ഒന്നായ ഞാന്‍ രണ്ടാകുമ്പോള്‍

ഒന്നായ ഞാന്‍ രണ്ടാകുമ്പോള്‍

സംവേദനം എന്നതിന്റെ അടിസ്ഥാനമെന്ത് എന്നു ചോദിക്കാം. അതു ഭാഷയാണോ, നിശബ്ദതയാണോ? രണ്ടുമല്ല. അതു മുഖാമുഖമാണ് - ഈ പാരസ്പര്യത്തിലാണ് ഭാഷയുണ്ടാകുന്നത്. പക്ഷെ മുഖാമുഖം എന്നിടത്തു രണ്ട് മുഖങ്ങളുണ്ട്. ആരുടെയാണീ രണ്ടു മുഖങ്ങള്‍? ഉത്തരം വളരെ ലളിതമാണ്, സങ്കീര്‍ണ്ണവുമാണ്. മറ്റൊരുമല്ല മറ്റൊരുവന്റെ മരണമാണ്. അടുപ്പത്തിലായിരുന്നവന്റെ മരണം - നിത്യമായ പോക്കാണ്, അസഹ്യമായ അസാന്നിദ്ധ്യമാണ്. അതു വിലാപമുണ്ടാക്കുന്നു. അപ്രത്യക്ഷമായതിനെ വിടാന്‍ തയ്യാറില്ലാത്ത ഏതോ ഒഴിവാക്കാനാവാത്ത ബന്ധം വല്ലാതെ വേദനിപ്പിക്കുന്നു. ആ വേദന ബന്ധത്തെ ബന്ധമില്ലാത്ത ബന്ധമായി തുടരുന്നു. വേദനിപ്പിക്കുന്ന വിരഹം, വേദനിപ്പിക്കുന്ന അസാന്നിദ്ധ്യം അളക്കാനാവാത്ത ബന്ധം. ബന്ധം നിഷേധിക്കാന്‍ തയ്യാറില്ലാതെ അതു കടന്നുപോയവനിലേക്കു കടക്കുന്നു. സ്‌നേഹിക്കുന്നു. അപ്പുറത്തേയ്ക്ക് കടന്നു, സ്‌നേഹിക്കുന്നു. സ്‌നേഹം മനുഷ്യന്റെ അസ്തിത്വത്തിന്റെ വേലിയില്‍നിന്നു വിറകൊള്ളുന്നതുപോലെ. സ്‌നേഹം അപ്പുറത്തേക്കു കുത്തിയൊലിക്കുന്നു. മരണത്തെ നിഷേധിക്കുന്ന സ്‌നേഹം അനുഭവിക്കുന്നു. പരിമിതമായ അസ്തിത്വം ഉന്മാദിനിയായി പുറത്തേക്ക് ഒഴുകുന്നു. ഭൗതികത അതിഭൗതികതയായി മാറുന്നു. ഭൗതികത ആത്മീയത സ്വീകരിക്കുന്നതുപോലെ. ഇതു സംഭവിക്കുമ്പോള്‍ എന്നില്‍ എന്താണ് ഉണ്ടാകുക? മരണപ്പെട്ടവന്റെ മുഖം എന്നില്‍ സൃഷ്ടിക്കുന്നത് ഒരു വിഭജനമാണ്. ഞാന്‍ എന്ന ഏകം രണ്ടായി പിരിയുന്നു, വിഭജിക്കു ന്നു. ഞാന്‍ വിഭജിതനാകുന്നു. ഞാനും ഞാനും മുഖാമുഖമാകുന്നു. ഞാന്‍ എന്നെ മുഖമാക്കുന്നത് എന്റെ ആ ന്തരികതയിലെ ആത്മവിമര്‍ശനമാണ്. ഞാനും ഞാനും തമ്മിലുള്ള ഈ മുഖാമുഖം ഞാനും ഞാനുമായുള്ള സംഭാഷണമാണ്. അതിന്റെ കാരണം അപരനാണ്. ഞാന്‍ എന്നെ കണ്ടെത്തുന്നത് അപരനെ കണ്ടെത്തിയാണ്. എനിക്കും എനിക്കും ഇടയില്‍ ഒരു ഇടമാണ് ഉണ്ടാകു ന്നത്്. ഞാന്‍ ഞാനുമായി വിഘടിച്ച് വിഭജിതനായി. ആ ഇടത്തിലാണ് ഞാന്‍ എന്നെ വിലയിരുത്തുന്നത്. അതില്‍ നിന്നാണ് ഞാന്‍ ഒരു വിധിയെഴുതുന്നത്. ഈ ഇടമാണ് വിശുദ്ധമായ ഇടം എന്നു വിളിക്കാവുന്നത്. ഇതിനെ മനസ്സാക്ഷി എന്നും വിളിക്കാം. ഞാന്‍ കണ്ണാടി നോക്കുന്നു എന്നെ വിലയിരുത്തുന്നു, അതില്‍ ഞാന്‍ എന്നെ കുറ്റപ്പെടുത്തുന്നു. അവിടെ ഏതോ അളക്കലുണ്ട്, മാനദണ്ഡ ങ്ങള്‍ കൊണ്ടുള്ള നിര്‍ണ്ണയം. എനിക്കങ്ങനെ ചോദ്യം ചെയ്യാന്‍ എന്തുകൊണ്ട് കഴിയുന്നു? ഞാന്‍ എന്നില്‍ നിന്നു വേര്‍പെട്ട എന്റെ അതിശയിക്കുന്നതു എന്നിലുള്ളതുകൊണ്ട്. എന്നെ അതിലംഘിക്കുന്നത് എന്നിലാണ്. അതാണ് എന്റെ സംവേദനത്തിന്റെ അടിസ്ഥാനം.

ഞാന്‍ എന്റെ മേല്‍ ആണിവയ്ക്കപ്പെട്ടവനല്ല. ഞാന്‍ എന്നില്‍ നിന്നു മാറിനില്‍ക്കാനും എന്നെ മാറ്റിനിന്നു നോ ക്കി വിലയിരുത്താനും കഴിവുള്ളവനാണ്. ആ വെളിച്ചം അതിന്റെ സ്‌നേഹം പുറത്തുനിന്നു വരുന്നു എന്ന് അറിയു ന്നു. എന്നെ സ്വര്‍ത്ഥതയെ അങ്ങനെ കാണാന്‍ എനിക്കു കഴിയുന്നു എന്നതുതന്നെ ആശ്ചര്യപ്പെടുത്തുന്നു.

ഇത് എനിക്ക് എങ്ങനെ കഴിയുന്നു? കാരണം എന്നെ ക്കാള്‍ കൂടുതല്‍ എന്നിലുണ്ട്. ഞാന്‍ ഞാനായിരിക്കുന്നത് അപരന്റെ മുഖത്തുനിന്നാണ്. ലോകത്തില്‍ ജീവിച്ചുകൊണ്ട് നടത്തുന്ന മുഖാമുഖങ്ങള്‍ എന്നെ അതു പഠിപ്പിക്കുന്നു. അതുകൊണ്ടു തന്നെ എനിക്കുള്ളതിലധികം അപരനു കൊടുക്കാനും എനിക്കു കഴിയുന്നു. പരസ്പരമുള്ള അന്യതയില്‍ മുഖാമുഖത്തില്‍ സംവേദനമുണ്ട്, സംഭാഷണം ജനിക്കുന്നു. അത് സ്വാഭാവികമായി നടക്കുമ്പോഴും അതു അകത്തു നടന്ന ഞാനും ഞാനുമായുള്ള നിശബ്ദമായി സംഭാഷണത്തിന്റെ ആന്തരികതയുടെ ഫലമാണ്. അത് അവിടെ നടന്ന നിര്‍ണ്ണയമാണ് ഭാഷയായി, പാരസ്പര്യമായി ആതിഥ്യമായി ഒഴുകുന്നത്. എന്റെ അഹത്തില്‍ നിന്നു പിന്‍വലിയാന്‍ എന്നെ നിര്‍ബന്ധിക്കുന്നതു ഞാന്‍ തന്നെയാണ്. അതു എനിക്ക് എന്തുകൊണ്ട് കഴിയുന്നു എന്നതിനു വിശദീകരണമില്ല. ഞാന്‍ അങ്ങനെയാണ് എന്നു മാത്രമേ പറയാനുള്ളൂ അങ്ങനെയാകാത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട് എന്ന കുറ്റബോധവും എനിക്കുണ്ട്. ആ കുറ്റബോധം ജനിക്കുന്ന ഇടമാണ് പരിശുദ്ധം എന്നു വിളിക്കുന്നത്. അതിനപ്പുറം പറയാന്‍ നമുക്കു എന്ത് തെളിവുണ്ട് എന്നതു വ്യക്തമല്ല. നമ്മുടെ ഇടയില്‍ സ്‌നേഹമുണ്ട്, നന്ദിയുണ്ട്, കരുണയുണ്ട്, ആതിഥ്യമുണ്ട്. ദൈവികതയുടെ ഛിന്നഭിന്നമായ ശകലങ്ങള്‍ പോലെ. വിശ്വാസം വിശ്വസിക്കുന്നതിലല്ല അതൊരു സ്ഥാ യീഭാവമാണ്. വിശ്വസ്തത എന്തിലാണ്? വിശ്വസ്തതയോടു തന്നെ. വിശ്വാസം അതുണ്ടാക്കുന്ന കര്‍മ്മങ്ങളാണ്. ഏതോ അധികം ആയിരുന്നു ഉണ്ടാക്കുന്ന കര്‍മ്മങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org