നമ്മുടെ ഇടയിലെ ഭീകര സത്വങ്ങള്‍

നമ്മുടെ ഇടയിലെ ഭീകര സത്വങ്ങള്‍
വി. ഗീവര്‍ഗീസിന്റെ കഥ ഒരു ഭീകര സത്വത്തിന്റെയും കഥയാണ്. ഒരു പെണ്‍കുട്ടിയെ വിഴുങ്ങാന്‍ നോക്കിയിരിക്കുന്ന ഭീകര സത്വത്തെയാണ് ഗീവര്‍ഗീസ് നേരിട്ട് നശിപ്പിക്കുന്നത്. വീരസാഹസികതയുടെ വിശുദ്ധന്‍. ഭീമന്‍ ബഗന്‍ എന്ന ഭീകരസത്വത്തെ നശിപ്പിക്കുന്ന കഥ മഹാഭാരതത്തിലുണ്ട്. ഈഡിപ്പസ് രാജാവിന്റെ നാടകത്തില്‍ അയാള്‍ തേബസ് നാട്ടില്‍ വന്നപ്പോള്‍ നേരിടേണ്ടി വരുന്നതു നാട്ടില്‍ വസന്തയുണ്ടാക്കുന്ന സത്വത്തെയാണ്. പക്ഷെ, ഈ വിചിത്ര ജീവി ആളുകളെ കൊല്ലുന്നതിനു മുമ്പ് ഒരു സമസ്യപോലെ ഒരു ചോദ്യം ഉന്നയിക്കുന്നു. ആ ചോദ്യം സത്വത്തെക്കുറിച്ച് നമ്മുടെ ധാരണകള്‍ വെല്ലുവിളിക്കുന്നു. സത്വങ്ങള്‍ ഇങ്ങനെ താത്വികചോദ്യങ്ങള്‍ ചോദിക്കുമോ? നമ്മുടെ നാട്ടില്‍ പണ്ട് എല്ലാ പാലമരങ്ങളിലും യക്ഷികള്‍ പാര്‍ത്തിരുന്നു - അവര്‍ മനുഷ്യരക്തത്തിനുവേണ്ടി കാത്തിരിക്കുന്നു. മുത്തശ്ശിമാര്‍ ഇത്തരം കഥകള്‍ പറഞ്ഞു ജീവിതവഴിയിലെ ഭീഷണികളെ ഓര്‍മ്മപ്പെടുത്തുന്നു.

പക്ഷെ, ഇന്നു നാം ജീവിക്കുന്നതു ശാസ്ത്രീയ യുഗത്തിലല്ലേ? എവിടെയാണ് ഭീകരസത്വങ്ങള്‍? ''ഭീകര സത്വങ്ങള്‍ പതിയിരിക്കുന്നു; അവയുടെ രൂപം അറിവിന്റെ ചരിത്രമനുസരിച്ച് മാറുന്നു.'' ഇത് എഴുതിയതു മിഷേല്‍ ഫുക്കോ എന്ന ഫ്രഞ്ചു മനഃശാസ്ത്രജ്ഞനും ചിന്തകനുമാണ്. മനുഷ്യന്റെ അറിവിന്റെ ചരിത്രം മാറുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറിവിന്റെ ചരിത്രമല്ല ഈ നൂറ്റാണ്ടിന്റേത്. പഴയ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ഭീകര സത്വങ്ങളും യക്ഷികളുമുണ്ടായിരുന്നു. അവയ്ക്കു മറ്റു പേരുകളുമുണ്ടായിരുന്നു. ഇന്നു യക്ഷികളില്ല. പക്ഷെ, ചോരകൊതിച്ചു നടക്കുന്നവരുണ്ട്. ഇവര്‍ നമ്മുടെ രക്തത്തിനുവേണ്ടി ഒളിച്ചിരിക്കുന്നു. ജീവിതയാത്രയില്‍ ചതിക്കുഴികളും തട്ടിപ്പു നടത്തുന്നവരും മനുഷ്യരെ പിടിക്കുന്നവരും ഉണ്ട്. ജാഗ്രത വേണം. ഇന്റര്‍നെറ്റില്‍ ജാഗ്രത കുറവില്‍ വഞ്ചിക്കപ്പെട്ടവരും പീഡിതരായവരും പല കഷ്ടനഷ്ടങ്ങള്‍ക്കു വിധേയരായവരും ഇല്ലേ? ഭീകര സത്വങ്ങള്‍ ഇന്നും പതിയിരിക്കുന്നു. കെട്ടുകഥകളുടെ കാലം കഴിഞ്ഞുവെന്നു അഭിമാനിക്കാമോ?

സോക്രട്ടീസ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതി. ''ഞാന്‍ കെട്ടുകഥകളിലേക്കു നോക്കാറില്ല. എന്നാല്‍ ഞാന്‍ എന്നിലേക്കു നോക്കുന്നു. (ചിറകുവച്ച ഭീകര സര്‍പ്പമായ) ടിഫോണിനെക്കാള്‍ സങ്കീര്‍ണ്ണവും അപകടകാരിയുമായ മൃഗമാണോ ഞാന്‍. അതോ ദൈവികവും ശാന്തവുമായ പ്രകൃതി പങ്കുവയ്ക്കുന്ന വെറും മൃഗത്തെ മെരുക്കുന്നവനാണോ?'' താത്വികനായ പ്ലേറ്റോയാണ് ഈ പ്രാകൃത കെട്ടുകഥകളുടെ ഭീകര സര്‍പ്പങ്ങളില്‍ നിന്ന് അവയെ വ്യാഖ്യാനിച്ച് യുക്തിയുടെ വിചാരത്തിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കു വെളിച്ചം വീശുന്നത്-അതു മനുഷ്യബുദ്ധിയുടെ ബോധപ്പെടലാണ്. നമ്മുടെ മനസ്സിന്റെ ആഴങ്ങളില്‍ ആണ്ടുകിടക്കുന്ന രക്തദാഹികളായ യക്ഷികളെയും സര്‍വനാശം സൃഷ്ടിക്കുന്ന സര്‍പ്പങ്ങളേയും നമുക്കു കാണാന്‍ കഴിയുന്നുണ്ടോ? ഈ ഭീകരതകള്‍ കുടികൊള്ളുന്നത് മനസ്സിന്റെ ആന്തരികതലങ്ങളിലാണ്. അതുകൊണ്ടാണ് തന്നോട് തര്‍ക്കിക്കാനും സംവദിക്കാനും വന്ന അള്‍സിമിഡിയസിനെ ഭീകരസത്വമായി സോക്രട്ടീസ് വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിലെ ബുദ്ധപാരമ്പര്യത്തില്‍ മനുഷ്യമനസ്സുകളില്‍ ഇത്തരം ഭീകരജന്തുക്കള്‍ പതിയിരിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. മനസ്സാകുന്ന ആന യെ ശ്രദ്ധയുടെ ചരടുകളില്‍ എല്ലാ വശങ്ങളില്‍ നിന്നും ബന്ധിച്ച് വരുതിയിലാക്കാം. എല്ലാ ഭയങ്ങളും അപ്രത്യക്ഷമായി സന്തോഷം ഉണ്ടാകുന്നു. മനസ്സന്റെ ജാഗ്രതയില്‍ എല്ലാം നിയന്ത്രിക്കാം; എല്ലാറ്റിനേയും ശാന്തമാക്കാം. കാരണം, മനസ്സില്‍ നിന്നാണ് എല്ലാ ഭയങ്ങളും അളക്കാനാവാത്ത സങ്കടങ്ങളും ഉണ്ടാകുന്നത്. മനസ്സിനടിയില്‍ അബോധത്തില്‍ ഈ ഭീകരതകള്‍ ഉറങ്ങുന്ന അവയെ മനുഷ്യന്റെ ഇഛകൊണ്ടും നിയന്ത്രിക്കാം; ശാന്തമായി ജീവിക്കാം. ഇതാണ് ജീവിതത്തിന്റെ ധാര്‍മ്മികമായ വഴി. ധര്‍മ്മവും അച്ചടക്കവും ആത്മനിയന്ത്രണവും അതാണ് ആവശ്യപ്പെടുന്നത്. ഇതു നടത്തുന്നവര്‍ സംസ്‌കാര സമ്പന്നരായി മനുഷ്യനെ സഹായിച്ച് മാന്യന്മായി ജീവിക്കും. ഇവിടെയാണ് പ്ലേറ്റോയുടെ റിപ്പബ്ലിക്കില്‍ ചിന്തകനായ താത്വികന്‍ പ്രാകൃതജീവിതത്തിന്റെ ഗുഹയിലേക്ക് തിരിച്ചുപോകാം എന്നു പറയുന്ന അപകടം ശ്രദ്ധിക്കേണ്ടത്.

മാന്യമായി ജീവിക്കാനുള്ള തീരുമാനം സത്യസന്ധമായിരിക്കണം. മാന്യത അഭിനയിച്ച് ജീവിക്കാം. അകത്തു ഗൂഢലക്ഷ്യങ്ങളുമായി മാന്യതയുടെയും വിശുദ്ധിയുടെയും ആവരണങ്ങളില്‍ മാത്രം കഴിയുന്ന ആത്മവഞ്ചന സാധ്യമാണ്. ബൈബിളില്‍ ചെകുത്താന്‍ മാലാഖയായി വേഷം മാറുന്നു എന്നു പറയുന്നു. ഇവിടെ സത്യസന്ധമായ വേഷവും കാപട്യത്തിന്റെ വേഷം കെട്ടലും തിരിച്ചറിയുക ഫലത്തില്‍ നിന്നു മാത്രമാണ്. വേഷം കെട്ടലുകള്‍ രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും മതത്തിലും കടന്നു കൂടാം. വഞ്ചന ജീവിതത്തിന്റെ ശൈലി ആക്കുന്നവരുണ്ട്. അവരെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവര്‍ അഭിനയിക്കാന്‍ പഠിച്ചവരായിരിക്കും. സത്യത്തെക്കാള്‍ സുന്ദരമായ നുണ പറയാന്‍ കഴിയുന്നവരുണ്ട്. അവര്‍ യക്ഷികളാണ്, അവര്‍ ഭീകര സത്വങ്ങളാണ്. അവര്‍ നാം അറിയാതെ നമ്മെ കെണിയില്‍ വീഴുത്തുന്നു. അവര്‍ പ്രത്യക്ഷത്തില്‍ നല്ല പരിപാടിയായി അവതരിപ്പിച്ചു കെണിവയ്ക്കുന്നവരാകാം.

ഇവര്‍ ഇതു ചെയ്യുന്നത് അധികാരം, പണം, സ്വാധീനം എന്നിവ ഉണ്ടാക്കാനാണ്. അവരുടെ പണി ചൂഷണമാണ്. ആ ചൂഷണത്തിനു വളരെ സുന്ദരവും വിശുദ്ധവുമായി തോന്നിക്കുന്ന വഴികളും പരസ്യങ്ങളും അവര്‍ നടത്തും. ഇരപിടുത്തം കാര്യമായി നടക്കുന്നവര്‍. അവര്‍ക്കു വേണ്ടതു ആധിപത്യവും അതിന്റെ അധികാരവുമാണ്. അധികാരത്തില്‍ കയറിക്കഴിയുമ്പോഴാണ് അബദ്ധം പലപ്പോഴും മനസ്സിലാകുന്നത്. ഹിറ്റ്‌ലര്‍ ചില പ്രദേശങ്ങളിലെ ജനങ്ങളെ പട്ടിണിക്കിട്ടു കൊന്നത് എന്തിന്? തന്റെ ഇച്ഛയെ എതിര്‍ ക്കുന്നവരെ തകര്‍ക്കാന്‍. എന്തിനാണ് നീറോ റോമാനഗരം കത്തിച്ചത്? ഭ്രാന്തമായ ആധിപത്യത്തിന്റെ തീക്കളി. ഹിറ്റ്‌ലര്‍ ആര്യവര്‍ഗാധിപത്യത്തിന്റെ പേരു പറഞ്ഞാണ് ലക്ഷക്കണക്കിനുള്ള യഹൂദരെ കൊന്നത്. അടിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ആധിപത്യജ്വരം വിശുദ്ധമായ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അധികാരം എത്ര വിശുദ്ധ വേഷങ്ങളെയും അശുദ്ധമാക്കും. തങ്ങളുടെ ഹിതാനുവര്‍ത്തികളല്ലാത്തവരെ പീഡിപ്പിക്കുകയും അവരെ അടിച്ചമര്‍ത്തുക യും ചെയ്യും. നോവലിസ്റ്റായ ദെസ്തയേവ്‌സ്‌ക്കിയുടെ മഹാകുറ്റവിചാരകന്‍ ഒരു കര്‍ദിനാളിന്റെ കഥയാണ്. ക്രിസ്തുവിന്റെ അടിമകളാകാന്‍ എല്ലാവരുടെയും സ്വാതന്ത്ര്യം സ്വന്തമാക്കി എല്ലാവരെയും അടിമകളാക്കുന്ന സര്‍വാധികാരിയായി മാറി. ഇവരാണ് ഏതു സമൂഹത്തിലും ദുരന്തനാടകങ്ങള്‍ സൃഷ്ടിക്കുന്നത്. ദുരന്തനാടകങ്ങളെക്കുറിച്ചു പഠിച്ച ജോര്‍ജ് സ്റ്റെയിനര്‍ എഴുതി, ''ദൈവത്തിന്റെ അസഹനീയമായ ഭാരം ആവശ്യപ്പെടുന്നു ദുരന്തനാടകം.'' അദ്ദഹം തുടര്‍ന്നു, ''അഗ്രോസ് സമതലങ്ങളില്‍ മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ദുരന്തനാടകങ്ങള്‍ അറങ്ങേറിയത് മരിച്ചവരെ ആദരിക്കാനും പ്രതിരോധത്തിന്റെ അനുഷ്ഠാനവുമായിട്ടാണ്.'' സോഫോക്ലീസിന്റെ ആന്റിഗണി നടകം ക്രെയോണ്‍ രാജാവിന്റെ ഭീകരതയില്‍ ദൈവത്തിന്റെ പ്രചോദനങ്ങളെ അവഗണിച്ച് മരിച്ചവന്റെ ശവം വലിച്ചെറിഞ്ഞപ്പോള്‍ അതു അടക്കുന്ന ദൈവിക പ്രേരണയുടെ പേരില്‍ കൊല്ലപ്പെട്ടവളെ ആദരിക്കാനും രാജാവിന്റെ ഭീകരതയോടുള്ള ചെറുത്തു നില്പുമായിട്ടാണ്. ദൈവത്തിന്റെ സാന്നിധ്യ ഭാരം ഇറക്കിക്കളഞ്ഞവര്‍ ഉണ്ടാകുന്നു. ദുരന്തങ്ങള്‍ ദൈവമരണത്തിന്റെ രാത്രി ഉണ്ടാക്കുന്നു - അത് എവിടെയും ഉണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org