വിശുദ്ധ വേഷം കെട്ടിയാടുന്ന ആത്മവഞ്ചനയുടെ പ്രലോഭനം

വിശുദ്ധ വേഷം കെട്ടിയാടുന്ന ആത്മവഞ്ചനയുടെ പ്രലോഭനം
Published on

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയുടെ പേര് 'പ്രത്യാശ' എന്നാണ്. 25 അധ്യായങ്ങളില്‍ എഴുതപ്പെട്ട ഈ പുസ്തകത്തിന്റെ അവസാന അധ്യായത്തിലാണ് ഹെന്റി ഡി ലൂബാക്കിന്റെ ഒരു പ്രയോഗം അദ്ദേഹം സ്വീകരിച്ച് അതിഗൗരവമായ ഒരു പ്രമേയം ചര്‍ച്ച ചെയ്യുന്നത്. ആ പ്രയോഗം ആത്മീയ ലൗകികത (Spiritual worldliness) എന്നതാണ്. സഭാധികാരത്തില്‍ കുഷ്ഠരോഗത്തെക്കാള്‍ കഷ്ടതരമായി വൈരൂപ്യം സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥ ചരിത്രത്തില്‍, സഭയില്‍ കടന്നു കൂടിയതിനെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. വേശ്യകളെവച്ചു ജീവിച്ച മാര്‍പാപ്പമാരുടെ ഒരു ചരിത്രത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഹെന്റി ഡി ലൂബാക്ക് ഈ പ്രതിസന്ധിയെക്കുറിച്ച് എഴുതിയത്. മാര്‍പാപ്പ ആത്മകഥയില്‍ വൈദികലോകത്തോട് പ്രത്യേകമായും വിശ്വാസികളോടുമായി ചോദിക്കുന്നു, ''വിശ്വാസികളെ വിശ്വസിക്കാമോ?'' വിശ്വാസികളായി അഭിനയിക്കുന്നതും കെട്ടിയാടുന്നതുമായ വലിയ പ്രലോഭനത്തിന്റെ വിഷയമാണിത്.

ആത്മകഥയില്‍ ഈ രോഗത്തിന്റെ ഒരു ലക്ഷണം മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു - കാര്‍ക്കശ്യം. ''കാര്‍ക്കശ്യം തന്നിലേക്കു തന്നെ ചൂണ്ടുന്നു. കാര്‍ക്കശ്യം അനുദിന പാഷണ്ഡതയാണ്. അതു സഭയെ ഒരു കോട്ടയാക്കി മാറ്റുന്നു; ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടാരം. അതു കൊട്ടാരക്കാഴ്ച അകലെ നില്‍ക്കുന്നു, സ്വാര്‍ഥമോഹത്തിന്റെ ജീവിതത്തിന്റെ കൊട്ടാരം. അകത്തു ജീവിതമുണ്ടാകണമെന്നില്ല.'' ഇങ്ങനെ സഭയെ കൊട്ടാരവും അരമനയുമാക്കിയ കാലഘട്ടങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അകത്താകട്ടെ ചീഞ്ഞുനാറുന്ന ജീവിതങ്ങളും അതിന്റെ അധികാര വടംവലികളുമാണ്.

ഈ കഥ തന്നെയാണ് ടി എസ് എലിയട്ട് 'അന്ത്യപ്രലോഭനം' എന്നു വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ 'കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം' എന്ന കൃതിയില്‍ മനുഷ്യന്റെ അവസാനത്തെ പ്രലോഭനം ''ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിനുവേണ്ടി ചെയ്യുന്നതാണ്.'' ഏറെ ആദരണീയമായ ആവരണങ്ങളാണ് കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ വൈദികരും മെത്രാന്മാരും ഉപയോഗിക്കുന്നത്. മഹത്തരമായ ഈ പട്ടുകുപ്പായങ്ങള്‍ എന്തിനാണ്? കാണിക്കാന്‍, വിലസിക്കാന്‍. ആരെ? എന്തിനെ? അത് ധരിക്കുന്ന വൈദികന്റെ പ്രൗഡിക്കും പ്രതാപത്തിനും പുകഴ്ചയ്ക്കുംവേണ്ടിയാണോ? അതു ക്രിസ്തുവിന്റെ മഹത്വവും പുകഴ്ചയും കാണിക്കാനാണോ?

ഇവിടെയാണ് പ്രലോഭനം ഗൗരവമാകുന്നത്. അതു സ്വന്തം മഹത്വവും പ്രഭയും പേരും പ്രകാശിപ്പിക്കാനാണ് എന്നു കരുതുന്നിടത്തു വഞ്ചനയും വക്രതയും തട്ടിപ്പും തുടങ്ങുന്നു. പള്ളിയില്‍ പ്രസംഗിക്കുന്നതു തന്റെ കഴിവിന്റെ മഹത്വപ്രകടനത്തിനാണോ? കുമ്പസാരിപ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ എന്താണ്? ധ്യാനപ്രസംഗങ്ങള്‍ ആള്‍ദൈവങ്ങളെ സൃഷ്ടിക്കാനാണോ? മെത്രാന്റെ അധികാരം അദ്ദേഹത്തിനു കിട്ടിയിരിക്കുന്ന സ്വകാര്യ കഴിവിന്റെ ആധിപത്യാധികാരമാണോ? എന്റെ അധികാരത്തിന്റെ പദവിയും പത്രാസും കാണിക്കാനുള്ള തത്രപ്പാടായാല്‍ അതു സ്വകാര്യത്തിന്റെ വിലാസമായി, വേഷം കെട്ടായി മാറും. മലയാള സാഹിത്യത്തിലെ അനംഗസേനമാര്‍ - അവര്‍ കാണിക്കുന്നതും ജീവിക്കുന്നതും ഒരു വൈശികതന്ത്രമാണ് - വേശ്യാവൃത്തിയുടെ പണി.

2023 ഓഗസ്റ്റ് 5 ന് ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ വൈദികരോട് സംസാരിച്ചപ്പോള്‍ ഹെന്റി ഡി ലൂബാക്കിനെ ഉദ്ധരിച്ച് ഈ പ്രശ്‌നമവതരിപ്പിച്ചു. ഇതുണ്ടാക്കുന്നത് അധികാരത്തിന്റെ സുരക്ഷിതവും സമ്പന്നവുമായ സഭയാണ്. പക്ഷേ, അതു സുവിശേഷപ്രവര്‍ത്തനങ്ങളുടെയും കരുണയുടെയും ക്രിസ്തുവിന്റെ സഭയല്ല. ആത്മവഞ്ചനയുടെ വേഷം കെട്ടുന്ന വൈദികാധിപത്യത്തിന്റെ (clericalism) ധാര്‍ഷ്ട്യമാര്‍ന്ന സഭ. വൈദികശ്രേണികള്‍ അധികാരശ്രേണികളാക്കി ആധിപത്യം ഉറപ്പാക്കുന്ന ഫരിസേയരുടെ സഭ. യേശു വെള്ളയടിച്ച കുഴിമാടങ്ങളെയെന്നു അവരെ വിശേഷിപ്പിച്ചെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗത്തില്‍ അവരെ ''മാന്യരായ പിശാചുക്കള്‍'' എന്നാണ് വിശേഷിപ്പിച്ചത്. 2003-ല്‍ കാര്‍ഡിനല്‍ ബര്‍ഗോളിയൊ എന്ന ഫ്രാന്‍സിസ് പാപ്പയോട് ഒരു അഭിമുഖ സംഭാഷണത്തില്‍ ചോദിച്ചു, ''സഭയ്ക്കു സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം എന്തായിരിക്കും?''

കാര്‍ഡിനല്‍ ബര്‍ഗോളിയോ പറഞ്ഞു, ''അതു ഡി ലൂബാക്ക് പറഞ്ഞിട്ടുള്ള ആത്മീയ ലൗകികതയായിരിക്കും. നാമാണ് സഭ, നമുക്കുസംഭവിക്കാവുന്ന ഏറ്റവും വിനാശകരമായതു ഡി ലൂബാക്ക് പറഞ്ഞു.'' തോന്ന്യാസക്കാരായ മാര്‍പാപ്പമാരുടെ കാലത്ത് ക്രിസ്തുവിന്റെ വധുവായ സഭ കുഷ്ഠരോഗത്തേക്കാള്‍ മ്ലേച്ഛമായത് ബാധിച്ച് വികൃതരൂപമായതിനെക്കാള്‍ വലിയ ദുരന്തമായിരിക്കും അത്.'' ആത്മീയലൗകികത എന്നാല്‍ ഒരുവന്‍ തന്നെത്തന്നെ കേന്ദ്രമാക്കുന്നതാണ്. ഇതാണ് യേശു ഫരിസേയരില്‍ ആരോപിച്ചത്. സ്വന്തം മഹത്വം കാണിക്കാന്‍ ആത്മീയതയുടെ കവചം ധരിക്കുന്നു. അതു മറ്റാരേയും മഹത്വപ്പെടുത്താനല്ല. സ്വന്തം മഹത്വവും പേരും പ്രതാപവും തന്റെ കാര്‍ക്കശ്യവും പ്രകടമാക്കാന്‍ അധികാരത്തിന്റെ കുപ്പായങ്ങളായി വിശുദ്ധ വേഷങ്ങളെ ഉപയോഗിക്കുന്നു.

സീറോ മലബാര്‍ സഭ പ്രതിസന്ധികൡൂടെ കടന്നുപോകുന്നു. എന്തായിരുന്നു പ്രതിസന്ധി? അധികാരത്തില്‍ വന്നവര്‍ സ്വന്തം അധികാരമായി സഭയുടെ അധികാരത്തെ ഉപയോഗിച്ചോ? ഇടപാടുകളില്‍ സ്വാര്‍ത്ഥമായ അധികാരത്തിന്റെ ആകാശകോട്ടകള്‍ ലക്ഷ്യമാക്കി കള്ളത്തരങ്ങള്‍ ചെയ്തപ്പോള്‍ അതിന് അധികാരസംഘം പിന്‍തുണയ്ക്കുക മാത്രമായിരുന്നല്ലേ? കോടതിയും സഭാധികാരവും ശിക്ഷിച്ചിട്ടും പുകഴ്ത്താനല്ലേ അധികാരവേദികള്‍ നിരന്തരം ഉപയോഗിക്കപ്പെട്ടത്. അധികാരത്തിന്റെ അഴിഞ്ഞാട്ടം സൃഷ്ടിച്ച പ്രതിസന്ധികള്‍ സത്യസന്ധമായും ക്രൈസ്തവമായും നേരിടാന്‍ അധികാര സമിതികള്‍ക്കു കഴിഞ്ഞോ? പ്രതിസന്ധികളെ യുദ്ധങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനായിരുന്നില്ലേ ആവേശം. വിശ്വാസത്തെ ഏതോ പ്രത്യയശാസ്ത്രമാക്കി വര്‍ഗസമരം നടത്തുകയായിരുന്നില്ല എന്നു പറയാനാകുമോ? ദൈവവിളി തെറ്റിദ്ധരിച്ചുണ്ടാക്കിയ പ്രതിസന്ധികള്‍ മനസ്സിലാക്കാന്‍ സന്നദ്ധമായോ? ഭക്തിയുടെ പ്രത്യക്ഷങ്ങള്‍ പൊലീസിന്റെ പ്രകടനമാക്കി മാറ്റിയതും നാം കണ്ടതല്ലേ? ഇതു വെറും ധാര്‍മ്മികപ്രശ്‌നമായിരുന്നില്ല. സ്വന്തം ജീവിതത്തെ അടിമുടി വ്യാജമാക്കുന്ന ജീവിതത്തിന്റെ അട്ടിമറിയാണ് നടന്നത്. പിഴയിടിക്കാന്‍ കാലമായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org