നാസികള്‍ യഹൂദരെ വെറുത്തത് എന്തുകൊണ്ട്? ഈ ചോദ്യം ഉന്നയിച്ചതു രണ്ടു പ്രശസ്ത യഹൂദരാണ്. ഫ്രോയിഡും ജോര്‍ജ് സ്റ്റെയിനറും. നാസികള്‍ മാത്രമല്ല, നൂറ്റാണ്ടുകളിലൂടെ യഹൂദര്‍ വെറുക്കപ്പെടുകയും കാരണമില്ലാതെ അക്രമിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഇതു വിശദമായി അപഗ്രഥിക്കുന്നതു ഫ്രോയിഡാണ് - 'മോസ്സസും ഏക ദൈവവിശ്വസവും' - എന്ന ഗ്രന്ഥത്തില്‍. യഹൂദരെ യഹൂദരാക്കിയതു മോസ്സസാണ്. അദ്ദേഹം യഹൂദനായിരുന്നില്ല, ഈജിപ്ഷ്യന്‍ രാജകുടുംബാംഗമായിരുന്നു എന്ന് ഫ്രോയിഡ് പറയുന്നു. യഹൂദര്‍ വെറുക്കപ്പെട്ടവരായത് അവരുടെ ഏക ദൈവവിശ്വാസം മൂലമാണ്. മോസ്സസിന്റെ ദൈവം വിഗ്രഹങ്ങള്‍ അനുവദിക്കുന്നില്ല. മനസ്സില്‍ ഒരു രൂപവുമില്ലാത്ത ദൈവചിന്ത. എല്ലാ വിഗ്രഹങ്ങളെയും എല്ലാ പേഗന്‍ മതങ്ങളേയും എതിര്‍ക്കുന്നു. മതം അങ്ങനെ ഒരു മാനസിക പ്രശ്‌നമായി - ശുദ്ധമായ ചിന്ത, ബൗദ്ധികത - അതാണ് യഹൂദര്‍ക്ക് മതം. അത് അവര്‍ നിര്‍വഹിച്ചതു വിശുദ്ധ ലിഖിതത്തിലാണ്. ലിഖിത വ്യാഖ്യാനത്തിന്റെ ശുദ്ധ ബൗദ്ധികത മാത്രമല്ല ദൈവാരാധന വെറും ധാര്‍മ്മികതയുടെ അരുതുകളുടെ കല്പനകളായി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ ധര്‍മ്മമനുഷ്ഠിക്കണം.
ആഗ്രഹത്തിന്റെയും സ്വഭാവിക പ്രവണതകളുടെയും അടിച്ചമര്‍ത്തലാണ് ഇതാവശ്യപ്പെടുന്നത്. അക്രമസ്വഭാവത്തെ അടിച്ചമര്‍ത്തുന്നു. പക്ഷെ, അടിച്ചമര്‍ത്തിയതു വലിയ തിരിച്ചടിയായി തിരിച്ചു വരും. മോസ്സസിനെ യഹൂദര്‍ തന്നെ കൊന്നു. കൊല്ലപ്പെട്ടവന്‍ വലിയ പ്രവാചകനായി തിരിച്ചു വരുന്നു. അതു പിന്നെയും ഉണ്ടാകുന്നു. പ്രവാചകര്‍ കൊല്ലപ്പെടുന്നു. യഹൂദര്‍ തന്നെ അവര്‍ക്ക് സ്മാരകങ്ങള്‍ ഉണ്ടാക്കുന്നു. യേശു മറ്റൊരു മോസ്സസായിരുന്നു. യേശുവിനെ യഹൂദര്‍ കൊന്നു. പക്ഷെ, കൊല്ലപ്പെട്ടവര്‍ തിരിച്ചുവന്നു; പ്രവാചകരായി. നാസ്സികള്‍ വെറുത്തതു യഹൂദരെ മാത്രമല്ല ക്രൈസ്തവരെയുമാണ്. ലോകത്തില്‍ സംസ്‌കാരം ഉണ്ടാക്കുന്നവരായി അവര്‍. നാസ്സിസം ഫ്രോയ്ഡ് കാണുന്നതു കഠിനമായ ഏകദൈവവിശ്വാസത്തിന്റെയും കഠിനമായ ധര്‍മ്മത്തിന്റെയും സംസ്‌കാരത്തില്‍ നിന്നുണ്ടാകുന്ന തിരിച്ചടിയാണ്. അടിച്ചമര്‍ത്തിയ അക്രമം തിരിച്ചുവരുന്നു; പ്രതികാരത്തോടെ.
ഏതു നാഗരികതയും അക്രമത്തെ അടിച്ചൊതുക്കിയ കഥയാണ്. ആ കഥ അനിവാര്യമായി അക്രമത്തിന്റെ കഥയുമാണ്. സ്‌നേഹത്തിന്റെയും ആദരവിന്റെയും പിന്നില്‍ ഭീകരമായ അക്രമം തന്നിലേക്കുതന്നെ പ്രയോഗിച്ച മനുഷ്യരുടെ കഥയുമുണ്ട്. അടിച്ചൊതുക്കിയ വികാരങ്ങള്‍ തിരിച്ചുവരുന്ന പ്രവണതയുണ്ട്. അതുകൊണ്ടാണ് മതം മനുഷ്യന്റെ മനസ്സിന്റെ സംസ്‌കാരത്തിന്റെ പ്രശ്‌നമാണ് എന്നു പറയുന്നത്. ഈ അച്ചടക്കം അയഞ്ഞുപോയാല്‍ അക്രമം തിരിച്ചുവരുന്ന പ്രതിസന്ധിയുണ്ടാകുന്നു. അക്രമം വാഴുന്നത് പിതൃഹത്യയിലാണ്. മോസ്സസ് കൊല്ലപ്പെട്ടപ്പോള്‍, കൊലമുടക്കിയവനെ കൊന്ന കഥയായി. യേശുവിനെ കൊന്നപ്പോഴും അക്രമത്തെ സ്‌നേഹമാക്കാന്‍ പഠിപ്പിച്ചവനെ കൊന്ന കഥയാണ്.
ജോര്‍ജ് സ്റ്റെയിനറിന്റെ ഹിറ്റ്‌ലറിനെക്കുറിച്ചുള്ള നോവലില്‍ എന്തുകൊണ്ട് ഹിറ്റ്‌ലര്‍ യഹൂദരെ കൊന്നൊടുക്കാന്‍ തീരുമാനിച്ചു എന്നതിന് ഉത്തരം നല്കുന്നു. ഫ്രോയിഡ് പറഞ്ഞതുതന്നെ. ''നിങ്ങള്‍ മനസ്സാക്ഷിയുണ്ടാക്കി. സമാധാനമായി ഉറങ്ങാന്‍ നിങ്ങളെ ഇല്ലാതാക്കണം.'' എന്തുകൊണ്ട് ഇന്ത്യയില്‍ സെമിറ്റിക് മതങ്ങള്‍ വെറുക്കപ്പെടുന്നു? കഠിനമായ ധര്‍മ്മ വ്യവസ്ഥ ആളുകള്‍ക്കു മനഃശാന്തിയില്ലാതാക്കുന്നുണ്ടോ? എന്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ധര്‍മ്മ നിഷ്പക്ഷത കാണിക്കുന്നു. ധര്‍മ്മ ധീരത ഇല്ലാതാകുന്നു. ധാര്‍മ്മികമായി പറയാനും ചെയ്യാനും പാടില്ലാത്തതു നിരന്തരം സംഭവിക്കുന്നു. ''എല്ലാവരും ചെയ്യുന്നത്'' ചെയ്യുന്നവരായി ഇവര്‍ മാറുന്നു. പിതൃഹത്യയുടെ പ്രതിസന്ധിയിലായി നാം മാറുന്നു. മതത്തിന്റെ ധര്‍മ്മനിഷ്ഠ സഹിക്കാന്‍ പറ്റാത്തതായി മാറിയോ? മതം അതിന്റെ ശുദ്ധ ബൗദ്ധികത ഉപേക്ഷിക്കുന്നതിന്റെ ലക്ഷണങ്ങള്‍ നാം കാണുന്നില്ലേ? മതം പേഗനിസമായി മാറി, മതം അനുഷ്ഠാനങ്ങളായി മാറുന്നു. അതു വിഗ്രഹപൂജയുടെ എല്ലാ സ്വഭാവവും സ്വീകരിക്കുന്നു.
അടിച്ചമര്‍ത്തിയ വികാരങ്ങള്‍ തിരിച്ചുവന്ന് ജീവിതം നടത്തിയവനാണ് ഈഡിപ്പസ്. അയാള്‍ ധര്‍മ്മത്തിന്റെ വഴി നടക്കാന്‍ ശ്രമിച്ചവനാണ്. പക്ഷെ, അയാള്‍ നടന്നതു അബോധത്തിന്റെ വിധിയുടെ വഴിയാണ്. ബോധമില്ലാതായാല്‍ പിന്നെ പോകുന്നത് അബോധത്തിലേക്കാണ്. ഈഡിപ്പസ് രാജാവാകുന്നത് അച്ഛനെ കൊന്നും അമ്മയെ വേളി ചെയ്തുമാണ്. അക്രമത്തിന്റെ വഴിയിലാണ് രാജത്വം. അയാള്‍ വിധിയില്‍ നിന്നു ഓടി മാറുകയായിരുന്നില്ല. വിധിയുടെ വഴിയിലൂടെ നടക്കുകയായിരുന്നു. അടിച്ചമര്‍ത്തിയവയുടെ തിരിച്ചുവരവ് വിധിയുടെ അബോധവഴിയാണ്. ആ വിധിയുടെ വഴി കര്‍മ്മത്തിന്റെയല്ല, ജന്മത്തിന്റെയാണ്. ജാതി, വര്‍ഗം, ഗോത്രം, മതം, ദേശീയത - എന്നിവയുടെ തിരിച്ചുവരവ്. ബൗദ്ധികതയുടെ ധര്‍മ്മവഴി സാവധാനം അബോധത്തിന്റെ വിധിയുടെ വഴിയായി മാറുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. വിഗ്രഹങ്ങളില്ലാത്ത ശുദ്ധബൗദ്ധികത ജാതി, ഗോത്ര, ദേശ ചിന്തകളായി മാറി അക്രമത്തിന്റെ സ്വഭാവമെടുക്കുന്നു. മതം ശുദ്ധബുദ്ധിയുടെ ധര്‍മ്മചിന്തയാകാതെ ആള്‍ക്കൂട്ടത്തിന്റെ സംഘബോധത്തിനേറ്റ ആഘാത പ്രതിസന്ധിയായി മാറുന്നു. ഭാരതത്തില്‍ മതം സംഘാത മാനസിക പ്രതിസന്ധിയായി മാറിയിട്ടില്ലേ? മതം ധര്‍മ്മത്തിന്റെ ബൗദ്ധിക പ്രശ്‌നമാകാന്‍ വിസമ്മതിക്കുന്ന ഒരു നേതൃത്വ പ്രശ്‌നത്തിലാണ് നാം. മതചരിത്രം അക്രമത്തെ മെരുക്കുന്ന ചരിത്രം മാത്രമല്ല - അതു അക്രമത്തിന്റെ ചരിത്രത്തിലേക്കും വഴുതി വീഴും. അത് നാം കാണേണ്ടി വന്നു. യേശു സഭയില്‍ ക്രൂശിക്കപ്പെടും - വിശ്വാസികളും നേതാക്കളും ചിന്തയില്ലാത്തവരായാല്‍, ഓര്‍മ്മയില്ലാത്തവരായാല്‍.