വായിക്കപ്പെടാത്ത അടയാളങ്ങള്‍

വായിക്കപ്പെടാത്ത അടയാളങ്ങള്‍

പ്രൊഫ. കെ എസ് റെക്‌സ് സാറിന്റെ വീട്ടിലെ കിടക്കയ്ക്കരികില്‍ നിന്നു പോരുമ്പോള്‍ മനസ്സ് മന്ത്രിച്ചു - സാര്‍ ഇനി നടക്കില്ല. പക്ഷെ, ഹൃദയം മന്ത്രിച്ചു നേരേയുള്ള നടപ്പ് മരണത്തേക്കാള്‍ ശക്തമായി. 85 വര്‍ഷങ്ങളിലൂടെ റെക്‌സ് സാര്‍ വേറൊരു ലോകവുമായി നിതാന്തബന്ധത്തിലൂടെ നേരെ നടക്കുക എന്ന ജീവിതസാഹസം പൂര്‍ത്തിയാക്കുകയായിരുന്നു. ആറില്‍പരം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ കാവ്യമെഴുത്തായിരുന്നു. ഒരിക്കല്‍ അതിനു 'നിനവ്' എന്ന പേരിട്ടു. പിന്നെ 'ഞായറാഴ്ച കവിതകള്‍' എന്നും പിന്നെ അത് 'പരിചിത'നെക്കുറിച്ചായി; അതു 'അതിഥി'യെക്കുറിച്ചുമായിരുന്നു. സ്വന്തം ബോധനങ്ങളെ മാറി മാറി നാമകരണം നടത്തി. ഈ കാലത്തോട് വേദനിച്ചു പറഞ്ഞവനായി ഞാന്‍ അദ്ദേഹത്തെ കണ്ടു. ഇവിടെ എല്ലാ കവികള്‍ക്കും ഈ വേദനയുണ്ട്. ''ഞങ്ങള്‍ വായിക്കപ്പെടാത്ത അടയാളങ്ങളായി. ഞങ്ങള്‍ക്കു വിദേശങ്ങളില്‍ നാവു നഷ്ടമായി.'' പ്ലേറ്റോയു ടേതിനേക്കാള്‍ കഠോരമായ പുറത്താക്കല്‍.

പണ്ട് ഹെല്‍ഡര്‍ ലീന്‍ എന്ന കവി മറ്റു കവികളോട് പറഞ്ഞു, ''ആകാശത്തിനും ഭൂമിക്കുമിടയില്‍ ശിരോകവചമില്ലാതെ നിന്ന് സ്വര്‍ഗ ദാനമായ ഇടിമിന്നലിനെ കൈകളില്‍ പിടിച്ചെടുത്തു വാക്കില്‍ പൊതിഞ്ഞ് ജനങ്ങള്‍ക്കു കൊടുക്കുക.'' ആകാശത്തിന്റെ ദാനങ്ങള്‍ ഭൂമിയുടെ ഭാഷയില്‍ വെറുതെ നുണകളായി നാടില്ലാതാകുന്നതും നാവു നഷ്ടപ്പെടുന്നതുമായ വേദനയിലാണ് കവികള്‍. ഫലമായി നാട്ടിലെ മനുഷ്യര്‍ക്ക് തങ്ങളില്‍ ഒരു 'അത്ഭുത'വും കാണാനാകാതെ വീടും പേരുമില്ലാത്ത പൊള്ളയായ മനുഷ്യരായി മാറുന്നു.

കാവ്യാത്മകമായി വസിക്കാനാവാതെ നാളെയുടെ പ്രതീക്ഷയും ഇന്നിനെ വിട്ടുപോകാനുള്ള ധൈര്യവും നഷ്ടമാകുന്നു. സോക്രട്ടീസ് ആഥന്‍സിനു പുറത്തായി, സോഫോക്ലീസിന്റെ ആന്റിഗണി നഗരത്തിനു പുറത്തുമായി. പക്ഷെ, അവര്‍ ജീവിതം ഭീകരതയുടെ സംഭവങ്ങളാക്കിയവരായിരുന്നു. അവര്‍ അവരില്‍ത്തന്നെ 'നിഗൂഢമായതു' കണ്ടെത്തുകയും അതിന്റെ പ്രചോദനത്തില്‍ തങ്ങളുടെ ധര്‍മ്മം നിര്‍വചിക്കുകയും ചെയ്തപ്പോള്‍ തങ്ങളുടെ ആയിത്തീരല്‍ അര്‍ത്ഥപൂര്‍വകമാക്കി. പ്ലേറ്റോ, കവി ദൈവത്തിന്റെ ശല്യപ്പെടുത്തല്‍ കേള്‍ക്കുന്നവനാണെന്നു പറഞ്ഞത് ഇതുകൊണ്ടാണ്. ഇത് ഒരു ദര്‍ശനഫലമായി ഉണ്ടായ പ്രബുദ്ധതയാണ്.

ഈ പ്രബുദ്ധതയാണ് കവിയെ താനാക്കുന്നത്. അതു നുണയുടെ എഴുത്തല്ല. ലോകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള ജാഗ്രതയുടെ വേവലാതിയാണ്. ഇല്ലാത്തതിനെക്കുറിച്ചുള്ള വിലാപങ്ങള്‍ നുണ പറച്ചിലല്ല. അതു മനസ്സിലാക്കുന്നവരാണ് കവിയെ വാഴ്ത്തപ്പെട്ടവരായി കാണുന്നത് - ദൈവമയച്ച ഭ്രാന്ത് ജീവിക്കുന്നവര്‍. റെക്‌സ് സാര്‍ കാവ്യ സംസാരത്തിലെ പ്രജാപതിയായിരുന്ന രാജാവായിരുന്നു (ഞലഃ). ശാന്തനും സൗമ്യനുമായി അദ്ദേഹം ജീവിച്ചു. അശാന്തതയും സൗമ്യപ്രകൃതിയും സ്വന്തം ആന്തരികതയിലെ വൈരുദ്ധ്യങ്ങളുമായി നിതാന്തം യുദ്ധം വെട്ടിയവന്റെ ശാന്തതയായിരുന്നു. ഒരു സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഒരുവന്‍ തന്നോട് എന്തുമാത്രം അക്രമം നടത്തണമെന്നറിയുന്ന ജീവിതരഹസ്യം. തോമസ് മാത്യു സാറും റെക്‌സ് സാറും ബൈബിളിലൂടെ യാത്ര ചെയ്തവരാണ്. ആ യാത്ര ഹോമറിന്റെ യൂളീസ്സിസിന്റെ വീട്ടിലേക്കുള്ള മടക്കയാത്രയെക്കാള്‍ ബൈബിളിലെ അബ്രാഹത്തിന്റെ പുറപ്പാട് യാത്രയായിരുന്നു. വിദേശങ്ങളിലൂടെ സ്ഥിരമായി പുറപ്പെട്ട് നടത്തുന്ന ഗൃഹാതുരുത്വത്തിന്റെ യാത്ര. അതു സ്വന്തത്തില്‍ നിന്നു അന്യനിലേക്കു നിരന്തരം ഭാഷയുടെ പാലം വച്ചു നടത്തുന്ന ജീവിതയാത്രയാണ്. പി കുഞ്ഞിരാമന്‍ നായരുടെ സംബന്ധങ്ങളിലെ അസംബന്ധത്തിലൂടെയുള്ള വേദനാനിര്‍ഭരമായ യാത്രയിലാണ് 'കളിയച്ഛന്‍' സംഭവിക്കുന്നത്. അത് ഈ ലോകജീവിതത്തില്‍ സംഭവിക്കേണ്ട അത്ഭുതബോധത്തിന്റെയാണ്.

''ബ്രഹ്മസ്വരൂപന്‍ ഗുരു കനിഞ്ഞിടയില്‍

ബ്രഹ്മാണ്ഡമൊക്കെയും നിന്‍ കളിപ്പന്തല്ലോ താന്‍''

ഒരു സംബന്ധപരാജയത്തിന്റെ വെണ്ണീറിലിന്നവന്‍ പ്രപഞ്ചകേളിയുടെ അസ്തിത്വവിലാസദര്‍ശനം ദാനമായി ലഭിച്ചവനാണ്. അതിന്റെ പിടിയില്‍ നിന്നാണ് കവിത ദാനമായി പെയ്തിറങ്ങുന്നത്. ഈ പ്രപഞ്ച നാട്യത്തിനു പിന്നില്‍ എന്താണ്? മനസ്സിന്റെ മുകുരത്തില്‍ എല്ലാം പ്രതിബിംബിക്കുന്നു. ഈ മുകുരത്തിനു പിന്നില്‍ ആരാണ്? അതിനു പേരിടുന്നത് കവിയുടെ പണിയാണ്. കവിയാണ് ഭാഷാഭവനം ഉണ്ടാക്കുന്നത്; ദൈവങ്ങള്‍ക്കും അസ്തിത്വങ്ങള്‍ക്കും കവി പേരു കൊടുക്കുന്നു. ഭൂമിയില്‍ അളന്നു വസിക്കാനാണ് കവി പഠിപ്പിക്കുന്നത്. വിശുദ്ധമായ സൗന്ദര്യത്തിന്റെ അളവില്‍ വസിക്കണം. ഇത് അകാല അടുപ്പങ്ങളുടെ കണക്കിന്റെ പ്രശ്‌നമല്ല. മനുഷ്യന്റെ അളവ് മനുഷ്യനേക്കാള്‍ ഉന്നതവും ഉദാത്തവുമാണ്. ഈ അളവാണ് അവനിലെ അത്ഭുതത്തിന്റെ രഹസ്യം. ഈ അത്ഭുതം നഷ്ടപ്പെട്ട ഒരു ലോകത്തിന്റെ രാത്രിയെക്കുറിച്ചാണ് കവികള്‍ വിലപിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org