യേശു എന്തിന് വിമര്‍ശകനായി?

യേശു എന്തിന് വിമര്‍ശകനായി?

യേശു എന്തിന് വിമര്‍ശകനായി? ഉത്തരം ലളിതമാണ്. യേശു ദൈവത്തെ അനുസരിച്ചു. ചിലര്‍ ദൈവത്തെ അനുസരിക്കുന്നില്ല. ഒരു വിധവ രണ്ടു ചെമ്പുനാണയങ്ങള്‍ ദേവാലയ ഭണ്ഡാരത്തില്‍ ഇട്ടത് കണ്ടവന്‍ നിയമജ്ഞരെ വിധവകളുടെ ഭവനം വിഴുങ്ങുന്നവരും നീണ്ട മേലങ്കികള്‍ ധരിച്ചു വിരുന്നുകളില്‍ അഗ്രാസനങ്ങള്‍ കാംക്ഷിച്ചും നടക്കുന്നവരായി വിമര്‍ശിച്ചു. ആ വാക്കുകള്‍ സഹിഷ്ണുത അഥവാ സഹന ക്ഷമതയുള്ളവരെ പീഡിപ്പിക്കുമ്പോള്‍ അവരുടെ കരച്ചിലിനു ഭാഷ കൊടുക്കുകയായിരുന്നു. സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ പോരേ, മറ്റുള്ളവരുടെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു എന്നു ചോദിക്കുന്നവരുണ്ട്. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവര്‍ സ്വന്തം കിണറ്റില്‍ വീണാല്‍ ആരു രക്ഷപ്പെടുത്തും?

രാഷ്ട്രീയം പലമയോടു പുലര്‍ത്തുന്ന ബന്ധമാണ്. സാമൂഹികമായി ജീവിതക്രമമാണ് രാഷ്ട്രീയമാകുന്നത്, അതു നീതിപൂര്‍വകമാകണം. ആരുടെയും സ്വാര്‍ത്ഥ താത്പര്യ സംരക്ഷണമാകരുത്. എന്നാല്‍ ഈ നീതി ലംഘിക്കപ്പെട്ടു ചിലര്‍ പീഡിപ്പിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നു. എല്ലാവരേയും ഒഴിവാക്കി സ്വന്തം ഇടം വ്യാപിപ്പിച്ച് ആ ഇടത്തില്‍ മാത്രം സുരക്ഷിതമായി ജീവിക്കാനാവുമോ? മറ്റാരുടെയും സഹായമില്ലാതെ, മറ്റാരും വേണ്ടാതെ? അങ്ങനെ ഒറ്റയാനാകുന്നവര്‍ മറ്റുള്ളവരെ വെട്ടിമാറ്റുന്നവരാണ്, മറ്റുള്ളവരെ അടിമകളാക്കുന്നവരാണ് - അക്രമവും കൊലയും നടത്തുന്നു. ഇതൊരു ഭീകരാവസ്ഥയാണ്. ഇത്തരം ഏകാധിപത്യങ്ങളുടെ പല രൂപങ്ങള്‍ നാം കാണുന്നു.

എന്നാല്‍ സൗഹൃദം സ്ഥാപിച്ചു ജീവിക്കുന്നവരുണ്ട്. അവര്‍ പരസ്പരം സ്‌നേഹത്തിലും സഹകരണത്തിലും സഹായത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു. ഈ സൗഹൃദത്തിന്റെ പിന്നില്‍ വിപരീത ദിശയിലുള്ള ഭീകരത കാണാന്‍ കഴിയും. കാരണം അപരനുമായി സൗഹൃദത്തില്‍ കഴിയാന്‍ ഒരുവന്‍ പലവിധത്തിലും സ്വയം നിയന്ത്രിക്കേണ്ടി വരും - ഭാഷയില്‍, പെരുമാറ്റത്തില്‍, സമീപനങ്ങളില്‍, ദിനചര്യകളില്‍, നിലപാടുകളില്‍. അപരനായ സുഹൃത്തിനുവേണ്ടി പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രണങ്ങള്‍ സ്വയം ഉണ്ടാക്കേണ്ടി വരുന്നു. അപരനെ വെട്ടിനീക്കിയല്ല ഇവിടെ സൗഹൃദം ഉണ്ടാക്കുന്നത്. അപരനുവേണ്ടി സ്വയം ഒതുങ്ങിയും സഹകരിച്ചും ജീവിക്കുമ്പോള്‍ അതു വലിയ ത്യാഗ ജീവിതവുമാകും. ഓംലറ്റ് ഉണ്ടാക്കാന്‍ മൊട്ട പൊട്ടിക്കുന്ന ലാഘവത്തോടെ അപരനെ കൈകാര്യം ചെയ്തു സ്വന്തം കാര്യം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കു വലിയ തിരിച്ചടികള്‍ ഉണ്ടാകാം. അതു വലിയ സ്വാര്‍ത്ഥതയുടെ നടപടികളാണ്. സൗഹൃദത്തിനുവേണ്ടി അഹത്തെ നിഷേധിക്കുന്നതു സാധാരണമാണ്. ഈ നിഷേധം തന്റെ സ്വാര്‍ത്ഥത്തോടുള്ള കയ്യേറ്റമാണ്, ഭീകരതയാണ്. അതു സ്വയം നടത്തുന്ന ഭീകരതയാണ്. ഇതു നാം സ്ഥിരം കാണുന്നതാണ്. പക്ഷെ, നാമാരും ഇതിനെ ഭീകരത എന്നു വിളിക്കാറില്ല. പക്ഷെ, ഇതിലും അക്രമമുണ്ട് എന്നതു ശരിതന്നെ. തന്നോടു തന്നെ. ഇതാണ് ഏതു സാംസ്‌കാരിക ലോകത്തിലും നാം കാണുന്നത്. സംസ്‌കാരം തന്നിലേക്കു തിരിഞ്ഞ ഭീകരതയുടെ ഫലവുമാണ്.

ഭാര്യഭര്‍ത്താക്കന്മാര്‍, സുഹൃത്തുക്കള്‍, ബന്ധുമിത്രങ്ങള്‍ ഇങ്ങനെ ജീവിതത്തിന്റെ സാധാരണ മണ്ഡലത്തില്‍ സര്‍വസാധാരണമായി കാണുന്ന വിസ്മയങ്ങളാണ്. അവയുടെ പിന്നില്‍ കടുത്ത ഭീകരതയുണ്ട് എന്നു നാം കാണുന്നില്ല. ഇവര്‍ ഒറ്റപ്പെട്ട സ്വാസ്ഥ്യത്തിന്റെ സ്വാര്‍ത്ഥമതികളല്ല. അവര്‍ പരസ്പരം സംരക്ഷിക്കുന്നു. അവിടെയാണ് ഞാനും നീയും തമ്മിലുള്ള ബന്ധത്തിന്റെ അടുപ്പം. ഈ അടുപ്പം പരസ്പരം ദര്‍ശിക്കുന്ന ഒരു ആദര്‍ശപരതയുമായി ബന്ധപ്പെട്ടതാണ്. സ്വാര്‍ത്ഥതയില്‍ ഒറ്റപ്പെട്ടവര്‍ സുരക്ഷിതരാകാന്‍ ചെയ്യുന്നതും പറയുന്നതും അവരെ സുരക്ഷിതരാക്കുന്നില്ല. അത് അപകടകരമായ വേര്‍പെടലായി മാറാം. അപരന്‍ എന്നത് അകലെ അങ്ങേ വളപ്പില്‍ കഴിയുന്നവനല്ല എന്നതാണ് ഏറെ ആശ്ചര്യകരം. എന്റെ മനുഷ്യസത്തയുടെ ആദിയില്‍ അവനുമായി ഒന്നാകുന്ന ഒരു ആന്തരികബന്ധം എന്റെ അകത്തുണ്ട് എന്നതാണ് അത്ഭുതകരം. എന്റെ വില, മൂല്യം എന്തെന്നു ഞാനറിയുന്നത് അപരന്റെ മുഖത്താണ്, ഭാഷയിലാണ്, നിരൂപണത്തിലാണ്. ഞാന്‍ എന്നെ അറിയുന്നത് അപരന്റെ കണ്ണാടിയിലാണ്, കണ്ണിലാണ്. ഞാന്‍ ഞാനാകുന്നത് മറ്റുള്ളവരിലൂടെയാണ്. എന്റെ വിലമതിക്കലിന്റെ ആധാരമായി മാറുന്നതു ഞാനല്ല. ഞാന്‍ ആരെയും ബന്ധിയാക്കിയല്ല എനിക്കു വിലയുണ്ടാക്കുന്നത്. മറിച്ച് ഞാന്‍ ആരുടെയൊക്കെയോ ബന്ധിയായി മാറുമ്പോഴാണ് എനിക്കു മൂല്യമുണ്ടാകുന്നത്. എന്റെ വ്യക്തിത്വം മെനഞ്ഞ് ഉണ്ടാക്കുന്നതില്‍ അപരന്‍ അനിവാര്യമാകുന്നു. അപരനുമായുള്ള ബന്ധം മറക്കാനാവാത്ത ഏതോ ഭൂതകാലവുമായുള്ള ബന്ധമാണ്.

ഇവിടെയാണ് ആതിഥ്യവും സൗഹൃദവും സ്‌നേഹവും ജീവിതസ്വാസ്ഥ്യത്തിന്റെ രൂപങ്ങളാകുന്നത്. ഇതു പുറത്തുനിന്ന് ആരെങ്കിലും കുത്തിവയ്ക്കുന്ന ധര്‍മ്മബോധത്തിലല്ല. ധര്‍മ്മം വ്യക്തിയുടെ ഘടന യ്ക്കുള്ളിലാണ്. ധര്‍മ്മബോധം എന്നിലുള്ള നിന്നെക്കുറിച്ചുള്ള ആകാംക്ഷയാണ്. അത് ഉണര്‍ന്ന് ഉറക്കമൊഴിഞ്ഞിരിക്കുന്ന ജാഗ്രതയാകാം. ഈ ജാഗ്രത വിമര്‍ശനമായി സമൂഹത്തില്‍ ഒഴുകുന്നു. ജാഗ്രതാരാഹിത്യമാണ് ഉറക്കം - അത് ധര്‍മ്മത്തിന്റെ വേവലാതിയുടെ ഉറക്കമാണ്. ജാഗ്രത ഒരു സാന്നിധ്യബോധമാണ്. എന്തിന്റെ സാന്നിധ്യം? അസ്തിത്വാധാരത്തിന്റെ സാന്നിധ്യം എന്നു പറയും. അതിരില്ലാതെ സഹിക്കാനുള്ള കഴിവിലാണ് വ്യക്തിയുടെ വൈയക്തികത നിലകൊള്ളുന്നത്. പക്ഷേ, സഹനക്ഷമത പീഡിതമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. സഹന ക്ഷമതയുടെ രൂപമാണ് വിധവ. അവളുടെ ചെമ്പുനാണയങ്ങളുടെ വില കാണുന്ന കണ്ണാണ്, ഈ വിലയുടെ അഭിനയക്കാരുമായി തട്ടിച്ച് വിമര്‍ശനമുയര്‍ത്തുന്നത്. ഇത് അവളുടെ ആന്തരിക വിലാപത്തിന്റെ ഭാഷാന്തരവുമാണ് സമൂഹത്തില്‍ നടക്കുന്നത്. ഈ കരച്ചിലിന് ഭാഷ കൊടുക്കുന്നതാണ് പ്രവാചക വചനം. കാരണം അതു പ്രചോദിതമാണ്. അവിടെ വിമര്‍ശകന്‍ തന്റെ സ്വാതന്ത്ര്യം ഉത്തരവാദിത്തമാക്കുന്നു. തനിക്കുവേണ്ടിയല്ലാത്ത ഈ ഭാഷണം, പലപ്പോഴും തനിക്കു ദോഷമായി മാറും. എന്നിട്ടും ഒരു ദൈവവിളിയുടെ ബോധത്തോടെ അതു നടത്തുന്നു. കരച്ചിലിന്റെ പിന്നാലെ പോകുന്നവനാണ് കവിയും പ്രവാചകനും - കാരണം ഞാന്‍ അപരനാണ്. അപരന്റെ വേദന എന്നില്‍ ഉണരുന്നു. ഇതാണ് ഉത്തരവാദിത്വം. ലെവിനാസ് എന്ന ഫ്രഞ്ചു ചിന്തകന്‍ എഴുതി, ''ഞാനാണ് മിശിഹാ.'' ഞാനാണ് രക്ഷകന്‍. അപരന്റെ രക്ഷകനാകാനാണ് ഞാന്‍ ജീവിക്കുന്നത്. അപരന്റെ രക്ഷകനാകുന്നത് വഴിയാണ് ഞാന്‍ രക്ഷിക്കപ്പെടുന്നത്. അപരനെ രക്ഷിക്കാതെ എനിക്കു രക്ഷയില്ല. ഞാനും അപരനും ഇതറിയണമെന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org