നുണയുടെ തമ്പ്രാക്കള്‍

നുണയുടെ തമ്പ്രാക്കള്‍

ഒരു സംഘടനയുടെ അധ്യക്ഷനോട് ആ സംഘടനയുടെ നടത്തിപ്പുകാര്‍ ചേര്‍ന്ന ഒരു യോഗത്തില്‍ അതിലൊരാള്‍ എഴുന്നേറ്റു നിന്നു ചോദിച്ചു: ''ഇന്ന സ്ഥലത്തു നാം ഭൂമി വല്ലതും വാങ്ങിയിട്ടുണ്ടോ?'' അധ്യക്ഷന്‍ പറഞ്ഞു: ''ഇല്ല.'' അദ്ദേഹം മറുപടി കേട്ട് തന്റെ ഇരിപ്പിടത്തില്‍ ഇരുന്നു. പക്ഷെ, അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റു നിന്നു, ഒരു കടലാസ് പൊക്കിപ്പിടിച്ച് അദ്ദേഹം അധ്യക്ഷനോടു പറഞ്ഞു: ''താങ്കള്‍ അല്പം മുമ്പ് എന്റെ ചോദ്യത്തിനു ഭൂമി വാങ്ങിയിട്ടില്ല എന്നാണ് പറഞ്ഞത്. എന്റെ കയ്യിലിരിക്കുന്ന ഈ കടലാസ്സുകള്‍ ഭൂമി താങ്കള്‍ ഒപ്പിട്ടു വാങ്ങിയതിന്റെ ആധാരത്തിന്റെ കോപ്പിയാണ്. ഞാന്‍ പറഞ്ഞ സ്ഥലത്തു 17 ഏക്കര്‍ ഭൂമി വാങ്ങിയതിന്റെ ആധാരം.'' ആരും ഒന്നു പറഞ്ഞില്ല. സംഘടനയുടെ അധ്യക്ഷന്‍ ഒരു ചിരിയോടെ അവിടെ ഇരുന്നു. പൂര്‍ണ്ണ നിശബ്ദത. അല്പം കഴിഞ്ഞ് പരിപാടികള്‍ തുടര്‍ന്നു.

സംഘടനയുടെ അധ്യക്ഷനെതിരായി ഉയര്‍ന്ന ഗൗരവമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്കാന്‍ നിയുക്തമായ കമ്പനിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സംഘടനാധികാരിയുമായി കാണുന്നതിനു തീയതി കുറിച്ചു. അവര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരില്‍ കാണാന്‍ എത്തി. ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു: ''.... എന്ന വ്യക്തിയെ അറിയുമോ?'' അധ്യക്ഷന്‍ പറഞ്ഞു: ''അറിയാം, അയാളുമായി എനിക്കിപ്പോള്‍ ബന്ധമൊന്നുമില്ല.'' അവര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ എഴുതി. തുടര്‍ന്ന് കുറിച്ചു: ''ഞങ്ങള്‍ അദ്ദേഹത്തെ കാണുന്നതിന്റെ തലേദിവസം ഇത്ര മണിക്ക് അദ്ദേഹം മറ്റെ വ്യക്തിയെ ഫോണില്‍ വിളിച്ച് ഇത്ര സമയം സംസാരിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു പോന്നതിനുശേഷം ഇത്ര മണിക്കു വീണ്ടും വിളിച്ച് ഇത്രനേരം സംസാരിച്ചു.'' അവര്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്തു മനസ്സിലായി - ഒരു തഴക്ക നുണയാണ്!

എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? നേര് പറയാന്‍ പറ്റാത്തവിധം ജീവിതം നുണയാക്കിക്കഴിഞ്ഞു. ചെയ്തതും പറഞ്ഞതും തമ്മിലുള്ള ബന്ധം വേര്‍പെട്ടു. ഈ ബന്ധം നിലനില്ക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഇടമാണ് സ്വാതന്ത്ര്യത്തിന്റേത്. സ്വാതന്ത്ര്യം ഇല്ലാതാകുന്നു. ചെയ്തത് ചുരുക്കം ചിലര്‍ മാത്രം അറിയുന്നതാകുമ്പോള്‍ ഭൂരിപക്ഷത്തിനും ചെയ്തികള്‍ അറിയില്ലാത്തപ്പോള്‍ സത്യം മറച്ചുവയ്ക്കാന്‍ എളുപ്പമാണ്. ധാരാളം അധികാരികള്‍ തങ്ങളുടെ ചെയ്തികള്‍ രഹസ്യമായി നടത്തുകയും ആ രഹസ്യങ്ങള്‍ പുറത്തു പറയാന്‍ പാടില്ല എന്ന് നിയമം ഉണ്ടാക്കുകയും ചെയ്യുന്നത് എന്തിനാണ് എന്നു വ്യക്തം. അധികാര കേന്ദ്രങ്ങള്‍ രഹസ്യത്തിന്റെ മണ്ഡലങ്ങളാകുന്നത് അധികാരത്തെ സംരക്ഷിക്കാനാണ്. ആളുകളെ രഹസ്യമായി കബളിപ്പിക്കുകയും അതൊക്കെ വലിയ രഹസ്യങ്ങളായി മൂടിപൊതിയുകയും ചെയ്യുന്നു. ഇങ്ങനെ അധികാരമണ്ഡലം രഹസ്യത്തിന്റെ വിളനിലമായി മാറുന്നു.

ഇറാക്കിലെ സദാം ഹുസൈന്‍ രാസായുധങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണമാണ് അമേരിക്കന്‍ പ്രസിഡന്റ് ഉന്നയിച്ചത്. അതിന്റെ പേരിലാണ് അമേരിക്ക ഇറാക്ക് ആക്രമിച്ചതും ഹുസൈനെ കൊന്നതും. അതുകഴിഞ്ഞു രാസായുധങ്ങള്‍ അവിടെ കണ്ടോ? ഇല്ല. ഇതുപോലുള്ള ധാരാളം സംഭവങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്. വെള്ളം കലക്കി എന്ന് ആടിനോട് ചെന്നായി ആരോപണമുയര്‍ത്തിയതു പോലെ, നിയല്ലെങ്കില്‍ നിന്റെ തന്ത. ഇതൊക്കെ ആക്രമിക്കാനുള്ള ന്യായീകരണത്തിന്റെ നുണകളാണ്. നാസികളും സ്റ്റാലിന്റെ റഷ്യയും ഇങ്ങനെ വിദഗ്ദ്ധമായി നുണ പ്രചരിപ്പിച്ച് അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. വസ്തുതകളെ വെറും അഭിപ്രായമാക്കുന്നതു ചരിത്രത്തില്‍ കാണാം. പഴയ നുണയുടെ കാലം കഴിഞ്ഞിരിക്കുന്നു. സത്യം മറച്ചുവയ്ക്കുന്ന കാലം അസ്തമിച്ചു. ഇപ്പോള്‍ സത്യം ഇല്ലാതാക്കുകയാണ്. ചരിത്രത്തില്‍ നിന്നു വസ്തുതകള്‍ മാച്ചുകളയുകയാണ്. ചരിത്രം മാറ്റി എഴുതുന്നു. പഴമയെ വ്യാജമാക്കുക. കണ്ടിട്ടുള്ളതു ഭൂമിയില്‍ നിന്നു നീക്കിക്കളയുക. നാസ്സികള്‍ നിരന്തരം ചെയ്തത് ഇതാണ്. ഇവര്‍ സത്യത്തിനു പകരം സൃഷ്ടിക്കുകയായിരുന്നു. നാം ഇതുവരെ കണ്ട നുണയല്ല ഇപ്പോള്‍ കാണുന്നത്. സത്യത്തിന്റെ സാധ്യതതന്നെ ഇല്ലാതാക്കുന്നു. കേവലമായ സത്യത്തിന്റെ വക്രീകരണം - ഇതാണ് അധികാരം ചരിത്രത്തില്‍ സൃഷ്ടിക്കുന്നത്. മനുഷ്യചരിത്രത്തെ നുണയുടെ ചരിത്രമാക്കുന്ന ഭീകരത.

സമഗ്രാധിപത്യം രാഷ്ട്രീയവും മതപരവുമാകാം. ഈ സമഗ്രാധിപത്യ അധികാരികള്‍ കൊലയ്ക്ക് ആമുഖമായി ചെയ്യുന്നതാണ്, സംസ്ഥാപിതവും ശാസ്ത്രീയവുമായ നുണ പ്രചാരണം. ആധുനിക കാലത്ത് ഒളിപ്പിക്കാനല്ല ശ്രമിക്കുന്നത്. സത്യത്തെ നശിപ്പിക്കാനാണ്. വാടകക്കാരനെ കൊണ്ട് കൊല്ലിക്കുന്നു. എന്നിട്ട് കൊന്നവനെ ഇല്ലായ്മ ചെയ്യുന്നു. വഞ്ചനയും നുണയും തെളിയിക്കുക അസാധ്യമായിത്തീര്‍ക്കുന്നു. ഇവര്‍ അക്രമത്തിനാണ് നുണ പറയുന്നത്. ഇവര്‍ തങ്ങളോട് തന്നെ നുണ പറയുന്നു - അവര്‍ നുണയുടെ തെളിവായി അവശേഷിക്കുന്നു. സത്യം പറയാനുള്ള വിശുദ്ധമായ സാമൂഹിക ഉടമ്പടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ, സത്യം ഈ സാഹചര്യത്തെയും അതിജീവിച്ച് സത്യം നശിപ്പിക്കുന്നവരെ വെളിവാക്കുന്നു. ഫ്രാന്‍സ് രണ്ടാം ലോക മഹായുദ്ധത്തില്‍ ജയിച്ചു എന്ന് ചാള്‍സ് ഡിഗോള്‍ അവകാശപ്പെട്ടു. കോണ്‍റാഡ് അഡ്‌നോവര്‍ നാസ്സിസം ജര്‍മ്മനിയുടെ കുറച്ച് പ്രദേശങ്ങളെ മാത്രം ബാധിച്ചതാണ് എന്നു പറഞ്ഞു. ഇവരൊക്കെ ലോകചരിത്രത്തിലെ നുണയന്മാരാണ്. അമേരിക്ക വിയറ്റ്‌നാമില്‍ ബോംബുകള്‍ വര്‍ഷിച്ചത് അവര്‍ വളരെ കാലമായി പ്രചരിപ്പിച്ച നുണ സ്ഥാപിക്കാനായിരുന്നു. ട്രോട്‌സ്‌ക്കി ഈ ഭൂമിയില്‍ ജീവിച്ചിരുന്നില്ല എന്നു തെളിയിക്കാന്‍ സ്റ്റാലിന്‍ രേഖകള്‍ പലതും നശിപ്പിച്ചു. പക്ഷേ, വസ്തുതകള്‍ ഈ ഭൂമിയില്‍ അവശേഷിക്കും - അവര്‍ നുണയന്മാരാണ് എന്നു തെളിയിക്കാന്‍.

ഒരു നാടും സമൂഹവും നശിക്കുന്നതു സത്യസന്ധതയുടെ അവകാശം പൈതൃകമാക്കാനും അതു ഓര്‍മ്മിക്കാനും നിരന്തരം പറഞ്ഞുക്കൊണ്ടിരിക്കാനും ആളില്ലാതാകുന്നതാണ്. നടന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ കരുതിവയ്ക്കാനും അതു കഥകളായി പറയാനും എഴുതാനും ആളുള്ളിടത്തോളം, സമൂഹം അതിന്റെ മനുഷ്യത്വം നിലനിര്‍ത്തും. ഈ ഓര്‍മ്മയും പറയലും എഴുത്തും സത്യസന്ധതയുടെ പൈതൃകം ജീവിക്കുന്നവരുടെ തെളിവാണ്. ഇസ്രയേല്‍ ജനം എന്നും ഓര്‍മ്മിക്കുന്നു, തങ്ങള്‍ അടിമകളായിരുന്നു എന്നും ദൈവം തങ്ങളെ വിമോചിപ്പിച്ചു എന്നും. ഇതാണ് സ്വന്തം മനുഷ്യത്വവും അതിന്റെ മഹത്വവും നിലനിര്‍ത്താനുള്ള ഏകമാര്‍ഗം. ഈ പൈതൃകം നശിക്കുന്നതു ജീവിതത്തെക്കുറിച്ചു ചിലര്‍ പുലര്‍ത്തുന്ന ശൂന്യതാബോധത്തിലാണ്. ജീവിതത്തില്‍ വിശ്വാസമില്ലാതാകുക, വല്ലാത്ത വിധി വിശ്വാസികളാകുക. ഒന്നും നേരെയായില്ല എന്നും ഒന്നും നേരെയാക്കാന്‍ ശ്രമിക്കുന്നതു വിഡ്ഢിത്തമാണ് എന്നതുമായ നിഷേധഭാവം. ജീവിതത്തെ സാധകമാക്കി സ്വീകരിക്കാന്‍ കഴിയാതെ വിധിയുടെ ആധിപത്യം - ധാരാളം പേര്‍ ഇങ്ങനെ ജീവിതത്തെ ശപിച്ചു ജീവിതം നയിക്കുന്ന വിധി വിശ്വാസികള്‍ ഈ നാട്ടിലുണ്ട്. അതു തീര്‍ത്തതു ചാതുര്‍വര്‍ണ്ണ്യത്തിന്റെ ജാതിസമ്പ്രദായമാണ്. അതില്‍ സമൂഹത്തില്‍ തൊട്ടുകൂടാത്തവരായി ജനിച്ച ജീവിക്കുന്നവരാണ് ഇങ്ങനെ ജീവിതം ശപിക്കാന്‍ കാരണമാകുന്നത്. ജീവിതത്തിലെ മനുഷ്യബോധം വിമര്‍ശനബോധമാണ് - അതു കാര്യങ്ങള്‍ നേരെയാക്കാനുള്ള സര്‍ഗാത്മകതയുടെ മനുഷ്യസ്വഭാവമാണ്. ഈ ധര്‍മ്മബോധത്തിന്റെ ജനനമായി സന്മാര്‍ഗീയതയുടെ കര്‍മ്മമണ്ഡലമാക്കി ജീവിതത്തെ മാറ്റുന്നത്. ജീവിതം എല്ലാ വിധികളുമായി ഏറ്റുമുട്ടുന്നതാണ്. ഭാഷയില്‍ ഭാവി വചനം ഉള്ളതു മനുഷ്യന്റെ ജീവിതത്തിന്റെ സര്‍ഗാത്മകതയുടെ തെളിവാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org