

എല്ലാ ദിവസവും കുര്‍ബാനയര്‍പ്പിച്ചും കുര്‍ബാന സ്വീകരിച്ചും ജീവിക്കുന്ന ചിലര്‍ നിരന്തരമായി നുണ പറയുന്നത് എന്തുകൊണ്ട്? “ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതു കൊണ്ട് അവള്‍ക്കു നീതി നടത്തിക്കൊടുക്കും” (ലൂക്കാ 18:4-8) എന്നു പറയുന്ന ന്യായാധിപന്റെ ഭയം പോലുമില്ലാതെ സഭാധികാരി തന്നെ പീഡിപ്പിച്ചു എന്ന പരാതി പറഞ്ഞ സ്ത്രീക്കെതിരെ വാതില്‍ കൊട്ടിയടച്ചത് എന്തുകൊണ്ട്? ഇതേ പ്രശ്‌നം നാസി കാലഘട്ടത്തില്‍ ജര്‍മ്മനിയില്‍ ഉണ്ടായതിനെക്കുറിച്ച് ജോര്‍ജ് സ്റ്റെയിനര്‍ എഴുതി. “വൈകു ന്നേരങ്ങളില്‍ ഗഥേയും റില്‍ക്കെയും വായിക്കുകയും ബാഗിന്റെയും ഷൂബെർട്ടിന്റെയും സംഗീതം കേള്‍ക്കുകയും ചെയ്തിട്ട് രാവിലെ ഓഷ്.വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലിക്കു പോകുന്നു!” സാത്വികമായ സാഹിത്യവും ഉദാത്തമായ സംഗീതവും കേട്ടിട്ട് നാസ്സികളുടെ ശവനിര്‍മ്മാണ ഫാക്ടറികളില്‍ എങ്ങനെ ജോലിക്കു പോകാനാവും? മുമ്പു പറഞ്ഞ രണ്ടു ചോദ്യങ്ങളും നമ്മുടെ ഇടയില്‍ പ്രസക്തമാണ്.
“ആദിയില്‍ വചനമുണ്ടായിരുന്നു” എന്നു പറഞ്ഞാണ് യോഹന്നാന്‍ സുവിശേഷം തുടങ്ങുന്നത്. ‘അവസാനത്തില്‍’ വചനമുണ്ടാകുമോ എന്ന് അദ്ദേഹം ചോദിച്ചിട്ടില്ല, പറഞ്ഞിട്ടില്ല. നല്ല സാഹിത്യത്തിന്റെയും ദൈവവചനത്തിന്റെയും വാക്കുകള്‍ മനസ്സ് തുറക്കാതെയും മനസ്സിലാക്കാതെയും വായിച്ചുപോകാം. സാഹിത്യവും വെളിപാടുകളും മനുഷ്യനെ മാനവനാക്കി മാറ്റുന്നു എന്ന അവകാശവാദം പൊളിയുകയാണോ?
“നല്ല സാഹിത്യത്തിന്റെയും ദൈവവചനത്തിന്റെയും വാക്കുകള്‍ മനസ്സ് തുറക്കാതെയും മനസ്സിലാക്കാതെയും വായിച്ചുപോകാം.”
രാഷ്ട്രീയ ത്തിന്റെ അധികാരകാമത്തില്‍ ദൈവവചനവും സാഹിത്യപ്രചോദനങ്ങളും മൃതമായി പോകുകയാണോ? ആത്മീയതയും ധാര്‍മ്മികതയും കുറെ കര്‍മ്മാനുഷ്ഠാനങ്ങളല്ലെന്നും അവ വസ്തുനിഷ്ഠമാകാതെ വ്യക്തിനിഷ്ഠമായ നിലപാടുകളും ലക്ഷ്യങ്ങളും പേറുന്ന ബോധ ത്തിന്റെ നിശ്ചയങ്ങളാണെന്നും യേശു വ്യക്തമാക്കിയിട്ടുണ്ട്. യേശു യഹൂദ മതസമൂഹ ത്തിന്റെ കാപട്യത്തെ ശക്തമായി വിമര്‍ശിച്ചു. ഈ പ്രതിസന്ധി ഗൗരവമായി വിശ്വാസികളും ഇന്നു നേരിടുന്നു. അത് ഒരുതരം തന്തയില്ലായ്മയായി പ്രകടമാകുന്നു.
എഡ്ഗര്‍ ഹില്‍സന്റാത്ത് എഴുതിയ “നാസ്സിയും ക്ഷുരകനും” എന്ന ജര്‍മ്മന്‍ നോവല്‍ ഒരു ശുദ്ധ നാസ്സിയുടെ കൊലപാതക ചരിത്രത്തിന്റെ കഥ പറയുന്നു. മാക്‌സ് ഷൂള്‍സ് എന്ന മുഖ്യകഥാപാത്രം ഉറപ്പായി പറയുന്നത് താന്‍ തനി ആര്യനാണ് എന്നാണ്. അയാ ളുടെ അമ്മയ്ക്കു നാലഞ്ചു പറ്റുപടിക്കാരുള്ളതില്‍ താന്‍ ആരുടെ മകനാണ് എന്ന് അയാൾക്കോ അയാളുടെ അമ്മയ്‌ക്കോ വ്യക്തമല്ല. ആരായാലും താന്‍ ആര്യനാണ് എന്ന് അയാള്‍ ഉറച്ചുവിശ്വസിക്കുന്നു. അയാള്‍ നാസ്സികളുടെ കൂട്ടക്കൊലയുടെ കൊലപാതക ചരിത്രത്തിന്റെ മുഖ്യകാര്യകര്‍ത്താവായി. അയാള്‍ തന്റെ അയല്‍ക്കാരായ യഹൂദ കുടുംബത്തെയും തന്റെ തന്നെ സഹപാഠിയേയും കൊന്നു.
പക്ഷെ, യുദ്ധം അവസാനിച്ചപ്പോള്‍ തന്റെ പക്ഷം തോറ്റു എന്നറിഞ്ഞു. ജയിച്ചവരുടെ കൂടെനിന്നു സുഖമായി ജീവിക്കാന്‍ അയാള്‍ തീരുമാനിച്ചു. താന്‍ കൊന്ന സഹപാഠിയുടെ രേഖകള്‍ സ്വന്തമാക്കി അയാള്‍ ഛേദനാചാരവും സഹപാഠിയുടെ ശാരീരിക അടയാള ങ്ങളും സ്വന്തമായി ഉണ്ടാക്കി യഹൂദനായി. അയാള്‍ പാലസ്തീനായിലൂടെ ഇസ്രയേലില്‍ കടന്ന് അവിടെ പട്ടാളത്തില്‍ ചേര്‍ന്നു - തന്റെ പതിവു പണി തുടര്‍ന്നു. ഇപ്പോള്‍ അയാള്‍ കൊല്ലുന്നതു യഹൂദരെയല്ല അറബി മുസ്ലീങ്ങളെയാണ്. ഈ കഥ സ്വന്തം പിതാവിനെ അറിയാത്ത കൊലപാതകിയുടെ കഥയാണ്. ജനിപ്പിച്ചവനെയും സ്രഷ്ടാവിനെയും അറി യാത്തവന്റെ അബോധത്തിന്റെ പ്രതികാരം. പിതൃശൂന്യന്‍ ദൈവപിതാവിനെ നിഷേധി ക്കുന്നവനും മനുഷ്യനു അപകടകാരിയുമാകുന്നു.
സോഫോക്ലീസ് എഴുതിയ ഈഡിപ്പസ് രാജാവിന്റെ നാടകം ഇങ്ങനെ പിതാവ് ആരെന്ന അന്വേഷണത്തില്‍ പിതാവിനെ അറിയാത്ത പിതൃഘാതകന്റെ കഥയാണ്. കോറിന്തിലെ അരമനയില്‍ പാര്‍ത്തവന്‍ പോളിബൂസും മിറോപ്പുമാണ് തന്റെ മാതാപിതാ ക്കള്‍ എന്നു കരുതി. അവര്‍ അവന്റെ മാതാപിതാക്കളല്ല എന്നു ഒരു മദ്യപന്‍ പറയുന്നതു കേട്ട് അവന്‍ ഡല്‍ഫി ക്ഷേത്രത്തില്‍ പോയി. ക്ഷേത്രത്തിന്റെ വെളിപാട് “ഇവിടെ നിന്നു പോകുക. നീ പിതാവിനെ കൊല്ലും മാതാവിനെ വേളി ചെയ്യും” എന്നായിരുന്നു. അവന്‍ കൊട്ടാരം വിട്ടോടി. പക്ഷെ, അവന്‍ അധര്‍മ്മത്തില്‍ നിന്നായിരുന്നോ ഓടിയത്? തേബ സിലെ രാജവിളംബരം കേട്ടാണ് അയാള്‍ ഓടിയത്. വസന്തയുണ്ടാക്കുന്ന യക്ഷി (Sphinx) യുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു; വസന്തയകറ്റിയവനു രാജ്യവും രാജ്ഞിയേയും കിട്ടി. തേബസിലേക്കു വഴിമുടക്കിയവനെ കൊന്നു തേബസില്‍ വന്നു യക്ഷിയെ നേരിട്ട് ഉത്തരം പറഞ്ഞു അങ്ങനെ തേബസിന്റെ രാജാവായി, രാജ്ഞിയെ വേളി ചെയ്തു.
രാജ്യഭാരം ഏറ്റവന്‍ നേരിടേണ്ടി വന്നതു രണ്ടാമത്തെ വസന്തയാണ്. രാജ്യത്തിന്റെ മുന്‍രാജാവിനെ കൊന്നവനെ നാട്ടില്‍ നിന്നു പുറത്താക്കാതെ വസന്തയൊഴിയില്ല. ചരിത്രം സൃഷ്ടിച്ച് നാടിനെ സംരക്ഷിക്കാനാണ് ഈഡിപ്പസ് ശ്രമിക്കുന്നത്. ഈഡിപ്പസ് തന്നെത്തന്നെ അറിയാനാണ്. അതു സാധ്യമാകണമെങ്കില്‍ നാട്യത്തില്‍ നിന്നു സത്യ ത്തിലേക്ക് വേദനാജനകമായി യാത്ര ചെയ്യണം. നാടിന്റെ പ്രവാചകന്റെ കഴിവുകേട് ഉയര്‍ത്തിക്കാണിച്ച് പരിഹസിച്ചപ്പോള്‍ പ്രവാചകന്‍ തിരിച്ചടിച്ചു. “നീ തേടുന്ന കുറ്റവാളി നീ തന്നെ.” അയാള്‍ തന്റെ പിതാവായ ലായൂസിനെ കൊന്നോ? വഴി തടഞ്ഞവന്‍ സ്വന്തം പിതാവാണെന്നു തിരിച്ചറിഞ്ഞോ? താന്‍ വേളി ചെയ്ത് നാലു മക്കളെ പ്രസവിച്ചത് സ്വന്തം അമ്മയാണെന്ന് അയാള്‍ അറിഞ്ഞോ? യാഥാര്‍ഥ്യം കാണാന്‍ അയാള്‍ കണ്ണില്ലാത്ത വനായി. എന്തുകൊണ്ട്? സാധാരണമായ ആത്മവഞ്ചന എടുത്തു മാറ്റുന്നതു സന്തോ ഷമാണ്.
എന്നാല്‍ ഈ ആത്മവഞ്ചനയാണ് മനുഷ്യന്റെ ഉള്ളിലെ ആഴമായ രോഗം. അയാള്‍ രാജ്യത്തിന്റെ മുന്‍രാജാവ് എങ്ങനെ മരിച്ചു എന്നറിയേണ്ടതായിരുന്നു. ദുഃഖകര മായ ഈ അറിവ് തേടിയില്ല. സത്യം അറിയാനുള്ള അന്വേഷണം പലരും വെറും കൗതുക മാക്കി മാറ്റുന്നു എന്നു പറയുന്നതു മാര്‍ലോ എന്ന മനഃശാസ്ത്രജ്ഞനാണ്. ആത്മവഞ്ചന യുടെ രോഗം സാധാരണമാകുന്നു. സ്വയം അറിയുന്നത് പേടിപ്പെടുത്തുന്നു. ആ പേടി രോഗാതുരമായ ഭ്രമമായി മാറും. ആത്മവഞ്ചന രോഗത്തിലേക്കു വഴിനടക്കലാവും. ഈഡിപ്പസിന്റെ പ്രതിസന്ധി, അറിയാനുള്ള ധാര്‍ഷ്ട്യമാണ്. എന്നാല്‍ അറിവിന്റെ ഭാര ത്തില്‍ ഈഡിപ്പസ് പറയുന്നു, “എനിക്കിത് അറിയാമായിരുന്നു, എങ്കിലും ഞാന്‍ മറന്നു. അല്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ട് വരരുതായിരുന്നു.” അവസാനമായി അയാള്‍ പറഞ്ഞു, “ഞാന്‍ എന്റെ പിതാവിനോടും മാതാവിനോടും ചെയ്തത് അറിഞ്ഞ് ഈ കണ്ണുകള്‍ കൊണ്ട് പാതാളത്തില്‍ അവരെ എങ്ങനെ നോക്കും?” രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ച് അയാള്‍ നടന്നകലുന്നു.
ചിന്തയും മനസ്സിലാക്കലും പാളിയ ഒരു മനുഷ്യജീവിതകഥയാണ് സോഫോക്ലീസ് അവതരിപ്പിക്കുന്നത് - അതൊരു മനുഷ്യദര്‍ശനമാണ്, മനുഷ്യദുരന്ത ദര്‍ശനം. അന്വേഷ ണവും അറിവും വഴിതെറ്റിയ ഒരു കാമദുരന്തം. ഇക്കാലത്തും കാപട്യത്തിന്റെ ദുരന്ത കഥകള്‍ സംഭവിക്കുന്നു.