പ്രാകൃതരെ കാത്തിരിക്കുന്നവര്‍

പ്രാകൃതരെ കാത്തിരിക്കുന്നവര്‍
Published on

പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള സംഭാഷണ ശ്രമങ്ങള്‍ പൊളിയുന്നതും അവ പ്രഹസനമാകുന്നതും കാണേണ്ടി വരുന്നു. എന്തുകൊണ്ട്? ജനാധിപത്യം എന്നതു സാഹിത്യമാണ്; സാഹിത്യം ജനാധിപത്യമാണ് എന്നെഴുതിയ ദരീദ ജനാധിപത്യം ഏതു മതത്തിനുള്ളിലും പുറത്തും സാധ്യമാകണമെങ്കില്‍ അതിനു പറ്റിയ ഇടം വേണമെന്ന് വ്യക്തമാക്കി. ഇവിടെ ഇടം എന്നതു ചര്‍ച്ചയുടെ പശ്ചാത്തലമാണ്. ചര്‍ച്ച സാധ്യമാകണമെങ്കില്‍ ഈ ഇടം അനിവാര്യമാണ്. അവിടെ അങ്ങനെ ഇടം ഉണ്ടാകുന്നത് ഇരുവിഭാഗങ്ങളും ''ഭീകരതകള്‍ ഉള്‍ക്കൊള്ളാന്‍ സന്നദ്ധമാകുന്ന'' ഇടമാണ്. പൊരുത്തപ്പെടാത്തത് അംഗീകരിക്കാന്‍ തയ്യാറാകുന്ന ഒരു മാനസ്സികാവസ്ഥയാണ് അര്‍ത്ഥമാക്കുന്നത്. ഒരു നാസ്സിയും യഹൂദനും സംസാരിക്കണമെങ്കില്‍ രണ്ടു കൂട്ടരും അംഗീകരിക്കുന്ന ഇടം വേണം. നമ്പൂതിരിയും പറയനും തമ്മില്‍ സംസാരിക്കാനും ഇതു വേണം. നമ്പൂതിരി തന്റെ ആഢ്യത മറക്കാനും പറയന്‍ തന്റേടത്തോടെ പറയുന്നതു മനസ്സിലാക്കാനും സന്നദ്ധമായ മനസ്സ് ഉണ്ടാകണം. എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ തയ്യാറാകുന്നത്? രണ്ടു വിഭാഗത്തിനും നഷ്ടമാകുന്നതും നഷ്ടപ്പെടാന്‍ പാടില്ലാത്തതുമായ എന്തോ ഒന്നിന്റെ പേരിലാണ് പരസ്പരം അംഗീകരിച്ചു കേള്‍ക്കാനും പറയാനും സന്നദ്ധരാകുന്നത്. നഷ്ടബോധത്തിന്റെയും അതു വീണ്ടെടുക്കാനുള്ള താത്പര്യവുമാണ് ഇവിടെ പ്രധാനം. ബ്രാഹ്മണന്റെയും പറയന്റെയും തനിമാബോധം അതേ വിധത്തില്‍ കാത്തുസൂക്ഷിച്ചാല്‍ സംഭാഷണം സാധ്യമല്ല. അവിടെ പരസ്പരം പറയുന്നതു കേള്‍ക്കില്ല മനസ്സിലാക്കില്ല. തനിമകള്‍ വേര്‍പെടുത്തുകയാണ്.

സംഭാഷണം സാധ്യമാകാന്‍ മനുഷ്യത്വത്തെ പരസ്പരം അംഗീകരിക്കണം. അപരന്‍ പ്രാകൃതനല്ല എന്നെപ്പോലെയുള്ള മനഷ്യനാണ് എന്ന് അംഗീകരിക്കണം. ഞാന്‍ വായിക്കുന്ന ബൈബിള്‍ അപരനും വായിക്കാന്‍ കഴിയും; എന്നെപ്പോലെ യുക്തി സഹമായി ചിന്തിക്കാനും സംസാരിക്കാനും സാധിക്കും എന്ന് അംഗീകരിക്കണം. ഈ അംഗീകാരമുണ്ടായാല്‍ പരസ്പരമുള്ള അതിരുകള്‍ കടക്കാന്‍ മനസ്സില്‍ ഇടമുണ്ടാകും. അതല്ലെങ്കില്‍ അതിര്‍ത്തികള്‍ക്ക് അപ്പുറവും ഇപ്പുറവും കടക്കാന്‍ സാധിക്കാതെ ഞങ്ങള്‍ ശരിയാണ് എന്ന് രണ്ടു ഭാഗവും ചിന്തിച്ചുറപ്പിച്ച ഉറപ്പില്‍ ഇരിക്കും. മറ്റുള്ളവര്‍ തെറ്റാണ് എന്ന് ഉറച്ചിരിക്കുന്നവര്‍ക്കു സംഭാഷണം സാധ്യമല്ല. ചിലര്‍ എന്നിട്ടും സംഭാഷണത്തിനു വാതില്‍ തുറക്കും. അതു തുറക്കലല്ല; അപരനു കെണിവയ്ക്കലാണ്. എന്റെ ശരി അപരനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള തന്ത്രം. തന്ത്രം എപ്പോഴും യുദ്ധതന്ത്രമാണ്. പരസ്പരം ശരിയാണ് എന്ന നിലപാടില്‍ നില്‍ക്കുമ്പോഴും അതുമൂലം കാര്യമായ എന്തോ നഷ്ടമാകുന്നു എന്ന ദുഃഖമുണ്ടാകുമ്പോള്‍ മാത്രമാണ് നിലപാടുകളെ ആപേക്ഷികമായി കാണാന്‍ കഴിയൂ.

ലെവീനാസ് എഴുതി ''മനുഷ്യജീവിതത്തില്‍ ഗൗരവമായത് ബൈബിളും ഗ്രീക്കുകാ(യുക്തി)രുമാണ് നല്കുന്നതു, മറ്റെല്ലാം വെറും നൃത്തമാണ്. ഈ കൃതികള്‍ ലോകത്തിനു മുഴുവന്‍ തുറന്നു കിടക്കുന്നു.'' തോമാശ്ലീഹായെ ക്രിസ്തുവിനു മുകളില്‍ പ്രതിഷ്ഠിച്ചാല്‍ നമുക്കു ക്രിസ്തുവിനെ നഷ്ടമാകും. പലപ്പോഴും നമ്മുടെ തനിമകള്‍ നമ്മുടെ ശത്രുക്കളാകും. പ്ലേറ്റോ സംഭാഷണമാണ് തത്വചിന്ത എന്നു പറഞ്ഞവനാണ്. പക്ഷേ, ഭരിക്കുന്നവര്‍ സ്വര്‍ണ്ണം കൊണ്ടും ഭരിക്കപ്പെടുന്നവര്‍ ഇരുമ്പുകൊണ്ടും ഉണ്ടാക്കപ്പെട്ടവരാണ് എന്നു പറഞ്ഞപ്പോള്‍ രണ്ടു കൂട്ടരും തമ്മില്‍ സംഭാഷണം സാധ്യമല്ലാതായി. അധികാരി കൊക്കുകളും അധീനര്‍ കാക്കകളുമായി. ഇവിടെ ഇതിനു പ്ലേറ്റോ അടിസ്ഥാനമാക്കിയത് ഒരു കഥയാണ്. അങ്ങനെ അകറ്റുന്ന കഥകള്‍ പലതും നമ്മുടെ ഇടയിലുമുണ്ട്. അങ്ങനെ ഒരുവന്റെ സ്ഥാനം നിലനിര്‍ത്തുന്നതാണ് നീതി എന്ന് പ്ലേറ്റോ നിര്‍വചിച്ചു. സ്വന്തം വര്‍ഗ നിലനില്പ് മുറുകെപ്പിടിക്കുമ്പോള്‍ സ്‌നേഹത്തിന്റെ ദൈവം അപ്രത്യക്ഷമാകും.

സാഹിത്യത്തിനു നോബല്‍ സമ്മാനം ലഭിച്ച ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്റെ പുതിയ നോവലാണ് 'കിരാതരെ കാത്ത്'' (wainting for the barbarians). നോവലില്‍ രണ്ടു പ്രധാന കഥാപാത്രങ്ങളുണ്ട്. ഒരു ന്യായാധിപനായ മജിസ്‌ട്രേറ്റും, സൈന്യാധിപനായ കേണലും. കേണല്‍ പട്ടാളത്തെക്കൊണ്ട് റിപ്പബ്‌ളിക്കിനെ ആക്രമിക്കാന്‍ വരുന്ന കാപ്പിരികളെ കാത്തുനില്‍ക്കുന്നു. പക്ഷേ, മജിസ്‌ട്രേറ്റ് പറയുന്നു, ''നല്ല കാലങ്ങളില്‍ റിപ്പബ്‌ളിക്കു പറയുന്ന നുണയാണ് ഞാന്‍. എന്നാല്‍ കൊടുങ്കാറ്റ് അടിക്കുമ്പോള്‍ റിപ്പബ്ലിക്ക് പറയുന്ന സത്യമാണ് കേണല്‍. സാമ്രാജ്യത്തിന്റെ രണ്ടു വശങ്ങള്‍ അത്രതന്നെ.'' അലഞ്ഞുതിരിഞ്ഞ് വിറക് പെറുക്കാനും മീന്‍പിടിക്കാനും വരുന്ന കറുത്തവര്‍ഗക്കാരായി മാറുന്നു കാപ്പിരികള്‍. അവരെ പിടിച്ചു പീഡിപ്പിക്കുന്നതാണ് രാഷ്ട്രത്തിന്റെ പ്രതിരോധം! ഇവിടെയാണ് മജിസ്‌ട്രേറ്റ് മനസ്സില്ലാമനസ്സോടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയില്‍ അറിയാതെ വിധേയമായി അതിനോടു രാജിയാവുന്നത്. നോവലിന്റെ ആരംഭത്തില്‍ രണ്ടു പേരും കാണുന്നത് വിവരിക്കുന്നു. ന്യായാധിപന്‍ മുകളില്‍ നിന്നു എല്ലാം കാണുന്നു മനുഷ്യവികാരങ്ങള്‍ കാണാന്‍ അയാള്‍ക്കു കഴിയുന്നില്ല. കേണല്‍ കറുത്ത കണ്ണടവച്ചാണ് നടക്കുക. അയാള്‍ അന്ധനാണോ എന്നു ന്യായാധിപനു സംശയം. അയാളുടെ മുഖത്തു തുറിച്ചു നോക്കുന്നതുപോലും അയാള്‍ കാണുന്നില്ല. എന്താണ് കാണാത്തത്? അവര്‍ക്കു വിധേയപ്പെട്ട കറുത്ത സ്ത്രീയുടെ ശരീരം; പീഡിപ്പിക്കപ്പെട്ട വിധേയപ്പെട്ടവളുടെ ഉറക്കം. അധികാരമണ്ഡലം കാണാത്ത ദൃശ്യങ്ങള്‍. അധികാരികള്‍ കാപ്പിരികളെ കാത്തിരിക്കുന്നു: പിടിച്ചു കൂട്ടിലടക്കാന്‍ - ഉപയോഗിക്കാന്‍.

ഫ്രഞ്ചു വിപ്ലവത്തിന്റെ ഒരു സാക്ഷ്യം വെറുതെ ഓര്‍മ്മിച്ചു പോകുന്നു: ''ഫ്രഞ്ചു വിപ്ലവത്തെ വ്യത്യസ്തമാക്കുന്നതും അനന്യമാക്കുന്നതും അതിന്റെ മൗലിക തിന്മയിലാണ്; നിരീക്ഷകന്റെ കണ്ണില്‍ നന്മയുടെ ഒരു അംശം പോലും കാണാനാകാത്തതാകുന്നു. അതു ജന്മം മുതല്‍ അക്രമമാണ്. വിശദീകരിക്കാനാവാത്ത ഉന്മാദം; അന്ധമായ തീവ്രത, കുറ്റകൃത്യങ്ങള്‍ക്കിടയില്‍ തമാശ പറയുന്നു പുതിയ ഭീകരത. ധാര്‍മ്മികതയുടെ ബലക്ഷയവും അഭിപ്രായങ്ങളുടെ വൈവിധ്യവും നട്ടെല്ലില്ലാത്ത ഭരണകൂടങ്ങളും പരിഗണിക്കുമ്പോള്‍ രണ്ടു സാധ്യതകളില്‍ തത്വചിന്ത വന്നു നില്‍ക്കുന്നു. മനുഷ്യവര്‍ഗം നശിക്കും, അല്ലെങ്കില്‍ ക്രൈസ്തവികത അസാധാരണമാംവിധം ഉണര്‍ന്നെഴുന്നേല്ക്കും.''

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org