വരാനുള്ളവരും പോയവരും ഇവിടെയുണ്ട്‌

വരാനുള്ളവരും പോയവരും ഇവിടെയുണ്ട്‌

പ്രാചീന ഗ്രീസ്സില്‍ ജീവിച്ച അനക്‌സിമാന്റര്‍ (610-547 ബി സി) ഒരു ശാസ്ത്രജ്ഞനായി പരിഗണിക്കപ്പെടുന്ന അദ്ദേഹത്തിന്റേതായി അവശേഷിപ്പിക്കുന്ന ഒരു വാചകമുണ്ട്. അതു വലിയ തത്ത്വശാസ്ത്ര പരിഗണനകള്‍ക്കു വിധേയമാണ്. ആ ഗ്രീക്കു വാചകം ജര്‍മ്മന്‍ചിന്തകനായ ഹൈഡഗര്‍ ഇങ്ങനെ തര്‍ജ്ജമ ചെയ്തു. ''കാര്യങ്ങള്‍ അ സ്തിത്വത്തിലേക്കു വരാനും, നശിക്കാനും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അവ കാലത്തിന്റെ കല്പന പ്രകാ രം അവരുടെ അനീതിക്കു വിധിക്കപ്പെട്ടു ശിക്ഷയനുഭവിക്കേണ്ടിയിരിക്കുന്നു.'' ആദ്യവാചകം അസ്തിത്വത്തിലേക്കു വരുന്നതിനെക്കുറിച്ചും അവ നശിക്കുന്നതിനെക്കുറിച്ചുമാണ്. അസ്തിത്വത്തിന്റെ പ്രകാശനത്തില്‍ അസ്തിത്വങ്ങള്‍ വെളിച്ചത്തിലേക്കു വരുന്നു, പുറത്തേയ്ക്കു പോകുന്നു. ഈ വരവും പോക്കും അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത ഇടപാടാണ്. വെളിവാകുന്നതെല്ലാം അസ്തിത്വം സ്വീകരിച്ച് വരുന്നു, അവ തങ്ങുന്നു, ആയിത്തീരുന്നു, പോകുന്നു. അസ്തിത്വ പ്രത്യക്ഷം പലതിന്റേതുമാണ്. ഒന്നു പലതായി പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷമാകുന്നതു പ്രത്യക്ഷത്തില്‍ തങ്ങി അപ്രത്യക്ഷമാകുന്നു. നിയതിയുടെ നീതിയാണ് ഈ വരവും പോക്കും. ഇതു മറക്കുന്നതാണ് രണ്ടാമത്തെ വാചകം പ്രതിപാദിക്കുന്നത്. ഇവിടെ 'വര്‍ത്തമാന'ത്തെ പിടിച്ചുനിര്‍ത്തുന്ന നീതിയുടെ ലംഘനമാകുന്നു അതു ശിക്ഷിക്കപ്പെടുന്നു. കാരണം വര്‍ത്തമാനം ഭൂതവും ഭാവിയുമായുള്ള ബന്ധത്തില്‍ അനീതി ഉണ്ടാക്കുന്നു വരാനുള്ളതു വന്നിട്ടില്ല, പോയതു പോയിട്ടുമില്ല. അതു വര്‍ത്തമാനത്തില്‍ സാന്നിദ്ധ്യമില്ലാത്ത സന്നിഹിതമാണ്. ഈ സാന്നിധ്യം കാലത്തിന്റെ ഇഴപ്പുകള്‍ തെറ്റിക്കുന്നതു സഹിക്കില്ല.

പ്രത്യക്ഷം പരോക്ഷമായി മാത്രമല്ല ബന്ധപ്പെട്ടത്. കാണുന്നതില്‍ നിന്നു കാണിക്കുന്നതു പിന്‍വാങ്ങിയിരി ക്കുന്നു. കാണുന്നതില്‍ കാണാതെ സന്നിഹിതമായതു വരാനുള്ളതും പോയതുമാണ്. എല്ലാം വരുന്നതു ആയിത്തീരാനാണ് - ആയിത്തീരലിന്റെ വ്യത്യാസം ഉണ്ടാക്കുന്നു - പോകുന്നു. പോയതു അസന്നിഹിതമായ സാന്നിദ്ധ്യമായി തുടരുന്നു. അതു ഭാവിയുടെയും ഭൂതത്തിന്റെയും കഥയാകും. വരുന്നതും വരാനുള്ളതും വന്നതുമായ കൈമാറ്റ ബന്ധത്തിലാണ്.

ഉല്പത്തിയുടെ കഥയാണ് അദ്ദേഹം പറഞ്ഞുവച്ചത്. ഉല്പത്തി സ്ഥിരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതു വ്യവസ്ഥകളില്ലാത്ത അസ്തിത്വ ദാനത്തിന്റെ കഥയുമാണ്. എല്ലാം അസ്തിത്വ വ്യാകരണത്തില്‍ സംഭവിക്കുന്നു. അവ യൊക്കെ ആയിത്തീരലിനു വിധേയമാകുന്നു - കാലഘടന യില്‍. ഇതു രണ്ടു വിരുദ്ധ സരണികളില്‍ നീങ്ങുന്നു. ഉല്പത്തിയെല്ലാം ഉണ്ടായി ഇല്ലാതാകുന്നു. എല്ലാം പ്രത്യക്ഷമായി പിന്‍വാങ്ങുന്നു - ഈ ആയിത്തീരലിന്റെ നിയമം - ജനിമൃതികളുടെ നിരന്തര പ്രക്രിയയാണ്. സ്വയം നിലനിര്‍ ത്തുക ഈ നിയമത്തിന്റെ കീഴില്‍ വരുന്നതല്ല. ''വര്‍ത്തമാനം'' പിടിച്ചു നിര്‍ത്താന്‍ കാലത്തിന്റെ ഇഴപ്പുകള്‍ വിഘടിതമാകും. പരിധിയില്ലാത്ത ദാനത്തിലും അതിന്റെ നന്ദിയിലും അതിന്റെ സന്തോഷത്തിലും കല്ലുകടിക്കുന്നു. തളര്‍ച്ചയുടെയും അസ്തമയത്തിന്റെയും നിയമം നിലനില്‍ക്കുമ്പോള്‍ അവിടെ ''തങ്ങാതെ' പിടിച്ചു നില്ക്കാന്‍ ശ്രമിക്കുമ്പോള്‍ ലോകശ്രമത്തിന്റെ നീതി ലംഘിക്കപ്പെടുന്നു. അതൊരു കലാപമാണ്. ഒഴുക്കിനെ തടയുന്ന കലാപം. ഇതാണ് അനീതിയായി പ്രത്യക്ഷപ്പെടുന്നത്. സാധ്യമായതിന്റെ നിയമത്തെ അതു ചോദ്യം ചെയ്യുന്നു.

''ഭൂമിയില്‍ ഇടം കിട്ടാതെ ആരും ചരിത്രം ഉണ്ടാക്കുന്നില്ല. അവര്‍ ചരിത്രം സഹിക്കുന്നു. ഇവര്‍ അര്‍ത്ഥശൂന്യതയുടെയും അധിശത്വത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും ഇരകളാക്കപ്പെട്ട് അവരുടെ മടികളില്‍ അവര്‍ കൈകള്‍ വച്ച് ഒരിക്കലും നടക്കാത്ത അത്ഭുതത്തിനുവേണ്ടി കാത്തിരിക്കുന്നു.''
ഹന്ന അറന്റ്

''നീയുണ്ടാകണം'' എന്ന നിയതിയുടെ നിയമത്തെ ''നിന്നെ എനിക്കു വേണം'' ''നിന്നെ ഞാന്‍ ഭരിക്കണം'' എന്നതാകുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി. നീതി എന്നതു ആയിരിക്കുന്നതില്‍ ഇടം കിട്ടാനുള്ള അവകാശമാണ് - അവകാശത്തിനുള്ള അവകാശം. ഇടം നിഷേധിക്കുന്ന അനീതി. ഈ വരവിന്റെയും പോക്കിന്റെയും സമൂഹത്തില്‍ വന്നുപെടാനുള്ള മൗലികമായ അവകാശമാണ് പ്രശ്‌നം. ലോകത്തില്‍ പ്രത്യക്ഷമാകാനുള്ള ദാനത്തിന് അവകാശം കിട്ടാനുള്ള അവകാശം.

ദാനം ലഭിക്കുന്നു; അതിന് അതിന്റെ സമയമെടുക്കുന്നു. അതു തിരിച്ചു കൊടുക്കാനുള്ള ഉത്തരിപ്പുകടമാണ്. അതു സമയമെടുക്കുന്നു. മരണത്തിന്റെ അറസ്റ്റ് വരുന്നതു നേരത്തേ ആകാം, വൈകിയാകാം. അതിനു വേണ്ടിയുള്ള അഴിച്ചുപണിയാണ് നീതി. അത് അനന്തമായ നടപടിയാണ്. മരണമില്ലാത്ത ജീവിതമില്ല, ജീവിതമില്ലാത്ത മരണവുമില്ല - രണ്ടും ഉണ്ടാകാതെ നോക്കുന്ന താണ് നീതി. വരുന്നതെല്ലാം തങ്ങുന്നു, നീങ്ങുന്നു. അസ്തിത്വ കൂട്ടായ്മയുടെ പങ്കാളിത്തമാണ് അസ്തിത്വ വിസ്മയത്തിന്റെ രഹസ്യം.

ഈ പ്രതിസന്ധി മനസ്സിലാക്കിക്കൊണ്ട് ഹന്ന അറന്റ് എഴുതി. ''ഭൂമിയില്‍ ഇടം കിട്ടാതെ ആരും ചരിത്രം ഉണ്ടാക്കുന്നില്ല. അവര്‍ ചരിത്രം സഹിക്കുന്നു. ഇവര്‍ അര്‍ത്ഥശൂന്യതയുടെയും അധിശത്വത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും ഇരകളാക്കപ്പെട്ട് അവരുടെ മടികളില്‍ അവര്‍ കൈകള്‍ വച്ച് ഒരിക്കലും നടക്കാത്ത അത്ഭുതത്തിനുവേണ്ടി കാത്തിരിക്കുന്നു.'' ഇതു ഭാവിയുടെ മക്കളെക്കുറിച്ചും കടന്നുപോയവരുടെ കഠിന അനീതികളെക്കുറിച്ചും ശരിയാണ്. അനീതിയുടെ സാന്നിദ്ധ്യം ഉണ്ടാക്കുന്നത് ചിലരുടെ ജാതീയവും വംശീയവും വര്‍ഗ്ഗീയവുമായ അനീതികളാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org