അനുസരണത്തിന്റെ പക്ഷംചേരല്‍

അനുസരണത്തിന്റെ പക്ഷംചേരല്‍

സീറോ മലബാര്‍ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയെ സഭയുടെ മെത്രാന്‍സിനഡ് ഒറ്റപ്പെടുത്തി പ്രതിക്കൂട്ടിലാക്കി. കാരണം അതിരൂപത അതിന്റെ തിരഞ്ഞെടുക്കപ്പെട്ട മെത്രാപ്പോലീത്ത സഭയുടെയും രാജ്യത്തിന്റെയും നിയമങ്ങള്‍ ലംഘിച്ച് വസ്തുക്കള്‍ വിറ്റ് നഷ്ടമുണ്ടാക്കി എന്നു പറയുകയും വത്തിക്കാന്‍ അദ്ദേഹത്തെ അതിരൂപതയുടെ ഭരണാധികാരത്തില്‍ നിന്നു മാറ്റുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിനെതിരെ കോടതികളിലും കേസ്സുകളുണ്ട്. കേരളത്തിന്റെ ഹൈക്കേടതി അദ്ദേഹം ക്രിമിനല്‍ കുറ്റാരോപണത്തില്‍ വിസ്താരത്തിനു വിധേയമാകണം എന്നു വിധിച്ചു. എന്നാല്‍ അദ്ദേഹം ഒരു ധാര്‍മ്മികതെറ്റും ചെയ്തിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നതാണ് അദ്ദേഹവും ചെയ്തത് എന്നും മെത്രാന്‍ സംഘം ആവര്‍ത്തിച്ചു പറയുന്നു.

ഇങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യത്തിലാണ്, ഈ മേജര്‍ ആര്‍ച്ചുബിഷപ്പും കൂട്ടരും 1999-ല്‍ സിനഡ് ഏകകണ്ഠമായി നിശ്ചയിച്ചതും ജനങ്ങളുടെയും വൈദികരുടെയും എതിര്‍പ്പിന്റെ ഫലമായി നടപ്പിലാക്കാന്‍ കഴിയാത്തതുമായ ഒരു പഴയ ആരാധനക്രമ തീരുമാനം പൊക്കിയെടുത്ത്, കൗശലപൂര്‍വ്വം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്തും സംഘടിപ്പിച്ചാണ് നടപ്പിലാക്കാന്‍ കോപ്പുകൂട്ടിയത്. അതു നടപ്പിലാക്കുന്നതിനു മുമ്പ് എല്ലാവരോടും അഭിപ്രായ രൂപീകരണം നടത്തണമെന്നും തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കരുതെന്നും ഒരു വിഭാഗം മെത്രാന്മാര്‍ ആവശ്യപ്പെട്ടു. പക്ഷെ, അതു പരിഗണിച്ചില്ല. ഒപ്പം വൈദികരുടേയും ജനങ്ങളുടെയും നിവേദനങ്ങളും.

ഈ സാഹചര്യത്തില്‍ അതിരൂപതയുടെ ഭരണസാരഥ്യം വഹിക്കുന്ന മെത്രാപ്പോലീത്ത മാര്‍പാപ്പയെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പൗരസ്ത്യകാര്യാലയത്തിന്റെ കടലാസ്സോടെ പൗരസ്ത്യകാര്യാലയം കാനന്‍നിയമം 1538 പ്രയോഗിച്ചു സിനഡ് തീരുമാനത്തില്‍നിന്ന് ഒഴിവ് നേടി. ഈ കാനന്‍നിയമത്തെ പരിമിതപ്പെടുത്തിയിട്ടില്ല എന്ന് ലഭിച്ച കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു. അധികം കഴിയാതെ ആ നിയമത്തിന്റെ പരിമിതികളെക്കുറിച്ചു കാര്യാലയത്തിന്റെ കത്തു വന്നു. അതിനു മറുപടിയും കൊടുത്തു. പക്ഷെ, അതിനു മറുപടി കിട്ടിയില്ല; മറിച്ച് പ്രസ്തുത മെത്രാപ്പോലീത്ത സിനഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മേജര്‍ ആര്‍ച്ചുബിഷപ് വത്തിക്കാന്‍ കാര്യാലയത്തിന്റെ കത്തു കൊടുത്തു. ആ നിയമം പ്രാബല്യത്തിലാക്കാന്‍ പറ്റില്ല എന്നറിയിച്ചു, എഴുതിയ സര്‍ക്കുലര്‍ തിരുത്തണം എന്നാവശ്യപ്പെട്ടു. ഈ നടപടികളിലെല്ലാം മേജര്‍ ആര്‍ച്ചുബിഷപ്പിനോട് സിനഡും ചേര്‍ന്നു. സിനഡ് ചെയ്തതു വെറും പകപോക്കലായിരുന്നു എന്നു പറയേണ്ടി വരുന്നു. മേജര്‍ ആര്‍ച്ചുബിഷപ് നിയമം തെറ്റിച്ചു എന്നു പറഞ്ഞവരെ, നിയമലംഘകരും അച്ചടക്കമില്ലാത്തവരും സഭാവിരുദ്ധരുമാക്കുന്നു. സഭാധികാരം തെറ്റ് ചെയ്തതു ചൂണ്ടിക്കാണിച്ചതിന്റെ ''പാരിതോഷികം.''

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വൈരത്തിന്റെ ഭരണയന്ത്രത്തിന്റെ പല്‍ചക്രങ്ങളുടെ പല്ലുകളായി മെത്രാന്മാര്‍ മാറിയോ? 60 ലക്ഷം യഹൂദരെ കൊല്ലാന്‍ സംഘടിപ്പിച്ചു കൊണ്ടുകൊടുത്ത ഐക്മാന്റെ വിസ്താരത്തില്‍ അയാള്‍ പറഞ്ഞു, ''ഞാന്‍ അനുസരിക്കുക മാത്രമാണ് ചെയ്തത്.'' ജഡ്ജി ചോദിച്ചു, ''ഭരണ യന്ത്രത്തിന്റെ പല്‍ചക്രങ്ങളുടെ പല്ലായി താങ്കള്‍ എന്തിന് മാറി, ഈ സാഹചര്യത്തില്‍ എന്തിന് അതായി തുടര്‍ന്നു?'' ഈ വിസ്താരത്തിന്റെ കഥയെഴുതിയ ഹന്ന അറന്റ് എഴുതി, ''രാഷ്ട്രീയം ഒരു നഴ്‌സറി അല്ല; രാഷ്ട്രീയത്തില്‍ അനുസരണയാണ് പക്ഷംചേരല്‍.'' സഭാരാഷ്ട്രീയത്തില്‍ അവര്‍ അനുസരിക്കുകയായിരുന്നില്ല. ചിന്തയില്ലാതെ പക്ഷം ചേരുകയായിരുന്നു. അവര്‍ എഴുതി, ''ധാര്‍മ്മികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ അനുസരണമില്ല.'' ''അനുസരണം നിശ്ചയിക്കുന്നതു കല്പന - അനുസരണം എന്ന ബന്ധമല്ല, അതു അഭിപ്രായങ്ങളുടെ ബന്ധത്തിലാണ്.'' ഇത്തരക്കാരുടെ നടപടികളും ശ്രോതസ്സ് അവര്‍ തന്നെയാണ്, അവര്‍ ആരോടും ഉത്തരവാദികള്‍ ആകുന്നില്ല. കാരണം അനുസരണം അവിടെ അന്ധമാണ്, കാരണം അതു ന്യായീകരിക്കാന്‍ അവര്‍ക്കു നിയമമല്ലാതെ വേറെ ഭാഷയില്ല. അവര്‍ക്ക് അവര്‍ പറയുന്ന സത്യത്തിന് അറിവിന്റെ മറ്റൊരു അടിസ്ഥാനവുമില്ല.

പണ്ട് നാസി കുറ്റവാളികള്‍ ചുറ്റുപാടുകളോട് ഒരു ചോദ്യവും ചോദിക്കാതെ വിനീതവിധേയരായി വര്‍ത്തിച്ചു. അവര്‍ സ്വാതന്ത്ര്യവും നന്മതിന്മകളുടെ വിവേചനവും പരിത്യജിച്ചവരാണ്. ഇവര്‍ പുറത്തുള്ള ആദരണീയ സമൂഹത്തിന്റെയും സ്വന്തം മനസ്സാക്ഷിയുടെയും ശബ്ദത്തിനു ചെവിയടച്ചവരാണ്. ഇവര്‍ ഉത്തരവാദിത്വമുള്ള വ്യക്തികളാകാതെ ഒരു ഭരണത്തെ അന്ധമായി അനുകൂലിക്കുക മാത്രമാണ്. സ്വന്തം സംഘത്തിന്റെ സ്വാര്‍ത്ഥതയുടെ താത്പര്യങ്ങളും മാത്രമല്ല ഔദ്യോഗിക താത്പര്യങ്ങളും സ്വകാര്യജീവിതവും സംരക്ഷിക്കുന്നു. മറ്റുള്ളവര്‍ എന്തു പറയും എന്ന പ്രശ്‌നം അവരെ അകറ്റുന്നില്ല. സാമാന്യബോധത്തിനു വെളിയില്‍ അവര്‍ ജീവിക്കുന്നു. അവര്‍ സ്വകാര്യ ധാര്‍മ്മികത പാലിക്കുന്നു. വിമര്‍ശനബുദ്ധിയുടെ പൂര്‍ണ്ണമായ അസാന്നിധ്യം ഉറപ്പാക്കുന്നു.

ഇവിടെ ഏറെ പ്രസക്തം ഇവരെല്ലാം മുകളില്‍ ഒരു അധികാരത്തിനു വിധേയമാണ് എന്നതാണ്. എന്നാല്‍ സഭയുടെ അധികാരത്തിന്റെ സ്രോതസ്സുകളിലേക്കോ അതിന്റെ സാര്‍വത്രിക അധികാരമണ്ഡലങ്ങളിലേക്കോ വ്യക്തികൡലേക്കോ ഇവര്‍ തങ്ങളുടെ നിലപാടുകളെ ബന്ധിപ്പിക്കാന്‍ തയ്യാറല്ല. സഭയില്‍ അധികാരത്തിന്റെ മൗലിക ശ്രോതസ്സും അതിന്റെ അടിസ്ഥാനങ്ങളും വേദഗ്രന്ഥവും അതു ജീവിച്ച സഭയുടെ പാരമ്പര്യപ്രബോധനങ്ങളും അവയുടെ വ്യാഖ്യാനങ്ങളുമാണല്ലോ. അതില്‍ സഭയുടെ പ്രബോധനങ്ങളും സഭാധികാരമായ മാര്‍പാപ്പമാരുടെ പ്രബോധനങ്ങളും നിലപാടുകളും സ്ഥിരമായി ബന്ധിച്ചു വേണമല്ലോ നിലപാടുകള്‍ ന്യായീകരിക്കപ്പെടേണ്ടത്. സഭയുടെ അധികാരം ക്രിസ്തുവില്‍നിന്നും അപ്പസ്‌തോലന്മാരില്‍നിന്നും മാര്‍പാപ്പമാരില്‍നിന്നു മാറ്റി കാണാനാവില്ലല്ലോ. അധികാരം അവിടെ സംഘം ചേരലല്ലല്ലോ. ''അധികാരം സേവനമാണ്, അത് എല്ലാവരുടെയും നന്മയ്ക്കും സുവിശേഷത്തിന്റെ സംവേദനത്തിനുമായി ഉപയോഗിക്കണം. അധികാരമുള്ളവര്‍ അതു തങ്ങളുടെ താത്പര്യത്തിനായി ഉപയോഗിക്കുന്നതു ഭീകരമാണ്'' എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് ഇവിടെ എന്തു പ്രസക്തി? ക്രിസ്തുവിന്റെ മുന്തിരിത്തോട്ടത്തില്‍ അധികാരം ലഭിച്ചവര്‍ സ്വന്തം താത്പര്യസംരക്ഷകരാകുന്നതാണ് മാര്‍പാപ്പ വ്യക്തമായി സൂചിപ്പിക്കുന്നത് (2020 ഒക്‌ടോബര്‍ 5). 2023-ലെ വത്തിക്കാനിലെ സഭാ സിനഡിനെക്കുറിച്ച് ''വികേന്ദ്രീകൃതമായി അധികാര സംവിധാന''ത്തെക്കുറിച്ചു പറയുന്നതും ആധികാരികമായ അടിച്ചേല്പിക്കലിനുപരി പാര്‍ലമെന്ററി വിവാദങ്ങള്‍ക്കുപരിയായി ഭാഷണ സംവിധാനങ്ങളെക്കുറിച്ചു പറയുന്നതും നമുക്കും ബാധകമാണോ? സഭാധികാരത്തിന്റെ കോപം അതിന്റെ ഇരകളെ വേട്ടയാടുമ്പോള്‍ അതിന്റെ നടത്തിപ്പുകാരാകുന്നവര്‍ വെറും ചിന്തയില്ലാത്തവരായി പരിഗണിക്കുകയാണോ? ഫലമായി നേടുന്നതു ആധിപത്യവും ഐകരൂപ്യവും മാത്രമാണ്. അധികാരമുള്ളിടത്തുനിന്ന് ഒരു കല്പനയുണ്ടാകുന്നതോടെ സ്വന്തം സ്വാതന്ത്ര്യം മോഷ്ടിക്കപ്പെട്ടു എന്ന വിധത്തില്‍ പെരുമാറുന്നതു ഭീതി ഉണ്ടാക്കുന്നു. നന്മയോ തിന്മയോ തീരുമാനിക്കാന്‍ സന്നദ്ധരാകാത്തവരാണ് ഏറ്റവും അധികം തിന്മ ചെയ്യുന്നത്. സീറോ മലാബാര്‍ സഭയുടെ ''അപവാദ''ക്കാലമാണ് ഇത്. സുവിശേഷവും ധര്‍മ്മവം ആത്മീയതയും തൊട്ടുതീണ്ടാത്ത നമ്മുടെ കാലത്തിന്റെ ഭാരം, ഈ യുഗത്തിന്റെ പ്രതിസന്ധിയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതൊക്കെ നിരന്തരം സംഭവിക്കുന്നു.

Related Stories

No stories found.