പൂര്‍ത്തിയാകാത്ത ചിന്തയുടെ വഴി

പൂര്‍ത്തിയാകാത്ത ചിന്തയുടെ വഴി

പോള്‍ തേലക്കാട്ട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും പുതിയ പുസ്തകമാണ് "നമു ക്കു സ്വപ്നം കാണാം: മെച്ചപ്പെട്ട ഭാവിയുടെ പാത" (Let us dream: The path to a better future). പ്രതിസന്ധി എന്ന ഏക പ്രശ്‌നത്തില്‍ തമ്പടിച്ച ഒരു പുസ്തകമാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പ പത്ര പ്രവര്‍ത്തകനായ ഓസ്റ്റിന്‍ ഇവരേയുമായി (Austen Ivereigh) നടത്തിയ അഭിമുഖം ആസ്പദമാക്കി എഴുതിയ പുസ്തകമാണ്. പ്രതിസന്ധികളില്ലാത്ത വ്യക്തികളോ സമൂഹങ്ങളോ ഉണ്ടാകില്ല. ക്രൈസ്തവസഭകളിലും പ്രതിസന്ധികളുണ്ട്. ഇവ എങ്ങനെ തരണം ചെയ്യണമെന്നതിന്റെ കാവ്യാത്മകമായ സ്വപ്നസാധ്യതകളിലേക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ക്ഷണിക്കുന്നത്.
പ്രതിസന്ധികളില്‍ തമ്പടിച്ചു കിടക്കാന്‍ അതില്‍നിന്നു ലാഭം ഉണ്ടാ ക്കാന്‍ ശ്രമിക്കുന്ന സ്വര്‍ത്ഥമതികള്‍ ഉണ്ടാകാം. പ്രതിസന്ധികളിലെ സാധാരണമായ പ്രലോഭനം തന്ത്രപരമായ പിന്‍വാങ്ങലാണ്. സോളമന്റെ മകനായ റെഹോബോവാമിനെതിരെ ജനങ്ങള്‍ സംഘടിച്ച് പരാതികള്‍ സമര്‍ പ്പിച്ചപ്പോള്‍ അവര്‍െക്കതിരെ കോപത്തോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ പറഞ്ഞു, "ഇസ്രായേല്‍ ജനം കൂടാരത്തിലേക്കു മടങ്ങുക", ഇതു തന്ത്രപരമായ പിന്‍മാറ്റമായിരുന്നു. തിരിച്ചടിക്കാനുള്ള പിന്‍വാങ്ങല്‍. അതു പ്രതിസന്ധിയെ വിപ്ലവമാക്കി. ഇതു കൂടാതെ "ഔദ്യോഗികമായ" പിന്‍വാങ്ങലുമുണ്ട്. ജറുസലേം ജറീക്കോ വീഥിയില്‍ കൊള്ളയടിക്കപ്പെട്ടു വീണവന്റെ പ്രതിസന്ധിയില്‍നിന്നു ലേവായനും പുരോഹിതനും സ്വന്തം ഔദ്യോഗികതയിലേക്കു പിന്‍വാങ്ങിയവരാണ്. അവര്‍ അവരുടെ ഉദ്യോഗത്തില്‍ പരിവട്ടത്തില്‍ അടച്ചുപൂട്ടി. ആ പ്രതിസന്ധിയില്‍ നിന്നു മാറി നില്‍ക്കാനാണ് അവര്‍ കടന്നുപോയത്. എന്നാല്‍ പ്രതിസന്ധിയിലേക്കു കടന്നു നില്‍ക്കാന്‍ ശ്രമിച്ചതു സമറിയാക്കാരന്‍ മാത്രമാണ്. അയാള്‍ മാത്രമാണ് അവിടെ നിന്നതും, ഇടപെട്ടതും. അയാള്‍ അയാളുടെ ലോകത്തില്‍ നിന്നു പുറത്തുകടന്നു മുറിവേറ്റവന്റെ ലോകത്തിലേക്കു കടന്നു നിന്നു. അവനാണ് മുറിവേറ്റവനു പുതിയ പ്രതീക്ഷയുണ്ടാക്കിയത്. അതു മുറിവേറ്റവന്റെ ജീവിതം മാത്രമല്ല മാറ്റിയത്. അതു വെറും യാത്രികനായിരുന്ന സമരിയാക്കാരന്റെ ജീവിതവും മാറ്റി. അയാളെ ഈ സംഭവം പ്രകാശിപ്പി ച്ചു വെളിവാക്കി.
ഇതു സൂചിപ്പിക്കുന്നത് അനുദിനജീവിതത്തിന്റെ കുരിശ് എടുക്കുന്നതിനെയാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കു ന്നു. ഇവിടെ ഇതില്‍ നിന്നു ഭിന്നമായി പെരുമാറുന്നവരുണ്ട്. ഞാന്‍ ഒന്നിലും ഇടപെടുന്നില്ല. ഇതൊക്കെ ദൈവഹിതമാണ് എന്നു കരുതുന്നവര്‍. ലോകം ഉണ്ടാക്കി നല്ല പൊതിച്ചിലില്‍ നമുക്കു തന്നു എന്നു പലരും കരു തുന്നു. "സൃഷ്ടി ഈറ്റു നോവനുഭവിക്കു ന്നു" എന്നു പൗലോസ് റോമാക്കാര്‍ക്ക് എഴു തി (8:22). ദൈവം സൃഷ്ടിക്കുന്നതു നമ്മെ കൂടാതെയല്ല, നമ്മോട് കൂടിയും നമ്മുടെ പങ്കാളിത്തത്തിലുമാണ്. ദൈവത്തിന്റെ സഹസൃഷ്ടാക്കളാണ് നാം. ദൈവത്തിനു ചരിത്രത്തില്‍ ഇടപെടാന്‍ എന്റെ ശരീരവും എന്റെ ആയുസ്സും അവനു നല്കണം. അതുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതി, നാം "നമ്മടെ ഭാവിയുടെ സൃഷ്ടാക്കളാണ്."
2020 ആദ്യനാലു മാസങ്ങളില്‍ ലോകത്തില്‍ 370 ലക്ഷം ജനങ്ങള്‍ പട്ടിണിയില്‍ മരിച്ചു. ഇവര്‍ക്ക് ആഹാരം കൊടുക്കാന്‍ ദൈവം വന്നില്ല. കാരണം ദൈവത്തിനുവേണ്ടി ഈ പട്ടിണിപ്പാവങ്ങളുടെ അടുക്കലേക്കു ആരും പോ യില്ല. കൊറോണ വൈറസിനെ തടുക്കാന്‍ നാം മുഖംമൂടി അണിയുന്നു. അക്രമം, വെറുപ്പ്, പട്ടിണി, പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ പ്രതിസന്ധികളെ ചെറുക്കാന്‍ നാം എന്തു ചെയ്യുന്നു? മാര്‍പാപ്പ, ചോദിക്കുന്നു. ജര്‍മ്മന്‍ കവിയായ ഹെല്‍ഡര്‍ലീനെ മാര്‍പാപ്പ ഉദ്ധരിക്കുന്നു. "ഒരപകടം ഉണ്ടാകുമ്പോള്‍ ആരില്‍നിന്നുള്ള രക്ഷയുടെ സാധ്യതകളും വളരുന്നു."
ആബേലിന്റെ മരണത്തില്‍ കായേന്റെ നിഷ്പക്ഷതയാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇതിനു സാധൂകരണമുണ്ടാക്കുന്നതു വ്യത്യാസങ്ങളെ വിപുലമാക്കി തനിമയെ കേന്ദ്രമാക്കി അപരനെ അവഗണിക്കുന്നതിലാണ്. ഞാന്‍ ഭിന്നനാണ് എന്ന സാധൂകരണത്തിന്റെ തനിമ പറയുന്നതു ഒഴിവാക്കാനാണ്. അതു അവനവനിസവും വിഭാഗീയതയുമാണ്. മാര്‍പാപ്പ എഴുതി. സഭ ദൈവജനമാണ്, ആരും ഒറ്റയ്ക്കു രക്ഷപ്പെടാനില്ല. ഒറ്റപ്പെടല്‍ വിശ്വാസത്തിന്റെ ഭാഗവുമല്ല. ജനങ്ങളുടെ പ്രതീക്ഷകളും സങ്കടങ്ങളും സഭ കാണണം. ദേസ്‌തേവിസ്‌ക്കിയുടെ കരമസോവ് സഹോദരന്മാരില്‍ നിന്നുള്ള സോസിമ എന്ന സന്യാസ വൈദികന്റെ വാക്കുകള്‍ മാര്‍പാപ്പ ഉദ്ധരിക്കുന്നു. "രക്ഷ ജനങ്ങളില്‍നിന്നു വരും." തന്നെത്തന്നെ ജനങ്ങള്‍ക്ക് മുകളിലായി പ്രതിഷ്ഠിക്കുന്നതാണ് വൈദിക മേല്‍ക്കോയ്മയും ഫരിസേയ മനോഭാവവുമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ഒരു പ്രതിസന്ധിയില്‍നിന്നു വ്യക്തികളെ ഊരിയെടുക്കുന്ന നടപടിയായി മൗലികവാദത്തെ കാണുന്നു. മൗലികവാദക്കാര്‍ സത്യം അവരുടെ കയ്യിലാണ് എന്ന് അവകാശെപ്പടുന്നു. അവര്‍ പക്ഷെ സത്യത്തിന്റെ വഴിയില്‍ യാത്ര ചെയ്യാന്‍ തയ്യാറുമില്ല. സത്യം വെളിവാകുകയാണ്. റോമാനോ ഗര്‍ദീനോ എന്ന ദൈവശാസ്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് 'പൂര്‍ത്തിയാകാത്ത ചിന്ത'യെക്കുറിച്ച് മാര്‍പാപ്പ എഴുതി. പ്രശ്‌നത്തിന്റെ കെണിയില്‍ വീഴാതെ സത്യത്തിന്റെ വഴിയിലൂടെ നടക്കണം. സത്യം പുറത്താണ് എപ്പോഴും അതീതമാണ്, അതു നമ്മെ മാടി വിളിക്കുന്നു. ധന്യമായ മതം എന്നതു മരവിപ്പിക്കുന്ന ശീതീകരണി യില്‍ പ്രബോധം സ്ഥായിയായി സൂക്ഷിക്കലായി തെറ്റിദ്ധരിക്കുന്നു. പ്രബോധം സ്ഥായിയല്ല, അതു വളരുന്നു, പുരോഗമിക്കുന്നു. പാരമ്പര്യം മാര്‍പാപ്പ വ്യക്തമായി എഴുതി അതു ചാരം സൂക്ഷിക്കലല്ല, അഗ്നി കാത്തുസൂക്ഷിക്കലാണ്.
ഈ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ചിന്തയ്ക്കും അവരുടെ വീക്ഷണങ്ങള്‍ക്കും വത്തിക്കാന്റെ തീരുമാനങ്ങളുടെ തലത്തില്‍ സാന്നിദ്ധ്യവും പങ്കാളിത്തവും വേണമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. സ്ത്രീകള്‍ക്കും അവരുടെ ചിന്തയ്ക്കും വൈദികാധിപത്യത്തിലേക്ക് അവരെ ഉള്‍ച്ചേര്‍ക്കാതെ വത്തിക്കാന്‍ ഭരണകൂടത്തിന്റെ ജൈവപരിണാമത്തിനു ഹേതുവാക്കണമെന്നു പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതി, "വനിതകളുടെ നിര്‍ദ്ദേശങ്ങള്‍ അജപാലനത്തിലും ഭരണ നിര്‍വ്വഹണത്തിലും പുരുഷന്മാരുടേതിനേക്കാള്‍ മൂല്യവത്തായി ഞാന്‍ കണ്ടിട്ടുണ്ട്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org