
പോള്‍ തേലക്കാട്ട്
"ഞങ്ങള്‍ അബ്രാഹത്തിന്റെ സന്തതികളാണ്" (ഗലാ. 3:7) എന്ന അവകാശവാദം നടത്തുന്നവരാണു യഹൂദരും ക്രൈസ്തവരും മുസ്‌ലീങ്ങളും. ഈ മൂന്നു മതങ്ങളും ഗൗരവമായി എടുക്കുന്നത് അബ്രാഹത്തിന്റെ വിശ്വാസമാണ്. ആ വിശ്വാസം പരീക്ഷിക്കപ്പെട്ടതു തന്റെ മകനെ ബലി ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടപ്പോഴാണ്. തന്റെ പ്രതീക്ഷയുടെ ഏകസന്താനമായിരുന്നു ഇസഹാക്ക്. അവനെ ബലി ചെയ്യുന്നത് അബ്രാഹത്തെ ബാധിക്കുന്നു. അസാദ്ധ്യമായതും തന്നെ കൊല്ലുന്നതിനേക്കാള്‍ വേദനാജനകവുമായതു ചെയ്യാന്‍ തയ്യാറായ അബ്രാഹമാണു വിശ്വാസത്തിന്റെ പിതാമഹന്‍. ഇത് അബ്രാഹത്തിനു മാത്രമുണ്ടായതും നമുക്കാര്‍ക്കും ഉണ്ടാകാത്തതുമായ കാര്യമായി നാം കരുതുന്നു. അതു ശരിയാണ് എന്നു ഞാന്‍ വിചാരിക്കുന്നില്ല. നാമെല്ലാവരും അബ്രാഹത്തെപ്പോലെ പരീക്ഷിക്കപ്പെടുന്നു.
സ്വന്തം ജീവനു തുല്യം സ്‌നേഹിക്കുന്നവനെ ബലി ചെയ്യാനുള്ള കല്പന അതീവ ദുഃഖകരമാണ്. അതു സംഭവിക്കുക പ്രായോഗികമായി അസാദ്ധ്യവുമാണ്. ഈ വേദനയിലാണ് അബ്രാഹം ബലിക്കു പുറപ്പെടുന്നത്. അദ്ദേഹം ആരോടും ഒന്നും പറയുന്നില്ല. അദ്ദേഹത്തിന് ഒന്നും പറയാനാവുന്നില്ല. പറയാനുള്ളത് ആരും അംഗീകരിക്കില്ല, അതുകൊണ്ട് അതു സ്വകാര്യമാണ്, രഹസ്യമാണ്. കാരണം അതു പൊതുതീരുമാനത്തിനു വിരുദ്ധമാണ്. സാധാരണമായി അംഗീകൃതമായ നിയമത്തിനു വിരുദ്ധമാണ്. സാധാരണമായി ധര്‍മത്തെയാണു ലംഘിക്കാന്‍ ആവശ്യപ്പെടുന്നത്. കല്പന ലംഘിക്കുന്ന കല്പനയുണ്ടാക്കുന്നു. എന്തുകൊണ്ട്? ഉത്തരമില്ല. അഥവാ ഉത്തരം ആര്‍ക്കും സ്വീകാര്യമാകില്ല. എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നവനാണു ഞാന്‍. രാജ്യനിയമങ്ങള്‍ അനുസരിക്കുന്നു. പക്ഷേ, രാജ്യത്തിന്റെ നിയമം നീതിയല്ല എന്നു വരുമ്പോള്‍ രാജ്യത്തിന്റെ നിയമം ലംഘിക്കുന്നു. നീതിയുടെ കല്പന പാലിച്ചു നിയമം ബലി ചെയ്യുന്നു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതായി വരുന്നു.
ഞാന്‍ മതവിശ്വാസിയാണ്. എന്റെ മതത്തിന്റെ നിയമങ്ങളനുസരിച്ചു ഞാന്‍ ജീവിക്കുന്നു. പക്ഷേ, ഒരു ഘട്ടത്തില്‍ ഞാന്‍ എന്റെ മതത്തെ ധിക്കരിക്കുന്നു. ഇവിടെ ഞാന്‍ ബലി ചെയ്യുന്നത് എന്റെ മതത്തെയാണ്. ഒരേയൊരു കാരണം, ഞാന്‍ അബ്രാഹത്തിന്റെ സന്തതിയാണ്.
ഈ മാറ്റം വലിയ പ്രതിസന്ധിയാണ്. ഇവിടെ വ്യക്തിയുടെ അവിഭാജ്യതതന്നെ പ്രശ്‌നത്തിലായി. ഞാന്‍ എന്നയാള്‍ നാളെയും ഞാന്‍ തന്നെയായിരിക്കുമെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഉടമ്പടി ഉണ്ടാക്കുന്നത്, സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതൊരു സാധാരണ തത്ത്വമാണ്. പക്ഷേ, ഞാന്‍ അവിഭാജ്യനായതുപോലെ വിഭജിതനുമാണ്. എന്നിലുണ്ടാകുന്ന ഈ വിഭജനം ഒരു വൈരുദ്ധ്യമാണ്. ഞാന്‍ പലതായി, പലരുടെയും ഇടങ്ങളില്‍ ഞാനായി. ഞാന്‍ അപരന്റെ ഇടയിലായി. എന്നില്‍ വേറെ ആളുകളുണ്ടായി. ഇന്നലെ ആയിരുന്നവനല്ല ഇന്നു ഞാന്‍. ഞാന്‍ ഞാനായിരിക്കുന്ന സരണിയില്‍ നിന്നു മാറുന്നു. ഇത് എന്നിലെ മാറ്റമാണ്; മാറ്റമില്ലാത്തവനല്ല ഞാന്‍. മാറ്റിയാണു ഞാനുണ്ടാകുന്നത്, സമൂഹമുണ്ടാകുന്നത്, സഭയുണ്ടാകുന്നത്, മതമുണ്ടാകുന്നത്. "സഹോദരന്‍ സഹോദരനെയും പിതാവു പുത്രനെയും മരണത്തിന് ഏല്പിച്ചുകൊടുക്കും" (മര്‍ക്കോ. 13:12).
ഇന്നലെ നിന്നിടത്തുനിന്നുള്ള മാറ്റത്തിന്റെ വിശദീകരണം ഇന്നലെ പറയാനാവില്ലായിരിക്കും. പറയാതെയാണു മാറ്റം. അതു ബലിയാണ്. ഈ ബലി ചിലപ്പോള്‍ അനുദിനം ചെയ്യേണ്ടി വരും. സ്‌നേഹിക്കുന്നതിനെ ബലി ചെയ്യേണ്ടി വരുന്നു. അയല്‍ക്കാരനുവേണ്ടി മകനെ നിഷേധിക്കേണ്ടി വരിക, മരുമകള്‍ക്കുവേണ്ടി മകളെ വെടിയേണ്ടി വരിക. അന്യന് ആതിഥ്യം നല്കുമ്പോള്‍ സ്വന്തക്കാരെ വെടിയേണ്ടി വരും. ഈ ബലികളുടെ അടിസ്ഥാനം ഏതോ കല്പനയാണ്. കല്പിതമായതു സാധാരണമായി ചെയ്യാന്‍ പറ്റാത്തതും നാട്ടുനടപ്പിലാത്തതുമാകാം. കല്പന വേദനിപ്പിക്കുന്നു, മുറിപ്പെടുത്തുന്നു. നാട്ടുനടപ്പുകളെയും മാമൂലുകളെയും ലംഘിക്കേണ്ടിവരുന്ന കല്പന. പലപ്പോഴും ഈ കല്പനയുടെ ഉറവിടം വ്യക്തമല്ല. സോക്രട്ടീസ് ചെയ്തത് ഇതാണ്. ഹൈഡഗര്‍ ഇതിന്റെ ഉറവിടത്തെ മനഃസാക്ഷിയെന്നു വിളിച്ചു. അത് എന്നിലാണ്. എന്നാല്‍ എന്നില്‍നിന്നു പുറത്താണ്; എനിക്കു മുകളില്‍ നിന്നാണ്. ഈ കല്പനയുടെ സ്രഷ്ടാവിനെയും കര്‍ത്താവിനെയും അറിയുന്നില്ല. ഉറവിടം അപ്രാപ്യമായിരിക്കുന്നു. വാതില്‍ കാവല്‍ക്കാരന്‍ അതൊരിക്കലും സമ്മതിക്കുന്നില്ല. സമ്മതിക്കുമ്പോള്‍ അത് അടച്ചുകഴിയും. ഇതിനെയാണു നിത്യതയുടെ ആത്യന്തികത എന്നു ലെവീനാസ് വിളിക്കുന്നത്.
കല്പന ഭാവിയില്‍ നിന്നാകാം, ഉയരത്തില്‍ നിന്നാകാം, അപരനില്‍നിന്നാകാം. പരസ്പരമുള്ള മുഖാമുഖത്തിലെ മൂന്നാമന്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ വിജാഗിരിയാണ്. അതു ഭാഷയാണ്, സമൂഹമാണ്. കല്പന പുറപ്പെടുന്നതു മൂന്നാമനില്‍ നിന്നാണ്. അതു നിശ്ചയമാണ് – ആ നിശ്ചയം ഉണ്ടാക്കുന്നത് "ഇപ്പോഴാണ്." മാറ്റത്തിന്റെ മുഹൂര്‍ത്തം. ബലിയുടെ നിമിഷം. ആ കല്പനയുടെ ഫലമായി അബ്രാഹം ബലി ചെയ്തതു ധര്‍മമാണ്. അപരന്റെ വിളി വീടിന്റെ ധര്‍മവുമായി പൊരുത്തപ്പെടുന്നില്ല. അപരനെ വീട്ടിലേക്കു സ്വീകരിക്കാന്‍ എന്റെ സുഖസൗകര്യങ്ങളുടെ സാധാരണ നിയമം ഞാന്‍ റദ്ദാക്കുന്നു, വീടു തുറക്കുന്നു. രാത്രിയും പകലും മോറിയായില്‍ ഉയര്‍ത്തിയ കത്തി ഞാന്‍ എടുക്കുന്നു. സ്‌നേഹിക്കുന്നവനും ഞാന്‍ കടപ്പെട്ടവനും വിശ്വസ്തത അവകാശപ്പെട്ടവനുമെതിരെ ഞാന്‍ കത്തി ഉയര്‍ത്തുന്നു. ഈ ബലി തന്നെ സ്വയം ശാസനകളുടെ സാമ്പത്തിക സാമൂഹിക മാനങ്ങളെ അട്ടിമറിക്കുന്നു.
പക്ഷേ, അബ്രാഹത്തിന്റെ ആന്തരികത പറയാനാവാത്ത രഹസ്യമാണ്. കാരണം എല്ലാ ചിന്തയും വെടിഞ്ഞ വിശ്വാസത്തിലാണ് അതു നിലകൊള്ളുന്നത്. ചിന്തയില്ലാത്ത വിശ്വാസം. കല്പനയുടെ കല്പലകകള്‍ തകര്‍ന്ന കഷണങ്ങള്‍ക്കിടയില്‍ നിന്നു ഭാഷയുടെ കാവ്യം മുളപൊട്ടും, വളരും, പക്ഷേ, അതു നാടു കടന്നവന്റെ ഭാഷയാണ്. വീട്ടില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ ഭാഷ ഏകാകിയുടെ ഈ ഭാഷ അപരനു കാതുകൊടുത്ത ബാദ്ധ്യതയില്‍ നിന്നുള്ള ഭാഷയാണ്.