അര്‍ത്ഥശങ്കയുടെ ഭാഷ

അര്‍ത്ഥശങ്കയുടെ ഭാഷ
Published on

പോള്‍ തേലക്കാട്ട്

ആധുനിക ബൈബിള്‍ വ്യാഖ്യാനത്തിന് ഏറ്റവും ഗൗരവമായ വിമര്‍ശനമുന്നയിക്കുന്നതു ചിന്തകനായ ദരീദയാണ്. അദ്ദേഹം എഴുതി: "ഭാഷ അനന്തമായ ആഴിയാണ്, പരിധിയില്ലാത്തതും ആഴമറിയാത്തതുമായ സാഗരം. ഭാഷ മനസ്സിനെയും ലോകത്തെയും വിഴുങ്ങുന്നു. ഭാഷാകേളിക്കതീതമായ അതിഭൗതികതയില്‍ വിശ്വസിക്കുന്ന എന്തിനെയോ സൂചിപ്പിക്കുന്നു, അടയാളപ്പെടുത്തുന്നു. പക്ഷേ, ഇത് അടയാളങ്ങളില്‍ അഭയം ഗമിക്കുന്ന മിഥ്യയില്‍ പതിക്കലാണ്." ഭാഷ എപ്പോഴും വാക്കുകളുടെ അടയാളങ്ങളായ അക്ഷരങ്ങളും വാക്കുകളും ഉപയോഗിക്കുന്നു. വാക്കുകളില്‍ നിന്നു ഭിന്നമായ യാഥാര്‍ത്ഥ്യത്തെ അതു പ്രതിനിധാനം ചെയ്യുന്നു എന്നു കരുതുന്നു. എന്നാല്‍ ഈ ലോകാതീതമായതിനെ സൂചിപ്പിക്കുമ്പോള്‍ ഭാഷയുടെ ഒരു ബിംബവും മറ്റൊരു ബിംബത്തെ സൂചിപ്പിക്കുകയാണ്. അങ്ങനെ ബിംബങ്ങളില്‍നിന്ന് ബിംബങ്ങളിലൂടെയുള്ള ആ യാത്ര ഒരിടത്തും എത്തുന്നില്ല.
ഭാഷയില്‍ അര്‍ത്ഥമുണ്ടാക്കുന്നതു പദങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിലാണ്. അടയാളങ്ങള്‍ തമ്മിലുള്ള അന്തരമാണ് അര്‍ത്ഥത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഈ വ്യത്യാസം അസന്നിഹിതമായതിനെക്കുറിച്ചാകുമ്പോള്‍ അര്‍ത്ഥം എഴുതിയ ഭാഷയിലാവാതെ സൂചിതപദങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ കേളിയില്‍ മാറ്റിവയ്ക്കപ്പെടുകയാണ് – അര്‍ത്ഥം ഉണ്ടാക്കുകയല്ല. ഭാഷ അതിന്റെ ലക്ഷ്യമെത്താതെ മാറ്റിവയ്ക്കപ്പെടുന്നു. ഇവിടെ പദങ്ങളും വാക്കുകളും ചലിക്കുന്നതു സമാന്തരമായിട്ടാണ്, മുകളിലേക്കല്ല. ദരീദ അര്‍ത്ഥമാക്കുന്ന അപനിര്‍മാണം അര്‍ത്ഥം നശിപ്പിക്കലല്ല. അര്‍ത്ഥം മാറ്റിവയ്ക്കലാണ്. വന്നുചേരാത്ത അര്‍ത്ഥമായി നിലകൊള്ളുന്നു – അര്‍ ത്ഥം പ്രതീക്ഷയിലാണ്. യഹൂദചിന്തയില്‍ മിശിഹാ വരാനുള്ളവനാണ്; പക്ഷേ, വരാത്തവനുമാണ്. കാരണം കാലദേശങ്ങളില്‍ മിശിഹ സംഭവിച്ചാല്‍ പിന്നെ മിശിഹയല്ലാതെയാകും. പ്രതീക്ഷിക്കുന്നതു സംഭവിച്ചാല്‍ പിന്നെ പ്രതീക്ഷയ്ക്ക് എന്തു പ്രസക്തി? പിന്നെ കാത്തിരിപ്പില്ല, വാഗ്ദാനമില്ല, ഭാവിയില്ല. അതുകൊണ്ടു ഭാവി അടയാളപ്പെടുത്തുന്ന എല്ലാം ഭാവി ഭാവിയാക്കി നിലനിര്‍ത്തുന്നു. ഒരു ഘടനയിലും പരിമിതപ്പെടുത്താനാവില്ല.
ബൈബിളിന്റെ വെളിപാടു നിത്യസത്യങ്ങളാണ് എന്ന നിലപാടിനെയാണ് ഇതു ചോദ്യം ചെയ്യുന്നത്. എഴുത്തുകാരനോ എഴുത്തിനോ അതിഭൗതിക അറിവ് പ്രദാനം ചെയ്യാനാവില്ല എന്നതാണ് ഇതു വ്യക്തമാക്കുന്നത്. ദരീദ എഴുതി, എഴുത്തു നമ്മുടെ ഭാഷയ്ക്കു മൂടുപടമിടുന്നു. അതു ഭാഷയെ വേഷം ധരിപ്പിക്കലല്ല, വേഷം മാറ്റലാണ്." അപ്പോള്‍ എഴുത്തുകാരന്റെ സാന്നിദ്ധ്യത്തിന്റെ അസാന്നിദ്ധ്യമാണ് ഉണ്ടാക്കുന്നത്. "എഴുത്തുകാരന്‍ എഴുതുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചും അതിന്റെ പദങ്ങളുടെ അര്‍ത്ഥസാദ്ധ്യതകളെക്കുറിച്ചും പൂര്‍ണബോധവാനല്ല; മാത്രമല്ല അതു പൂര്‍ണമായി മനസ്സിലാക്കുന്നവനുമല്ല. ഭാഷയും അതിന്റെ വാക്കുക ളും മലിനമാണ്. ഭാഷയ്ക്കപ്പുറത്തേയ്ക്കു കാഴ്ചപ്പാടു സമര്‍ പ്പിക്കാന്‍ പരാജയപ്പെടുന്നു. ഭാഷ സ്ഥായിയല്ല, അതിന്റെ ഒരു ഘടകത്തിലെ സ്ഥായിത്വമില്ല-വ്യാകരണം മാറുന്നു. പദങ്ങളുടെ അര്‍ത്ഥങ്ങള്‍ മാറുന്നു. ഭാഷയുടെ പദങ്ങള്‍ അടയാളങ്ങളായി കാവ്യമാകുമ്പോള്‍ അതിന്റെ ലോകത്തിന്റെ അതിര്‍ത്തി വിട്ടുപോകാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഭാഷ യ്ക്ക് അതിഭൗതികത ആവിഷ്‌കരിക്കാനാവില്ല.
പക്ഷേ, അര്‍ത്ഥപൂര്‍ണമായ വേദനവും വാഗ്ദാനവും സംഭാഷണവും സാദ്ധ്യമാ ണോ എന്ന ചോദ്യം വീണ്ടും ഉന്നയിക്കപ്പെടണം. പക്ഷേ, വേദപുസ്തകത്തിന്റെ സത്യത്തിന്റെ മനസ്സിലാക്കല്‍ ഒരിക്കലും പൂര്‍ണമാകില്ല എന്നു സമ്മതിക്കുകതന്നെ വേണം. വേദഗ്രന്ഥം ദൈവഭാഷണമാണെങ്കില്‍, മനുഷ്യന്റെ ഭാഷ ഭാഷയുടെ പ്രതിബിംബനമാണെങ്കില്‍ നാം വിശ്വാസത്തില്‍ത്തന്നെ ജീവിക്കേണ്ടി വരും. ദേവഭാഷയുടെ പ്രതിബിംബമായി ഭാഷയെ കാണുമ്പോള്‍ ഭാഷയുടെ വൈകല്യങ്ങള്‍ മനസ്സിലാക്കേണ്ടി വരും. ഭാഷ ദൈവികതയില്‍ വേരുറപ്പിക്കണം. ഭാഷ മനുഷ്യനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണ്, മനുഷ്യന്‍ ഭാഷയ്ക്കു വേണ്ടിയല്ല. ഭാഷയുടെ കാലദേശചാഞ്ചല്യം അവിതര്‍ക്കിതമാണ്. ഭാഷയുടെ ദൈവികത ദൈവികതയ്ക്കുള്ളിലൂടെ സംവേദനവുമായി ബന്ധപ്പെട്ടതാണ്. ദൈവം സംവേദനത്തിന്റെ സ്വഭാവം പേറുന്നെങ്കില്‍ ഭാഷയ്ക്കു ദൈവിക ഉടമ്പടിയുടെ മാനം കൈവരുന്നു.
അപ്പോള്‍ എഴുത്തുകാരനെ എഴുത്തില്‍ നിന്നും വെട്ടിമാറ്റാനാവില്ല. അപ്പോള്‍ എഴുത്തിനെ അതിന്റെ അടിസ്ഥാനത്തില്‍ നിന്നു മാറ്റലാകും. സംവേദനം ഒരു സന്ദേശവുമാണ്, അതിന്റെ വാച്യാര്‍ത്ഥത്തില്‍ കൂടുതല്‍ അതിലുണ്ടാകാം. എഴുത്തുകാരന്‍ സംവേദനത്തില്‍ സംഭവിക്കുകയാണ്. എല്ലാ വ്യാഖ്യാനങ്ങളും ഈ സംവേദന ഉടമ്പടിയുടെ വ്യാഖ്യാനങ്ങളാണ്. വിശ്വാസസമൂഹം ഒരു ഭാഷാസമൂഹവുമാണ്. എല്ലാ ഭാഷകളും ത്രിത്വത്തിന്റെ പാരസ്പര്യഭാഷണത്തിന്റെ പ്രതിഫലനമാണ്. അര്‍ത്ഥപൂര്‍ണമായ സംവേദനം ഭാഷയില്‍ സംഭവിക്കുന്നു. ധാരണ ആത്മാവിന്റെ പ്രവര്‍ത്തനത്തിലാണ് ഉണ്ടാകുന്നത്. ധാരണയുള്ളിടത്തു ദൈവാത്മാവുണ്ട്. ഒരു വ്യാഖ്യാനവും ആത്യന്തികമോ അവസാനത്തേതോ അല്ല. എല്ലാ സംവേദനവും ധര്‍മത്തിന്റെ അടിയില്‍ നിന്നുള്ള സന്ദേശങ്ങളാണ്. സംവേദനങ്ങളില്‍ ധര്‍മം സംഭവിക്കുന്നു. ഭാഷണം ദൈവത്തില്‍ വേരുറച്ചു നില്ക്കുന്നു. അതു സംവേദനത്തിനു പുതിയ സാദ്ധ്യതകള്‍ നല്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org