി ക്രിസ്ത്യൻ സ്ത്രീകളുടെ വസ്ത്രധാര ണരീതി ബുദ്ധസന്ന്യാസിനിമാരുടേതു പോലെയായിരുന്നു. സംഘാതമായ ഒരു പരി പാടിയും ഹിന്ദു സംസ്‌കാരത്തില്‍ ഇല്ല. എല്ലാം വ്യക്തിപരമാണ്. എന്നാല്‍ സംഘം ശരണം ഗച്ചാമി ബുദ്ധമതത്തിന്റെയാണ്. അതാണ് ക്രൈസ്തവര്‍ സ്വീകരിച്ചത്. ബുദ്ധി യുടെ ഭക്തി എന്ന വിമര്‍ശനം വരണ്ടുപോയ കാലങ്ങള്‍.

യൂറോപ്പ്യന്‍ ബന്ധങ്ങളിലൂടെയാണ് സുറിയാനി ക്രിസ്ത്യാനികള്‍ പ്രബുദ്ധരാകാന്‍ തുടങ്ങിയത്. നൂറുകണക്കിന് പുരോഹിതര്‍ക്കാണ് യൂറോപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കി ഉന്നത വിദ്യാഭ്യാസം നല്‍കിയത്. ആ ബന്ധം ഇവിടത്തെ സഭയ്ക്ക് നല്‍കിയത് ഒരു പ്രബുദ്ധതയാണ്. ഇന്ന് സുറിയാനി ക്രിസ്ത്യാനികള്‍ ഒരു വെല്ലുവിളി നേരിടുന്നു. വളരെ മൗലികവാദപരമായി ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് നമ്മെ ഭരിക്കുന്നത്. ഹിന്ദു രാഷ്ട്രീയത്തില്‍ നിലനില്പിനുവേണ്ടി കീഴടങ്ങിയ പഴയ പ്രതിസന്ധി വീണ്ടും സജീവ മായിരിക്കുകയാണ്. നിലനില്‍പ്പിന്റെ അസ്തിത്വവേശം നമ്മില്‍ ചിലരെ പഴമ ആവര്‍ത്തി ക്കാന്‍ പ്രലോഭിപ്പിക്കുന്നുണ്ട്. സാംസ്‌കാരിക അനുരൂപണത്തിനുവേണ്ടി നിലകൊണ്ട കാര്‍ഡിനല്‍ പാറേക്കാട്ടിലിനെ നിരാകരിച്ചവര്‍ തന്നെയാണ് ഹിന്ദുത്വയുടെ ആര്യാധി പത്യത്തിന് വിധേയമാകാന്‍ കച്ചകെട്ടി നടക്കുന്നത്. ഒപ്പം ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്ന ഒരു ജനത ഇവിടെ ഉണ്ട് എന്നതും മറക്കാനാവില്ല. ക്രൈസ്തവര്‍ ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെയും അതിന്റെ പലമ യുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയുടെ ഭാവിക്കുവേണ്ടിയുള്ള സംഘര്‍ഷത്തില്‍ ക്രൈസ്തവര്‍ എടുക്കുന്നത് ആദർശനിലപാടോ അസ്തിത്വനിലപാടോ? ലോറന്‍സ് ഫെര്‍ലിഗേറ്റി എന്ന അമേരി ക്കന്‍ കവിയുടെ വാക്കുകള്‍ ഉദ്ധരിക്കട്ടെ

“ഉറങ്ങുന്ന ജനതയുടെ രാജ്യത്തിന് കഷ്ടം!

അതിനെ വഴിതെറ്റിക്കുന്ന ഇടയന്മാര്‍ക്ക് കഷ്ടം!

നേതാക്കള്‍ നുണ പറയുന്ന നാടിനു കഷ്ടം!

അവരുടെ ജ്ഞാനികള്‍ മൂകരാകുന്ന രാജ്യത്തിനും”.

ചരിത്രത്തോട് നീതിപുലര്‍ത്താന്‍ കാലത്തിന്റെ ഉപ്പും പ്രകാശവും ആകേണ്ട സഭ ദൗത്യം നിറവേറ്റുമോ?

logo
Sathyadeepam Online
www.sathyadeepam.org