പോപ്പ് ബെനഡിക്ട് : പാരമ്പര്യ വിമര്‍ശകനായ ദൈവശാസ്ത്രജ്ഞന്‍

പോപ്പ് ബെനഡിക്ട് : പാരമ്പര്യ വിമര്‍ശകനായ ദൈവശാസ്ത്രജ്ഞന്‍

എട്ടുകൊല്ലം സഭയുടെ മാര്‍പാപ്പയായും കാല്‍നൂറ്റാണ്ടിലധികം സഭയുടെ വിശ്വാസബോധനങ്ങളുടെ അമരക്കാരനുമായി 600 വര്‍ഷത്തെ ചരിത്രത്തില്‍ വിരമിക്കുക എന്ന നടപടിക്ക് ധൈര്യം കാണിച്ചവനുമായി 95-ാം വയസ്സില്‍ കാലം ചെയ്ത 'ബെനഡിക്ട് 16' എന്നറിയപ്പെട്ട ജോസഫ് റാറ്റ്‌സിംഗറിനെ ലോകമാധ്യമങ്ങള്‍ ''ദൈവത്തിന്റെ വേട്ടപ്പട്ടി' (God's Rottweiler) എന്നാണ് വിശേഷിപ്പിച്ചത്. വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷന്‍ എന്ന വിധത്തില്‍ വിശ്വാസത്തിന്റെ വ്യാകരണത്തില്‍ നിഷ്ഠപുലര്‍ത്തിയതില്‍ വന്നുവീണ ഒരു കളിപ്പേരായിരുന്നു ഇത്. എന്നാല്‍ ഒരു വൈദികനെന്ന വിധത്തില്‍ ജര്‍മ്മനിയിലെ മൂന്നു യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ച ദൈവശാസ്ത്രാധ്യാപകന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു നല്കിയ സംഭാവനകള്‍ അറിയുന്ന ആരും ഈ പേരില്‍ അദ്ദേഹത്തെ ഒതുക്കിക്കാണില്ല. മെത്രാന്‍, കാര്‍ഡിനല്‍ എന്ന നിലകളില്‍ അധികാരത്തില്‍ ഇരുന്ന് മാര്‍പാപ്പയായശേഷം അധികാരം തന്റെ ആത്മാവിനു ഭാരവും ഭീഷണിയുമായി മാറുന്നു എന്നു തിരിച്ചറിഞ്ഞ് അധികാരത്തില്‍ നിന്നു കുതറി മാറാനുള്ള വിശുദ്ധിയുടെ വിവേകം കാണിച്ച ചരിത്രത്തിലെ വിരളമായ സംഭവമായിരുന്നു. എന്നാല്‍ ചില സെക്കുലര്‍ മാധ്യമങ്ങള്‍ ഈ വിഷയത്തെ വിലയിരുത്തിയത് മറ്റൊരുവിധത്തിലായിരുന്നു. കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍ പാപ്പാസ്ഥാനത്തു നിന്നു രാജിവച്ചത് പ്രധാനമായും സഭയുടെ അകത്തുനിന്നുള്ള അഴിച്ചി(rot within)ലിന്റെ ഫലമാണ് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തി. ''ആന്തരിക പ്രതിസന്ധി നേരിടാന്‍ പ്രായാധിക്യത്തിന്റെ ഫലമായി ശക്തി അപര്യാപ്തമാണ്'' എന്ന തിരിച്ചറിവ് നിരന്തരമായ ആത്മശോധനയില്‍ തീരുമാനം എടുത്തുവെന്നു പറയുന്നു. 'അരമന പാപ്പാസ്ഥാനത്തിന്റെ കുഷ്ഠ'മാണ് എന്നു പറഞ്ഞ് ബെനഡിക്ട് മാര്‍പാപ്പയുടെ തീരുമാനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

ലത്തീന്‍ റീത്തില്‍ കുര്‍ബാനയുടെ കൗദാശിക ഭാഗമെങ്കിലും കിഴക്കോട്ട് തിരിഞ്ഞു അര്‍പ്പിക്കണമെന്ന അഭിപ്രായമുണ്ടായിരുന്ന മാര്‍പാപ്പ തന്റെ പാപ്പ സ്ഥാനത്തില്‍ ഒരിക്കല്‍പോലും വ്യക്തിപരമായ നിലപാട് നടപ്പിലാക്കാനോ അടിച്ചേല്പിക്കാനോ മുതിര്‍ന്നിട്ടില്ല. സഭയുടെ അധികാരസ്ഥാനങ്ങള്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ നടപ്പിലാക്കാനല്ല എന്ന് ആവര്‍ത്തിച്ചു പഠിപ്പിച്ച മാര്‍പാപ്പയായിരുന്നു ബെനഡിക്ട്. യാഥാസ്ഥിതിക നിലപാടുകള്‍ അദ്ദേഹം വിമോചന ദൈവശാസ്ത്രം പോലുള്ള വിഷയങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ചിന്ത കള്‍ പുരോഗമനപരമായിരുന്നു. അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ചിന്തകളെ കണ്ടറിഞ്ഞ് കൂടെക്കൂട്ടിയതു കൊളോണ്‍ കര്‍ദിനാളായിരുന്ന ജോസ ഫ് ഫ്രിംഗ്‌സ് ആയിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ കാര്‍ഡിനല്‍ ഫ്രിംഗ്‌സിനുവേണ്ടി പ്രഭാഷണങ്ങള്‍ എഴുതിയതു ജോസഫ് റാറ്റ് സിംഗറാണ്.

റാറ്റ്‌സിംഗര്‍ എന്ന ദൈവശാസ്ത്രജ്ഞന്റെ സ്വാധീനവും പങ്കാളിത്തവും ഏറ്റവും പ്രധാനമായി ഉണ്ടായതു ദൈവാവിഷ്‌കരണത്തെക്കുറിച്ച് വത്തിക്കാന്‍ സൂനഹദോസിന്റെ അടിസ്ഥാന പ്രബോധനരേഖയുടെ (Dei verbum) രൂപീകരണത്തിലാണ്. എന്നാല്‍ ഈ പ്രമാണരേഖയുടെ രൂപീകരണത്തില്‍ സര്‍ഗാത്മകരായി പങ്കുചേര്‍ന്ന റാനര്‍, കോംഗാര്‍, ഡാ നിയേലൂ തുടങ്ങിയ ജര്‍മ്മന്‍, ഫ്രഞ്ച് ചിന്തകരുടെ സംയുക്തമായ ശ്രമം മറക്കപ്പെടുകയില്ല. ദൈവത്തിന്റെ വെളിപാടിനെക്കുറിച്ച് അനന്യവും തുറന്നതുമായ കാഴ്ചപ്പാടാണ് റാറ്റ്‌സിംഗര്‍ പുലര്‍ത്തിയിരുന്നത്. അതിന് ഒരു കാരണം അദ്ദേഹം ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനു വേണ്ടി പ്രബന്ധം എഴുതിയത് ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ ജനറല്‍ ആയിരുന്ന വി. ബൊനവഞ്ചറിനെക്കുറിച്ചായിരുന്നു (1221-1274). ബൊനവഞ്ചര്‍ അരിസ്റ്റോട്ടിലില്‍ നിന്നും അക്വിനാസില്‍ നിന്നും അല്പം മാറി ചിന്തിച്ചവനായിരുന്നു. മാത്രമല്ല ബൊനവഞ്ചര്‍ അന്ന് വളരെ പ്രസിദ്ധനായിരുന്ന ജൊവാക്കിം ഫിയോരെ (1137-1202) യുടെ മിസ്റ്റിക്കല്‍ വെളിപാടുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചവനുമായിരുന്നു. ഈ മിസ്റ്റിക്കല്‍ സന്യാസി മനുഷ്യചരിത്രത്തെ മൂന്നു യുഗങ്ങളായി കാണുന്നു. പിതാവായ ദൈവത്തിന്റെയും പുത്രനായ ദൈവത്തിന്റെയും യുഗങ്ങള്‍ അവസാനിച്ചു എന്നും പരിശുദ്ധാത്മാവിന്റെ യുഗമാണിതെന്നും - അതു സന്യാസത്തിന്റെ കാലഘട്ടമാണെന്നും പറഞ്ഞുവച്ചു. റാറ്റ്‌സിംഗറിന്റെ പഠനം ചരിത്രത്തിലൂടെയുള്ള ദൈവത്തിന്റെ വെളിപാടിനു പ്രാധാന്യം കൊടുത്തു ക്രിസ്തുകേന്ദ്രീകൃതമായ വെളിപാട് അസ്തമിച്ചിട്ടില്ല എന്നും പരിശുദ്ധാത്മാവിന്റെ വ്യക്തികള്‍ക്കുള്ളിലെ പ്രചോദനത്തിന്റെ ദൈവവചനത്തിന്റെ മനസ്സിലാക്കലില്‍ പുരോഗതിയും പുതിയ വെളിപ്പെടുത്തലുമുണ്ടാകാം എന്നും അഭിപ്രായപ്പെട്ടു. വേദഗ്രന്ഥത്തെ റാറ്റ്‌സിംഗര്‍ കാണുന്നതു വെളിപാടിന്റെ പാരമ്പര്യത്തില്‍ ഉണ്ടായ ദൈവിക ലിഖിതങ്ങളായാണ്. ക്രിസ്തുവില്‍ സംഭവിച്ച വെളിപാടിന്റെ ഭാഷണരൂപമാണ് വേദഗ്രന്ഥം. ദൈവാവിഷ്‌കാരം എന്തെങ്കിലും കുറെ കാര്യങ്ങളുടെ വിവരമറിയലല്ല; വ്യക്തിയുടെ രൂപാന്തരീകരണമാണ്.

ഇവിടെ പാരമ്പര്യം എന്നതു വെൡപാടു ജീവിക്കുന്ന സഭയിലാണ് ഉണ്ടാകുന്നത് - അതു സാക്ഷ്യമാണ്. അതു നിയമക്രോഡീകരണങ്ങളെക്കാള്‍ പ്രസാദവരസാക്ഷ്യങ്ങളാണ്. ഈ പാരമ്പര്യം വളരുന്നതും വികസിക്കുന്നതുമാണ്. സഭാധികാരം അഥവാ സഭാസമൂഹം അതാണ് തലമുറകള്‍ക്ക് കൈമാറുന്നത്. ആ വിധത്തില്‍ പാരമ്പര്യം ജീവിക്കുന്നതും ചലനാത്മകവുമാണ്. ഇതു വ്യക്തമാക്കിക്കൊണ്ട് ഗ്രിഗറി മേയര്‍ എന്ന അമേരിക്കന്‍ മെത്രാന്‍ 1964 സെപ്റ്റംബര്‍ 30-ന് സൂനഹദോസിന്റെ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിനു ജോസഫ് റാറ്റ്‌സിംഗര്‍ നല്കിയ മറുപടി ''പാരമ്പര്യത്തെ സാധകമായി മാത്രം കണ്ടാല്‍ പോരാ വിമര്‍ശന പരമായും കാണണം. നമുക്കുള്ള വേദഗ്രന്ഥം പാരമ്പര്യത്തിന്മേല്‍ ഒഴിവാക്കാനാവാത്ത വിമര്‍ശന മാനദണ്ഡമാണ്. പാരമ്പര്യം എപ്പോഴും ബന്ധപ്പെടേണ്ടതും അളക്കപ്പെടേണ്ടതും വേദഗ്രന്ഥമനുസരിച്ചായിരിക്കണം.'' മറ്റു ക്രൈസ്തവസഭകളുമായുള്ള ബന്ധത്തില്‍ സാധകമായിരുന്ന ഈ പാരമ്പര്യ വിമര്‍ശന പരാമര്‍ശം വിട്ടുപോയതു കൗണ്‍സിലിന്റെ വീഴ്ചയായി അദ്ദേഹം കണ്ടു. എന്നാല്‍ ബൈബിളിനെ മനസ്സിലാക്കേണ്ടതില്‍ പാരമ്പര്യം അനിവാര്യമാണ്. വേദഗ്രന്ഥത്തെ സഭ മനസ്സിലാക്കുന്നതും വെളിപാടിന്റെ പാരമ്പര്യവുമായി ബന്ധിച്ചാണ്. ബൈബിള്‍ രൂപപ്പെട്ട പാരമ്പര്യവും, ബൈബിളിനെ മനസ്സിലാക്കിയ വിധങ്ങളുടെ ചരിത്രവും വിലപ്പെട്ടതാണ്. വെളിപാട് മുഖ്യമായും മനുഷ്യന്റെ ആന്തരികതയിലെ ദൈവത്തിന്റെ സാന്നിധ്യവും പ്രവര്‍ത്തനവുമാണ് എന്ന് ഉറച്ചുവിശ്വസിക്കുന്ന ജോസഫ് റാറ്റ്‌സിംഗറിന്റെ ആര്‍ജവവും അതില്‍ നിന്നു ള്ള ധീരമായ നടപടികളും വിശുദ്ധമായ മനസ്സാക്ഷിയുടെ ആള്‍രൂപത്തി ന്റെ പ്രത്യക്ഷങ്ങളായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org