ആരാധന അരങ്ങേറ്റ സംഭവമാകണം

ആരാധന അരങ്ങേറ്റ സംഭവമാകണം

ഭരതമുനിയുടെ നാട്യശാസ്ത്രമാണ് കലയെ സംബന്ധിച്ച് ആധികാരികഗ്രന്ഥം. ഭരതമുനി നാട്യശാസ്ത്രത്തില്‍ നാട്യവേദത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. അതു നടനവും നാടകവുമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അനുഷ്ഠാനങ്ങള്‍ എല്ലാം തന്നെ നാട്യവേദങ്ങളില്‍പ്പെടുന്നു. അവയില്‍ ഏറ്റവും പ്രധാനമാണല്ലോ ദിവ്യപൂജ. ഏതു നാട്യനടപടിയും കളിയുമാണ്. കേളി എന്നതുകൊണ്ട് കാര്യമില്ലാത്ത കളിയാണ് എന്ന് അര്‍ത്ഥമില്ല. കുട്ടികള്‍ കളിക്കുന്നതു നോക്കു, കളിയിലെ നിസ്സാര കാര്യങ്ങള്‍ പോലും അവര്‍ അതിഗൗരവമായി എടുക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കളികള്‍ കാണുക. അതിലെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങള്‍പോലും അതിഗൗരവമായി മാറുന്നതു കാണാം. പക്ഷെ കളിയുടെ കേളി സ്വഭാവം എന്താണ്?
കളിയുടെ യഥാര്‍ത്ഥ കര്‍ത്താവ് കളിക്കാരനല്ല, കളി കാണുന്നവരുമല്ല, കളി തന്നെയാണ്. കളിയെടുത്തു കളിക്കാരേയും കാണികളെയും അമ്മാനമാടുകയാണ്; കളിപ്പിക്കുകയാണ്. കളിയാണ് എല്ലാം മറന്നു കളിയില്‍ ലയിക്കാന്‍ കാരണമാകുന്നത്. അതിനു കളിയാകണം. എല്ലാം ഗൗരവത്തോടെ കളിയുടെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. കളിക്കാരും കാണികളും കളിയുടെ മാന്ത്രികതയില്‍ അന്തംവിട്ട് കളിയില്‍ സ്വയം മറന്നു കളിക്കുന്നു. കളിക്കാരും കാണികളും സ്വയം മറക്കുന്ന മാന്ത്രികതയുണ്ടാക്കുന്നതായാലേ കളിയുണ്ടാകൂ. കളിയില്‍ കളിക്കാര്‍ ഇല്ലാതെ കളി മാത്രമാകുന്നു. അവര്‍ വേറെ ആരോ ആയി കളിയില്‍ തിമിര്‍ത്താടുകയാണ്. അവര്‍ എല്ലാം മറന്നു വേറെ ഏതോ ലോകത്തിലാണ്. ദുഃഖങ്ങള്‍ക്ക് അവധി കൊടുത്തു സ്വര്‍ഗ്ഗത്തില്‍ മുറിയെടുക്കുന്നതുപോലെ. പക്ഷെ, ഇവിടെ മദ്യമില്ല. പക്ഷെ ലഹരിയുണ്ട്. കളിയുടെ ലഹരിപിടിക്കാതെ കളിയുണ്ടാവില്ല.
കളിക്കുന്നത് ഒരു കാര്യമാണ്. കളി കാര്യത്തിന്റെ നിഴലാട്ടമാണ്. കളി അരങ്ങേറ്റമാണ്, കാണിക്കലും കേള്‍പ്പിക്കലുമാണ്. കളിയില്‍ പങ്കെടുക്കുന്നവര്‍ കളിയില്‍ മുഴുകണമെങ്കില്‍ കളി കാണുകയും കേള്‍ക്കുകയും മാത്രം പോരാ; കളി മനസ്സിലാക്ക ണം. മനസ്സിലാക്കാന്‍ കളിയുമായി ഒന്നാകുകയാണ്. ദിവ്യപൂജ അന്ത്യഅത്താഴവും അതിലൂടെ ദൈവത്തിനു ജീവനര്‍പ്പി ക്കുന്നതുമാണ് അവതരിപ്പിക്കുന്നത്. അതു കാണിക്കുന്ന ചിത്രങ്ങളിലൂടെ ചമയ നടനങ്ങളിലൂടെ രംഗപടങ്ങളിലൂടെ അതു കേള്‍പ്പിക്കുന്നു. വായനകളായി കീര്‍ത്ത നമായി. എല്ലാം ചേര്‍ത്ത കലാരൂപമാണ്. ഉള്‍ച്ചേരുന്നവര്‍ക്കു കളി അവരില്‍ നടക്കു കയാണ്. നടക്കുന്നതു മനസ്സിന്റെ ബോധമണ്ഡലത്തിലാണ്.
കളിയില്‍ ആമഗ്നമായി തന്നെ മറന്നു ആഴ്ന്നിരുന്നവന്‍ ശ്രദ്ധി ക്കുകയും കാണുകയും കേള്‍ക്കുകയുമായിരുന്നു. അത് അയാള്‍ കലാരൂപമായി രസിക്കുന്നു, ആസ്വദിക്കുന്നു, അനുഭവിക്കുന്നു. കളിക്കായി തന്നെ വിട്ടുകൊടുത്തവന്‍ തിരിച്ചുവരുന്നവര്‍ വ്യത്യാസത്തോടെ വരുന്നു.
കാരണം, മനസ്സിലാക്കിയതു വിശ്വാസവിഷയമാണ്. അതു തിരിച്ചുവരുന്നവനെ കൂടുതല്‍ സമ്പന്നനും ധന്യനുമാക്കുന്നു. താന്‍ വിട്ടുപോയ ലോകത്തെക്കുറിച്ചു വ്യത്യസ്തമായ കാഴ്ചപ്പാടോടെ തിരിച്ചുവരുന്നു. തന്റെ കേളിയിലായിരുന്ന ലോകം മാറ്റം ഉണ്ടാക്കുന്നു. ആ മാറ്റം എന്നിലാണ് എന്റെ ലോകത്തിലാണ്. അതു പുതിയ അര്‍ത്ഥവും ആശയവും കണ്ടെത്തുന്നതാണ്. അതില്‍ ഒരു ആഥിത്യമുണ്ട്, എന്തോ ആരോ കടന്നുവരുന്നു. കളിയില്‍ കണ്ടതും കേട്ടതും അപരനെയാണ്. അപരനെ ഉള്‍ക്കൊള്ളുക എന്ന ആതിഥ്യം. ഇതാണ് കലയുടെ ശക്തി. അതു കാണികളെയും കളിക്കാരേയും ബാധിക്കുന്നു. സംഭവിച്ചത് ഒരു സംവേദന സംഭവമാണ്. കാലത്തെ കാലാതീതമായത് സ്പര്‍ശിക്കുന്നു. ഈ അനുഭവം വെറും വൈകാരികമല്ല. കളിയില്‍ കണ്ടതും കേട്ടതുമായ കഥയുടെ പശ്ചാത്തലത്തിലാണ്. ഇന്ന് ഈ അഭാവം നടനത്തിന്റെയും നാട്യത്തിന്റെയും പിന്നിലെ കലയുടെ സത്യം മനസ്സില്‍ കയറി ആവസിക്കുന്നു. ദൈവത്തെക്കുറിച്ചു പറയാതിരുന്നും ദൈവത്തെക്കുറിച്ചും പറയാം. അതു കലയാണ്, ദൈവികമാണ്, മൂല്യസ്‌ഫോടനമാണ്. വിശ്വാസം എപ്പോഴും സങ്കല്പത്തിലാണ്, ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും പറയാതെ പറയുന്നിടത്ത് അനുഷ്ഠാനമുണ്ട്. ദൈവം ഇവിടെയില്ല, ദൈവം ഇവിടെ ഇല്ലാത്തവനുമല്ല. വിശുദ്ധമായത് പ്രേതം പോലെ കടന്നുവന്നു പിടികൂടുന്നു. ഈ മാന്ത്രികതയാണ് കലകൊണ്ടുവരുന്നത്. അവിടെ അനുഷ്ഠാനത്തിന്റെ രൂപങ്ങള്‍, ഭാഷണം, അടയാളങ്ങള്‍ എന്നിവയുടെ ഓരങ്ങളില്‍ ദൈവത്തിന്റെ പ്രേതമുണ്ട്. മനസ്സിലാക്കാവുന്നതു ഭാഷ മാത്രമല്ല. പുരാണങ്ങള്‍, വിശുദ്ധ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുകയല്ല, കൈമാറുകയാണ്. പഴമയെ എങ്ങനെ പുതിയതായി മനസ്സിലാക്കി പ്രകാശിപ്പിക്കാം എന്നതാണ് പ്രധാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org