നീ എനിക്ക് ഉതപ്പാണ്

നീ എനിക്ക് ഉതപ്പാണ്
Published on

''സാത്താനേ, എന്റെ മുമ്പില്‍ നിന്നു പോകൂ, നീ എനിക്കു പ്രതിബന്ധമാണ്.'' (മത്താ. 16:23). ഈ വാക്കുകള്‍ യേശു സഭയുടെ ആദ്യത്തെ മാര്‍പാപ്പ എന്നു കരുതുന്ന പത്രോസിനോട് പറഞ്ഞതാണ്. അതുകൊണ്ട് ഇതു ശരിയാകുന്ന സഭാധികാരികള്‍ ഉണ്ടാകാം. യേശുവിന്റെ വഴിയില്‍ ഉതപ്പും തടസ്സവുമാകുന്നതിനെക്കുറിച്ചാണ് ഈ പരാമര്‍ശം. പിശാചിനെ സുവിശേഷങ്ങള്‍ നിര്‍വചിക്കുന്നതു ''നുണയുടെ പിതാവ്'' എന്നാണ്. നുണ ജീവിതവഴിയായി സ്വീകരിക്കുമ്പോള്‍ ഇത് അര്‍ത്ഥവത്താകും. അതിനു തെളിവുകള്‍ രേഖകളായി മരണമില്ലാതെ നിലകൊള്ളുന്നു. കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ ഒരിക്കല്‍ പറഞ്ഞു ''സീറോ മലബാര്‍ സഭയെ പിശാചു ബാധിച്ചിരിക്കുന്നു.'' അദ്ദേഹം പറഞ്ഞതിന്റെ സത്യം നാം അനുഭവിച്ചറിയുന്നു. പുതിയ നിയമത്തില്‍ 135 തവണകളില്‍ സാത്താന്‍ എന്ന പദം പ്രയോഗിച്ചിട്ടുണ്ട് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതു മര്‍ക്കോസിന്റെ സുവിശേഷത്തിലാണ്. സുവിശേഷങ്ങളില്‍ എന്ന വണ്ണം ലേഖനങ്ങളിലും സാത്താന്‍ പ്രയോഗമുണ്ട്. പുതിയ നിയമത്തില്‍ സാത്താന്റെ ഭിന്നങ്ങളായ ഈ പര്യായങ്ങള്‍ പ്രയോഗിക്കുന്നുണ്ട്.

പഴയ നിയമത്തില്‍ സാത്താന്‍ ദൈവനിയമങ്ങള്‍ ഇല്ലാത്ത ഒരവസ്ഥയാണ്. അതൊരു ക്രമരാഹിത്യമാണ് - അ-ക്രമം. പുതിയ നിയമത്തില്‍ മനുഷ്യചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പദമാണ് സാത്താന്‍. അതു തിന്മയുടെ ഒരു രൂപകമാണ്. സാത്താന്‍ സന്നിഹിതമായി പ്രവര്‍ത്തിക്കുന്നതു മനുഷ്യബന്ധങ്ങളിലാണ്. മനുഷ്യര്‍ ഒന്നിച്ചു കൂടുന്നിടത്തു പ്രബലമാകുന്നു. പുതിയ നിയമ വ്യാഖ്യാനത്തില്‍ സാത്താന്‍ കെട്ടുകഥ എന്നര്‍ത്ഥമുള്ള മിത്തായി മാത്രം ബുള്‍ട്ടുമാന്‍ വ്യാഖ്യാനിക്കുന്നു. സാത്താന് അതില്‍ത്തന്നെ അസ്തിത്വമുള്ളതായി അദ്ദേഹം കരുതുന്നില്ല. സാത്താന്‍ മനുഷ്യന്റെ ധര്‍മ്മ ചിന്തയെയും പെരുമാറ്റത്തെയും തട്ടിമറിക്കുന്ന സ്വാധീനമായി വ്യാഖ്യാനിക്കുന്നു. 'മിന്നല്‍പ്പിണര്‍ പോലെ സാത്താന്‍ ആകാശത്തു നിന്നു പതിക്കുന്നതു ഞാന്‍ കണ്ടു'' (ലൂക്കാ 10:18) എന്ന ബൈബിള്‍ വചനം തലക്കെട്ടായി ഒരു പുസ്തകം റെനെ ജിറാര്‍ദ് എഴുതി. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയവും മതപരവുമായ അക്രമത്തിന്റെ അടിസ്ഥാനം അനുകരണാജന്യമായ സ്പര്‍ധയാണ്. ഈ അസൂയയുടെ കോപവും പകയുമാണ് സമൂഹത്തിന്റെ സമാധാനം നശിപ്പിക്കുന്നത്. ചെകുത്താന്‍ വേറിട്ടൊരു അസ്തിത്വമായി ജിറാര്‍ദ് പറയുന്നില്ല. ചെകുത്താനെ അദ്ദേഹവും നുണയുടെ പിതാവായി കാണുന്നു. ആദ്യ നുണ തന്നോടുതന്നെ പറയുന്ന നുണയാണ് - ആത്മവഞ്ചനയില്‍ നിന്നാണ് സമൂഹത്തിലേക്ക് വഞ്ചന പ്രവേശിക്കുന്നത്. ലോകത്തില്‍ മനുഷ്യന്റെ മേല്‍ ആവസിക്കുന്ന ഇത്തിക്കണ്ണി (parasite) യാണ് പിശാച് ജിറാര്‍ദിന്. അക്രമത്തിന്റെ പിന്നിലെ ശക്തിയാണിത്. സകല പ്രവാചകരെയും വേട്ടയാടുന്ന പിശാച്. അതുപോലെ മതങ്ങളിലെ ബലിയുടെ പിന്നിലും ജിറാര്‍ദ് സാത്താനെ കാണുന്നു.

മനുഷ്യന്‍ തന്റെ ആഗ്രഹങ്ങളുടെ വിഷയങ്ങള്‍ കണ്ടെത്തുന്നതു വിഷയങ്ങള്‍ നോക്കിയല്ല. താന്‍ വല്ലാതെ അനുകരിക്കുന്ന ആളുടെ ആഗ്രഹവിഷയങ്ങള്‍ അനുകരിക്കുകയാണ്.

സോഫോക്ലീസ്സിന്റെ ഈഡിപ്പസ് രാജാവ് എന്ന നാടകത്തില്‍ രാജാവിനെ രാജ്യത്തുനിന്നു പുറത്താക്കുന്നതു പോലെ എല്ലാ പുറത്താക്കലുകളിലും നടക്കുന്നതു സ്പര്‍ധയില്‍ നിന്നു ജനിക്കുന്ന പൈശാചികതയുടെ ഫലമാണ്. അക്രമത്തിന്റെ വസന്തയുടെ പിന്നില്‍ പിശാചുണ്ട്. യേശു തന്റെ ഏതു വിജയവും നേടുന്നത് അക്രമത്തിലൂടെയല്ല; അക്രമത്തെ പുറംതള്ളിയാണ്. യേശു ക്രൂശിക്കപ്പെടുന്നതും ദൈവനിശ്ചയത്തിലല്ല. മനുഷ്യന്റെ ജീവിത സംസ്‌കാരത്തിലെ സ്പര്‍ദയുടെ വൈരഫലമായിട്ടാണ്.

മനുഷ്യന്‍ തന്റെ ആഗ്രഹങ്ങളുടെ വിഷയങ്ങള്‍ കണ്ടെത്തുന്നതു വിഷയങ്ങള്‍ നോക്കിയല്ല. താന്‍ വല്ലാതെ അനുകരിക്കുന്ന ആളുടെ ആഗ്രഹവിഷയങ്ങള്‍ അനുകരിക്കുകയാണ്. ആ വിഷയം സ്വന്തമാക്കുന്നിടത്താണ് അനുകരണത്തിന്റെ ആള്‍ വില്ലനായി തന്റെ ആഗ്രഹപൂര്‍ത്തിക്കു വിലങ്ങു തടിയാകുന്നത്. അതു മാറ്റാനാണ് പ്രതിയോഗിയായി മാറിയ അനുകരിക്കുന്നവനോട് സ്പര്‍ധയും അതു അക്രമവുമാകുന്നത്. പഴയ നിയമത്തിലെ ജോസഫിനെ സ്വന്തം സഹോദരങ്ങള്‍ കിണറ്റില്‍ തള്ളിയിട്ട് വിദേശികള്‍ക്കു വില്ക്കുന്നത് അവനെ അവരുടെ അപ്പന്‍ കൂടുതല്‍ സ്‌നേഹിക്കുകയും വര്‍ണ്ണക്കുപ്പായം കൊടുക്കയും ചെയ്തതിലുള്ള അസൂയയാണ്. ഒരു കുട്ടിയുടെ അവകാശവാദവുമായി വന്ന രണ്ടു സ്ത്രീകളുടെ പ്രശ്‌നം കുട്ടിയെ വെട്ടി ഭാഗിക്കാനാണ് സോളമന്‍ തീരുമാനിച്ചത്. അതില്‍ ഒരു സ്ത്രീക്കു പരാതികളില്ല; ആ കുട്ടിയെ കൊല്ലുന്നതില്‍. എന്തുകൊണ്ട്? രണ്ടു സ്ത്രീകള്‍ തമ്മിലുള്ള സ്പര്‍ധയുടെ വൈരം. ജിറാര്‍ദ് എഴുതി, ''എത്രമാത്രം നിരാശാ നിര്‍ഭരമായി നാം നമ്മെത്തന്നെ ആരാധിച്ചു 'നല്ല'വരാകാന്‍ ശ്രമിക്കുന്നുവോ, അത്രമാത്രം നമ്മുടെ വിരോധികളെ അനുഷ്ഠാനപരമായി ആരാധിച്ചു വെറുക്കുന്നവരാകും.'' വൈദികരും മെത്രാന്മാരും വൈരത്തിന്റ സ്വയം പൂജയുടെ ആരാധനയില്‍ ആമഗ്നരാകാം. ഇവിടെയൊക്കെ ഈ വൈരത്തില്‍ നിരന്തരം ഉപയോഗിക്കുന്നത് നുണയുടെ ചതിയാണ്. ഇതിന്റെ ക്രൂരമായ ഉദാഹരണങ്ങള്‍ കത്തുകളായും രേഖകളായും റിപ്പോര്‍ട്ടുകളായും നമ്മുടെ മുമ്പിലുണ്ട്. യേശുവിന് ഉതപ്പാകുന്ന സംഭവങ്ങള്‍ സ്ഥിരം കാണേണ്ടി വരുന്നു. ''നാം എത്രമാത്രം അഹങ്കരിക്കുകയും സ്വാര്‍ത്ഥമോഹികളാകുകയും ചെയ്യുന്നുവോ നാം അത്ര അനുകരണയുടെ മാതൃകകളുടെ അടിമകളാകുന്നു.''

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org