പറയാതെ പറയുന്ന മുഖം

പറയാതെ പറയുന്ന മുഖം

മാര്‍ട്ടിന്‍ ഹൈഡഗര്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ ദാര്‍ശനികനാണ്. മനുഷ്യന്റെ ആത്യന്തികമായ വശീകരണം മനുഷ്യന്‍ എല്ലായ്‌പ്പോഴും എവിടെയും തന്നെത്തന്നെ കണ്ടെത്തുന്നു എന്നതാണ് എന്ന് അദ്ദേഹം എഴുതി. ഫലമായി മനുഷ്യന്‍ മറ്റുള്ളതില്‍ നിന്നു തന്നെത്തന്നെ പൂര്‍ണ്ണമായി കവചങ്ങളില്‍ അടച്ചുപൂട്ടുന്നു. മനുഷ്യന്‍ എല്ലാം തന്റേതാക്കുന്ന നടപടികളില്‍ മുഴുകുന്നു. മനുഷ്യന്റെ ശാസ്ത്രസാങ്കേതിക നടപടികള്‍ എല്ലാം തന്നെ അവന്റെ ചട്ടക്കൂട്ടിലാക്കി എല്ലാം എടുക്കുകയാണ്. അതാണ് മനുഷ്യന്റെ മൗലികവീക്ഷണം. ശാസ്ത്ര സാങ്കേതിക വിദ്യകളെല്ലാം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇങ്ങനെ ഒരു കാഴ്ചപ്പാട് മാത്രമാണ് ഉള്ളത് എന്നല്ല ഹൈഡഗര്‍ പറഞ്ഞത്. ഒരു മനുഷ്യനും മറ്റൊരുവനുമായി നടക്കുന്ന സാധാരണബന്ധം ഈ വിധത്തിലല്ല. എല്ലാം പിടിച്ചെടുത്തു സ്വന്തമാക്കുന്നതല്ല അവിടെ വെളിവാകുന്നത്. മനുഷ്യന്റെ കൈപിടിച്ചെടുക്കുന്നു, പുറത്താക്കുന്നു. അതു മാത്രമല്ല മനുഷ്യന്റെ കൈ അപരനിലേക്ക് നീട്ടുന്നു, സ്വീകരിക്കുന്നു, ആതിഥ്യം നല്കുന്നു, ആതിഥ്യം സ്വീകരിക്കുന്നു. ഇവിടെ ബന്ധം സ്വന്തമാക്കലിന്റെ അല്ല. അവിടെ നടക്കുന്നതു സഹാനുഭൂതിയുടെ ബന്ധങ്ങളാണ്. അപരനെ അവഗണിക്കുന്ന ഒരു ഇരട്ട അപരനായി അംഗീകരിക്കാത്ത ഒരു വിശേഷവും ആ ബന്ധത്തിനുണ്ട്. ഞാന്‍ അല്ലാത്ത അപരന്‍ എന്നില്‍ സംഘര്‍ഷം ഉണ്ടാക്കുന്നു. മനുഷ്യന്‍ അപരനുവേണ്ടിയാകുന്നതിന്റെ ആദിരൂപമാണ് ഈ സംഘര്‍ഷം. സാര്‍ത്ര് എഴുതി, ''മനുഷ്യയാഥാര്‍ത്ഥ്യം സ്വതന്ത്രമാണ്, എനിക്കു ഞാന്‍ മതിയാകുന്നില്ല.'' സ്വതന്ത്രനാണ് പക്ഷെ എനിക്കു ഞാന്‍ പോര എന്നറിയുന്നു. എനിക്കു ഞാന്‍ സ്വതന്ത്രനാണ്, പക്ഷെ ഞാന്‍ എനിക്കു സന്നിഹിതനുമാണ്. സാര്‍ത്ര് അതുകൊണ്ട് എഴുതി, ''മനുഷ്യ യാഥാര്‍ത്ഥ്യം തെന്നത്തന്നെ തിരഞ്ഞെടുക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.'' എന്നാല്‍ തന്നെത്തന്നെ തിരഞ്ഞെടുക്കാന്‍ എന്താണ് തിരഞ്ഞെടുക്കുന്നത്? സാര്‍ത്ര് എഴുതി, ''ഞാന്‍ എന്നെ തിരഞ്ഞെടുക്കാന്‍ മനുഷ്യനെ തിരഞ്ഞെടുക്കുന്നു.'' സാര്‍ത്ര് അതുകൊണ്ടുതന്നെ ഒരു സാഹിത്യകാരനുമായിരുന്നു. മനുഷ്യന്റെ മനുഷ്യനിലേക്കുള്ള യാത്ര ശാസ്ത്രീയപ്രശ്‌നമല്ല. അതു സാങ്കേതിക വിദ്യയുടെയുമല്ല. അതു സാഹിത്യകലാദികളുടെയും ധര്‍മ്മമണ്ഡലത്തിന്റേതുമാണ്.

മനുഷ്യന്‍ ഒരു ഭൗതികവസ്തു മാത്രമല്ല. മനുഷ്യന്‍ ഒരേ സമയം വസ്ത്രവും ഒപ്പം കര്‍മ്മത്തിന്റെ കര്‍ത്താവുമാണ്. ഈ രണ്ടു മാനങ്ങള്‍ സമന്വയിക്കുന്നതു മാംസളമായി മനുഷ്യശരീരത്തിലാണ്. അവന്റെ ശരീരം ഒരേ സമയം ഒരു കര്‍ത്താവും കര്‍മ്മവിഷയവുമാണ്. അവനും ലോകവും തമ്മില്‍ വേര്‍തിരിയുന്നതു ലോലമായ ചര്‍മ്മത്തിലാണ്. പുറത്തെ കാരണങ്ങളും വിഷയങ്ങളും അകത്തേക്കു കടക്കുന്നു. അതോടൊപ്പം കാര്യങ്ങളിലേക്കു കര്‍ത്താവായി കടക്കുകയും ചെയ്യുന്നു. അവന്റെ കൈ തൊടുമ്പോള്‍ അടുത്തുള്ളവനെ തൊട്ടതുപോലെയാണോ? അപരന്റെ കൈതൊടുമ്പോള്‍ ഞാന്‍ ദൈവത്തെ തൊടുകയാണോ? ശരീരമാണ് എന്റെ ബോധ്യമാകുന്നത്. തൊലിയാണ് അതിര്. പക്ഷെ, നുഴഞ്ഞു കയറാന്‍ കഴിയുന്ന അതിര് മറ്റൊരു ശരീരത്തെ തൊടുമ്പോള്‍ എന്നെ തൊടുന്നതുപോലെ. അപരന്റെ വേദന ഞാന്‍ അറിയുന്നത് എന്റെ വേദന പോലെയാണ്. അപ്പോള്‍ ദൃശ്യമായ ശരീരം അദൃശ്യമായതിനെ തൊടുന്നു. ഇവിടെ മനുഷ്യന്‍കലയുടെയും സാഹിത്യത്തിന്റെയും മതത്തിന്റെ മണ്ഡലത്തിലാണ് ശാസ്ത്രമണ്ഡലത്തിലല്ല.

ലെവീനാസ് എഴുതി, ''പറയല്‍ ഒരു ആശംസയാണ്.'' ഒന്നും പറയാതെ മുഖം സംസാരിക്കുന്നു, സംബന്ധത്തിലാകുന്നു. വെറും മുഖകടാക്ഷം ഭാഷണാരംഭമാണ്. ഒന്നും പറയാതെ പറയുന്നു. ആമുഖകടാക്ഷം ഉയരുന്നതും ഉണരുന്നതും മാംസത്തില്‍ നിന്നാണ്. അതു മാംസത്തിന്റെ ഏതോ ഓര്‍മ്മയില്‍ നിന്നാണ്. അത് ഒരു ഉത്തരമായി സ്വാഭാവികമായി വരുന്നു. അതാണ് ഉത്തരവാദിത്വം. ബന്ധം സാധ്യമാക്കുന്ന ഏതോ ഓര്‍മ്മയുടെ എഴുത്തു മാംസത്തിലുണ്ട്. ലോകവും അതിലെ സമസ്തവുമുള്‍ക്കൊള്ളുന്ന ഏതോ ഓര്‍മ്മ മാംസത്തില്‍ ആലേഖിതമാണ്. അപരനിലേക്ക് ഇറങ്ങിത്തിരിക്കുന്ന നൈസര്‍ഗ്ഗികമായ ഏതോ ഓര്‍മ്മ എന്റെ മാംസത്തില്‍ ഉണരുന്നു. അവനോ അവള്‍ക്കോ വേണ്ടിയുള്ള ഉത്തരവാദിത്വത്തിന്റെ ഒരു ഉള്‍വിളി. സംവേദനം നടത്തുക എന്നാല്‍ എനിക്കുവേണ്ടിയുള്ള എന്റെ അടച്ചുപൂട്ടലുകള്‍ തുറക്കുക എന്നാണ് അര്‍ത്ഥമാക്കുക. അപരനെ അംഗീകരിക്കുന്ന ഒരു ശ്രദ്ധ എന്നില്‍ ഇല്ലെങ്കില്‍ ഞാന്‍ എന്നെ തുറക്കില്ല. ഈ താത്പര്യം ഉണ്ടാകുന്നതു കൊണ്ടാണ്, അപരന്‍ എന്റെ ഇരട്ടയല്ല അപരനാണ് എന്നറിയുന്നത്. അതു സൗഹൃദം ഉണ്ടാക്കുന്നു. സൗഹൃദക്കാരന്‍ സൗഹൃദത്തില്‍ പിടിക്കപ്പെടുകയാണ് - അയാള്‍ അതിന്റെ ഇരയാകുന്നു. ഉത്തരവാദിത്വം നിഷേധിക്കാനാവാത്ത വിധം പിടിക്കപ്പെടുന്നു. ഉന്നതമായ അന്തസ്സിന്റെ തനിമയിലാണ് അയാള്‍ അപ്പോള്‍.

എനിക്കു മറ്റാര്‍ക്കും വേണ്ടിയുള്ള പകരമാകാം. പക്ഷെ എനിക്കു പകരമാകാന്‍ മറ്റാര്‍ക്കും കഴിയില്ല. അതാണ് എന്റെ തനിമ. ഞാന്‍ എന്റെ ശരീരത്തില്‍ ബന്ധിതമാകുന്നതിനു മുമ്പ് ഞാന്‍ മറ്റുള്ളവരോട് ബന്ധിതനാണ്. ഞാന്‍ മാംസവും രക്തവുമാണ്. വിശന്ന് ആഹാരം കഴിക്കുന്നവനു മാത്രമേ വായില്‍ നിന്ന് അടര്‍ത്തി മാറ്റി ആഹാരം അപരനു കൊടുക്കാനാവൂ. മാതൃത്വം എന്നത് അപരനുവേണ്ടി സഹിക്കുന്ന ഒരു ശരീരത്തിന്റെ വിശേഷണമാണ്. ഈ ഓര്‍മ്മ ശരീരത്തില്‍ നിലനില്‍ക്കുന്നു. എന്റെ ശരീരം ഒരു കര്‍മ്മിയുടെ ശകടമല്ല, ആത്മാക്കളുടെ രഥമാണ്. ഒരുവന്റെ മുഖം പരമമായ ഒരു സാന്നിദ്ധ്യത്തിന്റെയാണ് - എന്നാല്‍ ആ സാന്നിദ്ധ്യം പരമവും പിന്‍തിരിയാനാവാത്തതുമായ ഒരു സന്ദര്‍ശനത്തിന്റേയാണ്. ഏതു അസ്തിത്വവും ഒരു അവശിഷ്ഠത്തിന്റെ പിന്‍വാങ്ങല്‍ അടയാളപ്പെടുത്തിയതാണ്. ആ പിന്‍വാങ്ങലാണ് അവശേഷിക്കുന്ന അടയാളം. ദൈവത്തിന്റെ സൃഷ്ടിയില്‍ നിന്നുള്ള പിന്‍വാങ്ങല്‍ അവശേഷിപ്പിക്കുന്നു. അത് ഓരോരുത്തരുടേയും മുഖത്ത് നിഴലിക്കുന്നു. ദൈവത്തിന്റെ രൂപച്ഛായകളുടെ നിഴല്‍. അതാണ് മനുഷ്യന്‍ തന്നെ മറക്കുന്ന ഉദാരതയുടെ അത്ഭുതത്തിന്റെ അടിസ്ഥാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org