പ്രത്യക്ഷീകരണത്തിന്റെ ആരാധനാക്രമം

പ്രത്യക്ഷീകരണത്തിന്റെ ആരാധനാക്രമം

റൊമാനോ ഗര്‍ദീനി ആരാധനാക്രമവിഷയത്തില്‍ പ്രബോധനാധികാരമുള്ള വ്യക്തിയാണ്. അദ്ദേഹം 1930-ല്‍ ബര്‍ലിനില്‍ സെന്റ് ബനഡിക്ട് കപ്പേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യമായി ജനാഭിമുഖ കുര്‍ബാനയര്‍പ്പിച്ചതിനു ശേഷം പറഞ്ഞതു വളരെ ലളിതമായ ഒരു ജര്‍മ്മന്‍ വാചകമാണ്: ''wir gehoern alle zusammen - നാം എല്ലാവരും ഒന്നായി.'' ഈ കുര്‍ബാന ജനാഭിമുഖം മാത്രമായിരുന്നില്ല. അതു ലത്തീന്‍ ഭാഷയിലായിരുന്നെങ്കിലും സംഭാഷണ രീതി(missa recitata)യിലായിരുന്നു. ഈ രണ്ടു കാര്യങ്ങള്‍ ഉണ്ടാക്കിയതു ''നമ്മള്‍'' എന്ന കൂട്ടായ്മയുടെ അനുഭവമാണ്. ഇവിടെ വൈദികന്‍ അല്മായരില്‍നിന്നു അകലെയല്ലായിരുന്നു, അല്മായരില്‍ നിന്നു ഭിന്നമായിട്ടായിരുന്നില്ല. ഇതു മറ്റൊരു ദൈവശാസ്ത്രമായിരുന്നു. ശുശ്രൂഷാപൗരോഹിത്യം മാമ്മോദീസായുടെ രാജകീയ പൗരോഹിത്യത്തിന്റെ സേവനത്തിനും അവരോടൊത്തുമായിരുന്നു.

ഈ അനുഭവത്തില്‍നിന്നാണ് അദ്ദേഹം ''സജീവപങ്കാളിത്ത''ത്തെക്കുറിച്ച് നിരന്തരം പറയാനും എഴുതാനും തുടങ്ങിയത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രബോധനരേഖയുടെ പിന്നിലെ ദര്‍ശനം അദ്ദേഹവുമായി ബന്ധപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ''ആരാധനക്രമ ചൈതന്യം'' എന്ന ഗ്രന്ഥത്തിന്റെ ഒരദ്ധ്യായം ആരാധനയുടെ കേളീസ്വഭാവത്തെക്കുറിച്ചാണ്. ആരാധന ഒരു കേളിയാണ്, അതു കാണലും കാണിക്കലുമാണ് - അതില്‍ എല്ലാവരും പങ്കാളികളും കളിക്കാരുമാണ്. അതു കേളിയാണ് എന്നതിന്റെ പ്രധാനകാരണം അത് ഒന്നും നേടാനല്ല. കളിക്കുന്നതു കളിക്കാന്‍ വേണ്ടി മാത്രമാണ്. അതിനു വേറെ ലക്ഷ്യമില്ല. ഉപയോഗത്തിന്റെ ലക്ഷ്യങ്ങള്‍ക്കാണ് നാം എല്ലാ പണികളും ചെയ്യുന്നത്. ആരാധന അങ്ങനെ ഒരു കര്‍മ്മമല്ല. അതു വിനോദമാണ്, അതു പണിയല്ല. പക്ഷെ അതു നമുക്കു പുത്തന്‍ ഉന്മേഷം നല്കി നമ്മെ പുനഃസൃഷ്ടിക്കുന്നു. ചിരിക്കുന്നതു ചിരിക്കാനും സ്‌നേഹിക്കുന്നതു സ്‌നേഹിക്കാനും വേണ്ടി മാത്രം. പാടുന്നതും നൃത്തം ചെയ്യുന്നതും പന്തു കളിക്കുന്നതും നമ്മെ എടുത്തുകളിപ്പിച്ചു പുനഃസൃഷ്ടിക്കുന്നു.

ആരും ചോദിച്ചേക്കാം, അതു വെറും കളിയാണോ? കളിയോളം ഗൗരവമുള്ള മറ്റൊന്നില്ല. അതിനു കുട്ടികളുടെ കളി കണ്ടാല്‍ മതി. കളിയുടെ വ്യാകരണം എത്ര ഗൗരവമായി അവര്‍ എടുക്കുന്നു! ആരാധനാക്രമം നാടകംേപാലെയാണ്, അതു ദൃശ്യാവതരണമാണ്. എ ന്നാല്‍ കളിയും നാടകവുമായി അതിനു വ്യത്യാസമുണ്ടോ? ''കുര്‍ബാനയ്ക്കു മുമ്പുള്ള ധ്യാനങ്ങള്‍'' എന്ന കൃതിയില്‍ ഗര്‍ഡീനി ചോദിക്കുന്നു. ഓബര്‍ അമര്‍ഗാവില്‍ അഞ്ചു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന പീഡാനുഭവനാടകവും കുര്‍ബാനയും തമ്മില്‍ വല്ല വ്യത്യാസമുണ്ടോ? അദ്ദേഹം എഴുതി: ''കുര്‍ബാനയുടെ ഓര്‍മ്മ കളിയുടെ രൂപത്തില്‍ ആഘോഷിക്കുകയല്ല; ആരാധനക്രമമായി ആഘോഷി ക്കുകയാണ്. അനുസ്മരിക്കപ്പെടുന്നതിനെ അനുകരിക്കുകയല്ല, മറി ച്ച് അടയാളങ്ങളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയാണ്.'' ഇവിടെ അനുകരണമല്ല നടക്കുന്നത്, അടയാളങ്ങളുടെ തര്‍ജ്ജമയാണ് നടക്കുന്നത്. എന്നു പറഞ്ഞാല്‍ നടക്കുന്നത് ഒരു മിമിക്രിയല്ല ആരാധനാനുഷ്ഠാനമാണ്. വൈദികന്‍ ഇവിടെ ക്രിസ്തുവായി വേഷം കെട്ടിയാടുകയല്ല. ക്രിസ്തുവിന്റെ ബിംബമാകുകയാണ്.ക്രിസ്തു സാന്നിദ്ധ്യത്തിന്റെ അടയാളമാകുകയാണ്.

ഗര്‍ദീനിയെ സംബന്ധിച്ചിടത്തോളം ആരാധനക്രമത്തിന്റെ സ്വഭാ വംതന്നെ വ്യക്തമാക്കുന്നത് അതു പ്രത്യക്ഷീകരണമാണ് എന്നതാണ്. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായിരിക്കുന്ന ക്രിസ്തുസംഭവം. ഈ ക്രിസ്തു സംഭവത്തിന്റെ അനുഷ്ഠാനമാണ് നടക്കുന്നത്. അതു പ്രത്യക്ഷമാക്കുന്ന - അടയാളങ്ങളിലൂടെ. ആര്‍ക്കാണ് അതു പ്രത്യക്ഷമാക്കുന്നത് - ക്രിസ്തുവിശ്വാസികള്‍ക്കാണ്. അവര്‍ക്ക് അ തു മനസ്സിലാകണം. അടയാളങ്ങളുടെ ഈ ദൃശ്യാവിഷ്‌ക്കരണം മനസ്സിലാക്കാന്‍ കഴിയണം. ആധുനികമനുഷ്യന്‍ അവന്റെ സാം സ്‌കാരികവും ശാസ്ത്രീയവും സാങ്കേതികവും മനഃശസ്ത്രപരവുമായ പ്രത്യേകതകള്‍ പേറുന്നവരാണ്. അതോടൊപ്പം അവര്‍ കമ്പോ ള സംസ്‌കാരത്തില്‍ മുങ്ങിക്കഴിയുന്നവരുമാണ്. ഈ മനുഷ്യരാണ് ആരാധനക്രമത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ പങ്കാൡളാകുന്നത്. അവര്‍ക്ക് അതു മനസ്സിലാകണം, അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഹൃദയത്തിന്റെയും വിശ്വാസവുമായി ബന്ധപ്പെട്ടു പോകു ന്ന ബിംബങ്ങളാകണം. ഇതു ചരിത്രം അതുപോലെ ആവാഹിക്കുന്ന പ്രശ്‌നമല്ല. ചരിത്രസംഭവങ്ങളും ആധുനിക മനുഷ്യനു തര്‍ജ്ജമ ചെയ്തുകൊടുക്കുന്ന ബിംബങ്ങള്‍ വേണമെന്നതാണ്. നാഗരികമായ പശ്ചാത്തലത്തില്‍ ദിക്കുകളുടെ പ്രസക്തി ഇല്ലാതാകുന്നു. മനുഷ്യജീവിതത്തിന്റെ വിലാസത്തിന്റെ ഭാഷണനടനശൈലികള്‍ മാറു ന്നു. ആത്മീയകാര്യങ്ങള്‍ ഭൗതികവേഷമെടുക്കുകയാണ് അനുഷ്ഠാനങ്ങളില്‍.

ഗര്‍ദീനി എഴുതി, ''ആരാധനയില്‍ ജീവിക്കുന്നവന്‍ ശാരീരികചലനങ്ങളുടെ കര്‍മ്മങ്ങളുടെയും ഉപയോഗിക്കുന്ന വസ്തുക്കളുടെയും വളരെ ഉന്നതമായ പ്രസക്തി മനസ്സിലാക്കുന്നവരാണ്. ഇത് അറിവിന്റെയും ആത്മീയാനുഭവത്തിന്റെയും പ്രകാശനത്തിന്റെ വലിയ സാധ്യത നല്കുന്നു. അതു നടപടികളില്‍നിന്നു വിമോചിപ്പിക്കാനും വെറും വാക്കുകള്‍ക്കു കഴിയുന്നതിലധികമായി ശക്തവും ബോധ്യപ്പെടുത്തുന്നതുമായ സത്യാവിഷ്‌ക്കരണം സാധ്യമാക്കുന്നു.'' ഇവിടെയാണ് മാതൃഭാഷയുടെയും സംഭാഷണ ഭാഷണരീതിയുടെയും പരസ്പരം അഭിമുഖമാകുന്നതിന്റെയും, പാരസ്പര്യത്തിന്റെ മുഖം ദര്‍ശനത്തിന്റെയും ആരാധനസ്ഥലക്രമീകരണത്തിെന്റയും ശബ്ദസ്ഫുടതയുടെയും പാട്ടിന്റെയും ആംഗ്യങ്ങളുടെയും എല്ലാം എല്ലാവര്‍ക്കും കാണാനാകുന്നതിന്റെയും കാണുക മാത്രമല്ല സ്വയം ഈ കേളിയില്‍ ഇഴുകിചേരുന്നതിെന്റയും പ്രാധാന്യവും പ്രസക്തിയും. അപ്പോഴാണ്. ക്രിസ്തുവിന്റെ പ്രത്യക്ഷം അവരുടെ ജീവിതങ്ങളില്‍ സംഭവിച്ച് അവര്‍ അവന് സ്വന്തം ശരീരം കൊടുത്തു ചരിത്രത്തില്‍ ഇടെപടുന്നത്.

ഗര്‍ദീനി ബര്‍ലിനില്‍ പഠിപ്പിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കുര്‍ ബാനയില്‍ സംബന്ധിച്ചിരുന്ന ഹൈന്‍ ക്യൂണ്‍ എഴുതി, ''ബര്‍ലിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഒരു ചെറിയ സമൂഹത്തില്‍ എന്നെയും ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ കുര്‍ബാനയുടെ ലളിതമായ അര്‍പ്പണ മാണ്. വിശുദ്ധമായത് അക്ഷരാര്‍ത്ഥത്തിലും ബോധ്യപ്പെടുത്തുന്നവിധത്തിലും അദ്ദേഹത്തിന്റെ വാക്കുകൡും കര്‍മ്മങ്ങളിലും തൊടാനാകുന്ന വിധത്തില്‍ സംഭവിക്കുന്നു. ദൈവികം എന്നതല്ലാതെ മറ്റു വാക്കുകളില്‍ പറയാനാവാത്തത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രകാശിപ്പിച്ചു. അദ്ദേഹത്തോടൊപ്പം അള്‍ത്താര പ്രപഞ്ചത്തിന്റെ കേന്ദ്രമായി. വിശുദ്ധമായ കര്‍മ്മങ്ങളുടെ പ്രത്യക്ഷം അത്ര ആഴമായിരുന്നു. കാരണം ഗര്‍ദീനി കുര്‍ബാന ജനാഭിമുഖമായി ചൊല്ലി.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org