ഉദയംപേരൂര്‍ സിനഡും സീറോ മലബാര്‍ സിനഡും

ഉദയംപേരൂര്‍ സിനഡും സീറോ മലബാര്‍ സിനഡും

ഒരു രാത്രിയില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. അവിടെ വലിയ ഒരിടവകയില്‍ കേരളത്തിലെ ഒരു സന്യാസ സമൂഹത്തിലെ സീറോ മലബാര്‍ അംഗം വികാരിയായി സേവനം ചെയ്യുന്നു. അദ്ദേഹം പക്ഷേ, എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നല്ല. പരിചയക്കാരനായ അദ്ദേഹം വിശേഷങ്ങള്‍ പറയുന്നതിന്റെ അവസാനം പറഞ്ഞു: ''സീറോ മലബാര്‍ സിനഡിന് എന്തുപറ്റി? അവര്‍ ഉദയംപേരൂര്‍ സിനഡു പോലെയായല്ലോ?'' രണ്ടും സിനഡാണ് എന്നു പറയുന്നതു മനസ്സിലാക്കാം. പക്ഷെ, രണ്ടും ഒന്നുപോലെ പ്രവര്‍ ത്തിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നു പറഞ്ഞാല്‍ പ്രാദേശിക സഭയുടെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കാതെ അറിയാതെ തികച്ചും വൈദേശികമായത് അടിച്ചേല്പിക്കുന്നു - ബന്ധപ്പെട്ടവരോടു ചോദിക്കുക പോലും ചെയ്യാതെ എന്നാണ് പറയുന്നത്. അതിനുശേഷം ഫ്രാന്‍സിസ് തോണിപ്പാറ സി എം ഐ ഉദയംപേരൂര്‍ സിനഡിന്റെ സ്വാധീനത്തെക്കുറിച്ച് എഴുതിയ ലേഖനം വായിച്ചു. ഒരു ദേശീയ സഭയുടെ മേല്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിന്റെ വൈദേശീയ അടിച്ചേല്പിക്കലുകളുടെ ഒരു ലുത്തീനിയയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സിനഡ് രണ്ടിടത്തും നടത്തിയതു യാതൊരു ചര്‍ച്ചയുമില്ലാത്ത അടിച്ചേല്പിക്കലുകളായിരുന്നു. (ഉദയംപേരൂര്‍ സൂനഹദോസിന്റെ നവോത്ഥാന പരിശ്രമങ്ങളെ തമസ്‌കരിക്കാനല്ല എന്റെ ശ്രമം. മറിച്ച് വ്യത്യസ്തമായതിനെ മനസ്സിലാക്കാതെ വെട്ടിനിരത്തിയ ശൈലിയെക്കുറിച്ച് സൂചിപ്പിക്കാനാണ്.)

ഈ വിധത്തില്‍ ഉദയംപേരൂര്‍ സിനഡിന്റെ മറ്റൊരു ആവര്‍ത്തനമായി സീറോ മലബാര്‍ സിനഡ് മാറി. ഇതു കാണുന്നത് എറണാകുളം-അങ്കമാലി അതിരൂപതക്കാര്‍ മാത്രമല്ല. എന്നാല്‍ ആ വൈദികനോട് യോജിച്ചു കൊണ്ടുതന്നെ ഒരു കാതലായ വ്യത്യാസം ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു വിധത്തില്‍ രണ്ടു സിനഡിനും മാര്‍പാപ്പമാരുടെ പിന്തുണയുണ്ടായിരുന്നു. പക്ഷേ, ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സിനഡില്‍ വലിയ ഒരു വ്യത്യാസം വരുത്തി. സിനഡിന്റെ അധ്യക്ഷനേയും എറണാകുളം-അങ്കമലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററേയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റി. ഇത് ഒരു പുതിയ സംഭവമാണ്.

ഈ സ്ഥാനചലനങ്ങള്‍ എന്താണ് സിനഡിനോടും സഭയോടും പറയുന്നത്? ഈ ചോദ്യം ഗൗരവമായി സീറോ മലബാര്‍ സിനഡും സഭയും പരിഗണിച്ചിട്ടുള്ളതായിട്ടല്ല തെളിയുന്നത്. 36 രൂപതകളില്‍ ഒരു രൂപതയുടെ പ്രശ്‌നം പരിഹരിക്കാത്തതിനാണ് സഭാധ്യക്ഷനെ തല്‍സ്ഥനത്തു നിന്ന് ഇറക്കി വിടുന്നത്. അതു ഭൂരിപക്ഷാധിപത്യത്തിന് ഏറ്റ പ്രഹരമാണ്. തുടര്‍ന്ന് രണ്ടു പേരുടെയും ശൈലി ഈ സഭയ്ക്കു വേണ്ട എന്ന ഉറച്ച തിരുമാനമാണ്. ആ തീരുമാനത്തിനു പിന്നില്‍ വത്തിക്കാന്‍ ഭരണകൂടവും പൊന്തിഫിക്കല്‍ ഡലഗേറ്റായിരുന്ന ആര്‍ച്ചുബിഷപ് വാസിലുമുണ്ടാകാം. ഇതു സിനഡ് മനസ്സിലാക്കിയിട്ടുണ്ടോ?

പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുത്തു. അദ്ദേഹം പറഞ്ഞു: പഴയ മേജര്‍ ആര്‍ച്ചുബിഷപ് ''തെറ്റൊന്നും ചെയ്തതായി ഞാന്‍ വിശ്വസിക്കുന്നില്ല.'' ഇതിന്റെ അര്‍ത്ഥമെന്താണ്? ഒരു തെറ്റും ചെയ്യാത്തവനെ അന്യായമായി ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കിയതിലുള്ള എതിര്‍പ്പിന്റെ പ്രകടനമല്ലേ? ഇന്ത്യയിലെ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിഗമനങ്ങളെയും മാര്‍പാപ്പയുടെ നിശ്ചയങ്ങളുടെയും എതിര്‍ക്കലല്ലേ? എല്ലാ പ്രതിഷേധങ്ങളും ഒഴിവാക്കാനാണ് വിമാനത്താവളത്തിലെ മുറിയില്‍ അതിന്റെ കടലാസുകള്‍ ഒപ്പിടാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്. മാര്‍പാപ്പ യെ അനുസരിക്കാത്തതിന് അതിരൂപതയെ നിരന്തരം കുറ്റം പറയുന്നവര്‍ ഇത് ഓര്‍മ്മി ക്കണം. മാര്‍പാപ്പ സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നതു പഴയ പുരാണങ്ങള്‍ വേണ്ട എന്നു തന്നെയാണ്.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ മേല്‍ കുതിര കയറുന്നതു സിനഡാലിറ്റി അല്ല. സിനഡിനെ ബാധിച്ച പ്രേതത്തേയും ഒഴിവാക്കണം. വിലക്കപ്പെട്ട പുരാണങ്ങള്‍ ആവര്‍ത്തിക്കണോ? ജീവിതം പലപ്പോഴും ആവര്‍ത്തനമാണ്. പക്ഷേ, എന്തിന്റെ? പഴയ പാതകങ്ങളുടെയും ആധിപത്യങ്ങളുടെയും ആവര്‍ത്തനമോ? ജീവിതം ആവര്‍ ത്തനമാക്കണം എന്ന് എഴുതിയതു സോറണ്‍ കീര്‍ക്കെഗോറാണ്. പക്ഷെ, അതു ദൈവത്തിന്റെ പ്രസാദത്തിന്റെ ആവര്‍ത്തനമാണ്. ആ പ്രസാദത്തിന്റെ പുതുമകള്‍ കൊണ്ട് ഈ സഭയെ മുന്നോട്ടു നയിക്കാന്‍ പ്രേതങ്ങളെ ഉച്ഛാടനം ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സിനഡ് ഗൗരവമായ പ്രതിസന്ധിയില്‍ വീഴും. അതു വത്തിക്കാന്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതു ചിന്തനീയമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org