പോള്‍ തേലക്കാട്ട്
എല്ലാ സംസ്‌ക്കാരങ്ങളിലും സമൂഹങ്ങളിലും അഭിവാദനത്തിന്റെ സാംസ്‌ക്കാരിക രൂപങ്ങളുണ്ട്. നമസ്‌ക്കാരം പറഞ്ഞ് കൈകൂപ്പുന്ന ഭാരതീയനും, സുപ്രഭാതം പറഞ്ഞു കൈകൊടുക്കുന്ന പാശ്ചാത്യനും നമുക്കു സുപരിചിതമാണ്. ഇത് അപരനുമായി മുഖാമുഖം കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ്. ഇത് ആകസ്മികമോ അപരിചിതമോ പരിചിതമോ സാധാരണമോ അസാധാരണമോ ആകാം. ഇത് ഒരു വൈരുദ്ധ്യവും ഒരു ബന്ധവും സൂചിപ്പിക്കുന്നു. പരസ്പരം അകലുന്ന വൈരുദ്ധ്യം, പരസ്പരം അടുക്കുന്ന ബന്ധം. കാണുന്നു, നിരോധിച്ചു പോകുന്ന എന്നതു വൈരത്തിന്റെ പിരിയലാണ്. മറിച്ച് കാണുന്നു അഭിവാദനം ചെയ്യുന്നു – ബന്ധമാണ് ഉണ്ടാക്കുന്നത്. ഈ ബന്ധങ്ങള്‍ കാലഘടനയിലാണ് സംഭവിക്കുന്നത്.
അവിടെ ഒരു ഉണര്‍വ് ഉണ്ടാകുന്ന, ഒരുവന്‍ ഉണരുന്നു. ഉണരുന്നത് എന്നിലല്ല, എന്നിലേക്കല്ല, വേറൊരുവന്റെ കഥയിലേക്കാണ്, വേറൊരുവനിലേക്കുമാകണം. കൈകൂപ്പുന്നതും കൈകൊടുക്കുന്നതും അപരനെ ആദരിക്കലും അംഗീകരിക്കലുമാണ്. ഞാന്‍ എന്നെ തുറക്കുന്നത് എന്നിലേക്കല്ല, മറ്റൊരാളിലേക്ക് മറ്റൊരാളുടെ സാന്നിധ്യത്തിലേക്കുമാണ്. അത് എന്റെ സാന്നിധ്യത്തിന്റെയോ എന്റെ കഥയുടേയോ മണ്ഡലമല്ല. അതു അപരന്റെ മുഖമാണ്. ആ മുഖം മൊഴിയുന്നുണ്ട് പറയുന്നില്ലെങ്കിലും. പറയുന്നതില്‍ കൂടുതല്‍ പറയുന്നു; കാണുന്നതില്‍ കൂടുതല്‍ കാണിക്കുന്നു. അവിടെ എന്നെക്കാള്‍ അപരന് ശ്രേഷ്ഠത കല്പിക്കുന്നു എന്നതിലാണ് 'നമസ്‌തേ, സുപ്രഭാതം' എന്നൊക്കെ പറയുന്നത്. അതു അപരനെ എ ന്നെക്കാള്‍ അധികമാക്കുന്നുണ്ട്. ഞാന്‍ കൈകൂപ്പുന്നതും വാതില്‍ തുറക്കുന്നതും താങ്കളെ വിരുന്നുകാരനായി സ്വീകരിക്കുന്ന മനസ്സ് കാണിക്കുന്നു. എന്റെ ചിന്തയ്ക്ക് അന്യമായതിലേക്കാണ് വാതില്‍ തുറക്കുന്നത്.
അവിടെ ഒരു അതിലംഘനമുണ്ട്. ഞാന്‍ ഉയര്‍ന്ന് നിന്നെക്കാള്‍ വലിയവനായി നിന്നെ പരിഗണിക്കാതെ പോകുന്ന നിര്‍മമതയല്ല കാണിക്കുന്നത്. നിന്നോടുള്ള സമീപനം നിഷേധമല്ല. ഞാന്‍ നിന്നെ അംഗീകരിക്കുന്നു. ഞാന്‍ നിന്നിലേക്കു കടന്നുവരുന്നു. നിന്റെ സമയത്തിലേക്കും നിന്റെ സാന്നിദ്ധ്യത്തിലേക്കും ഞാന്‍ കടന്നിരിക്കുന്നു. ഇവിടെ "നീ" എന്നതു നിര്‍ഗുണ നിഷ്പക്ഷ ചിന്തയില്‍ തഴയപ്പെട്ടവനോ അവഗണിക്കപ്പെട്ടവനോ അല്ല. പരസ്പരം അന്യരാകാന്‍ സ്വാതന്ത്ര്യമുള്ളവര്‍ക്കു മാത്രമേ ഇതു കഴിയൂ. നീ എന്റെ വേലക്കാരനോ അടിമയോ കീഴാളനോ അല്ല. നിന്നെയും എന്നെയും സ്വാതന്ത്ര്യത്തിന്റെ മണ്ഡലത്തില്‍ നിര്‍ത്തുമ്പോഴാണ് അഭിവാദനങ്ങള്‍ ഉണ്ടാകുന്നത്. നിന്റെയോ എന്റെയോ സമഗ്രതയിലല്ല എന്ന ബോധത്തിന്റെ ഗുപ്തമായ അംഗീകാരം. നിന്നെ ഞാന്‍ മൊത്തമായി ഏറ്റെടുക്കാനുള്ള പദ്ധതിയില്ല എന്നതു പരസ്പരം അംഗീകരിക്കുന്ന ഒരു പരിഗണനയുടെ അന്തരാര്‍ത്ഥമുണ്ട് ഈ സമീപനത്തില്‍. ആരും ഒന്നും പറയുന്നില്ലെങ്കിലും. ഞാന്‍ ഒരു അന്യനായിരിക്കുന്ന വിധത്തില്‍ ആദരിക്കുന്ന അന്തരീക്ഷമാണ് പരസ്പരമുള്ള അഭിവാദനം അര്‍ത്ഥമാക്കുന്നത്. ഇതു പരസ്പരമുള്ള കാഴ്ചയാണ് കടാക്ഷമാണ്.
ആ നോട്ടം അടിച്ചെടുക്കാനല്ല, അടിമപ്പെടുത്താനല്ല, അട്ടിമറിക്കാനുമല്ല എന്ന ഭാവം – അതു കണ്ണ് പറയുന്നു, മുഖം മൊഴിയുന്നു. ആ കണ്ടുമുട്ടലില്‍ മുഖം മൊഴിയുന്നതില്‍ കൂടുതല്‍ പറയുന്നു. പറയുന്നതില്‍ കൂടുതല്‍ മുഖത്ത് പരസ്പരം വായിക്കുന്നു. ഇത് ഒരു ധാര്‍മ്മികാനുഭവമാണ്. മുഖം പരസ്പരം ചോദിക്കുന്നതു ധര്‍മ്മമാണ്; ധര്‍മ്മം തരണേ. കൊടുക്കുന്നതും ധര്‍മ്മമാണ് – അംഗീകാരം ആതിഥ്യം. ഇവിടെ ധര്‍മ്മം പരസ്പരമുള്ള കടാക്ഷമാണ്. ധര്‍മ്മശാസ്ത്രം കാഴ്ച ശാസ്ത്രമാണ്.
ഇവിടെ സമാധാന ആശയമുണ്ട്. കോപ ക്രോധ മോദ മത മാത്സര്യം വെടിഞ്ഞ് ആയുധം താഴെ വച്ചു നില്‍ക്കുന്ന സമീപനം. അക്രമത്തില്‍ നിന്നു പിന്‍മാറി പരസ്പരം ആദരിക്കുന്ന അവസ്ഥ. ഇങ്ങനെ നില്‍ക്കാന്‍ കാരണങ്ങള്‍ ഉണ്ടോ എന്നതല്ല പ്രധാനം. രണ്ടു കൂട്ടരും ഒരു ധാര്‍മ്മിക ആഗ്രഹത്തിനു വിധേയരായി നില്‍ക്കുന്നു. ധാര്‍മ്മിക ആഗ്രഹം മനുഷ്യനിലുണ്ടല്ലോ. ലെവീനാസിന്റെ ശവസംസ്‌കാര വേളയില്‍ പ്രസംഗിച്ച ദരീദ എഴുതി "ധര്‍മ്മീകതയെക്കുറിച്ച് പലപ്പോഴും പറയുന്നു, താന്‍ ചെയ്യുന്നതു വിശദീകരിക്കാന്‍. പക്ഷെ, എനിക്കു താത്പര്യം ധര്‍മ്മത്തിലല്ല; ധര്‍മ്മം മാത്രമല്ല മറിച്ച് "വിശുദ്ധി" "വിശുദ്ധിയുടെ വിശുദ്ധിയാണ്."
ഇതിനു കടകവിരുദ്ധമായ ഒരു സമീപനമാണ് അപരനെ എന്നെപ്പോലെ ഒരുവനാക്കുന്നത്. ഇതു സമചിത്തതയാണ്, ഞാനും അവ നും സമന്മാര്‍. ഇതു ധാര്‍മ്മികചിന്തയല്ല രാഷ്ട്രീയചിന്തയാണ്. ലെവീനാസ് ചോദിച്ചു: "ഗ്രീസിന്റെ മണ്ണില്‍ തത്ത്വചിന്ത മുളയെടുത്തത് ഈ അഭിപ്രായം തള്ളാനല്ലേ? ഇതായിരുന്നില്ലേ എല്ലാ ഭീകരാധിപത്യങ്ങളിലും ഒളിഞ്ഞിരുന്നു ഭീഷണിപ്പെടുത്തുന്നത്?" ഡെക്കാര്‍ട്ട് പറഞ്ഞിട്ടുള്ളതുപോലെ "ദൈവം സൃഷ്ടിച്ചപ്പോള്‍ സ്രഷ്ടാവിന്റെ മുദ്ര അതില്‍ പതിച്ചു. ഫലമായി ഞാന്‍ ആദ്യം മുതലേ ചിന്തിക്കുന്നതിനു അധികമായി ചിന്തിക്കുന്നു." ഒന്നുമില്ലാതിരിക്കെയല്ലാതെ എന്തെങ്കിലും ഉണ്ടായിരിക്കുന്നു? ഉണ്ടായിരിക്കാന്‍ വേണ്ടി മാത്രമോ? ലെവീനാസ് എഴുതി, "എന്റെ ദൗത്യം ധര്‍മ്മം ഉണ്ടാക്കുകയല്ല, ഞാന്‍ അതിന്റെ അര്‍ത്ഥം കണ്ടെത്തുകയാണ്." പൂര്‍ണ്ണമായ നഗ്നതയില്‍ അപരന്റെ മുഖം പ്രതിരോധങ്ങളില്ലാതെ എന്നോട് എന്താണ് ചോദിക്കുന്നത്? അഥവാ മൊഴിയുന്നത്? "കൊല്ലരുത്."
ആ നോട്ടം എന്റെ അധികാരങ്ങളെ പിന്നോട്ട് വലിക്കുന്നു. എന്റെ സ്വന്തമാക്കല്‍ അപരന്‍ പ്രതിരോധിക്കുക മാത്രമല്ല, അതു ചോദ്യം ചെയ്യുന്നു. അപ്പോള്‍ എന്ത് എനിക്കു നേടാം എന്നല്ല; എന്ത് എനി ക്കു കൊടുക്കാം എന്നതാണ് എന്നിലെ ധാര്‍മ്മിക വികാരം. അതാ ണ് ധര്‍മ്മം. അത് എന്നില്‍ നിക്ഷിപ്തമാണ്. എനിക്കു ധര്‍മ്മത്തില്‍ നിന്നു ഒഴിവാകാനാവില്ല. ഈ ധര്‍മ്മചിന്ത എന്റെ അസ്തിത്വത്തിന്റെ ഭാഗമാണ്. അപരന്റെ മുഖത്ത് നിത്യതയുടെ അസാന്നിധ്യം കണ്ടുപോകുന്നു. അവിടെ അവസാന വാക്കു പറയാനാവാത്ത ധര്‍മ്മം എന്നിലുണ്ട്. അവസാന വാക്ക് പറയാതിരിക്കുക മാത്രമല്ല, അകത്തേക്ക് വിളിക്കുന്ന ആതിഥ്യം ഉണ്ടാക്കുന്നു. അതാണ് മനുഷ്യപ്രകൃതി – അതാണ് മനുഷ്യത്വം.