ഒരു പാരമ്പര്യം വീണ്ടെടുക്കണം

ഒരു പാരമ്പര്യം വീണ്ടെടുക്കണം

സീറോ-മലബാര്‍ സഭയുടെ ചരിത്രത്തില്‍ കഴിഞ്ഞ പന്ത്രണ്ടു കൊല്ലക്കാലം ഒരു പാരമ്പര്യത്തിന്റെ തീരാനഷ്ടത്തിന്റെയായിരുന്നു. എത്രമാത്രം ബോധ്യത്തോടെ തെളിയിക്കപ്പെട്ടാലും സൗഹൃദത്തെ തകര്‍ക്കാന്‍ ഏതു സത്യത്തിനാണ് കഴിയുക? ഏതു സത്യമാണ് പരമപ്രധാനമെന്നാണ് യേശു പഠിപ്പിച്ചത്? ഏതു സത്യമാണ് എല്ലാറ്റിലും പ്രധാനമായി സഭ പിന്തുടരുന്നത്? ഈ പഴമയും പാരമ്പര്യവുമല്ലേ വയോധികനായ ജേക്കബ് തൂങ്കുഴി പിതാവ് ഈ കലുഷിതകാലത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞത്? നമ്മുടെ ചരിത്രത്തില്‍ നമ്മുടെ പിതാമഹന്മാര്‍ കാത്തുസൂക്ഷിച്ച ചരിത്രം എന്തായിരുന്നു. സൗഹൃദം ബലിചെയ്യാന്‍ പറ്റിയ എന്തു സത്യമാണ് നാം അനുധാവനം ചെയ്തത്? പഴയ മഹത്തായ പാരമ്പര്യത്തെ മനഃപൂര്‍വം അട്ടിമറിച്ച് വൈരത്തില്‍ ഈ സഭയുടെ പിതാക്കന്മാര്‍ തമ്പടിച്ച മറ്റൊരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ? ഈ പാരമ്പര്യത്തിന്റെ അധികാരമാണ് സഭയുടെ കഴിഞ്ഞകാലങ്ങളില്‍ നമുക്കു നഷ്ടമായത്. അതാണ് വീണ്ടെടുക്കേണ്ടത്.

ഒരു അതിരൂപതയേയും അതിലെ വൈദികരേയും ജനങ്ങളേയും സൗഹൃദത്തില്‍ നിന്നു വെട്ടിനീക്കി ജീവിക്കാന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തെ നിര്‍ബന്ധിച്ച വലിയ സത്യം എന്തായിരുന്നു? ഐകരൂപ്യം എന്ന് സിനഡ് പിതാക്കന്മാര്‍ സൃഷ്ടിച്ച സത്യമോ? അത് അത്ര പ്രാഥമികമായ സത്യമായിരുന്നോ? എല്ലാ സ്‌നേഹബന്ധങ്ങളേയും റദ്ദാക്കാന്‍ കഴിയുന്ന സത്യമായത് എങ്ങനെ? ഈ സത്യത്തിനുവേണ്ടിയായിരുന്നില്ലേ നിരന്തരമായ ബലപ്രയോഗങ്ങള്‍ പൊലീസും നിയമവും ഉപയോഗിച്ച് നടത്തിയത്? നമ്മുടെ പിതാക്കന്മാരും വൈദികരും നമ്മുടെ സമൂഹങ്ങളില്‍ ഏറ്റവും പ്രധാനമായി നടപ്പിലാക്കാന്‍ ശ്രമിച്ചതു യേശുവിന്റെ സ്‌നേഹത്തിന്റെ ഏകപ്രമാണമായിരുന്നു. ആ ബലത്തിലാണ് സഭ നിലനിന്നതും പ്രബുദ്ധമായതും. വെറുപ്പിന്റെ വേദം എങ്ങനെയാണ് ഈ സഭാധികാരത്തിന്റെ സിരകളിലേക്ക് ആഴ്ന്നിറങ്ങി അധികാരം അട്ടിമറിച്ചത്? അത് ഒരു തിരഞ്ഞെടുപ്പായിരുന്നു. വൈരത്തെ അധികാരത്തിലാക്കിയ തീരുമാനം.

ഗോട്ട്‌ഹോള്‍ഡ് എഫ്രയിം ലെസ്സിംഗ് (1729-1781) എന്ന ജര്‍മ്മന്‍ നാടകകൃത്ത് എഴുതിയ പ്രസിദ്ധ നാടകമാണ് 'വിവേകിയായ നാഥാന്‍' (Nathan the wise). മൂന്നാം കുരിശുയുദ്ധ (1187) പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നാടകമാണിത്. സലാഡില്‍ എന്ന സുല്‍ത്താന്‍ തനിക്കു പരിചയമുള്ള നാഥാന്‍ എന്ന യഹൂദനെ ഒരു ദിവസം തന്റെ അരമനയിലേക്കു വിളിച്ചു വരുത്തുന്നു. വ്യവസായിയായ അയാള്‍ സുല്‍ത്താന്‍ പണം ചോദിക്കാനായിരിക്കും വിളിച്ചത് എന്നു കരുതി. പക്ഷെ, സുല്‍ത്താന് ചോദിച്ചതു അതൊന്നുമല്ല. സുല്‍ത്താന്‍ പറഞ്ഞു, ഇവിടെ ക്രൈസ്തവര്‍ മുസ്ലീംങ്ങളുമായി യുദ്ധത്തിലാണ്. താങ്കള്‍ യഹൂദനാണ്. ഈ മൂന്നു മതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏതാണ്? ചോദ്യത്തിന്റെ പ്രസക്തിയും അതിന്റെ അപകടവും മനസ്സിലാക്കിയ നാഥാന്‍ പറഞ്ഞു. ഇത്ര ഗൗരവമായ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്കറിയില്ല. ഞാന്‍ ഒരു കഥ പറഞ്ഞോട്ടെ. സലാഡില്‍ അതു സമ്മതിച്ചു.

നാഥാന്‍ ഒരു കഥ പറഞ്ഞു. കിഴക്കു നാട്ടില്‍ പരമ്പരാഗതമായ ആ കുടുംബത്തിന്റെ പാരമ്പര്യമായി ഉണ്ടായിരുന്നത് ഒരു മാന്ത്രിക മോതിരമായിരുന്നു. അതായിരുന്നു ആ കുടുംബത്തിന്റെ ഐശ്വര്യത്തിന്റെ നിദാനം. പക്ഷെ, അതിന്റെ ഗൃഹനാഥന് ഒരു പ്രതിസന്ധി. മൂന്ന് ആണ്‍മക്കളുള്ള അയാള്‍ ഇത് ഒരു മകനു മാത്രം കൊടുക്കാന്‍ ആഗ്രഹിച്ചില്ല. അയാള്‍ ഒരു രത്‌നവ്യാപാരിയെ സമീപിച്ച് മോതിരത്തിനു രണ്ടു പതിപ്പുകള്‍ കൂടി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് അയാള്‍ മൂന്നു മോതിരങ്ങള്‍ അയാള്‍ക്ക് കൊടുത്തു. അതു മൂന്നു മക്കള്‍ക്കും കൊടുത്ത് ആ വീട്ടുകാരന്‍ കടന്നുപോയി, കാലം കഴിഞ്ഞപ്പോള്‍ മൂന്നു മക്കള്‍ തമ്മില്‍ വിവാദമായി. ഏതാണ് അസ്സല്‍ മോതിരമെന്നതിനെക്കുറിച്ച്. അവര്‍ മധ്യസ്ഥരെ വച്ചു. പക്ഷെ, അവര്‍ക്കും അതില്‍ ഏതാണ് അസ്സല്‍ മോതിരം എന്നു നിശ്ചയിക്കാനായില്ല. മധ്യസ്ഥര്‍ അവസാനമായി പറഞ്ഞു. ''ഇതില്‍ നിങ്ങളുടെ കൈവശമുള്ളതാണ് അസ്സല്‍ എന്നു വിശ്വസിച്ചു ജീവിക്കുക മാത്രമാണ് കരണീയം. കാരണം നിങ്ങളുടെ മരിച്ചുപോയ പിതാവ് തിരിച്ചു വന്നാലെ ഇതറിയാനാവൂ.'' നാഥാന്‍ കഥ പറഞ്ഞവസാനിപ്പിച്ചു. ''മനുഷ്യനായാല്‍ മതി.''

ഏതാണ് അസ്സല്‍ മോതിരം എന്ന് നാഥാന്‍ പറഞ്ഞില്ല. സത്യമായ മതം ഏത് എന്നത് ഇന്നും ചര്‍ച്ചാവിഷയമാണ്. അദ്ദേഹം ഒരു മതത്തിന്റെയും തനിമയോ മഹിമയോ നിഷേധിച്ചില്ല. അസ്സല്‍ മോതിരമുണ്ടായാല്‍ അതു ചര്‍ച്ചകള്‍ അവസാനിപ്പിക്കും, അതിന്റെ ആധിപത്യം സ്ഥാപിക്കും. പിന്നെ ഒരു ഭാഷണത്തിനും പ്രസക്തിയില്ലാതാകും. പക്ഷെ, ഭാഷണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് യുദ്ധമാണ്. അതായിരുന്നു കുരിശുയുദ്ധം. നാഥാന്‍ കഥയിലൂടെ എന്താണ് പറയുന്നത്? നാഥാന്‍ തന്റെ വീട്ടിലേക്കു മടങ്ങുന്നു. അയാള്‍ ഒരു ക്രൈസ്തവ യുവതിയെ മകളായി എടുത്തുവളര്‍ത്തുന്നുണ്ട്. അവളെ കാണാന്‍ വരുന്ന കുരിശുയുദ്ധക്കാരനായ ക്രൈസ്തവനോട് നാഥാന്‍ പറഞ്ഞു, ''നാം സുഹൃത്തുക്കളാകണം.'' അതിനര്‍ത്ഥം മതവ്യത്യാസം മറന്നു സൗഹൃദത്തില്‍ ജീവിക്കണം എന്നാണ്.

ലെസ്സിംഗിന്റെ അടിസ്ഥാനതത്വം മനുഷ്യനായാല്‍ മതി എന്നതാണ്. നമ്മുടെ ഭിന്നങ്ങളായ ബോധ്യങ്ങളുടെയും വിശ്വാസങ്ങളുടെയും പെരുമാറ്റ രീതികളുടെയും വൈവിധ്യത്തില്‍ നാം മനുഷ്യരാകണം. മനുഷ്യമഹത്വത്തിലേക്ക് ഉയരാനാണ് മതങ്ങള്‍ ഉപകരിക്കേണ്ടത്. വിശ്വാസത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അപ്പോഴൊക്കെ മനുഷ്യരാകുക. ലെസ്സിംഗ് ലോകത്തോടു പറയന്നത് ഒരു കഷ്ടകാലത്തിന്റെ കഥയാണ് - പരസ്പരം യുദ്ധം വെട്ടുന്ന കാലം. എന്തുകൊണ്ട്? ക്രൈസ്തവ യൂറോപ്പില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും യുദ്ധത്തിലാണ്. ലോകത്തില്‍ മതങ്ങള്‍ തമ്മില്‍ യുദ്ധമാണ്. ബോധ്യങ്ങളുടെയും വിശ്വാസങ്ങളുടെയും യുദ്ധം. എല്ലാ ബോധ്യങ്ങളും സത്യത്തിന്റെ അടിസ്ഥാനങ്ങളാണ്. ഏതാണ് എല്ലാ സത്യങ്ങളുടെയും അടിസ്ഥാനമാകേണ്ട പ്രാഥമിക സത്യം? അതാണ് മനുഷ്യത്വം - സൗഹൃദം. ഈ മാനദണ്ഡത്തില്‍ മറ്റു സത്യങ്ങളെ ബലി ചെയ്യണം. മറിച്ചാണ് നടക്കുന്നത് സൗഹൃദത്തേയും മനുഷ്യത്വത്തെയും ചില ബോധ്യങ്ങളുടെ പേരില്‍ ബലി ചെയ്യുന്നു. മനുഷ്യനാകുക എന്നതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് എന്താണ്? നല്ല സമരിയാക്കാരന്റെ കഥയില്‍ യേശു പഠിപ്പിച്ച അടിസ്ഥാന സത്യം എന്താണ്? ഒരേ ഒരു പ്രമാണമേ യേശു പഠിപ്പിച്ചിട്ടുള്ളൂ - സ്‌നേഹം. ക്രൈസ്തവികതയുടെ അടിസ്ഥാനം സ്‌നേഹമാണെങ്കില്‍ കഴിഞ്ഞ 12 കൊല്ലം ഈ സഭയില്‍ നടന്ന വിവാദങ്ങളും സംഘര്‍ഷങ്ങളും എന്തിനായിരുന്നു? ക്രിസ്തുവിന്റെ ഏകപ്രമാണം ലംഘിച്ചതിന്റെ അധികാരസ്ഥാപനം. ക്രൈസ്തവ സഭയുടെ പാരമ്പര്യം അതായിരുന്നോ? മനുഷ്യജീവിതത്തിനും ആഴവും ഗരിമയും ഉണ്ടാകുന്നത് ഓര്‍മ്മയില്‍ നിന്നാണ്. നാം ഓര്‍മ്മയില്ലാത്തവരായി. കാരണം ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍'' എന്നതിനെക്കുറിച്ചായിരുന്നു അങ്കം. ഈ കഷ്ടകാലം മാറ്റാന്‍ നമുക്കാവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org