വഴങ്ങില്ല എന്ന ധാര്‍ഷ്ട്യം

വഴങ്ങില്ല എന്ന ധാര്‍ഷ്ട്യം

സീറോ-മലബാര്‍ സിനഡ് പുതിയ തലവനെ തിരഞ്ഞെടുക്കുന്നതിനു മുന്‍പ് വത്തിക്കാന്റെ ഗൗരവമായ ശാസനകള്‍ ഉണ്ടായി എന്നറിയുന്നു. പക്ഷെ, ഈ ശാസനകള്‍ അവരെ പ്രേരിപ്പിച്ചത് സഭയില്‍ പ്രതിസന്ധിയുണ്ടാക്കിയ അവരുടെ തീരുമാനം പുനഃപരിശോധിക്കാനല്ല; മറിച്ച് ഇടഞ്ഞു നില്‍ക്കുന്ന അതിരൂപതയ്ക്കു വീണ്ടും എല്ലാവരും ഒപ്പിട്ട് ഒരു അഭ്യര്‍ത്ഥന കൂടി നടത്താനാണ്. അത് ആവശ്യപ്പെടുന്നത് ഒന്നു മാത്രം - ഞങ്ങള്‍ വഴങ്ങില്ല, നിങ്ങള്‍ വഴങ്ങണം എന്നാണ്. വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ശിക്ഷാനടപടികള്‍ ആലോചിക്കാനും കമ്മിറ്റി രൂപീകൃതമായിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. ഇവിടെ പ്രതിസന്ധിയിലായിരിക്കുന്നത് ഒരു വിശ്വാസ കാര്യമോ ധാര്‍മ്മിക പ്രശ്‌നമോ അല്ല. ഒരു സത്യവും ആരും ഇവിടെ നിഷേധിച്ചിട്ടില്ല. ഇവിടെ അര്‍ത്ഥ പ്രസക്തികളെക്കുറിച്ചാണ് വിവാദം.

1968 ജൂലൈ 25-ാം തീയതിയാണ് പോള്‍ ആറാമന്‍ കൃത്രിമ സന്താനോല്പാദന മാര്‍ഗങ്ങളുടെ ഉപയോഗം അധാര്‍മ്മികമാണ് എന്നു വിധിച്ച് ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്. ഇവിടെ വളരെ ഗൗരമായ ഒരു ധാര്‍മ്മിക സത്യത്തിന്റെ പ്രശ്‌നമായിരുന്നു. ആ ചാക്രികലേഖനത്തിനെതിരെ വിഘടിച്ചതു കത്തോലിക്ക മെത്രാന്‍ സമിതികളാണ്. ഈ വിരുദ്ധ സമീപനങ്ങള്‍ ആരംഭിച്ചതു വത്തിക്കാനിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയിലെ ധാര്‍മ്മിക ദൈവശാസ്ത്ര പ്രൊഫസറായ ഫെര്‍ഡിനാന്റോ ലാംബ്രൂഷിനിയാണ്. പോള്‍ ആറാമന്റെ ചാക്രികലേഖനം അപ്രമാദിത്വപരമായ പ്രബോധനമല്ല എന്നായിരുന്നു. കാനഡിയിലെ ബിഷപ് കാര്‍ട്ടല്‍ പറഞ്ഞു, ''ഞങ്ങള്‍ നിരാശരാണ്.'' നെതര്‍ലന്റിലെ കാര്‍ഡിനല്‍ ആന്‍ഫിങ്ക് ചാക്രികലേഖനം സ്വാഗതം ചെയ്തപ്പോള്‍ അവിടെ ഹാര്‍ലം ബിഷപ് ജനങ്ങള്‍ അവരുടേതായ വിധത്തെ ''അംഗീകരിക്കും'' എന്നു പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കാര്‍ഡിനല്‍ പറഞ്ഞു, ''അധികാര പ്രതിസന്ധിയുടെ'' സാഹചര്യമാണ് ഉണ്ടാകുന്നത്. പാരീസിലെ കാര്‍ഡിനല്‍ ചാക്രികലേഖനം സ്വാഗതം ചെയ്തപ്പോള്‍ പിന്നീട് ഫ്രഞ്ചു മെത്രാന്മാര്‍ ''രണ്ടു തിന്മകളില്‍ ചെറിയ തിന്മ തിരഞ്ഞെടുക്കണം'' എന്ന് ആവശ്യപ്പെട്ടു. സ്വിസ് മെത്രാന്മാര്‍ ചാക്രികലേഖനത്തെ നിഷേധിക്കുന്നവര്‍ ദൈവതിരുമുമ്പില്‍ കുറ്റക്കാരായി പരിഗണിക്കപ്പെടരുത് എന്ന് എഴുതി. ഒരു സ്വിസ് ബിഷപ്, അനുസരിക്കാന്‍ കഴിയാത്തവര്‍ സഭ വിട്ടുപോകണമെന്ന് എഴുതി. അമേരിക്കന്‍ ഐക്യനാടുകളിലെ മെത്രാന്മാര്‍ ക്രൈസ്തവര്‍ ഈ ചാക്രികലേഖനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം മനസ്സാക്ഷി രൂപീകരിക്കണം എന്നാണ് എഴുതിയത്. സ്പാനിഷ് മെത്രാന്മാര്‍ ചാക്രികലേഖനത്തിന് എതിരായ നിലപാടുകള്‍ അതു കത്തോലിക്കരുടെ മനസ്സാക്ഷിയെ ബന്ധിക്കാതിരിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ടു.

1968-ല്‍ വാഷിംഗ്ടണ്‍ കാര്‍ഡിനല്‍ പാട്രിക് തന്റെ അതിരൂപതയിലെ 19 വൈദികര്‍ ഈ ചാക്രികലേഖനത്തിനെതിരായി നടത്തിയ നടപടികളുടെ പേരില്‍ ശിക്ഷിച്ചു. എന്നാല്‍ മൂന്നു കൊല്ലങ്ങള്‍ക്കുശേഷം വത്തിക്കാനിലെ വൈദികര്‍ക്കുവേണ്ടിയുള്ള കാര്യാലയം ശിക്ഷ പിന്‍വലിച്ചു. വൈദികര്‍ ഈ വിഷയത്തിലുള്ള സഭ പ്രബോധനത്തോട് വിധേയരാണ് എന്നാണ് കര്‍ദിനാളെ അറിയിച്ചത്. അവരാരും പരസ്യമായി അങ്ങനെ ഒരു നടപടി ചെയ്തുമില്ല. ജര്‍മ്മനിയില്‍ എസ്സനില്‍ 2000 കത്തോലിക്കരുടെ സമ്മേളനം ചാക്രികലേഖനത്തെ എതിര്‍ത്തു. ഇതുപോലെ പ്രതിഷേധങ്ങള്‍ പോര്‍ച്ചുഗലിലും ഉണ്ടായി. ഈ പ്രശ്‌നത്തില്‍ വിഘടിച്ച ഒരു മെത്രാനേയും ശിക്ഷിച്ചതായി അറിവില്ല. മാത്രമല്ല ഈ വിഷയത്തെ സംബന്ധിച്ച് പിന്നീട് വന്ന മാര്‍പാപ്പമാര്‍ സ്വീകരിച്ച നിലപാട് പോള്‍ ആറാമന്റെ നിലപാട് തിരുത്തുന്നില്ലെങ്കിലും വളരെ സ്‌നേഹാന്വിതമായ സുവിശേഷമാര്‍ഗമാണ് സ്വീകരിക്കുന്നത്. കഠിനമായ ആവര്‍ത്തനങ്ങള്‍ കാണുന്നില്ല. കരോള്‍ വോയ്റ്റീവ് എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ എഴുതിയ ''സ്‌നേഹവും ഉത്തരവാദിത്വവും'' (Love and Responsibility) എന്ന പുസ്തകത്തില്‍ പറയുന്നു, ''സ്വാതന്ത്ര്യമാണ് വഴി, സ്‌നേഹമാണ് ലക്ഷ്യം.'' ''സ്വാതന്ത്ര്യം നിലനില്‍ക്കുന്നതു സ്‌നേഹത്തിനുവേണ്ടിയാണ്. കാരണം മനുഷ്യന്‍ നന്മയില്‍ പങ്കുചേരുന്നതു സ്‌നേഹത്തിന്റെ മാര്‍ഗത്തിലാണ്.'' ഇവിടെയൊക്കെ സനേഹത്തിന്റെ ഭാഷയാണ് മാര്‍പാപ്പ പറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ 'Evangelii Conium' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ എഴുതി, ''എല്ലാ പുണ്യങ്ങളും പ്രത്യുത്തരം എന്ന ധര്‍മ്മമാണ്. സ്‌നേഹത്തിന്റെ ക്ഷണം ശക്തമായും ആകര്‍ഷകമായും പ്രസരിക്കുന്നില്ലെങ്കില്‍ സഭയുടെ ധാര്‍മ്മിക പ്രബോധനം ചീട്ടുകൊട്ടാരം പോലെയാകുന്ന അപകടമുണ്ട്. ഇതാണ് നമ്മുടെ ഏറ്റവും വലിയ അപകടം'' (No. 39). ''സ്‌നേഹത്തിന്റെ നാഗരികതയാണ് കേന്ദ്രവും ഹൃദയവും'' എന്നുള്ള ജോണ്‍ പോള്‍ രണ്ടാമന്റേയും സഭയുടെ ധാര്‍മ്മികപ്രബോധനം ഒരു പ്രത്യയശാസ്ത്രമല്ല ഒരു സുവിശേഷമാണ് എന്ന പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടും കാര്‍ക്കശ്യത്തിന്റെയല്ല അത് ഓരോ ലൈംഗിക വേഴ്ച്ചയും സന്താനോല്പാദനത്തിനു തുറന്നതാകണം എന്ന പോള്‍ ആറാമന്റെ വാക്കുകളുടെ ആവര്‍ത്തനമല്ല. സ്‌നേഹത്തിന്റെ വഴക്കമുള്ള പ്രബോധനങ്ങളാണ് നല്കിയത്. അതു ഭാര്യാഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്വത്തെ ലഘൂകരിക്കുന്നുമില്ല. കാറ്റത്താടുന്ന പുല്ലും വള്ളിയുമാണ് കാതലുള്ള മരങ്ങളേക്കാള്‍ കൊടുങ്കാറ്റിനെ അതിജീവിക്കുന്നത്. ഏകാധിപതികളാണ് വഴങ്ങാത്തവര്‍.

2023 ന്റെ അവസാനത്തില്‍ സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതു വലിയ എതിര്‍പ്പിനു കാരണമായല്ലോ. സ്വവര്‍ഗാനുരാഗികളുടെ കല്യാണം അംഗീകരിക്കുകയോ അത് അംഗീകരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുകയോ ചെയ്യാതെ അവരുടെ മനുഷ്യത്വത്തെ വിവേചനയില്ലാതെ അംഗീകരിക്കുന്നു എന്നു മാത്രം പറഞ്ഞു മാര്‍പാപ്പയെ പോളണ്ടിലെയും ആഫ്രിക്കയിലെയും മെത്രാന്മാര്‍ എതിര്‍ത്തു. ഉക്രെയ്‌നിയന്‍ സഭയും അതില്‍ പ്രതിഷേധിച്ചു, ഞങ്ങള്‍ക്ക് ബാധകമല്ല എന്നു പറഞ്ഞു. മനുഷ്യരോട് കാണിക്കേണ്ട ഒരു ധാര്‍മ്മികമായ സാധക ഭാവം മാത്രമാണ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. എതിര്‍ത്ത മെത്രാന്മാര്‍ക്ക് എതിരായി വഴങ്ങില്ല എന്ന ശാഠ്യമല്ല മാര്‍പാപ്പ സ്വീകരിച്ചത്.

ഈ ധാര്‍മ്മിക പ്രതിസന്ധികളിലൊന്നും കാണിക്കാത്ത കാര്‍ക്കശ്യം അമ്പതു കൊല്ലം തുടര്‍ന്ന ഒരു അനുഷ്ഠാന കാര്യത്തില്‍ ആവശ്യമുണ്ടോ എന്നു ചിന്തിക്കാന്‍ മെത്രാന്മാര്‍ തയ്യാറായില്ല. അറിയുന്നതും ചിന്തിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അറിവിന്റെ ലക്ഷ്യം സത്യമാണ്. സീറോ മലബര്‍ സഭയുടെ ആരാധനക്രമ വിവാദത്തില്‍ അറിവിന്റെ പ്രശ്‌നമില്ല. ഒരു സത്യവും ഇവിടെ വിവാദപരമല്ല. സത്യത്തിന്റെ ഒരു പ്രതിസന്ധിയുമില്ല. സത്യമല്ല ചിന്തയുടെ ലക്ഷ്യം, അത് അര്‍ത്ഥപ്രസക്തികളാണ്. സത്യത്തിന്റെ പ്രശ്‌നമായിരുന്നു ധാര്‍മ്മിക പ്രതിസന്ധികള്‍. അവിടെ പോലും കാര്‍ക്കശ്യത്തിന്റെ നിലപാടുകള്‍ എടുക്കാതെ സുവിശേഷത്തിന്റെ സ്‌നേഹത്തിന്റെ സാത്വികമായ നിലപാടുകളാണ് സഭയുടേത്. ഇവിടെ വിവാദപരമായതു നിലപാടിന്റെ അര്‍ത്ഥപ്രസക്തികളാണ്. ആരാധനയും അനുഷ്ഠാനങ്ങളും ഒരു ബിംബനമണ്ഡലമാണ്. അവിടെ അര്‍ത്ഥങ്ങളുടെ പ്രസക്തിയാണ് വിവാദമാകുന്നത്. എന്തിനാണ് കുര്‍ബാനയുടെ ഒരു ഭാഗം അള്‍ത്താരിയലേക്ക് തിരിഞ്ഞു നിന്ന് അര്‍പ്പിക്കുന്നത്? അതിന് എന്ത് അര്‍ത്ഥം? സിനഡില്‍ നിന്ന് ഒരിക്കല്‍ പോലും അതിന്റെ അര്‍ത്ഥത്തെക്കുറിച്ചോ പ്രസക്തിയെ സംബന്ധിച്ചോ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. അനുഷ്ഠാനത്തിലെ നിലപാടുകള്‍ക്ക് അര്‍ത്ഥമുണ്ടാകണം. അള്‍ത്താരയിലേക്കു തിരിയുന്നതിന് ഒരു സത്യവുമില്ല, അതിന് ഒരു അര്‍ത്ഥവും ആരും പറയുന്നുമില്ല. സീറോ മലബാര്‍ സിനഡിന്റെ തീരുമാനത്തില്‍ ഒരു വിവാദ സത്യവുമില്ല. തീരുമാനത്തിന്റെ സ്വീകാര്യതയാണ് വിവാദപരമായത്. കുര്‍ബാനയുടെ വചനഭാഗം മാത്രമല്ല അതു സംപൂര്‍ണ്ണമായി സംഭാഷണ ഘടനയിലാണ്. മനുഷ്യന്റെ പുറംതിരിഞ്ഞ സംഭാഷണ ഭാഷ ഉരുവിടുന്നതിന് എന്ത് അര്‍ത്ഥമുണ്ട്? കിഴക്കോട്ട് തിരിഞ്ഞുനിന്നത് കോണ്‍സ്റ്റന്റയിന്റെ സൂര്യാരാധനയുടെ ഭാഗമായിട്ടായിരുന്നു. സൂര്യന്‍ എന്ന ആദര്‍ശമുള്ളിടത്ത് അതിന് അര്‍ത്ഥമുണ്ട്. അതില്ലാതായ സാഹചര്യത്തില്‍ അള്‍ത്താരയിലേക്കു തിരിയുന്നതിന് എന്ത് അര്‍ത്ഥം? പോള്‍ ആറാമന്റെ കൃത്രിമ ഗര്‍ഭനിരോധനത്തെക്കുറിച്ചുള്ള ചാക്രികലേഖനം ആരും റദ്ദാക്കിയിട്ടില്ല. അതിലെ ഒരു കാര്യവും ഒരു മാര്‍പാപ്പയും മാറ്റിയിട്ടില്ല. അതു സ്‌നേഹാന്വിതമായ സുവിശേഷാടിസ്ഥാനത്തിലാകണം എന്നേ പിന്നീട് മാര്‍പാപ്പമാര്‍ പറഞ്ഞത്. മാര്‍പാപ്പയെ അനുസരിക്കാത്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയും ജനങ്ങളേയും പ്രതിസ്ഥാനത്തു നിറുത്തുന്നവര്‍ പോള്‍ ആറാമന്‍ പാപ്പയെ അനുസരിക്കുന്നവരാണോ എന്നു കൂടി ചിന്തിക്കുന്നതു ഉചിതമായിരിക്കും. സ്‌നേഹവും സ്‌നേഹത്തിന്റെ ക്രൈസ്തവതനിമയും എല്ലാവരും മറക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org