ളോഹ ഉണ്ടാക്കുന്ന തനിമ

ളോഹ ഉണ്ടാക്കുന്ന തനിമ

കേരളത്തില്‍ കത്തോലിക്ക ഓര്‍ത്തഡോക്‌സ്, മാര്‍തോമ, ആംഗ്ലിക്കന്‍ വൈദികര്‍ ധരിക്കുന്ന ഔദ്യോഗിക വേഷമാണ് ളോഹ (cassock). ഇതു പണ്ട് റോമന്‍ പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന വേഷമാണ് എന്നു പറയുന്നു. തുര്‍ക്കിയിലെ നാടോടികളുടെ വേഷമായും ഇതിനു ബന്ധമുണ്ട് എന്നുപറയുന്നു. ക്രൈസ്തവ പുരോഹിതര്‍ ഈ വസ്ത്രം 1960-കളില്‍ പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണമായി പൊതുസമൂഹത്തില്‍ ധരിക്കാതെയായി. അങ്ങനെ ളോഹ ധരിക്കാതെ വൈദികര്‍ വ്യാപരിക്കുന്നതു സാധാരണമായി.

എന്നാല്‍ ളോഹ ധരിക്കുന്നതില്‍ ശ്രദ്ധ വെടിയാത്തവരും ഉണ്ട്. ളോഹ ഊരാന്‍ അമിത ഉത്സാഹം കാണിക്കാത്ത വൈദികനാണ് ഇത് എഴുതുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ വളരെ കൗതുകകരമായ വാര്‍ത്ത ഫ്രാന്‍സിലെ ടുളുസ് രൂപതയില്‍ നിന്നുണ്ടായി. അവിടത്ത ബിഷപ് (Guy de Kerimel) രൂപതകളില്‍ ആറാം പട്ടം സ്വീകരിച്ചവരും വൈദികവിദ്യാര്‍ത്ഥികളും ളോഹ ധരിച്ച് പ്രത്യക്ഷപ്പെടരുത് എന്ന് ആവശ്യപ്പെട്ടു. ''സെമിനാരികളില്‍ ളോഹ ധരിക്കരുത്'' എന്നും ബിഷപ് എഴുതി. രണ്ടു കാരണങ്ങളാണ് അതിനദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഒന്ന് ''അവര്‍ വളരെ ക്ലെരിക്കലാകുന്നു.'' ഇതിന്റെ സൂചന വൈദികന്‍ എന്ന പദവിയിലുള്ള അമിത താല്പര്യമാണ്. വൈദികാധികാരത്തിലാണ് ഇവിടെ ശ്രദ്ധ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്നു കറുത്തളോഹ ധരിച്ച് നടക്കുന്ന യുവ വൈദികരെ കാണാം. അതു കടുത്ത യാഥാസ്ഥിതികതയുടെ വെളിപാടാണ്. പൗരോഹിത്യ അധികാരത്തിന്റ അടയാളമായി ളോഹ ധരിക്കുന്നതാണ് ബിഷപ് പ്രശ്‌നമായി കാണുന്നത്. അതു സേവനത്തിന്റെയും ക്രിസ്തുവുമായുള്ള എളിയ ബന്ധത്തിന്റെയും ക്രിസ്തുസത്യം ഉള്‍ക്കൊള്ളുന്നതിന്റെയും ചിത്രമല്ല നല്കുന്നത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

പക്ഷെ, ഈ മെത്രാന്റെ നിലപാടിനെ അംഗീകരിക്കാത്തവരുമുണ്ട്, മെത്രാന്‍ സ്ഥാനങ്ങളിലും. ക്രൈസ്തവരഹിതമായ യൂറോപ്യന്‍ സംസ്‌കാരത്തില്‍ ക്രൈസ്തവ സാന്നിദ്ധ്യം ഉണ്ടാക്കുന്നതാണ് ളോഹ എന്നു കരുതുന്നവരുമുണ്ട്. പക്ഷെ, ടുളൂസിലെ മെത്രാന്‍ പറഞ്ഞ രണ്ടാമത്തെ കാരണം ഇത് വ്യത്യാസങ്ങളുടെ തനിമ വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. ഇറ്റലിയിലെ ജനോവായിലെ കാര്‍ഡിനല്‍ സീറി ളോഹ പ്രചാരകനാണ്. ളോഹയുടെ പ്രതിരോധം സ്വന്തം ദൈവവിളിയുടെ പ്രതിരോധമാണ്. പൗരോഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഇതു തമാശയല്ല.

എന്നാല്‍ ഈ വിഷയത്തിന്റെ പരിഗണനയില്‍ ഗൗരവമായി മാറുന്നതു തനിമ തന്നെയാണ്. എല്ലാ മതങ്ങളും ആചാര്യന്മാരും തങ്ങളുടെ തനിമകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു കാലഘട്ടമാണ്. മുസ്‌ലിം സമൂഹം ഉണ്ടാക്കുന്ന ഹിജാബ്, ഹലാല്‍ മാംസം തുടങ്ങിയ വിവാദങ്ങള്‍ തനിമ സമൂഹത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ്. തനിമയുടെ പ്രകാശനങ്ങളെക്കുറിച്ചു നാം ഗൗരവമായി പരിഗണിക്കണം. ഒരു വ്യക്തി മറ്റു വ്യക്തികളുമായി സമത്വത്തിലാണ്. പക്ഷെ, ഒരാള്‍ മറ്റൊരാളുടെ പതിപ്പോ പകര്‍പ്പോ അല്ല. ഓരോരുത്തര്‍ക്കും തനിമയുള്ള വ്യക്തിത്വമുണ്ട്. രണ്ടു കാര്യങ്ങളിലൂടെയാണ് ഈ തനിമ പ്രകാശിതവുമാകുന്നു. രണ്ടു കാര്യ ങ്ങളില്‍ തനിമ വിലസിതമാകുന്നു. അതു ചെയ്തികളും ഭാഷയുമാണ്. വ്യക്തിയുടെ പ്രതികരണ നടപടികളിലും, പ്രതികരണ ഭാഷയിലൂടെയുമാണ് വ്യക്തി വെളിവാകുന്നത്. ഇവിടെ തനിമയുടെ പ്രകാശനത്തിന്റെ മറ്റൊരു രൂപമായി വസ്ത്രം കാണുന്നില്ല. അതി ന്റെ ആവശ്യമില്ല. വ്യക്തികള്‍ ഏതു വേഷം ധരിച്ചാലും അവരുടെ വ്യക്തിത്വം വ്യക്തമാകും. പക്ഷെ, വേഷവും തനിമയുടെ അടയാളമാകാം. പോലീസും പോസ്റ്റുമാനുമൊക്കെ ഉദാഹരണങ്ങളാണ്.

പക്ഷെ, തനിമയുടെ വേഷം എപ്പോഴും എവിടെയും സംലബ്ധ മാകാന്‍ സഹായിക്കുമോ? അതു സമൂഹങ്ങളെ ആശ്രയിച്ചായിരിക്കും. ചില സമൂഹങ്ങളില്‍ വേഷത്തിന്റെ തനിമ പരസ്പരബന്ധത്തിനു തടസ്സമാകാം. എനിക്ക് എന്റെ ഭാഷയുടെയും കര്‍മ്മത്തി ന്റെയും തനിമമതി എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്റെ തനിമ എന്തെന്ന് എനിക്കു വ്യക്തമാണെങ്കില്‍ എനിക്കു വേഷത്തിന്റെ തനിമയില്‍ ആശ്രയിക്കേണ്ടതില്ല. വേഷങ്ങള്‍ വേഷം കെട്ടലാകാം. സ്വന്തം തനിമ അടിച്ചേല്പിക്കാന്‍ തനിമയുടെ വസ്ത്ര പ്രത്യേകതയില്‍ അഭിരമിക്കാം. ചില മെത്രാന്മാര്‍ അവര്‍ക്കു മെത്രാന്റെ വേഷം മാത്രം പോരാ എന്നു തോന്നുന്നതുപോലെ. പ്രത്യേക തൊപ്പി, പുറംകുപ്പായങ്ങള്‍ തുടങ്ങിയ വച്ചുകെട്ടലുകള്‍ കാണുന്നു. സ്വന്തം തനിമ വേഷത്തില്‍ മാത്രമാണ് എന്ന് ചിലര്‍ കരുതുന്നതുപോലെ. ''ചെറുപ്പം ചെറുതാകാത്ത''വരുടെ തനിമാജ്വരം മൗലികവാദ സ്വഭാവം പേറുന്നതുപോലെ തോന്നുന്നു.

ഒരു വൈദികനുവേണ്ട ഏറ്റവും വലിയ തനിമ തന്നില്‍ നിന്നു പിന്‍വലിയാനുള്ള കഴിവാണ്. മറ്റുള്ളവരുടെ മേല്‍ സ്വന്തം തനിമ സ്ഥാപിക്കാനുള്ള വ്യഥ അപക്വമായ ചാപല്യവും അപകടകരമായ മൗലികവാദവുമാകും. സ്വന്തം അഹത്തില്‍ നിന്നു പിന്‍വലിയുന്നവനാണ് അപരന് ആകാംക്ഷകളില്ലാതെ സമീപിക്കാന്‍ കഴിയുന്നവന്‍. മാത്രമല്ല, ആത്മീയതയുടെ ലക്ഷണം അഹത്തിനു വേഷം കെട്ടി തൊപ്പി തൊങ്ങലുകള്‍ വര്‍ദ്ധിപ്പിക്കുന്നതല്ല.

പൗരോഹിത്യ തനിമയെക്കുറിച്ച് വ്യഗ്രത കൊള്ളുന്നവര്‍ യേശുക്രിസ്തു സ്വീകരിച്ച വേഷത്തെക്കുറിച്ചും ചിന്തിക്കണം. മനുഷ്യാവതാരം ദൈവികതയില്‍ നിന്നുള്ള പിന്‍വലിയലിന്റെയും എല്ലാവരും ഒത്തുള്ള വാസത്തിന്റെയും സാധാരണത്വത്തിന്റെയുമായിരുന്നു. യേശുവിനു എടുത്തു ധരിക്കാവുന്ന പല തനിമകളുടെ അനുരണനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിരുന്നു. പുരോഹിതന്‍, പ്രവാചകന്‍, റബ്ബി, ദൈവമനുഷ്യന്‍. ഇങ്ങനെ വ്യതിരിക്തമായ ഒരു വേഷ വും യേശു സ്വീകരിച്ചതായി സുവിശേഷങ്ങള്‍ സാക്ഷിക്കുന്നില്ല. യേശുവിനെ ലോകത്തിനു വെളിപ്പെടുത്തുന്ന നാലു സുവിശേഷങ്ങളും യേശുവിന്റെ കര്‍മ്മങ്ങളുടെയും ഭാഷയുടെയും വിവരണങ്ങളാണ്. യേശു എന്തു ചെയ്തു എന്തു പറഞ്ഞു എന്നാണ് സുവിശേഷകര്‍ പറയുന്നത്. യേശു ധരിച്ച വേഷത്തെക്കുറിച്ച് അവര്‍ നാലുപേരും നിശബ്ദരാണ്. യേശുവിന്റെ തനിമ വേഷത്തിലായിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org