
ക്രൂശിതന്‍ ഒരു ദൃശ്യമാണ് - ഭീകരമായ പീഡനത്തിന്റെയും കൊലയുടെയും പച്ചയായ ദൃശ്യം, ഈ ദൃശ്യാവതരണം ഒരു അനുഷ്ഠാനമാണ്. അധികാരശക്തിയുടെ അനുഷ്ഠാനം. വിധേയപ്പെടാത്തവര്‍ക്ക് വന്നുഭവിക്കുന്ന പീഡനമരണങ്ങളുടെ ദൃശ്യത. ജനങ്ങളെ കാണിക്കാനാണ് ക്രൂശിക്കല്‍ നടക്കുന്നത്. അധികാരം അത് ഇന്നും നടത്തുന്നു. ഇറാനില്‍ രാ ഷ്ട്രീയാധികാരത്തിന്റെ ആധിപത്യത്തെക്കുറിച്ച് ആര്‍ക്കും അല്പം പോലും ശങ്ക വേണ്ടെന്ന് ഉറപ്പാക്കാനാണ് അധികാരം ഇതു നടത്തുന്നത്. സകല ജനങ്ങള്‍ക്കും നില്കുന്ന ഭീകരതയുടെ വെല്ലുവിളി. കീഴടങ്ങുക അല്ലെങ്കില്‍ ഈ ഗതി.
പീഡനത്തിന്റെ മുറിവുകളും ചതവുകളും അതിന്റെ കൊടിയസഹനവും പേറുന്ന ശരീരം കുരിശില്‍ കിടക്കുന്ന ദൃശ്യം വച്ചാണ് കുര്‍ബാനയര്‍പ്പിക്കുന്നത്. ഈ കുര്‍ബാന കൊണ്ട് എന്താണ് ലോകത്തോട് പറയു ന്നത്? അഗുസ്‌തോ പിനോഷെയുടെ ഭരണത്തില്‍ ചിലിയില്‍ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ നടന്ന നിഷ്ഠൂരപീഡന പശ്ചാത്തലത്തില്‍ വില്യം കാവനാഗ് എഴുതിയ പുസ്തകമാണ് (Torutre and Eucharist) -പീഡനവും കുര്‍ബാനയും. ഈ കാലത്ത് ചിലിയിലെ കത്തോലിക്കാ സഭ ഒരു പ്രത്യേക കാഴ്ചപ്പാട് വച്ചു നിശബ്ദമായി. സഭ മനുഷ്യരുടെ ആത്മകാര്യമാണ് നോക്കുന്നത്. ശരീരത്തിന്റെ കാര്യമല്ല. അതുകൊണ്ട് ശരീര പീഡനം പ്രശ്‌നമല്ലാതായി. പക്ഷേ, സാവധാനം ഇതു തെറ്റായ സമീപനമാണ് എന്നു മനസ്സിലാക്കി സഭ ശബ്ദിക്കാന്‍ സന്നദ്ധമായി.
കത്തോലിക്കാ സഭയുടെ നീണ്ട പാരമ്പര്യമാണ് കുര്‍ബാനയര്‍പ്പിക്കു ന്ന ബലിപീഠത്തില്‍ ക്രൂശിതരൂപം വയ്ക്കണമെന്നത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വ്യക്തമായ നിര്‍ദ്ദേശമുണ്ട് - കുര്‍ബാന ദിക്കുകളിലേക്കു നോക്കിയല്ല ക്രൂശിതനിലേക്കു നോക്കിയാണ് നടത്തേണ്ടത്. അത് പരോക്ഷമായി മനുഷ്യനിലേക്കു തിരിയലാണ്. പക്ഷേ, അതു മനുഷ്യരെ പീഡിപ്പിച്ചു വിധേയപ്പെടുത്തുന്ന ആധിപത്യത്തിന്റെ അധികാര നിലപാടിലേക്കു തിരിയലല്ല. അത് കൊല്ലപ്പെട്ട ക്രൂശിതനിലേക്കു തിരിയലാണ്. അതു ക്രൂശിതനുവേണ്ടി നടത്തുന്ന തിരിച്ചടിയുടെ തിരിയലുമല്ല. ക്രൂശിതന്‍ ദൈവികതയുടെ വെളിപാടാണ് എന്നു വിശ്വസിക്കുന്നവരാണ് ക്രൈസ്തവര്‍. എങ്കില്‍ ക്രൂശിതനിലേക്കു തിരിയല്‍ ദൈവത്തിലേക്ക് തിരിയലുമാണ്. അതു ക്രൂശിക്കുന്ന അധികാരങ്ങള്‍ നിഷേധിക്കലാകണം. ദൈവത്തിന്റെ അധികാരം ക്രൂശിക്കുന്നില്ല.
അക്രമത്തെ പിന്തുടരുന്ന ഏതു അധികാരവും ദൈവത്തിന്റെ പാത ഉപേക്ഷിച്ചതാണ്. അതാണ് ക്രൂശിതനിലേക്കു തിരിയുന്നതിന്റെ അര്‍ത്ഥം. അതുകൊണ്ടുതന്നെ അതു വിഘടനപരമായ തിരിയലാണ്. അക്രമത്തെ ന്യായീകരിക്കുന്നില്ല എന്നു മാത്രമല്ല, അക്രമത്തെ പ്രതിരോധിക്കുക കൂടി ചെയ്യുന്നു. റെനെ ജിറാര്‍ഡ് എന്ന കത്തോലിക്കനാണ് യേശുവിന്റെ മരണം ബലിയാടു സമ്പ്രദായത്തില്‍ ന്യായീകരിക്കുന്നതിനെ ചോദ്യം ചെയ്തു മറിച്ചു സമര്‍ത്ഥിക്കുന്നത്. അനുസരിപ്പിക്കാനും വിധേയപ്പെടലിനെ പഠിപ്പിക്കാനും അടിച്ചമര്‍ത്തലിനെ ന്യായീകരിക്കാനും മതങ്ങള്‍ പോലും അക്രമത്തെ ന്യായീകരിക്കുന്നു ബലിയാട് സമ്പ്രദായത്തില്‍. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ചിലരെ ബലിയാടാക്കി കൊല്ലുകയോ നാട്ടില്‍നിന്നു പുറത്താക്കുകയോ ചെയ്യുന്ന സമ്പ്രദായം. അക്രമത്തിന്റെ വസന്തകളില്‍ മതങ്ങള്‍ വരെ നരബലികള്‍ നടത്തിയിരുന്നു. ഇങ്ങനെ ഒരു ബലി സമ്പ്രദായത്തിലായിരുന്നു യേശു ക്രൂശിക്കപ്പെട്ടത്. ബലിയാടുകളെ ഉണ്ടാക്കുന്നതും അവരെ ബലി ചെയ്യുന്നതും ന്യായീ കരിക്കാനല്ല അത് എന്നന്നേക്കുമായി അവസാനിപ്പിക്കാനാണ് യേശു മരിക്കുന്നത്. യേശു മരിച്ചതു സമൂഹത്തിന്റെ അക്രമ സംസ്‌കാരത്തിന്റെ ഇരയായിട്ടാണ്. അക്രമത്തെ ഒരിക്കലും ഒരിടത്തും ന്യായീകരിക്കാനാവില്ല. അക്രമത്തെ തള്ളിപ്പറയുന്നത് അതിനോട് വിഘടിക്കുന്നതുമാണ് കുര്‍ബാനയര്‍പ്പണത്തിന്റെ അര്‍ത്ഥവും പ്രസക്തിയും.
എല്ലാ അക്രമത്തിന്റെ പിന്നിലും ചേരിതിരിയലും അക്രമത്തിനു സാധുത നല്കുന്ന വെറുപ്പിന്റെ പ്രസരണവുമുണ്ട്. ഇതാണ് അക്രമത്തെ സാധൂകരിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും പിന്‍തുടരുന്നത്. എന്നാല്‍ ഈ അക്രമരാഷ്ട്രീയത്തോട് വിഘടിച്ചതിന്റെ നിരന്തരമായ സാക്ഷ്യചരിത്രങ്ങളുമുണ്ട്. അക്രമത്തിന്റെയും ചേരിതിരിയലിന്റെയും യുദ്ധത്തിന്റെ യും ഒരു പ്രത്യയശാസ്ത്രമാണ് മനിക്കേയനിസം. അതു ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു പാഷണ്ഡ പതിപ്പായിട്ടാണ് പ്രത്യക്ഷമായത്. മാര്‍ ക്‌സിസം ആധുനിക മനിക്കേയനിസമാണ് എന്നു പറഞ്ഞത് ഷാക് മാറിറ്റെയിനും അര്‍നോള്‍ഡ് ടൊയിന്‍സിയുമായിരുന്നു. തൊഴിലാളികളുടെ വിമോചനം സമ്പത്തുള്ള മുതലാളികളെ ഇല്ലായ്മ ചെയ്യലിലായിരുന്നു. പാര്‍ട്ടിയുടെ അഥവാ പാര്‍ട്ടിയദ്ധ്യക്ഷന്റെ നിലപാടിനെതിരായ ഒരു അഭിപ്രായത്തിനും സ്വാതന്ത്ര്യമില്ല. അങ്ങനെ ഭിന്നാഭിപ്രായക്കാരെ രാജ്യദ്രോഹികളായി മുദ്രകുത്തി പീഡിപ്പിക്കും. കള പറിക്കരുത് എന്നാണ് യേശു പഠിപ്പിച്ചത്. ആരേയും കളയാക്കി പറിച്ചു കളയുന്ന സമീപനങ്ങള്‍ അക്രമത്തിന്റേതാണ്. ഈ സത്യമാണ് സഭാജീവിതത്തില്‍ പോലും വലിയ പ്രലോഭനത്തിനു വിഷയമാകുന്നത്.
ആരാധനാക്രമ പ്രശ്‌നത്തില്‍ ഒരു വിഭാഗം വൈദികരും ജനങ്ങളും വ്യത്യസ്ത അഭിപ്രായം പറഞ്ഞു, പ്രകടിപ്പിച്ചു. ഒരധികാരിയും അതു കേള്‍ക്കാനോ അതു പരിഗണിക്കാനോ തയ്യാറായില്ല. വൈദികര്‍ ആവശ്യപ്പെട്ടതു സഭയില്‍ നിലവിലുള്ളതും ആരും മുടക്കാത്തതുമാണ്. വിശ്വാ സപരമോ സന്മാര്‍ഗ്ഗികമോ ആയ ഒരു പ്രശ്‌നമല്ല അവര്‍ ആവശ്യപ്പെട്ടത്. അവര്‍ ആചരിച്ചു പോരുന്ന ഒരു പാരമ്പര്യമാണ്. അത് ഇനി പാടില്ല എ ന്ന് സഭാധികാരം വിധിച്ചു. ഒരു വിഭാഗം അതിനെ പ്രതിരോധിച്ചു. ഇങ്ങനെ പ്രതിരോധിച്ചവരെ നിര്‍ബന്ധിച്ച് അനുസരിപ്പിക്കാന്‍ ആരെങ്കിലും അധി കാരം നല്കിയിട്ടുണ്ടോ? ഇതു ഞങ്ങള്‍-നിങ്ങള്‍ എന്ന വ്യക്തമായ ചേരിതിരിവായിരിക്കുന്നു. എറണാകുളത്തെ ബസിലിക്കയില്‍ ഒരേ ബലിപീഠത്തിന്റെ ഒരു വശത്തു കിഴക്കോട്ട് തിരിഞ്ഞ് ഒരു വൈദികനും മറുവശത്തു നേരേ മുഖാമുഖമായും ജനാഭിമുഖമായും മറ്റു കുറെ വൈദികരും നിന്നു കുര്‍ബാനയര്‍പ്പിക്കുന്ന ദൃശ്യം കണ്ടു. തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ വൈദികര്‍ക്കെതിരെ അക്രമം നടത്തി. ഇത് ഇങ്ങനെ അക്രമത്തിലൂടെ നടപ്പിലാക്കാന്‍ ആരാണ് അധികാരം നല്കിയത്? കത്തോലിക്കാസഭയുടെ എല്ലാ കാലഘട്ടങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിരന്തരം ഉണ്ടായിട്ടുണ്ട്. കാലം ചെയ്ത ബെനഡിക്ട് മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പ യും തമ്മില്‍ സഭയുടെ ഭാവി എന്ത്, എങ്ങനെയായിരിക്കണം എന്നതില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാം. പക്ഷേ, ഈ വ്യത്യാസങ്ങളിലും ക്രൈസ്ത വസ്‌നേഹത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ അവര്‍ പക്വത കാണിച്ചിട്ടുണ്ട്. ഈ പക്വതയാണ് സീറോ മലബാര്‍ സഭയ്ക്കും അതിന്റെ അധികാരികള്‍ക്കും ഇല്ലാതെ പോയത്. പരസ്പരം ആദരിക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കള പറിക്കുന്ന ആവേശത്തിലാണ് പലരും.