ആള്‍ക്കൂട്ടത്തില്‍ ഒളിക്കുന്നവര്‍

ഹെന്റി എട്ടാമന്‍ രാജാവ്
ആള്‍ക്കൂട്ടത്തില്‍ ഒളിക്കുന്നവര്‍

ഹെന്റി എട്ടാമന്റെ കാലത്ത് രക്തസാക്ഷികളായ ബിഷപ് ജോണ്‍ ഫിഷറിന്റെയും തോമസ് മൂറിന്റെയും കഥകളാണ് റോബര്‍ട്ട് കൊന്‍ട്രാഡ് എഴുതിയത്: John Fisher and Thomas More: Keeping their souls while losing their heads. ഇതില്‍ ജോണ്‍ ഫിഷറിനെ സംബന്ധിക്കുന്ന ഒരു രംഗമുണ്ട്. അതു ഹെന്റി എട്ടാമന്റെ കല്യാണത്തെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള വത്തിക്കാന്‍ കമ്മീഷന്‍ ലണ്ടനില്‍ ബ്ലാക്ക് ഫ്രയേഴ്‌സിന്റെ വലിയ സമ്മേളനഹാളിലാണ്. ഹെന്റി VIII രാജാവിന്റെ വലതുവശത്തു രണ്ടു വത്തിക്കാന്‍ കാര്‍ഡിനല്‍മാരും അടുത്ത് രാജ്ഞി കാതറൈനും. അതിനടുത്ത് അവരുടെ ഉപദേശകന്‍ ബിഷപ് ജോണും കാന്റര്‍ബറി മെത്രാപ്പോലീത്തയും സ്ഥലത്തെ മെത്രാന്മാരും ഇരിക്കുന്നു. കാതറൈനെ ഉപേക്ഷിച്ച് രാജാവ് ആനിബോളിനെ വിവാഹം ചെയ്തു. ആ രംഗം ഇങ്ങനെ.

''ഹെന്റി രാജാവ് തന്റെ സംശയങ്ങള്‍ ഈ മണ്ഡലത്തിലെ എല്ലാ മെത്രാന്മരുടെയും മുമ്പില്‍ വച്ചു. അതൊക്കെ നിങ്ങള്‍ക്കറിയാം. ആരും വിസമ്മതിച്ചില്ല. രാജാവ് പറഞ്ഞു: ''നിങ്ങള്‍ എഴുതി ഒപ്പും സീലും വച്ചത് എന്റെ കയ്യിലുണ്ട് (കാണിക്കുന്നു). അതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചു.'' കാന്റര്‍ബറി ആര്‍ച്ചുബിഷപ് പറഞ്ഞു: ''അതാണ് സത്യം, നിങ്ങള്‍ അറിയാന്‍വേണ്ടി. ഇവിടെയുള്ള എന്റെ സഹോദരന്മാര്‍ ഇത് ഉറപ്പാക്കും എന്ന് എനിക്കു സംശയമില്ല.''

ഒരു നിശ്ശബ്ദത പരന്നു. രാജാവ് മെത്രാന്മാരുടെ പറയാതെ പറയുന്ന സമ്മതത്തിനുവേണ്ടി കാത്തിരുന്നു. ആ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് രാജ്ഞിയുടെ ഭാഗത്തുനിന്നുണ്ടായി, ''ക്ഷമിക്കണം, ഞാന്‍ ഇല്ല, എന്റെ സമ്മതം ഇതിലില്ല.'' ബിഷപ് ഫിഷറിന്റെ ശബ്ദം.

രാജാവ് കോപത്തോടെ തിരിഞ്ഞു. അദ്ദേഹത്തിന്റെ പക്കലുള്ള അംഗീകാരപത്രവും ഒപ്പും കാണിച്ചു. ''ഇവിടെ നോക്കൂ. ഇതു താങ്കളുടെ ഒപ്പും സീലുമല്ലേ.''

''സത്യമായും അല്ല. ഇത് എന്റെ ഒപ്പും സീലുമല്ല.'' ബിഷപ് ഫിഷര്‍ ധീരമായി പറഞ്ഞു. സംശയത്തോടെ നോക്കിയ രാജാവിന്റെ ഊഹം ആര്‍ച്ചുബിഷപ് ഉറപ്പാക്കി. അതു നേരിട്ട് ബിഷപ്പ് ഫിഷര്‍ പറഞ്ഞു. ''അതല്ല, മറ്റു മെത്രാന്മാര്‍ ചെയ്തതുപോലെ ചെയ്യണമെന്നു പറഞ്ഞിരുന്നു. പക്ഷേ, അങ്ങയോട് അതിനു സമ്മതം പറഞ്ഞിരുന്നില്ല. കാരണം അത് എന്റെ മനസ്സാക്ഷിക്കു വിരുദ്ധമാണ്. എന്റെ ഒപ്പും സീലും അതിനുണ്ടാകില്ല.''

പ്രശ്‌ന പരിഹാരത്തിനു വഴി തേടുന്ന വിധം ആര്‍ച്ചുബിഷപ് പറഞ്ഞു: ''താങ്കള്‍ ശരിയാണ്; താങ്കള്‍ പറഞ്ഞിരുന്നു. പക്ഷേ, താങ്കള്‍ പ്രേരിതനായി അംഗീകരിച്ച് ഒപ്പുവയ്ക്കുമെന്നു ഞാന്‍ കരുതി.'' തനിക്ക് എതിരായി നില്‍ക്കുന്ന സമ്മേളനഹാളിലെ എല്ലാവരുടെയും മുമ്പില്‍ പറഞ്ഞു, ''ഇതു നുണയാണ്.''

ഹാളില്‍ വീര്‍പ്പുമുട്ടുന്ന നിശ്ശബ്ദത. ആര്‍ച്ചുബിഷപ്പ് ഒന്നും പറഞ്ഞില്ല. രാജാവ് അദ്ദേഹത്തെ പ്രതിരോധിക്കാനും മുതിര്‍ന്നില്ല. ഫിഷര്‍ പറഞ്ഞത് അംഗീകരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ് പറഞ്ഞു, ''ഇതൊരു പ്രശ്‌നമാക്കണ്ട. താങ്കളുമായി വാഗ്‌വാദത്തിനുമില്ല. പക്ഷേ, താങ്കള്‍ ഒരാള്‍ മാത്രമാണ്.''

രാജാവ് പറഞ്ഞു, ''ഒരാള്‍ മാത്രം.''

ഈ ഒരാള്‍ മാത്രമാണ് ഈ ഹാളില്‍ സത്യത്തിന്റെ സ്വരമായിരുന്നത്. ബാക്കി എല്ലാവര്‍ക്കും എന്തുപറ്റി? എല്ലായിടത്തും എപ്പോഴും പറ്റുന്നതു പറ്റി. ആള്‍ക്കൂട്ടത്തില്‍ ഒളിച്ചു. അധികാരത്തിന്റെ സമ്മര്‍ദത്തില്‍ അവര്‍ നിശ്ശബ്ദരാക്കപ്പെട്ടു. ഒപ്പും സീലും വച്ചുകൊടുത്തു. അവര്‍ അങ്ങനെ സ്വന്തം തലകള്‍ സംരക്ഷിച്ചു, കസേരകള്‍ നിലനിര്‍ത്തി. അവരുടെ മെത്രാന്‍ സ്ഥാനവും വ്യക്തിത്വവും മരിച്ചു. രാജാവ് ഫിഷറിന്റെ തലവെട്ടി, ഫിഷര്‍ മഹത്വത്തോടെ ഇന്നും ജീവിക്കുന്നു. വളരെ പ്രസക്തമായ ഒരു വാചകം സോക്രട്ടീസ് പറഞ്ഞു, ''ലോകം മുഴുവന്‍ എതിരാകുന്നതാണ് തന്നോടുതന്നെ താന്‍ എതിരാകുന്നതില്‍ ഭേദം.'' ഇതാണ് മനസ്സാക്ഷിയുടെ ശബ്ദം.

ഇങ്ങനെ ഒരാള്‍ പോലും ഇല്ലാതാകുന്ന ചരിത്ര സന്ദര്‍ഭങ്ങളുണ്ട്. അവിടെ മനസ്സാക്ഷികള്‍ ഇല്ലാതാകുന്നു. മനസ്സാക്ഷികള്‍ അധികാര സമ്മര്‍ദത്തില്‍ ഇല്ലാതാകും. ഇതേ സമ്മര്‍ദം വര്‍ഗീയവും ജാതീയവും സമുദായികവുമാകുന്നു.

''പൊതുബോധം'' (common sense) എന്നത് എല്ലാവര്‍ക്കും ബാധകമാണ്. പൊതുബോധത്തോടു ചേര്‍ന്നുനില്‍ക്കണം. പക്ഷേ, എന്താണ് പൊതുബോധം? അതു പ്ലേറ്റോയുടെ ഗുഹയില്‍ അടച്ചുപൂട്ടുന്ന പൊതുബോധമാണോ? സമുദായത്തിന്റെയും ഗോത്രത്തിന്റെയും ജാതിയുടെയും ഗുഹയ്ക്കു പുറത്തുകടക്കാന്‍ കഴിയാത്ത പൊതുബോധമാണോ? പണ്ട് കാന്റ് പറഞ്ഞു, ''എനി ക്കു മണ്ണ് തരിക, ഞാന്‍ ലോകം പണിയാം, മണ്ണുതരിക അതില്‍ നിന്ന് ഒരു ലോകം വികസിക്കുന്നതു ഞാന്‍ കാണിക്കാം'' മണ്ണില്‍ത്തന്നെ ലോകം കാണാന്‍ കഴിയാത്തവര്‍ മണ്ണില്‍ മുങ്ങിപ്പോകും. മനുഷ്യനു മാത്രം ഗോത്രത്തിനും സമുദായത്തിനും ജാതിക്കും പുറത്തേക്കു കടന്നുനിന്ന് ചിന്തിക്കാം. സമുദായത്തിന്റെ പൊതുബോധത്തിനു പുറത്തുകടന്നു സാങ്കല്പികമായി ആളുകളുമായി ബന്ധപ്പെടാം. അവിടെയാണ് ചിന്ത വികസിക്കുന്നത്. അതു വികസിക്കാത്തതായാല്‍ സങ്കുചിതമായാല്‍ വര്‍ഗീയമാകും മൗലികവാദത്തിനടിപ്പെടും. സ്വന്തം ജീവിതത്തിന്റെ പരിസരത്തിനു പുറത്തേക്കു സങ്കല്പിക്കാനും ചിന്തിക്കാനും കഴിയാത്തവര്‍ അപകടകരമായി മണ്ണിന്റെ ചിന്തയില്‍ മൗലികവാദികളാകും. ഈ അപകടം ഈ കാലഘട്ടത്തിന്റേതാണ്. ഒരു വശത്തു ആഗോളീകരണം മറുവശത്തു മൗലികവാദങ്ങള്‍. മനുഷ്യന്‍ ഒരു ഇറങ്ങി ചിന്തിക്കലാകണം. സ്വന്തം മണ്ണിനു പുറത്തേക്കു കടന്നു സങ്കല്പിക്കാനും ബന്ധപ്പെടാനും ആലോചിക്കാനും കഴിയുമ്പോഴാണ് ചിന്ത വികസിക്കുന്നത്. ഈ ചിന്തയുടെ സങ്കുചിതത്വം നമ്മെ ഭരിക്കുന്നുവെന്ന് ആശങ്കെപ്പടുന്നു. അതു മനസ്സാക്ഷിയുടെ മരവിപ്പാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org