''ഞങ്ങളില്ലാതെ ഞങ്ങളെക്കുറിച്ച് തീരുമാനം വേണ്ട''

''ഞങ്ങളില്ലാതെ ഞങ്ങളെക്കുറിച്ച് തീരുമാനം വേണ്ട''

''ഞങ്ങളില്ലാതെ ഞങ്ങളെക്കുറിച്ച് തീരുമാനം ഞങ്ങള്‍ക്കു വേണ്ട.'' ഇതു ജര്‍മ്മന്‍ സിനഡിനെക്കുറിച്ച് ജര്‍മ്മന്‍ മെത്രാന്‍ സമിതി വത്തിക്കാനിലേക്ക് അയച്ചിരിക്കുന്ന റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശമാണ്. ജര്‍മ്മന്‍ കത്തോലിക്കാസഭയുടെ മെത്രാന്‍ സമിതി അയച്ച റിപ്പോര്‍ട്ട് ജര്‍മ്മന്‍ സഭയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. 230 പേരുടെ കേന്ദ്ര ജര്‍മ്മന്‍ അസംബ്ലിയുടെ പൊതു സമ്മേളനം വര്‍ഷത്തില്‍ അഞ്ചു തവണ വച്ച് മൂന്നു വര്‍ഷങ്ങള്‍ നടത്തയതിന്റെ റിപ്പോര്‍ട്ടാണിത്. 1970-കളില്‍ ജര്‍മ്മന്‍ കത്തോലിക്കരില്‍ 35.5% ഞായറാഴ്ചകളില്‍ പള്ളിയില്‍ പങ്കെടുക്കുന്നവരായിരുന്നു. 2019-ല്‍ അതു 10 ശതമാനത്തിനു താഴേക്കു വന്നു എന്നു മാത്രമല്ല; ഇടവക സമിതി, ഇടവക ഭരണബോര്‍ഡ് എന്നിവകളില്‍ ആളില്ലാതായി. മാത്രമല്ല 2018-ല്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങളെപ്പറ്റി പഠിക്കാന്‍ മെത്രാന്മാര്‍ നിയോഗിച്ച കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വിവരം റിപ്പോര്‍ട്ടിലുണ്ട്. ഇതു സംബന്ധിച്ച് ബര്‍ലിനിലെ കനേസ്സിയൂസ് കോളേജില്‍ നടന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നതു മെത്രാന്മാര്‍ വീണ്ടും വത്തിക്കാനെഴുതി. ഈ പഠനങ്ങള്‍ തെളിയിക്കുന്നതു വ്യക്തികളുടെ ധാര്‍മ്മിക പരാജയത്തിന്റെ കഥയല്ല. മറിച്ച് അധികാര വിനിയോഗത്തിന്റെ ഗൗരവമാര്‍ന്ന പ്രതിസന്ധിയാണ്. സമയത്തു തീരുമാനമെടുക്കുന്നതിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സഭയുടെ അധികാരഘടനയുടെ പരാജയമാണ് ലൈംഗിക ധാര്‍മ്മികതയുടെ വിഷയത്തില്‍ സംഭവിച്ചത്. അധികാര വിനിയോഗ പ്രതിസന്ധിയാണ്.

കത്തോലിക്കാ സഭ ഒരു സ്ഥാപനമെന്ന വിധത്തില്‍ സ്വയം നിര്‍വചിക്കുന്നതില്‍ വന്ന പരാജയം. കാര്യങ്ങള്‍ അറിയാതെയും പഠിക്കാതെയും ബന്ധപ്പെട്ടവരെ കേള്‍ക്കാതെയും തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് പ്രശ്‌നം. ചില പ്രശ്‌നങ്ങള്‍ക്ക് സഭയുടെ നിയമത്തില്‍ ഒരു പ്രതിസന്ധി പരിഹാരവും ഇല്ലാതെയും കിടക്കുന്നു. കാനോന നിയമമാണ് ഇവിടെ ഗൗരവമായി പരാജയപ്പെട്ടത്. മെത്രാന്മാരുടെ ധാര്‍മ്മിക പരാജയങ്ങള്‍ എങ്ങനെ സഭ പരിഹരിക്കണമെന്ന് ആലോചിച്ചിട്ടില്ല.

റിപ്പോര്‍ട്ട് വത്തിക്കാനെ അറിയിക്കുന്ന മറ്റൊരു കാര്യം സുന്ദരമായി കുര്‍ബാനയര്‍പ്പണങ്ങള്‍ എല്ലാ രൂപതകളിലും നടക്കുന്നു. പക്ഷേ, അവയില്‍ പങ്കെടുക്കാന്‍ ആളുകളില്ല. ''പങ്കാളിത്തത്തിന്റെ അഭാവമാണ് എല്ലായിടത്തേയും വേദന. ഞങ്ങളെക്കുറിച്ചു തീരുമാനങ്ങള്‍ ഞങ്ങള്‍ ഇല്ലാതെ വേണ്ട'' ജര്‍മ്മന്‍ സഭ ഉറപ്പിച്ചു പറയുന്നു. ഈ സിനഡു സമ്മേളനത്തില്‍ അംഗങ്ങള്‍ ഇരുന്നതു പരമ്പരാഗതമായ ഹയരാര്‍ക്കിയല്‍ ശൈലിയിലായിരുന്നില്ല. ഓരോരുത്തരുടെയും പേരിന്റെ ആദ്യാക്ഷരത്തിന്റെ അക്ഷരമാല ക്രമത്തിലായിരുന്നു. എന്തുകൊണ്ട്? രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഫ്രാന്‍സിസ് മാര്‍പാപ്പയും വ്യക്തമാക്കുന്നത് മാമ്മോദീസ സ്വീകരിച്ച് എല്ലാ ക്രൈസ്തവരും തമ്മിലുള്ള അടിസ്ഥാന സമത്വമാണ്. ക്രൈസ്തവര്‍ക്ക് വിശ്വാസ കാര്യങ്ങളില്‍ തെറ്റില്ല എന്ന അടിസ്ഥാന വിശ്വാസവുമുണ്ടിവിടെ. ഈ പൊതുസമത്വം അംഗീകരിച്ച് എല്ലാവരും ''വിശ്വാസബോധ''(sensus fidelium)ത്തില്‍ ഐക്യപ്പെടുന്നു.

കാര്‍ഡിനല്‍ ഹെന്റി ന്യൂമാന്‍ എഡിറ്റര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതു Rambler എന്ന കത്തോലിക്ക മാസികയില്‍ വിശ്വാസ കാര്യങ്ങളില്‍ വിശ്വാസികളോട് ആലോചിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്ന ലേഖനം 1859 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു. ലേഖനം എഴുതിയത് ഒരു അല്‍മായനായിരുന്നു. ഈ ലേഖനത്തെ പരിഹസിച്ചുകൊണ്ട് ന്യൂമാന്റെ രൂപതയില്‍ മോണ്‍. ജോര്‍ജ് ടാല്‍ബോട്ട് ചോദിച്ചു: ''അല്മായന്റെ മണ്ഡലം ഏതാണ്? നായാട്ട്, വെടി, ഉല്ലാസം'' - മാത്രമല്ല അദ്ദേഹം എഴുതി ''അല്‍മായന്റെ ഈ പ്രവണത നിയന്ത്രിച്ചില്ലെങ്കില്‍ കത്തോലിക്കാ സഭയില്‍ പരിശുദ്ധ സിംഹാസനവും മെത്രാന്മാരുമായിരിക്കില്ല ഭരിക്കുന്നത്.'' ന്യൂമാന്റെ മെത്രാന്‍ വരെ ചോദിച്ചു ''ആരാണീ അല്മായര്‍?'' ന്യൂമാന്‍ അതിന് ഉത്തരം പറഞ്ഞത് അല്മായരില്ലെങ്കില്‍ സഭ പരിഹാസ്യമായി കാണപ്പെടും എന്നാണ്. നൂറ്റാണ്ടിനപ്പുറം സംഭവിച്ചത് ഇന്നും നമ്മുടെയിടയില്‍ നിലനില്‍ക്കുന്ന ചിലരുടെ വീക്ഷണമാണ്. അതിവിടെ ഇതേ പരിഹാസത്തില്‍ പരസ്യമായി പറഞ്ഞവരുമുണ്ടല്ലോ.

ഇവര്‍ രഹസ്യമായി പേറുന്നതു സഭയുടെ ദൈവശാസ്ത്ര സമീപനമല്ല. മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവര്‍ക്കും ''വിശ്വാസ കാര്യങ്ങളില്‍ അതിഭൗതിക വിവേചന''യുണ്ട്. വിശ്വാസ കാര്യങ്ങളില്‍ അതിഭൗതിക വിവേചന ഉണര്‍ത്തുന്നതും നിലനിര്‍ത്തുന്നതും പരിശുദ്ധാത്മാവാണ്. തലമുറകളായി പകര്‍ന്നു ലഭിക്കുന്ന കാര്യങ്ങളിലും വചനങ്ങളിലും അവ മനസ്സിലാക്കുന്നതില്‍ ''വളര്‍ച്ച'' (growth in understanding) ഉണ്ടാകുമെന്നതു സഭയുടെ അടിസ്ഥാന പ്രബോധനമാണ്. ഈ അടിസ്ഥാന വിശ്വാസ ബോധ (sensus fidelium)ത്തിന്റെ അവകാശികള്‍ ക്രൈസ്തവരാണ്. അതിനു പ്രത്യേക വിദ്യാഭ്യാസമൊന്നും ആവശ്യമില്ല. വിശ്വാസ ബോധത്തിന്റെ കലവറകള്‍ അവരാണ്. അവരെ വിശ്വാസാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ എന്തിനു മാറ്റി നിറുത്തുന്നു? എന്നാല്‍ വിശ്വാസ ബോധത്തിന്റെ പ്രവാചക സ്വഭാവവും വിശ്വാസികള്‍ക്കാണ്. ഈ വിശ്വാസികളില്‍പ്പെട്ടവരാണ് വൈദികരും സന്യസ്തരും മെത്രാന്മാരും. അധികാരശ്രേണിയിലുള്ളവര്‍ മാത്രമാണ് വിശ്വാസികള്‍ എന്ന വിധത്തില്‍ പെരുമാറുന്നതു സാധാരണമായിരിക്കുന്നു. അവരെ കേള്‍ക്കാതെ എന്ത് സിനഡു സമ്മേളനം എന്നാണ് ജര്‍മ്മന്‍ മെത്രാന്മാര്‍ ചോദിക്കുന്നത്. വിശ്വാസബോധം (sensus fidelium) ഒരു പൊതുബോധമാണ് (consensus fidelium) സിനഡില്‍ ഉണ്ടാകേണ്ടത്. ജര്‍മ്മനിയിലെ പ്രശസ്തമായ സ്പീഗല്‍ (കണ്ണാടി) മാസിക ബര്‍ലിനിലെ ഈശോസഭ വൈദികനായ ക്ലാവുസ് മെര്‍റ്റെസിനോട് ചോദിച്ചു: ''26 ലക്ഷം കത്തോലിക്കര്‍ 1990 മുതല്‍ സഭ ഉപേക്ഷിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ തന്നെ 1,80,000 പേര്‍ സഭ വിട്ടു. സഭാധികാരികള്‍ ഇതു കാണുന്നില്ലേ?'' അദ്ദേഹം പറഞ്ഞു: ''അവര്‍ കാണുന്നില്ല. അവര്‍ ഇതില്‍ സംതൃപ്തരാണ്. യഥാര്‍ത്ഥ ക്രൈസ്തവര്‍ അവശേഷിക്കുന്നവരാണത്രെ!''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org